Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയ്യാതായ വയലാർ രവിയെ വീണ്ടും എംപിയാക്കി ആദ്യ സ്റ്റെപ്പ്; ഇപ്പോൾ മിണ്ടാത്ത ആന്റണിക്കും; അടുത്ത ഒഴിവ് വരുമ്പോൾ പിജെ കുര്യനല്ലാതെ മറ്റാർക്ക്? കോൺഗ്രസിൽ രാജ്യസഭാ സീറ്റുകൾ കാരണവന്മാർക്ക് മാത്രമായി റിസർവ്വ് ചെയ്തിരിക്കുന്നുവെന്ന പരാതിയുമായി രണ്ടാം നിര നേതാക്കൾ

വയ്യാതായ വയലാർ രവിയെ വീണ്ടും എംപിയാക്കി ആദ്യ സ്റ്റെപ്പ്; ഇപ്പോൾ മിണ്ടാത്ത ആന്റണിക്കും; അടുത്ത ഒഴിവ് വരുമ്പോൾ പിജെ കുര്യനല്ലാതെ മറ്റാർക്ക്? കോൺഗ്രസിൽ രാജ്യസഭാ സീറ്റുകൾ കാരണവന്മാർക്ക് മാത്രമായി റിസർവ്വ് ചെയ്തിരിക്കുന്നുവെന്ന പരാതിയുമായി രണ്ടാം നിര നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എളുപ്പത്തിൽ പാർലമെന്റിലെത്താനുള്ള അവസരമാണ് രാജ്യസഭാ അംഗത്വം. കേരളത്തിലെ നിയമസഭാ അംഗങ്ങളുടെ പിന്തുണയോടെ ജയിച്ചെത്തുന്ന 9 പേർ രാജ്യസഭയിലുണ്ട്. ഇടതുപക്ഷം മിക്കപ്പോഴും യുവ നിരയെയാണ് രാജ്യസഭയിലേക്ക് നിയോഗിക്കാറ്. പി രാജീവിനെ പോലുള്ളവർ ഏവരുടേയും കൈയടി നേടിയാണ് തന്റെ ടേം പൂർത്തിയാക്കിയത്. ഇതുപോലെ രാജ്യസഭയിലെ താരമാകാൻ ആഗ്രഹിക്കുന്ന യുവ നേതാക്കൾ കോൺഗ്രസിലുമുണ്ട്. നിയമസഭയിലും ലോക്‌സഭയിലും തോൽക്കുന്ന സീറ്റുകളാണ് ഇത്തരം നേതാക്കൾക്ക് എപ്പോഴും നൽകുക. അതുകൊണ്ട് തന്നെ ജയമുറപ്പുള്ള രാജ്യസഭാ മത്സരമെന്നത് ഇവരുടെ പ്രധാന ലക്ഷ്യമാണ്. എന്നാൽ ഇതു നടക്കുന്നില്ലെന്ന് മാത്രം.

മാർച്ച് 21ന് രാജ്യസഭയിലെ മൂന്ന് പ്രതിനിധികളെ കണ്ടെത്താൻ നിയമസഭയിൽ വോട്ടെടുപ്പ് നടക്കും. പക്ഷേ കോൺഗ്രസിലെ യുവാക്കൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല. സാക്ഷാൽ എ കെ ആന്റണിയാണ് സ്ഥാനം ഒഴിയുന്നത്. അദ്ദേഹം വീണ്ടും മത്സരിക്കും. ജയിക്കുകയും ചെയ്യും. ഇനി അടുത്ത ഊഴത്തിന് 2018 വരെ കാത്തിരിക്കണം. പക്ഷേ അപ്പോഴും പ്രതീക്ഷ വേണ്ട. കേരളാ കോൺഗ്രസിലെ ജോയ് എബ്രഹാമും സിപിഎമ്മിലെ സിപി നാരായണനും പിന്നെ കോൺഗ്രസുകാരനായ പിജെ കുര്യനുമാകും സ്ഥാനം ഒഴിയുക. നിലവിലെ അംഗബലം അനുസരിച്ച് യുഡിഎഫിന് രണ്ട് പേരെ ജയിപ്പിക്കാം. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സ്ഥിതി തിരിച്ചാകുമെന്നാണ് സൂചനകൾ. അങ്ങനെ വന്നാലും ഒരു സീറ്റിൽ ജയിക്കാനുള്ള അംഗബലമൊക്കെ യുഡിഎഫിന് കിട്ടും. ഇവിടെ കോൺഗ്രസിന് സ്ഥാനാർത്ഥിയെ നിർത്തുകയും ചെയ്യാം. എന്നാൽ യുവാക്കളൊന്നും ഈ സീറ്റിൽ നോട്ടമിടേണ്ട.

2015ൽ രാജ്യസഭാ സീറ്റ് ഒഴിവു വന്നപ്പോൾ എന്താണ് സംഭവിച്ചത്? സീറ്റ് വേണമെന്ന് പോലും വയലാർ രവി ആവശ്യപ്പെട്ടില്ല. വയസ്സായതിനാൽ സീറ്റ് കിട്ടുമെന്ന് പോലും വയലാർ രവി കരുതിയില്ല. കേന്ദ്രത്തിൽ കോൺഗ്രസ് ഭരണമില്ലാത്തതിനാൽ കേന്ദ്രമന്ത്രിയാകാനും കഴിയില്ല. അതുകൊണ്ട് തന്നെ വിശ്രമ ജീവിതം വയലാർ രവി ആഗ്രഹിച്ചിരുന്നു. എന്നാൽ ആന്റണി ഇടപെട്ട് സീറ്റ് വയലാർ രവിക്ക് നൽകി. ഒരു വർഷം കഴിഞ്ഞ് സീറ്റ് ഒഴിവ് വരുമ്പോൾ ആന്റണി ഒന്നും മിണ്ടുന്നില്ല. ഉമ്മൻ ചാണ്ടി ഇടെപട്ട് അത് ആന്റണിക്ക് തന്നെ നൽകും. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും അത് ആഗ്രഹിക്കുന്നു. 2018ലെ ഒഴിവിലും ഇതു തന്നെ സംഭവിക്കും. പാർട്ടിയിലെ മറ്റൊരു കാരണവരായ പിജെ കുര്യൻ തന്നെ സീറ്റ് അടിച്ചെടുക്കും. അങ്ങനെ ഡൽഹിയിൽ സർക്കാർ മന്ദിരത്തിലെ സുഖവാസം ഇവർക്ക് കാലാകാലം ഉറപ്പാകും.

ഇതിൽ യൂത്ത് കോൺഗ്രസുകാർക്ക് അമർഷമുണ്ട്. എന്നാൽ ആന്റണിയെ പോലുള്ള നേതാവും ഇതിൽപ്പെടുന്നതിനാൽ എതിർക്കാൻ വയ്യ. സിപിഎമ്മിൽ നിന്ന് ബാലഗോപാലും കെകെ രാഗേഷും ടിഎൻ സീമയും പി രാജീവുമെല്ലാം രാജ്യസഭയിൽ താരങ്ങളായി മാറുന്നു. ഇതിലൂടെ ദേശീയ തലത്തിൽ പോലും ഈ യുവ നേതാക്കൾ ശ്രദ്ധിക്കപ്പെടുന്നു. യുവത്വമാണ് പാർട്ടിയുടെ കരുത്ത് എന്ന് വാദിക്കുന്ന കോൺഗ്രസ് ഹൈക്കമാണ്ട് പോലും രാജ്യസഭാ സീറ്റിലെ കരാണവ വൽക്കരണത്തിനെതിരെ പ്രതികരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. ഇതുമൂലം ആന്റണിയും വയലാർ രവിയും പിജെ കുര്യനും കാലാകാലങ്ങളിൽ തൽസ്ഥാനത്ത് തുടരയും. വയലാർ രവിയെ മാറ്റാൻ ശ്രമിച്ചാൽ ആന്റണിയുടെ കാര്യം ചർച്ചയാക്കി അതിനെ അട്ടിമറിക്കും. പിജെ കുര്യൻ ആന്റണിയുടേയും രവിയുടേയും പേരുപറഞ്ഞ് രാജ്യസഭാ എംപിയായി തുടരും. നിലവിൽ രാജ്യസഭാ ഉപാധ്യക്ഷനുമാണ് കുര്യൻ.

2005മുതൽ ആന്റണി രാജ്യസഭയിൽ അംഗമാണ്. ഇത്തവണ മത്സരിച്ച് ജയിച്ചാൽ അത് മൂന്നാം ടേമും. 2009മുതൽ വയലാർ രവി രാജ്യസഭയിലുണ്ട്. 2005 മുതൽ പിജെ കുര്യനും പാർലമെന്റിലെത്തുന്നത് രാജ്യസഭയിലൂടെയാണ്. പുതിയ യുവ നിരയെ സൃഷ്ടിക്കാനായി ഈ പ്രവണത മാറ്റണമെന്നാണ് ആവശ്യം. ആവേശവും ചുറുചുറുക്കമുള്ളവർക്കായി രാജ്യസഭാ സീറ്റുകൾ മാറ്റി വയ്ക്കണം. റിട്ടയർമെന്റ് കാലം സുഖകരമാക്കാനുള്ള മാർഗ്ഗമായി രാജ്യസഭയെ മുതിർന്ന നേതാക്കൾ മാറ്റിയപ്പോൾ നിരാശരാകുന്നത് യൂത്ത് കോൺഗ്രസുകാർ തന്നെയാണ്. യുഡിഎഫിലെ ഘടകകക്ഷികൾ പോലും വളരെ അപൂർവ്വമായി മാത്രമേ രാജ്യസഭയിലേക്ക് ഒരാളെ ഒന്നിലധികം തവണ അയ്ക്കാറുള്ളൂ. അതും പാർട്ടിയിലെ ആഭ്യന്തര സമവാക്യങ്ങൾ കാരണം. എന്നാൽ കോൺഗ്രസിൽ രാജ്യസഭാ സ്ഥാനാർത്ഥികളെ കുറിച്ച് ചർച്ച പോലും ഉണ്ടാകാറില്ല.

ആന്റണിയിലും വയലാർ രവിയിലും പിജെ കുര്യനിലൂമായി കറങ്ങുകയാണ് ഈ സ്ഥാനങ്ങൾ. ഇതിനെതിരെ പ്രതികരിച്ചാൽ പാർട്ടി വിരുദ്ധരായി ചിത്രീകരിക്കപ്പെടും. അതുകൊണ്ട് തന്നെ നിയമസഭാ സീറ്റിനും ലോക്‌സഭാ മത്സരത്തിനുമായി വീറോടെ വാദിക്കുന്ന ഡീൻ കുര്യാക്കോസിനെ പോലുള്ളവർ നിശബ്ദരായി തുടരുന്നു. എം ലിജുവിനെ പോലുള്ള മിടുക്കന്മാർക്ക് രാജ്യസഭാ സീറ്റ് സ്വപ്‌നം പോലും കാണാനാവാത്ത അവസ്ഥയും. യൂത്ത് കോൺഗ്രസുകാരെ പോലെ എംഎം ഹസ്സനെ പോലുള്ള രണ്ടാം നിരക്കാർക്കും പരാതിയുണ്ട്. പാർട്ടിക്കായി രാപകലില്ലാതെ കഷ്ടപ്പെടുന്നവർക്ക് രാജ്യസഭാ സീറ്റ് നൽകേണ്ടതല്ലേ എന്നതാണ് ഇവരുടെ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP