Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീരേന്ദ്രകുമാർ ഇടത് പിന്തുണയോടെ രാജ്യസഭയിൽ മത്സരിക്കാൻ ആലോചന; ഡെപ്യൂട്ടി സ്പീക്കർ വാദം ഉയർത്തി ആർഎസ്‌പിയും പിടി മുറുക്കും; കൂടിയാലോചനകൾക്ക് ചുക്കാൻ പിടിച്ചു ഇടത്താകാൻ പിസി ജോർജ്ജും; കോടിയേരിയുടെ നയതന്ത്രം ഉമ്മൻ ചാണ്ടിയെ കുരുക്കുമോ?

വീരേന്ദ്രകുമാർ ഇടത് പിന്തുണയോടെ രാജ്യസഭയിൽ മത്സരിക്കാൻ ആലോചന; ഡെപ്യൂട്ടി സ്പീക്കർ വാദം ഉയർത്തി ആർഎസ്‌പിയും പിടി മുറുക്കും; കൂടിയാലോചനകൾക്ക് ചുക്കാൻ പിടിച്ചു ഇടത്താകാൻ പിസി ജോർജ്ജും; കോടിയേരിയുടെ നയതന്ത്രം ഉമ്മൻ ചാണ്ടിയെ കുരുക്കുമോ?

ബി രഘുരാജ്‌

തിരുവനന്തപുരം: കേരളാ രാഷ്ട്രീയത്തിൽ നിർണ്ണായക ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ജനം എങ്ങനെ ചിന്തിക്കുന്നുവെന്ന് വ്യക്തതയില്ലാത്തതു കൊണ്ട് മാത്രമാണ് ചർച്ചകൾ നീളുന്നത്. ഏതായാലും രാജ്യസഭാ സീറ്റിലെ യുഡിഎഫിലെ തീരുമാനത്തിനായി കാത്താണ് എല്ലാം പുരോഗമിക്കുന്നത്. അടുത്ത മാസം 3 സീറ്റുകളിലേക്കാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. ഇതിൽ രണ്ടെണ്ണത്തിൽ ഭരണ മുന്നണിക്ക് ജയിച്ചു കയറാം. പക്ഷേ അവിടെ വിള്ളലുണ്ടായാൽ കാര്യങ്ങൾ മാറും. ഉമ്മൻ ചാണ്ടി മന്ത്രിസഭ തന്നെ പ്രതിസന്ധിയിലാകും. അതിന് അവസരമൊരുങ്ങാതിരിക്കാൻ കരുതലോടെയാകും ഭരണപക്ഷത്തിന്റെ നീക്കങ്ങൾ.

നിലവിൽ കെ കെ രാഗേഷിനെ സിപിഐ(എം) രാജ്യസഭയിലേക്ക് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിട്ടുണ്ട്. വലതു മുന്നണി രാഷ്ട്രീയത്തിലെ പൊട്ടിത്തെറികൾ അനുകൂലമാകുമെന്ന സാഹചര്യം ഉണ്ടായാൽ ഒരു സ്ഥാനാർത്ഥിയെ കൂടെ പ്രഖ്യാപിക്കും. അല്ലെങ്കിൽ വീരേന്ദ്ര കുമാർ മത്സരിക്കാൻ സന്നദ്ധനായാൽ അദ്ദേഹത്തെ പിന്തുണയ്ക്കാനാണ് നീക്കം. പി സി ജോർജ്ജിനെയാണ് ചർച്ചകൾക്കായി സിപിഐ(എം) നിയോഗിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഭരണ അട്ടിമറിയുടെ എല്ലാ സാധ്യതയും തേടാനാണ് സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നീക്കം. ജനതാദള്ളും ആർഎസ്‌പിയും ഇടതു പക്ഷത്ത് എത്തുന്നതിനെ സിപിഐയും എതിർക്കില്ലെന്ന ഉത്തമ ബോധ്യത്തിലാണ് ഇത്.

ഭരണം തുടങ്ങുമ്പോൾ 72-68 എന്ന നിലയിലായിരുന്നു നിയമസഭയിലെ കക്ഷി നില. സെൽവരാജിന്റെ ചുവടുമാറ്റവും അർഎസ്‌പിയുടെ ഇടതു മുന്നണി വിടലും ഉമ്മൻ ചാണ്ടിക്ക് കാര്യങ്ങൾ അനുകൂലമാക്കി. അങ്ങനെ 75-65 എന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചു. ഇപ്പോൾ അതിൽ ഗണേശ് കുമാർ ഇടതു പക്ഷത്തേക്ക് മാറിക്കഴിഞ്ഞു. ജി കാർത്തികേയന്റെ മരണത്തോടെ അരുവിക്കരയും ഒഴിഞ്ഞു. അങ്ങനെ 73-66ൽ കാര്യങ്ങളെത്തി. കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുമായി തെറ്റിയ പിസി ജോർജ്ജും ഇടതു പക്ഷത്തേക്കുള്ള യാത്രയിലാണ്. അപ്പോൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭൂരിപക്ഷം രണ്ടായി ചുരുങ്ങും. അതായത് രണ്ട് പേരെ കിട്ടുകയും അരുവിക്കരയിൽ ജയിക്കുകയും ചെയ്താൽ കാര്യങ്ങൾ മാറി മറിയും. അതിന് പിസി ജോർജ്ജിന് കഴിയുമോ എന്ന രാഷ്ട്രീയ പരീക്ഷണം നടത്തുകയാണ് സിപിഐ(എം). യുഡിഎഫിൽ ജോർജ്ജിനെ പോലെ വീരന്ദ്രകുമാറിന്റെ ജനതാദള്ളും ആർഎസ്‌പിയും ഒട്ടും തൃപ്തരല്ല. ഇവരെ മറുകണ്ടം ചാടിക്കാനാണ് നീക്കം.

ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും പുറത്താക്കുമെന്ന് ഉറപ്പായതോടെ ജോർജ്ജ് മന്ത്രിസഭയെ അട്ടിമറിക്കാം എന്ന വാഗ്ദാനം നൽകിയാണ് ഇടതു മുന്നണിയുടെ ഗുഡ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. ജോർജ്ജ് മുമ്പോട്ട് വയ്ക്കുന്ന പ്രധാന ഫോർമുലയാണ് വീരനെയും ആർഎസ്‌പിയെയും പദവികൾ നൽകി വശത്താക്കുകയെന്നത്. പിണറായി വിജയൻ ഇതിനെയൊന്നും ഗൗരവമായി എടുക്കുന്നില്ലെങ്കിലും കോടിയേരിക്ക് ഈ നീക്കത്തോട് യോജിപ്പാണ്. ഈ പദ്ധതി ജോർജ്ജ് ആസൂത്രണം ചെയ്ത് വരുന്നതിനിടയിലാണ് മാണി ജോർജ്ജിനെ പുറത്താക്കാൻ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ജോർജ്ജ് ഇപ്പോൾ എൽഡിഎഫ് നേതാക്കളുമായി ചർച്ച ചെയ്ത് പിടിച്ചു നിൽക്കാനുള്ള ശ്രമത്തിലാണ്.

പതിവ് ആക്രമണ ശൈലി വെടിഞ്ഞ് അനുരഞ്ജനം വഴി ജോർജ്ജ് തേടുന്നത് ഇടതു മുന്നണിയുമായുള്ള ഡീൽ ഉറപ്പിക്കാനുള്ള സാവകാശമാണ്. യുഡിഎഫ് നേതാക്കളെ എല്ലാം കണ്ട് ജോർജ്ജ് ഒരു അവസരം കൂടി നൽകണമെന്ന് പറയുന്നത് ഇതിന് വേണ്ടിയാണ്. എന്നാൽ വിട്ടുവീഴ്ച ഇല്ലാത്ത മാണി നിലപാടെടുത്തതോടെ ജോർജ്ജിന് പുറത്തുപോവേണ്ടി വന്നേക്കുമെന്നാണ് സൂചന. മന്ത്രിസഭ അട്ടിമറിക്കും മുൻപ് പുറത്തു പോയാൽ ജോർജ്ജിന്റെ നീക്കങ്ങൾ പൊളിയുമെന്നാണ് പലരും കണക്കുകൂട്ടുന്നത്. ആദ്യം പുറത്ത് വരൂ എന്നിട്ട് കാര്യങ്ങൾ തീരുമാനിക്കാം എന്ന സിപിഐ(എം) നിലപാടാണ് ജോർജ്ജിനെ പ്രധാനമായും കുഴപ്പത്തിലാക്കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീരേന്ദ്രകുമാറിനെ അടിച്ചേൽപ്പിച്ചതാണ് പാലക്കാട് സീറ്റ്. തോൽക്കുമെന്ന് പറഞ്ഞിട്ടും വീരൻ തന്നെ നിൽക്കണമെന്ന് നിർബന്ധം പിടിച്ചു. അപ്പോൾ ഒരു വാക്ക് യുഡിഎഫ് നൽകിയിരുന്നു. തോറ്റാൽ അടുത്ത ചാൻസിൽ രാജ്യസഭയിലൂടെ വീരേന്ദ്ര കുമാറിനെ പാർലമെന്റിലെത്തിക്കാമെന്ന്. ആ വാക്ക് വിശ്വസിച്ചാണ് മത്സരിച്ചത്. കോൺഗ്രസുകാർ പാലം വലിച്ചതോടെ തോൽവി ഒരു ലക്ഷം വോട്ടിനായി. അപ്പോഴും രാജ്യസഭ കിട്ടുമെന്ന് കരുതി. എന്നാൽ രാജ്യസഭാ സീറ്റ് ഒഴിവു വന്നപ്പോൾ കോൺഗ്രസുകാർ പഴയതെല്ലാം മറന്നു. യുഡിഎഫിന് ജയിപ്പിക്കാനാകുന്ന രണ്ട് സീറ്റിൽ ഒന്നിൽ കോൺഗ്രസ് തന്നെ സ്ഥാനാർത്ഥിയെ നിർത്തും. മറ്റേത് മുസ്ലിം ലീഗിനും. വലതു പക്ഷത്തെ വല്ല്യേട്ടന്മാർ അതിനുള്ള കരുനീക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വീരേന്ദ്ര കുമാറിന്റെ അതൃപ്തി ഇടതുപക്ഷത്തിന് തുണയാക്കാൻ നീക്കം നടക്കുന്നത്. കൃഷി മന്ത്രി കെപി മോഹനനും ശ്രേയംസ് കുമാർ എംഎൽഎയുമാണ് ജനതാദൾ സോഷ്യലിസ്റ്റിന്റെ എംഎൽഎമാർ. ഇതിൽ ശ്രേയംസിന് ഇടതുപക്ഷത്തോട്ട് പോകാൻ പൂർണ്ണ സമ്മതമാണ്. എന്നാൽ മന്ത്രിസ്ഥാനം വിട്ട് മോഹനൻ ഇടതു പക്ഷത്തേക്ക് വരുമോ എന്നതാണ് ചോദ്യം.

ഇതിനൊപ്പമാണ് ആർഎസ്‌പിയുടെ സാധ്യതകൾ തേടുന്നത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് കോവൂർ കുഞ്ഞുമോനെ ആർഎസ്‌പി പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാൽ കോൺഗ്രസിനുള്ളിൽ ഐ വിഭാഗം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിനായി രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ ആർഎസ്‌പി തൃപ്തരല്ല. മൂന്ന് എംഎൽഎമാരാണ് ആർഎസ്‌പിയിക്കുള്ളത്. ഇതിൽ രണ്ടു പേർ ഇടതു പക്ഷത്ത് നിന്ന് ജയിച്ച അസീസും കോവൂർ കുഞ്ഞുമോനുമാണ്. കൊല്ലം പാർലമെന്റ് സീറ്റ് വിവാദത്തിൽ ഇടഞ്ഞാണ് ഇവർ വലതു പക്ഷത്ത് എത്തിയത്. ഇതോടെ ഷിബു ബേബി ജോണിന്റെ പാർട്ടിയും ആർഎസ്‌പിയിൽ ലയിച്ചു. ഷിബു ബേബി ജോൺ ഉൾപ്പെടെ മൂന്ന് ആർഎസ്‌പി എംഎൽഎമാർ കളം മാറ്റി ചവിട്ടിയാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭരണം പ്രതിസന്ധിയിലാകും. അതിനൊപ്പം രണ്ട് രാജ്യസഭാ സീറ്റിൽ ജയിക്കാനും കഴിയും.

ഈ സാഹചര്യത്തിൽ ആർഎസ്‌പിയുമായും ജനതാദള്ളുമായും ചർച്ച ചെയ്യേണ്ട ഉത്തരവാദിത്തമാണ് പിസി ജോർജ്ജിനെ സിപിഐ(എം) ഏൽപ്പിക്കുന്നത്. സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ജോർജ്ജ് വിശദമായി കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ജനതാദള്ളിൽ നിന്ന് ശ്രേയംസും ആർഎസ്‌പിയിൽ നിന്ന് കോവൂരും അസീസുമെത്തിയാലും മതി. ഈ കൂടുമാറ്റം കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരികയുമില്ല. ഈ രാഷ്ട്രീയ മാറ്റങ്ങൾക്ക് രാജ്യസഭാ തെരഞ്ഞെടുപ്പിനെ വേദിയാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP