Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രതിപക്ഷ നേതാവിനെ ഞായറാഴ്‌ച്ച തെരഞ്ഞെടുത്തേക്കും; കൂടുതൽ സാധ്യത ചെന്നിത്തലയ്ക്ക് തന്നെ; മുരളീധരൻ ഇനിയും പ്രതീക്ഷ കൈവിട്ടിട്ടില്ല; ഉമ്മൻ ചാണ്ടിയെ ഹൈക്കമാൻഡ് നിയമിച്ചേക്കുമെന്നും അഭ്യൂഹം

പ്രതിപക്ഷ നേതാവിനെ ഞായറാഴ്‌ച്ച തെരഞ്ഞെടുത്തേക്കും; കൂടുതൽ സാധ്യത ചെന്നിത്തലയ്ക്ക് തന്നെ; മുരളീധരൻ ഇനിയും പ്രതീക്ഷ കൈവിട്ടിട്ടില്ല; ഉമ്മൻ ചാണ്ടിയെ ഹൈക്കമാൻഡ് നിയമിച്ചേക്കുമെന്നും അഭ്യൂഹം

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഞായറാഴ്‌ച്ച ചേരും. നിയമസഭയിലേക്ക് വിജയിച്ചു കയറിയ 22 എംഎൽഎമാർ പങ്കെടുക്കുന്ന യോഗത്തിൽ ഹൈക്കമാൻഡ് നിരീക്ഷകരും കൂടി എത്തും. കോൺഗ്രസ് എംഎ‍ൽഎമാരിൽ ഐ ഗ്രൂപ്പിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാനാണ് സാധ്യത. തോൽവിയുടെ മുഖ്യ ഉത്തരവാദിത്വം ഏറ്റെടുത്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്ന നിലപാടിലാണ്. എന്നാൽ ഉമ്മൻചാണ്ടയുടെ കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡിൽ നിന്നാകും.

നിയമസഭാ കക്ഷി ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതാണ് കോൺഗ്രസിലെ പതിവ്. യോഗം വോട്ടെടുപ്പിലേക്ക് പോകാനുള്ള സാധ്യത കുറവാണ്. കെപിസിസി അദ്ധ്യക്ഷൻ വി എംസുധീരൻ, ഇരു ഗ്രൂപ്പുകളെയും നയിക്കുന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ നേരത്തെ യോഗം ചേർന്ന് ഇതിൽ ഒരു ധാരണ രൂപപ്പെടുത്തിയിരുന്നു. ഉമ്മൻ ചാണ്ടി തന്നെ ചെന്നിത്തലയുടെ പേര് മുന്നോട്ടു വയ്ക്കാനാണ് ഇപ്പോഴത്തെ നിലയിൽ സാധ്യത.

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ തലമുറ മാറ്റം വേണമെന്ന് ആവശ്യപ്പെടുന്ന ഒരു വിഭാഗം നേതാക്കൾ കെപിസിസി ഉപാദ്ധ്യക്ഷൻ വി.ഡി.സതീശന്റെ പേരും മുന്നോട്ടു വയ്ക്കുന്നുണ്ട്. കെ.മുരളീധരനും പരിഗണനയിൽ ഉണ്ട്. എന്നാൽ, ഇവരുടെയെല്ലാം കാര്യത്തിൽ ഹൈക്കമാൻഡ് തന്നെയാകും തീരുമാനം എഠുക്കുക.

കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന യോഗത്തിൽ ഹൈക്കമാൻഡിനെ പ്രതിനിധീകരിച്ച് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നികിന് പുറമേ ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതും കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറി ദീപക് ബാബറിയയും പങ്കെടുക്കും. പ്രതിപക്ഷ ചീഫ് വിപ്പ്, പാർട്ടി ചീഫ് വിപ്പ്, പാർലമെന്ററി പാർട്ടി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലും അന്ന് ധാരണയുണ്ടാകും.

പ്രതിപക്ഷ നേതൃസ്ഥാനം ഉമ്മൻ ചാണ്ടി ഏറ്റെടുക്കണമെന്നാണ് എ ഗ്രൂപ്പിന്റെ താൽപ്പര്യം. എന്നാൽ, അതിന് വേണ്ടി തന്ത്രങ്ങൾ മെനയാൻ താനില്ലെന്നാണ് ഉണ്മൻചാണ്ടി പറയുന്നത്. തെരഞ്ഞെടുപ്പു പരാജയത്തെ തുടർന്നു പാർട്ടിയിൽ കൂടുതൽ പ്രതിസന്ധിയുണ്ടാകാതിരിക്കാൻ പ്രതിപക്ഷനേതാവിനെ സമവായത്തിലൂടെ തെരഞ്ഞെടുക്കണമെന്നാണ് കോൺഗ്രസിലെ പൊതുധാരണ.

മുരളിയെ അംഗീകരിക്കില്ലെന്ന് ചെന്നിത്തല നിലപാട് എടുത്തു കഴിഞ്ഞു. തന്നെക്കാൾ ജൂനിയറായ മുരളിയെ ഒരുകാരണവശാലും പ്രതിപക്ഷ നേതാവാക്കില്ലെന്നാണ് നിലപാട്. അങ്ങനെയെങ്കിൽ ഉമ്മൻ ചാണ്ടി തുടരട്ടേ എന്നാണ് ചെന്നിത്തല പറയുന്നത്. തന്റെ സ്ഥാനം സുരക്ഷിതമാക്കാൻ ഉമ്മൻ ചാണ്ടിയെ പിന്തുണയ്ക്കാൻ സുധീരനും തയ്യാറാണ്. യുഡിഎഫിൽ മുസ്ലിം ലീഗും കെഎം മാണിയും പൂർണ്ണമായും ഉമ്മൻ ചാണ്ടിക്ക് അനുകൂലമാണ്. കോൺഗ്രസ് ഹൈക്കമാണ്ടിനെ കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. സോണിയാ ഗാന്ധിയുമായി ചർച്ച നടത്തിയ ശശീ തരൂരും ഉമ്മൻ ചാണ്ടിക്ക് അനുകൂലമായിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി സമ്മതം അറിയിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ ഒരുകാരണവശാലും നിയമസഭാ കക്ഷിയോഗത്തിൽ ഇതിന്റെ പേരിൽ മത്സരം ഉണ്ടാകാൻ പാടില്ലെന്നാണു പാർട്ടി നേതൃത്വത്തിന്റെ നിലപാട്. ഈ സ്ഥാനത്തേക്കില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയ സാഹചര്യത്തിൽ രമേശ് ചെന്നിത്തലയുടെ സാധ്യതകൂട്ടിയിട്ടുണ്ട്.

1987 ലേതിനു സമാനമായ സ്ഥിതിവിശേഷമാണ് ഇപ്പോൾ. അന്ന് കനത്തപരാജയം ഏറ്റുവാങ്ങിയതിനെത്തുടർന്ന് പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കാൻ കെ. കരുണാകരൻ വിസമ്മതിച്ചെങ്കിലും അംഗങ്ങൾ ചേർന്ന് അദ്ദേഹത്തെ നിശ്ചയിക്കുകയായിരുന്നു. ഇക്കുറിയും അങ്ങനെയെന്തെങ്കിലും നടക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇതിനൊപ്പം ബിജെപിയുടെ വെല്ലുവിളി നേരിടാൻ ചെന്നിത്തലയ്ക്ക് കഴിയില്ലെന്ന വാദവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി പിന്മാറിയാൽ മുരളീധരനെന്ന വാദം ശക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP