Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീ തങ്കപ്പനല്ലെടാ പൊന്നപ്പൻ: ബിജെപി അംഗത്തെയും ഇടതുസ്വതന്ത്രനെയും കൂട്ടുപിടിച്ച് റാന്നി പഴവങ്ങാടി പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു; താമരയിൽനിന്ന് തങ്കപ്പൻ പുറത്തുമായി; ഭരണം പോയത് മൃഗീയഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നവർക്ക്

നീ തങ്കപ്പനല്ലെടാ പൊന്നപ്പൻ: ബിജെപി അംഗത്തെയും ഇടതുസ്വതന്ത്രനെയും കൂട്ടുപിടിച്ച് റാന്നി പഴവങ്ങാടി പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു; താമരയിൽനിന്ന് തങ്കപ്പൻ പുറത്തുമായി; ഭരണം പോയത് മൃഗീയഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നവർക്ക്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കാലുമാറ്റം പല ഇനങ്ങളും കണ്ടിട്ടുണ്ട്. പക്ഷേ ഇത്തരത്തിൽ ഒന്ന് ആദ്യമായിട്ടാണ്. റാന്നി പഴവങ്ങാടി പഞ്ചായത്ത് ഭരണം ഇടതിൽനിന്ന് അട്ടിമറിച്ച് എടുക്കാൻ യുഡിഎഫ് കളിച്ച കളി സൂപ്പർ. തലപ്പത്ത് വന്നവർ ഫലത്തിൽ യുഡിഎഫ് അല്ലെങ്കിലും അന്തിമവിജയം കിട്ടിയത് അവർക്ക് തന്നെ.

റാന്നി പഴവങ്ങാടി പഞ്ചായത്തിൽ ഒരു അല്ലലും ഇല്ലാതെ ഭരിച്ചുകൊണ്ടിരുന്ന എൽഡിഎഫിനെയാണ് ബിജെപി അംഗത്തെയും സി.പി.എം സ്വതന്ത്രനെയും കൂട്ടുപിടിച്ച് യുഡിഎഫ് വലിച്ചു താഴെയിട്ടത്. എന്നിട്ട് മാറി നിന്നു കൊടുത്തു. വലിച്ചിടാൻ കൂട്ടുനിന്നവർ പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റുമാവുകയും ചെയ്തു. സി.പി.എം സ്വതന്ത്രൻ ബോബി ഏബ്രഹാം പ്രസിഡന്റായും ജനതാദ(എസ്)ളിൽ നിന്നും പുറത്താക്കപ്പെട്ട ലിജി ചാക്കോ വൈസ്പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഇടതു മുന്നണിക്ക് പഞ്ചായത്തു ഭരണവും ബിജെപിക്ക് പഞ്ചായത്തിലുണ്ടായിരുന്ന ഏക പ്രാതിനിധ്യവും നഷ്ടമായി.

മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ഇടതുപക്ഷം ദയനീയമായി താഴെപ്പോകുന്ന കാഴ്ചയാണ് കണ്ടത്. 17 അംഗ പഞ്ചായത്തു സമിതിയിൽ തുടക്കത്തിൽ ഭരണപക്ഷത്ത് ഇടതുമുന്നണിക്ക് ഉണ്ടായിരുന്നത് 11 അംഗങ്ങളുടെ പിന്തുണയായിരുന്നു. സിപിഎമ്മുകാരനായ ആദ്യ പഞ്ചായത്തു പ്രസിഡന്റ് പാർട്ടി നടപടിക്കു വിധേയനായി പുറത്തായി. സിപിഎമ്മിലെ അനിൽ തുണ്ടിയിൽ രണ്ടാമത് പ്രസിഡന്റായി. സിപിഐയിലെ അനി സുരേഷായിരുന്നു വൈസ്പ്രസിഡന്റ്. അധികം വൈകാതെ പാളയത്തിൽ പട രൂക്ഷമാകുകയും ഇടതുപക്ഷത്തെ മൂന്നംഗങ്ങൾ ആദ്യ പ്രസിഡന്റ് അനു ടി ശാമുവേൽ ഉൾപ്പെടെ യുഡിഎഫുമായി ചേർന്ന് അവിശ്വാസത്തിന് നോട്ടീസ് നൽകുകയായിരുന്നു.

സി.പി.എം സ്വതന്ത്രൻ ബോബി ഏബ്രഹാം, സിപിഐ സ്വതന്ത്രൻ ബിനു സി മാത്യു എന്നിവരായിരുന്നു നോട്ടീസിൽ ഒപ്പിട്ട മറ്റ് അംഗങ്ങൾ. എന്നാൽ പ്രമേയം ചർച്ചയ്ക്ക് വന്നപ്പോൾ അനു ടി ശാമുവേൽ ഇടത് അനുകൂല നിലപാട് എടുത്തു. ഇതു മുൻകൂട്ടി കണ്ട മറുപക്ഷം ഇടതിനോടൊപ്പം ഉണ്ടായിരുന്നു ജനതാദളിലെ ലിജി ചാക്കോയെ തങ്ങൾക്കൊപ്പം വലിച്ചു. ഇതോടെ ഇടതു-വലതു മുന്നണികളുടെ അംഗബലം എട്ടു വീതമായി. അപ്പോഴാണ് ബിജെപി അംഗം തങ്കപ്പൻപിള്ളയുടെ വലത്തോട്ടുള്ള ചാട്ടം. പിള്ളയുടെ വോട്ട് കൂടിയായപ്പോൾ ഭരണസമിതി പുറത്ത്.

ഇന്നലെ പുതിയ പ്രസിഡന്റിനേയും വൈസ്പ്രസിഡന്റിനെയും തെരഞ്ഞെടുക്കാൻ യോഗം ചേർന്നപ്പോഴും സമാനസ്ഥിതിയാണ് ഉണ്ടായിരുന്നത്. ബിജെപി അംഗത്തിന്റെ നിലപാടായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. വോടെുപ്പിൽ നിന്നും വിട്ടുനിൽക്കാനുള്ള വിപ്പാണ് ബിജെപി നേതൃത്വം നൽകാൻ ശ്രമിച്ചത്. പക്ഷേ, പിള്ള കൈപ്പറ്റാതെ മുങ്ങി. ബിജെപി ഭാരവാഹികൾ ഇത് പഞ്ചായത്ത് സെക്രട്ടറിയെ ഏൽപ്പിച്ച് മിനിറ്റ്സിൽ രേഖപ്പെടുത്തി. എന്നാൽ തെരഞ്ഞെടുപ്പു വരണാധികാരിയായ സപ്ളൈ ഓഫീസർ അജിത്കുമാർ വിപ്പ് വിഷയത്തിൽ ഇടപെടാൻ തയാറായില്ല.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ബോബി ഏബ്രഹാമും എൽഡിഎഫ് സ്ഥാനാർത്ഥിയായി അനിൽ തുണ്ടിയിലും മത്സരിച്ചു. ബിജെപി അംഗം തങ്കപ്പൻപിള്ള വിപ്പ് പരിഗണിക്കാതെ യോഗത്തിൽ പങ്കെടുക്കുകയും ബോബി ഏബ്രഹാമിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തുകയുമായിരുന്നു. ഇതോടെ 9-8 എന്ന നിലയിൽ ബോബി ജയിച്ചു. വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പിലും മാറ്റം ഉണ്ടായില്ല. മുൻ വൈസ്പ്രസിഡന്റ് സിപിഐയിലെ അനി സുരേഷായിരുന്നു ഇടതു സ്ഥാനാർത്ഥി.

ഇവിടെയും വോട്ട് നില 9-8. ബിജെപി അംഗം തങ്കപ്പൻപിള്ള വിപ്പ് ലംഘിച്ചതോടെ ബിജെപിക്ക് പഴവങ്ങാടി പഞ്ചായത്തിൽ ഉണ്ടായിരു ഏക പ്രാതിനിധ്യവും ഇല്ലാതായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP