Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്നാണ് അനുയോജ്യമായ കണ്ണടവാങ്ങിയത്; തുടർചികിത്സയ്ക്ക് മാത്രമാണ് ഭർത്താവ് സ്വകാര്യ ആശുപത്രിയിൽ പോയത്; മുൻ മുഖ്യമന്ത്രിയും മുൻ മന്ത്രിമാരും വിരമിച്ച സർക്കാർ ജീവനക്കാരായ പങ്കാളികളുടെ പേരിൽ ചികിത്സാ സഹായം തേടിയിട്ടുണ്ട്: ആരോപണങ്ങൾ നിഷേധിച്ചും വസ്തുതകൾ വിശദീകരിച്ചും മന്ത്രി കെ കെ ശൈലജയുടെ ഓഫീസ്

ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്നാണ് അനുയോജ്യമായ കണ്ണടവാങ്ങിയത്; തുടർചികിത്സയ്ക്ക് മാത്രമാണ് ഭർത്താവ് സ്വകാര്യ ആശുപത്രിയിൽ പോയത്; മുൻ മുഖ്യമന്ത്രിയും മുൻ മന്ത്രിമാരും വിരമിച്ച സർക്കാർ ജീവനക്കാരായ പങ്കാളികളുടെ പേരിൽ ചികിത്സാ സഹായം തേടിയിട്ടുണ്ട്: ആരോപണങ്ങൾ നിഷേധിച്ചും വസ്തുതകൾ വിശദീകരിച്ചും മന്ത്രി കെ കെ ശൈലജയുടെ ഓഫീസ്

തിരുവനന്തപുരം: മെഡിക്കൽ റീ-ഇമ്പേഴ്സ്‌മെന്റുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രിയുടെ ഓഫീസ് വാര്ത്താക്കുറിപ്പിൽ വ്യക്തമാക്കി. മന്ത്രിയെന്ന പദവി ഉപയോഗിച്ച് ഭർത്താവിന്റെ ചികിത്സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് വ്യക്തമാക്കിയാണ് വാർത്താക്കുറിപ്പ്.

നിയമപരമല്ലാത്ത ഒരു കാര്യംപോലും മെഡിക്കൽ റീ-ഇമ്പേഴ്സ്മെന്റിന്റെ പേരിൽ നടത്തിയിട്ടില്ല. മന്ത്രിമാരുടെ മെഡിക്കൽ റീ-ഇമ്പേഴ്സ്മെന്റ് സംബന്ധിച്ച നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി മാത്രമാണ് റീ-ഇമ്പേഴ്സ്മെന്റിനുള്ള അപേക്ഷ നൽകിയത്. ചട്ടപ്രകാരം മന്ത്രിമാർക്ക് ഭർത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിത്സാ സഹായം ഈടാക്കാം.

ഇതുപ്രകാരം പെൻഷൻകാരുടെ ചികിത്സാ ചെലവ് റീ-ഇമ്പേഴ്സ്മെന്റ് നടത്തുന്നതിന് തടസമില്ല. മുൻ മുഖ്യമന്ത്രിയും മുൻ മന്ത്രിമാരും എല്ലാം ഇത്തരത്തിൽ വിരമിച്ച സർക്കാർ ജീവനക്കാരായ പങ്കാളികളുടെ പേരിൽ ചികിത്സാപണം നിയമപരമായി ഈടാക്കിയിട്ടുണ്ട്. മന്ത്രിയെന്ന നിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയോ റീ-ഇമ്പേഴ്സ്മെന്റ് നേടുകയോ ചെയ്തിട്ടില്ല. തുടർചികിത്സയ്ക്ക് മാത്രമാണ് ഭർത്താവ് സ്വകാര്യ ആശുപത്രിയിൽ പോയത്.

റീ-ഇമ്പേഴ്സ്മെന്റിന് ഹാജരാക്കിയ ബില്ലുകളിൽ ആഹാര സാധനങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന പേരിൽ അതിനും തുക വാങ്ങിയെന്ന തെറ്റായ പ്രചരണവും നടത്തുന്നുണ്ട്. ഭക്ഷണമുൾപ്പെടെയുള്ള ബില്ല് ഒന്നിച്ചുനൽകുന്ന സംവിധാനമാണ് ചില ആശുപത്രികളിലുള്ളത്. മന്ത്രിയുടെ ഭർത്താവിനെ ചികിത്സിച്ച ആശുപത്രിയിൽ നിന്നും ഇത്തരത്തിലുള്ള ബില്ലായിരുന്നു നൽകിയിരുന്നത്. ഇങ്ങനെ ചെലവായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെടുകയോ അത് അനുവദിച്ച് നൽകുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ പരിശോധനയിൽ സ്വാഭാവികമായും അത് ഒഴിവാക്കിക്കൊണ്ടുള്ള റീ-ഇമ്പേഴ്സ്മെന്റാണ് അനുവദിച്ചത്.

മരിച്ചുപോയ അമ്മയുടെ ചികിത്സാ ബില്ലിനെ സംബന്ധിച്ച് ക്രൂരമായ പ്രചാരണം പോലും നടത്തുന്നുണ്ട്. ഇല്ലാത്ത ആശുപത്രിയുടെ ഒരു ബില്ലും എവിടേയും ഹാജരാക്കിയിട്ടില്ല. മട്ടന്നൂർ എൽ.എം. ആശുപത്രിയിലേയും എ.കെ.ജി. ആശുപത്രിയിലേയും ബില്ലുകൾ റീ-ഇമ്പേഴ്സ്മെന്റിനായി ഹാജരാക്കിയിരുന്നു. ഏതെങ്കിലും ആശുപത്രിയുടെ വ്യാജ ബില്ല് ഹാജരാക്കിയിട്ടുണ്ടെങ്കിൽ വാർത്ത നൽകിയവർ തെളിയിക്കണം.

അപേക്ഷയിൽ ഒരിടത്ത് തലശേരി എന്ന് തെറ്റായി ടൈപ്പ് ചെയ്തതിനെ അപകീർത്തികരമായ പ്രചരണത്തിന്റെ വേദിയാക്കുന്നത് വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ്. അപേക്ഷയിൽ സമർപ്പിച്ച എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിലും രേഖകളിലും മട്ടന്നൂർ എൽ.എം. ആശുപത്രിയിലെ ഡോക്ടർ തന്നെയാണ് ഒപ്പിട്ടത്്. മാത്രമല്ല മട്ടന്നൂർ എൽ.എം. ആശുപത്രിയിലെ ബില്ലാണിതെന്ന് പരിശോധിച്ചാൽ വ്യക്തമാകും.

അമ്മ ഡിസാചാർജാകും മുമ്പ് ബില്ല് സമർപ്പിച്ചു എന്ന പ്രചരണവും തികച്ചും തെറ്റാണ്. ഒന്നിലേറെ തവണ അമ്മ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ചികിത്സയുടെ ഓരോ ഘട്ടത്തിലും റീ-ഇമ്പേഴ്സ്മെന്റ് നടത്തുകയാണ് ചെയ്തത്. ഇതിനെപ്പോലും വസ്തുതാവിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കുകയാണ്.

കണ്ണിന്റെ കാഴ്ചയുമായി ബന്ധപ്പെട്ട് ഡോക്ടർ നിർദ്ദേശിച്ചതിനെത്തുടർന്നാണ് അനുയോജ്യമായ കണ്ണടവാങ്ങിയത്. വ്യക്തിഹത്യ മാത്രം ഉദ്ദേശിച്ചുള്ള വാർത്തകൾക്ക് പിന്നിൽ സർക്കാരിന്റെ പ്രതിഛായ തകർക്കുക എന്ന ഗൂഢ ലക്ഷ്യമാണുള്ളതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP