Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തേൻകെണിയിലും കുട്ടനാടൻ കായൽ കയ്യേറ്റത്തിലും വീശിയ കാറ്റും കോളും ഇടതുമുന്നണിയിൽ അടങ്ങുന്നില്ല; മാത്യു.ടി.തോമസിന്റെ മന്ത്രിക്കുപ്പായം അഴിപ്പിക്കാൻ അരയും തലയും മുറുക്കി കൃഷ്ണൻകുട്ടി വിഭാഗം; മാർത്തോമ്മാസഭയെ കൂട്ടുപിടിച്ച് മറുതന്ത്രങ്ങൾ മെനഞ്ഞ് എതിർപക്ഷം; തർക്കം മുറുകിയത് ഇ.പി.ജയരാജനെ മന്ത്രിസഭയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള സിപിഎം നീക്കത്തിനിടെ; ജനതാദൾ എസ് നിർണായക നേതൃയോഗങ്ങൾ കൊച്ചിയിൽ

തേൻകെണിയിലും കുട്ടനാടൻ കായൽ കയ്യേറ്റത്തിലും വീശിയ കാറ്റും കോളും ഇടതുമുന്നണിയിൽ അടങ്ങുന്നില്ല; മാത്യു.ടി.തോമസിന്റെ മന്ത്രിക്കുപ്പായം അഴിപ്പിക്കാൻ അരയും തലയും മുറുക്കി കൃഷ്ണൻകുട്ടി വിഭാഗം; മാർത്തോമ്മാസഭയെ കൂട്ടുപിടിച്ച് മറുതന്ത്രങ്ങൾ മെനഞ്ഞ് എതിർപക്ഷം; തർക്കം മുറുകിയത് ഇ.പി.ജയരാജനെ മന്ത്രിസഭയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള സിപിഎം നീക്കത്തിനിടെ; ജനതാദൾ എസ് നിർണായക നേതൃയോഗങ്ങൾ കൊച്ചിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി സർക്കാരിൽ   സഖ്യകക്ഷികളായ എൻസിപിക്കും ജനതാദൾ എസിനും തുടക്കം മുതലേ കാര്യങ്ങൾ അത്ര പന്തിയല്ല പലവിധകാരണങ്ങളാൽ കാറ്റും കോളുമാണ് രണ്ടുപാർട്ടികളിലും.എൻസിപിയിൽ തേൻകെണി വിവാദത്തിൽ പെട്ട് എ.കെ.ശശീന്ദ്രനും കുട്ടനാട്ടിലെ ലേക് റിസോർട്ട് കായൽ കയ്യേറ്റത്തിന്റെ പേരിൽ തോമസ് ചാണ്ടിയും പുലിവാലുപിടിച്ചു. കേസ് തണുത്തുപോയതോടെ ഇടക്കാലത്ത് മാറിനിൽക്കേണ്ടി വന്നെങ്കിലും ശശീന്ദ്രൻ ഗതാഗത വകുപ്പിൽ പിടിച്ചുതിരിച്ചുകയറി.

തോമസ് ചാണ്ടിക്കാകട്ടെ മന്ത്രി കുപ്പായം അഴിക്കാതിരിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും ആലപ്പുഴ ജില്ലാ കളക്ടറുടെ കാർക്കശ്യത്തിലും, കോടതികളുടെ ശാസനകളിലും പെട്ട് പടിയിറങ്ങേണ്ടി വന്നു. എല്ലാം കലങ്ങിത്തെളിയുമെന്ന പ്രതീക്ഷയിൽ തോമസ് ചാണ്ടി കഴിയുന്നതിനിടെയാണ്  ജനതാദൾ എസിൽ മാത്യു.ടി.തോമസിനെതിരെ പടയൊരുക്കം തുടങ്ങിയത്. ഇപ്പോൾ മാത്യു.ടി.തോമസിന്റെ മന്ത്രിക്കുപ്പായം അഴിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കെ.കൃഷ്ണൻ കുട്ടിയും സി.കെ.നാണുവും അടങ്ങുന്ന വിഭാഗം.

മാത്യു.ടി.തോമസ് രാജി വയ്ക്കണമെന്നാണ് കൃഷ്ണൻകുട്ടി വിഭാഗം ആവശ്യപ്പെടുന്നത്. മന്ത്രിസ്ഥാനത്തിന് അവകാശവാദവുമായി കൃഷ്ണൻകുട്ടി ജനതാദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവെഗൗഡയുമായി നേരത്തെ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. മന്ത്രിസഭാ രൂപീകരണ ഘത്തിൽ മന്ത്രിയാവാൻ കൃഷ്ണൻകുട്ടിക്ക് മോഹമുണ്ടായിരുന്നു. എന്നാൽ സിപിഎമ്മിന് താൽപര്യം മാത്യൂ ടി തോമസിനോടായിരുന്നു.

മന്ത്രിസഭാ രൂപീകരണ വേളയിൽ നിയമസഭാകക്ഷിയിലും പാർട്ടിയിലും കൃഷ്ണൻകുട്ടിക്കായിരുന്നു ഭൂരിപക്ഷം. എന്നാൽ 2006 ലെ ഇടത് മന്ത്രിസഭയിൽ നിന്ന് ഇടയ്ക്ക് മാറിനിൽക്കേണ്ടി വന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വം മാത്യൂ ടി തോമസിനൊപ്പം നിൽക്കുകയായിരുന്നു. ഇതിൽ കൃഷ്ണൻ കുട്ടിക്ക് കുറച്ചൊന്നുമല്ല അമർഷമുളേളത്.

ആദ്യ രണ്ടുവർഷം മന്ത്രിസ്ഥാനം എന്ന ധാരണയിലാണ് മാത്യൂ ടി തോമസിനെ തുണച്ചത്എന്നാണ് കൃഷ്ണൻകുട്ടി പക്ഷത്തിന്റെ വാദം. എന്നാൽ അങ്ങനെ ഒരു ധാരണയും മന്ത്രിസഭാ രൂപീകരണ വേളയിൽ ഉണ്ടായിട്ടില്ലെന്ന് മാത്യൂ ടി തോമസ് പക്ഷം പറയുന്നു പാർട്ടിയേയും പ്രവർത്തകരേയും സഹായിക്കാത്ത മന്ത്രിയാണെന്ന് ആക്ഷേപവും മാത്യൂ ടി തോമസിനെതിരെ എതിർപക്ഷം ഉന്നയിക്കുന്നു. എന്നാൽ പാർട്ടിയിലെ ചിലർ പറയുന്ന കാര്യങ്ങൾ മന്ത്രിയെന്ന നിലയിൽ സാധിച്ചുകൊടുക്കാത്തതിന്റെ പ്രതികാര നീക്കമാണിതെന്നാണ് മാത്യ ടി തോമസ് പക്ഷം വാദിക്കുന്നത്. ഈ സാഹചര്യത്തിലാണ് വെള്ളിയും ശനിയുമായി ചേരുന്ന പാർട്ടി യോഗം ഏറെ നിർണ്ണായകമാണ്.

വെള്ളിയാഴ്ച സംസ്ഥാന കമ്മിറ്റിയും ശനിയാഴ്ച സംസ്ഥാന കൗൺസിലുമാണ് നടക്കുന്നത്. പാർട്ടി ദേശീയ സെക്രട്ടറി ദാനിഷ് അലിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് വർഷക്കാലയളവിലെ സർക്കാരിന്റേയും മന്ത്രിയുടേയും പ്രവർത്തനം, ലോക്സഭ തിരഞ്ഞെടുപ്പ് എന്നിവയാണ് യോഗത്തിലെ പ്രധാന അജണ്ട. യോഗത്തിൽ മന്ത്രിസ്ഥാനപ്രശ്‌നം കൃഷ്ണൻകുട്ടി പക്ഷം ശക്തമായി ഉന്നയിക്കുമെന്ന കാര്യം ഉറപ്പാണ്. മാത്യു ടി തോമസ് രാജിവയ്ക്കാൻ തയാറായില്ലെങ്കിൽ പാർട്ടിയുടെ മറ്റ് രണ്ട് എം എൽ എമാരായ കെ കൃഷ്ണൻകുട്ടിയും സി കെ നാണുവും പാർട്ടി വിട്ട് എം പി വീരേന്ദ്രകുമാർ വിഭാഗത്തോടൊപ്പം ചേരുമെന്നാണ് ഭീഷണി.

അതേസമയം, സി പി എമ്മിനെ കൂട്ടുപിടിച്ച് ഏത് വിധേനയും മന്ത്രിസ്ഥാനം നിലനിർത്താനാണ് മാത്യു ടി തോമസിന്റെ നീക്കം. ഇതിനായി മാർത്തോമാ സഭയെ നേരിട്ട് പ്രശ്‌നത്തിൽ നേരിട്ട് ഇടപെട്ടുവെന്നും സൂചനയുണ്ട്. മാർത്തോമ സഭക്കാരനായിരുന്ന തോമസ് ചാണ്ടി പടിയിറങ്ങിയ സാഹചര്യത്തിൽ മാത്യു.ടി.തോമസിനെ നിലനിർത്തണമെന്ന് സഭയ്ക്ക് പ്രത്യേക താൽപര്യവുമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മാസങ്ങൾ മാത്രം അകലെയായിരിക്കെ മാർത്തോമാസഭയുടെ ഏക പ്രതിനിധിയെ മന്ത്രിസഭയിൽ നിന്നും രാജിവയ്‌പ്പിക്കുക സി പി എമ്മിനും കയ്പുള്ള കാര്യമാണ്. എന്നാൽ പാർട്ടിയുടെ മൂന്ന് എംഎൽഎമാരിൽ രണ്ടു പേരും ചേർന്നുയർത്തുന്ന ആവശ്യം അവഗണിക്കുകയും എളുപ്പമല്ല.

രണ്ടുഎംഎൽഎമാർ വീരേന്ദ്രകുമാറിനൊപ്പം ചേർന്നാൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനവും ഇടത് മുന്നണി അംഗത്വവും ആവശ്യപ്പെടാൻ കഴിയും. നിലവിൽ യുഡിഎഫിൽ നിന്നും വിട്ടുവന്നിട്ട് ഇടത് മുന്നണി പ്രവേശനം കാത്തുകഴിയുന്ന അവസ്ഥയിലാണ് വീരേന്ദ്രകുമാർ. രാജ്യസഭാംഗത്വം നൽകിയെങ്കിലും അതിൽ പൂർണതൃപ്തരല്ല വീരേന്ദ്ര കുമാർ വിഭാഗം. എന്നാൽ രണ്ടു ജനതാദൾ എന്നത് ഇടത് മുന്നണി അംഗീകരിക്കില്ല. രണ്ട് എം എൽ എമാർ പാർട്ടി വിട്ടാൽ ഏകാംഗമായി മാറുന്ന മാത്യു ടി തോമസിനെ മന്ത്രിസഭയിൽ അധികകാലം തുടരാനും സാധ്യതയില്ല. അങ്ങനെ വന്നാൽ മന്ത്രിസ്ഥാനം ആർക്കും വേണ്ടെന്ന നിലപാട് സ്വീകരിക്കാനും സി പി എം മടിക്കില്ല.

ഈ മാസം 19, 20, 21 തീയതികളിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേരും. ഇതുകണക്കിലെടുത്താണു മാത്യു ടി.തോമസിനെതിരായ നീക്കം എതിർചേരി കടുപ്പിക്കുന്നത്. 2006 ലെ വി എസ്.മന്ത്രിസഭയുടെ സമയത്തു ജനതാദളിലുണ്ടായ പിളർപ്പിനെത്തുടർന്ന് അദ്ദേഹം രാജിവച്ചിരുന്നു. തുടർന്നും എൽഡിഎഫ് പക്ഷത്തെ ദളിൽ അദ്ദേഹം തുടർന്നുവെങ്കിലും പകരം ജോസ് തെറ്റയിലാണു മന്ത്രിയായത്. മന്ത്രിസഭ അഴിച്ചു പണിക്ക് സിപിഎമ്മും ശ്രമം നടത്തുന്നുണ്ട്. കേന്ദ്രകമ്മിറ്റി അംഗമായ ഇപി ജയരാജനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാനാണ് സിപിഎം നീക്കം. ഈ ഘട്ടത്തിൽ മാത്യൂ ടി തോമസിനെ രാജിവെപ്പിച്ച് കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാനാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP