Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരിച്ചെത്തി ഫാസിസത്തിനെതിരെ പോരാട്ടവും തുടങ്ങി! കണ്ണൂരിലെ പരസ്യമൃഗ ബലിയിലെ താരം യൂത്ത് കോൺഗ്രസ് യോഗത്തിന് എത്തിയത് ഹൈക്കമാണ്ട് അറിയാതെയോ? കെസി ജോസഫും കെ.സുധാകരനും തമ്മിലെ രഹസ്യ ധാരണയെന്ന് ആക്ഷേപം; കോൺഗ്രസ് അധ്യക്ഷന് പരാതി നൽകാൻ നീക്കം

തിരിച്ചെത്തി ഫാസിസത്തിനെതിരെ പോരാട്ടവും തുടങ്ങി! കണ്ണൂരിലെ പരസ്യമൃഗ ബലിയിലെ താരം യൂത്ത് കോൺഗ്രസ് യോഗത്തിന് എത്തിയത് ഹൈക്കമാണ്ട് അറിയാതെയോ? കെസി ജോസഫും കെ.സുധാകരനും തമ്മിലെ രഹസ്യ ധാരണയെന്ന് ആക്ഷേപം; കോൺഗ്രസ് അധ്യക്ഷന് പരാതി നൽകാൻ നീക്കം

രഞ്ജിത് ബാബു

കണ്ണൂർ: കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടായിരുന്നപ്പോൾ രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ട് പാർട്ടിയിൽ നിന്നും പുറത്താക്കിയ റിജിൽ മാക്കുറ്റി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തത് വിവാദത്തിൽ. പാർട്ടിയിൽ തിരിച്ചെടുക്കുകയോ നടപടിയിൽ ഇളവ് ചെയ്യുകയോ ഉണ്ടാകാതെ തന്നെ കൊച്ചിയിൽ നടന്ന സംസ്ഥാന സമിതി യോഗത്തിൽ റിജിൽ മാക്കുറ്റി പങ്കെടുത്തത് വിവാദങ്ങൾ തൊടുത്തു വിടുകയാണ്.

കണ്ണൂരിൽ പരസ്യമായി കന്നുകാലി കശാപ്പ് നടത്തുകയും മാംസം വിതരണം ചെയ്തുവെന്ന പരാതിയെ തുടർന്നാണ് ദേശീയ നേതൃത്വത്തിന്റെ നടപടി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസാണ് റിജിലിനെ ക്ഷണിച്ചു വരുത്തി യോഗത്തിൽ പ്രവേശിപ്പിച്ചതെന്ന് കാണിച്ച് കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് സംസ്ഥാന ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റികളും.

കഴിഞ്ഞ വർഷം മെയ് മാസമാണ് യൂത്ത് കോൺഗ്രസ്സിൽ നിന്നും റിജിൽ മാക്കുറ്റി, ഷറഫുദ്ദീൻ കാട്ടാമ്പള്ളി, ജസ്റ്റിസൻ, എന്നിവരെ പുറത്താക്കിയത്. കന്നുകാലികളെ കശാപ്പിനായി ചന്തകളിൽ വിൽക്കുന്നതിനെ തിരെ കേന്ദ്ര ഗവൺമെന്റ് പുറപ്പെടുവിച്ച വിഞ്ജാപനത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധ സമരം നടത്തിയിരുന്നു. അതിന്റെ ഭാഗമായി കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് പാർലിമെന്റ് മണ്ഡലം പ്രസിഡണ്ട് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിൽ കന്നുകുട്ടിയെ പരസ്യമായി നടത്തിക്കുകയും കണ്ണൂർ സിറ്റി സെൻട്രലിൽ വെച്ച് നാട്ടുകാർ കണ്ടു നിൽക്കേ അറുത്ത് മാംസവിതരണം നടത്തുകയും ചെയ്തിരുന്നു. ദേശീയ തലത്തിൽ കോൺഗ്രസ്സ് അടക്കമുള്ള കക്ഷികൾ കേന്ദ്ര സർക്കാർ നയത്തിനെതിരെ സമരം ചെയ്യുന്ന അവസരത്തിലായിരുന്നു കണ്ണൂരിലെ പരസ്യ മൃഗബലി.

യൂത്ത് കോൺഗ്രസ്സിന്റെ ഈ കിരാത സമരത്തിനെതിരെ യുവ മോർച്ച ഉൾപ്പെടെയുള്ള സംഘപരിവാർ കക്ഷികൾ ദേശീയ തലത്തിൽ പ്രതിഷേധം നടത്തി. ബീഫ് ഫൈസ്റ്റിവൽ നടത്തിയവർ പോലും യൂത്ത് കോൺഗ്രസ്സ് സമരത്തിനെതിരെ രംഗത്തു വന്നു. രാഹുൽ ഗാന്ധിയും യൂത്ത് കോൺഗ്രസ്സ് സമരത്തെ വിവേക ശൂന്യവും കിരാതവുമെന്നാണ് അഭിപ്രായപ്പെട്ടത്. കോൺഗ്രസ്സിനകത്തെ മുസ്ലീമുകളടക്കം മൃഗബലിയെ വിമർശിച്ചു വന്നു. എ.ഐ.സി.സി. നിർദ്ദേശ പ്രകാരം റിജിൽ മാക്കുറ്റി ഉൾപ്പെടെ മൂന്ന് പേരെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ ഏഴ് മാസമായിട്ടും ശിക്ഷാ നടപടികൾ പിൻവലിച്ചിരുന്നുമില്ല. എന്നാൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സമിതിയിൽ റിജിൽ മാക്കുറ്റി പങ്കെടുക്കുകയും ചെയ്തു.

മുൻ മന്ത്രിമാരായ കെ.സി. ജോസഫും കെ.സുധാകരനും തമ്മിലുള്ള ധാരണ പ്രകാരം റിജിൽ മാക്കുറ്റിയെ യോഗത്തിൽ പങ്കെടുപ്പിച്ചുയെന്നാണ് രഹസ്യ വിവരം. രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ട് പുറത്താക്കിയ ഒരാളെ സംസ്ഥാന യോഗത്തിന് വിളിച്ചത് ഗുരുതരമായ ലംഘനമാണെന്ന് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നു. കെപിസിസി. പോലുമറിയാതെയാണ് റിജിൽ മാക്കുറ്റിയെ യോഗത്തിലേക്ക് ക്ഷണിച്ചത്. ഇതോടെ യൂത്ത് കോൺഗ്രസ്സിലെ ഭിന്നത ശക്തമായിരിക്കയാണ്.

കർണ്ണാടകത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ റിജിൽ മാക്കുറ്റിയെ തിരിച്ചെടുത്തത് സംഘപരിവാർ ശക്തികൾ മുതലെടുക്കുമെന്ന് മലബാർ ഭാഗത്തുള്ള യൂത്ത് കോൺഗ്രസ്സ് നേതാക്കൾ പറയുന്നു. സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസിന്റെ നിലപാടിനെതിരെ എ.ഐ.സി.സി.ക്കും കെപിസിസി. ക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം നേതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP