Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഴിമതി വിരുദ്ധവികാരം യുഡിഎഫ് കക്ഷികളിൽ സജീവമാകുന്നു; ആർഎസ്‌പിയും ദളും മുന്നണി വിടാൻ തീവ്രമായ ആലോചനയിൽ; പ്രതിസന്ധി തീർക്കാൻ തന്ത്രങ്ങൾ ഒരുക്കി ഉമ്മൻ ചാണ്ടി

അഴിമതി വിരുദ്ധവികാരം യുഡിഎഫ് കക്ഷികളിൽ സജീവമാകുന്നു; ആർഎസ്‌പിയും ദളും മുന്നണി വിടാൻ തീവ്രമായ ആലോചനയിൽ; പ്രതിസന്ധി തീർക്കാൻ തന്ത്രങ്ങൾ ഒരുക്കി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: അഴിമതി വിരുദ്ധ വികാരം പടർന്നതോടെ യുഡിഎഫിൽ നിന്ന് വിട്ടുപോകുന്ന കാര്യം ചർച്ച ചെയ്ത് ആർഎസ്‌പിയും വീരേന്ദ്രകുമാറിന്റെ ജനതാദളും. ഇത്തരത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം സഹകരിക്കാൻ ഈ പാർട്ടികൾ ഉണ്ടാകില്ലെന്നു തീർച്ചയായി.

അഴിമതിക്കു പുറമെ കോൺഗ്രസിന്റെ അടിച്ചമർത്തൽ നിലപാടുകളിലും കടുത്ത പ്രതിഷേധമാണ് ഈ പാർട്ടികൾക്കുള്ളത്. അർഹമാല അംഗീകാരങ്ങളൊന്നും തങ്ങൾക്കു ലഭിക്കുന്നില്ലെന്നു മുമ്പേ പരാതിയുള്ള ഈ പാർട്ടികൾ അഴിമതിയുടെ കാര്യം കൂടി കൈയിൽ കിട്ടിയതോടെ കോൺഗ്രസിനെതിരായി പടനീക്കം ആരംഭിച്ചുകഴിഞ്ഞു.

കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ സി അബുവിനും എം.എ. വാഹിദ് എംഎ‍ൽഎയ്ക്കുമെതിരെയുള്ള മന്ത്രി ഷിബു ബേബിജോണിന്റെ പരാതി അതിന്റെ ആദ്യഘട്ടമാണെന്നാണ് റിപ്പോർട്ടുകൾ. അടുത്ത നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പ് ഈ രണ്ടു പാർട്ടികളും യു.ഡി.എഫിൽ നിന്നും പോകുമെന്ന കാര്യം തീർച്ചയായിട്ടുണ്ട്. സിപിഐ(എം) പാർട്ടി കോൺഗ്രസ് കഴിയുന്നതോടെ ഇക്കാര്യത്തിൽ നിർണ്ണായകതീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

എന്നാൽ, ഇക്കാര്യത്തിൽ പ്രതിസന്ധിയിലേക്കു യുഡിഎഫിനെ തള്ളിവിടാതിരിക്കാൻ കരുക്കൾ നീക്കുകയാണ് ഉമ്മൻ ചാണ്ടി. മറുതന്ത്രങ്ങൾ മെനഞ്ഞ് യുഡിഎഫിന്റെ ശക്തി ചോർന്നുപോകാതിരിക്കാനുള്ള നീക്കങ്ങൾക്ക് ആക്കം കൂട്ടുകയാണ് ഉമ്മൻ ചാണ്ടി.

ആർ.എസ്‌പിക്കും ജനതാളി(യു)നും ബാർകോഴ കേസിൽ കടുത്ത അതൃപ്തിയുണ്ട്. ഈ കേസും അത് കൈകാര്യം ചെയ്ത രീതിയും യു.ഡി.എഫിനെ ശവക്കുഴിയിലാക്കിയെന്നാണ് ഈ പാർട്ടികളുടെ അഭിപ്രായം. ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ സംഭവങ്ങളെ കോൺഗ്രസിനെപ്പോലെ ന്യായീകരിക്കാൻ ഇരുപാർട്ടികളും തയാറുമല്ല. നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നമുണ്ടാകാതിരിക്കാൻ മുൻകൈയെടുക്കേണ്ട മുഖ്യമന്ത്രിയാണ് ഇത് വഷളാക്കിയതെന്ന് ഇരുപാർട്ടികൾക്കും അഭിപ്രായമുണ്ട്. അതിന് പുറമെ ജനാധിപത്യമില്ലെന്ന് ആരോപിച്ച് പുറത്തുവന്ന ഇടതുമുന്നണിയെക്കാൾ മോശമാണ് യു.ഡി.എഫിലെ ജനാധിപത്യമെന്നാണ് ഇവരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ ഈ മുന്നണിയുമായി ഒന്നിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് ഇരു പാർട്ടികളും വ്യക്തമാക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം സീറ്റുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ നിന്നും പുറത്തുവന്ന ആർ.എസ്‌പിക്ക് യു.ഡി.എഫിൽ നിന്നും ശക്തമായ തിരിച്ചടിയാണു നേരിടേണ്ടി വന്നത്. തങ്ങൾക്ക് ഏറെ സ്വാധീനമുള്ള ദേവസ്വംബോർഡിലെ റിക്രൂട്ടിമെന്റിനുള്ള ബോർഡ് രൂപീകരിച്ചപ്പോൾ പാർട്ടിയെ തഴഞ്ഞു. മാത്രമല്ല, വർഷങ്ങളായി മത്സരിച്ചുകൊണ്ടിരുന്ന അരുവിക്കര സീറ്റും നഷ്ടപ്പെട്ടു. മാത്രമല്ല, ശക്തൻ സ്പീക്കറായതിനെത്തുടർന്ന് ഒഴിവുവന്ന ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും നൽകില്ലെന്ന നിലപാടാണ് കോൺഗ്രസിന്റെത്.

ഇത്തരത്തിൽ കോൺഗ്രസിന്റെ അടിമയായി മുന്നോട്ടുപോകേണ്ടതില്ലെന്നാണ് പാർട്ടിയുടെ പൊതുനിലപാട്. ഇടതുമുന്നണിയിൽ തന്നെയായിരുന്നെങ്കിൽ അരുവിക്കരയിൽ നിന്നു പ്രേമചന്ദ്രനെ നിയമസഭയിൽ എത്തിക്കാൻ കഴിയുമായിരുന്നുവെന്നും അവർ വിലപിക്കുന്നു. ഇപ്പോൾ യു.ഡി.എഫിന്റെ അഴിമതിയുടെ ഭാഗമായി തങ്ങളുടെ പ്രതിച്ഛായതന്നെ ഇല്ലാതാകുന്ന സ്ഥിതിയാണെന്നാണ് പാർട്ടിയിൽ അഭിപ്രായം.

കോവൂർ കുഞ്ഞുമോന്റെ നേതൃത്വത്തിൽ പാർട്ടിയിൽ നിന്നും ഒരുവിഭാഗം അടുത്ത നിയമസഭാതെരഞ്ഞെടുപ്പോടെ എൽ.ഡി.എഫിൽ എത്തുമെന്ന കാര്യത്തിൽ ഏകദേശം തീരുമാനമായിട്ടുണ്ട്. അതിന് തടയിടാനാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിന് ആവശ്യം ഉന്നയിച്ചത്. എന്നാൽ അത് കോൺഗ്രസ് നൽകില്ല. ഈ സാഹചര്യത്തിൽ നിലപാട് കർശനമാക്കാനാണ് ആർ.എസ്‌പിയുടെ തീരുമാനം. എന്നാൽ ഒന്നായതോടെ പാർട്ടിയുടെ കടിഞ്ഞാൽ മന്ത്രി ഷിബു ബേബിജോണിന്റെ കൈയിലാണ്. യു.ഡി.എഫ് വിട്ടാൽ പിന്നെ അദ്ദേഹത്തിന് മന്ത്രിസ്ഥാനം സ്വപ്നം കാണാൻ പോലും കഴിയില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഈ നീക്കത്തോട് അത്ര യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ നിയമസഭയിലെ സംഭവങ്ങൾ സംബന്ധിച്ച് അബുവും വാഹീദും നടത്തിയ മോശം പരാമർശത്തോടെ ആ നിലപാട് തിരുത്താൻ അദ്ദേഹവും നിർബന്ധിതനായതായാണ് സൂചന.

നിർബന്ധത്തിന് വഴങ്ങിയതിനെത്തുടർന്നാണ് ഇരുവർക്കുമെതിരെ പരാതി നൽകാനും പിന്നീട് നിയമനടപടികളിലേക്ക് നീങ്ങാനും ഷിബു തയാറായിരിക്കുന്നത്. ഓഗസ്റ്റിൽ ആർ.എസ്‌പിയുടെ സംസ്ഥാനസമ്മേളനം നടക്കുന്നുണ്ട്. അതിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. സീറ്റ് തർക്കത്തിന്റെ പേരിൽ മുന്നണി മാറി വന്നാൽ സഹകരിപ്പിക്കില്ലെന്ന് എൽ.ഡി.എഫ് വ്യക്തമാക്കിയിട്ടുണ്ട്. ആ സാഹചര്യത്തിൽ അഴിമതി സ്ത്രീകളെ അവഹേളിക്കൽ എന്നിവ ചൂണ്ടിക്കാട്ടി പുറത്തുവരാനാണ് നീക്കം.

ജനതാദളും(യു) ഇതേ അവസ്ഥയിൽ തന്നെയാണ്. അവരും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി അവരും മുന്നണി വിടും. ദേശീയതലത്തിൽ ജനതാപരിവാറിന്റെ ഏകീകരണത്തോടെ എന്തായാലുംഅത് വേണ്ടിവരും. എന്നാൽ ഇടതുമുന്നണി വിട്ടുവന്നപ്പോൾ തങ്ങളോടുണ്ടായിരുന്ന താൽപര്യം ഇപ്പോൾ യു.ഡി.എഫിനില്ലെന്നാണ് ജനതാദളിന്റെ പരാതി. ഇടതുമുന്നണി വിട്ടുവന്നപ്പോൾ ലോക്‌സഭയിലേക്ക് അക്കുറി മത്സരിക്കുന്നില്ലെന്ന ധാർമ്മികമായ ഒരു നിലപാട് സ്വീകരിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ വടകര സീറ്റ് നൽകാമെന്ന് പറഞ്ഞ് ചതിച്ചു. സിറ്റിങ് സീറ്റെന്ന പേരിൽ തങ്ങൾക്ക് അത് നിഷേധിച്ചപ്പോൾ മറ്റൊരു സിറ്റിങ് സീറ്റായ കൊല്ലം ഇടതുമുന്നണി വിട്ടുവന്ന ആർ.എസ്‌പിക്ക് നൽകി. പാലക്കാട് കൊണ്ടുനിർത്തി പാർട്ടിയുടെ സമുന്നത നേതാവായ വിരേന്ദ്രകുമാറിനെ നാണം കെടുത്തി. മുന്നണിയെന്ന നിലയിൽ അർഹതപ്പെട്ട ഒന്നുംനൽകിയിട്ടില്ല. കൂടാതെ ഈ മുന്നണിയിലെ അംഗമെന്ന നിലയിൽ തലയിൽ മുണ്ടിടാതെ പുറത്തിറങ്ങാനുംകഴിയില്ല. ആ സാഹചര്യത്തിൽ ഇവിടെ യു.ഡി.എഫിനോട് ഒരുകടപ്പാടുമില്ലെന്നാണ് ഇവരുടെയും നിലപാട്. ദേശീയതലത്തിലൂം കോൺഗ്രസുമായി ഒരു സഖ്യവുമില്ല. അതുകൊണ്ട് കേരളത്തിലും കോൺഗ്രസ് ബാന്ധവം ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് ദളും.

ഇപ്പോഴത്തെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറേക്കൂടി മൃദുസ്വഭാവം പുലർത്തുന്ന വ്യക്തിയായതിനാൽ ഇടതുമുന്നണിയിലേക്കുള്ള മടക്കം കൂടുതൽ സുഗമമാകുമെന്നും ഈ പാർട്ടികൾ വിലയിരുത്തുന്നുണ്ട്. ദേശീയതലത്തിൽ ബിജെപി.ക്കെതിരേ വിശാല ഇടതു ഐക്യത്തിനുള്ള നീക്കം ശക്തമായ സാഹചര്യത്തിൽ സിപിഎമ്മിന്റെ പാർട്ടികോൺഗ്രസ് കഴിയുന്നതോടെ പല രാഷ്ട്രീയമാറ്റങ്ങൾക്കും വഴിയൊരുങ്ങുമെന്നതുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP