Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വംശനാശ ഭീഷണി മാറാതെ ദളും ആർഎസ്‌പിയും ഇടതിന്റെ വാതിലുകൾ മുട്ടി കാത്തിരിക്കുന്നു; പ്രണയത്തോടെ വിളിച്ചപ്പോൾ ഇറങ്ങി വരാത്തവരെ ഇനി വേണ്ടെന്ന് സിപിഐ(എം): വീരേന്ദ്രകുമാർ ദള്ളിൽ നിന്നും എതിർഭാഗത്തേക്ക് അനുകൂലികളുടെ കുത്തൊഴുക്ക്; പോകാൻ ഇടമില്ലാതെ ആർഎസ്‌പി പ്രവർത്തകർ

വംശനാശ ഭീഷണി മാറാതെ ദളും ആർഎസ്‌പിയും ഇടതിന്റെ വാതിലുകൾ മുട്ടി കാത്തിരിക്കുന്നു; പ്രണയത്തോടെ വിളിച്ചപ്പോൾ ഇറങ്ങി വരാത്തവരെ ഇനി വേണ്ടെന്ന് സിപിഐ(എം): വീരേന്ദ്രകുമാർ ദള്ളിൽ നിന്നും എതിർഭാഗത്തേക്ക് അനുകൂലികളുടെ കുത്തൊഴുക്ക്; പോകാൻ ഇടമില്ലാതെ ആർഎസ്‌പി പ്രവർത്തകർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംപൂജ്യരായതോടെ അതിജീവനത്തിനായി കഷ്ടപ്പെടുകയാണ് വീരേന്ദ്ര കുമാറിന്റെ ജനതാദൾ( യു)വും ആർഎസ്‌പിയും. രണ്ട് മന്ത്രിരായിരുന്നു കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഇവർക്കുണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ ഒരു എംഎൽഎമാരെ പോലും സഭയിൽ എത്തിക്കാൻ രണ്ട് പേർക്കും സാധിച്ചില്ല. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് കക്ഷികളെയും സിപിഐ(എം) മുന്നണിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. അന്ന് മറുകണ്ടം ചാടാൻ പോകാതിരുന്നതാണ് ഇപ്പോൾ പാർട്ടിയുടെ സാധ്യതകളെ ഇല്ലാതാക്കിയത്. ഇതോടെ സിപിഎമ്മിലേക്ക് അണികളുടെ ഒഴുക്കാണ്. ഇത് തടയാൻ സാധിക്കാതെ വംശനാശ ഭീഷണി നേരിടുകയാണ് രണ്ട് കക്ഷികളും.

തെരഞ്ഞെടുപ്പിൽ സമ്പൂർണ്ണ തോൽവി നേരിട്ടതോടെ യുഡിഎഫ് ഘടകകക്ഷികളായി തന്നെ തുടരാനാണ് ജനതാദളും(യു)വന്റെയും ആർഎസ്‌പിയുടെയും തീരുമാനം. തൽക്കാലം മുന്നണിക്കൊപ്പം തന്നെ നിൽക്കാനാണ് ഇവരുടെ നീക്കം. എൽഡിഎഫ് പാളയത്തിലേക്കു തിരിച്ചുപോകാവുന്ന ഒരു രാഷ്ട്രീയ സാഹചര്യം ഇരുകൂട്ടരും ഇപ്പോൾ കാണുന്നില്ല. ഇനി തിരികെ ഇടതു മുന്നണിയിലേക്ക് പോകണമെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെയെങ്കിലും കാത്തിരിക്കണമെന്ന വ്യക്തമായ ബോധ്യം ഇവർക്കുണ്ട്. മാത്രമല്ല, ഇപ്പൾ മുന്നണി മാറിയാൽ അത് തങ്ങൾക്ക് യാതൊരു പരിഗണനയും ലഭിക്കില്ലെന്ന വ്യക്തമായ ബോധ്യവും രണ്ട് പാർട്ടികൾക്കുമുണ്ട്.

തിരഞ്ഞെടുപ്പു വിശകലനത്തിനായി ദൾ നേതൃയോഗം നാളെ കോഴിക്കോട്ടും ആർഎസ്‌പി സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങൾ നാളെയും മറ്റന്നാളുമായി തിരുവനന്തപുരത്തും ചേരുമ്പോൾ നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനം ഉയരുമെന്ന കാര്യം ഉറപ്പാണ്. ആർഎസ്‌പിയിൽ എൻ കെ പ്രേമചന്ദ്രനെതിരെയാകും കടുത്ത വിമർശനം ഉയരുക. പ്രേമചന്ദ്രന് വേണ്ടി മുന്നണി വിട്ട പാർട്ടി ഇപ്പോൾ തകർന്നിരിക്കുന്നു എന്ന കാര്യമാകും പൊതുവിൽ ചർച്ചയാകുക. എൽഡിഎഫ് വിട്ടതിനെതിരായുള്ള അഭിപ്രായ പ്രകടനങ്ങൾക്ക് ഇരുയോഗങ്ങളും സ്വാഭാവികമായും വേദിയാകും. ആ രാഷ്ട്രീയ നിലപാട് പുനഃപരിശോധിക്കണം എന്ന ആവശ്യവും ഉയർന്നേക്കാം. കൊഴിഞ്ഞുപോക്കിന്റെ ഭീഷണിയും ഇരുപാർട്ടികളും നേരിടുന്നു. തൽക്കാലം ദൗർബല്യങ്ങൾ പരിശോധിച്ചു സംഘടനയെ കൂടുതൽ ശക്തമാക്കാനുള്ള തീരുമാനങ്ങളിലേക്കു രണ്ടു പാർട്ടികളും കടക്കാനാണു സാധ്യത.

വടകരയും കൽപറ്റയും കിട്ടുമെന്നാണു ദൾ കണക്കുകൂട്ടിയത്. ഇരവിപുരവും ചവറയും ഒപ്പം നിൽക്കുമെന്ന് ആർഎസ്‌പിയും കരുതി. പക്ഷേ നിയമസഭാ പ്രാതിനിധ്യം പോലുമില്ലാത്ത സ്ഥിതിയിലായി. തങ്ങളെ വിട്ട് യുഡിഎഫിൽ ചേക്കേറിയ ഇവരുടെ സമ്പൂർണപരാജയം ഇടതുമുന്നണിക്കു നിനച്ചിരിക്കാത്ത രാഷ്ട്രീയ നേട്ടവുമായി. ദളിനെ അവർ തിരികെ കൊണ്ടുവരാൻ ശ്രമിച്ചതാണ്. പക്ഷേ മന്ത്രിയായിരുന്ന കെ.പി.മോഹനന്റെ എതിർപ്പ് തടസ്സമായി.

ആർഎസ്‌പിയെ മടക്കിക്കൊണ്ടുവരാൻ സിപിഐ(എം) മുൻകയ്യെടുത്തില്ലെങ്കിലും അവർക്കു താൽപര്യമെങ്കിൽ ആലോചിക്കാം എന്ന സമീപനമായിരുന്നു. ഇപ്പോൾ വൻ ഭൂരിപക്ഷത്തിൽ നിൽക്കുമ്പോൾ, നിയമസഭാ പ്രാതിനിധ്യമില്ലാത്ത ഈ പാർട്ടികളോട് എൽഡിഎഫിന് പെട്ടെന്നു താൽപര്യമുണ്ടാകാനും ഇടയില്ല. എൽഡിഎഫ് വിട്ടതു പിശകായിപ്പോയി എന്ന പ്രതികരണം ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ.എ.അസീസിൽ നിന്നു തന്നെ ഉണ്ടായതും അതിനോട് എൻ.കെ.പ്രേമചന്ദ്രൻ എംപി വിയോജിച്ചതും ആർഎസ്‌പിയിൽ ഉണ്ടായിരിക്കുന്ന ആശയക്കുഴപ്പത്തിന്റെ ലക്ഷണമാണ്.

കോവൂർ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആർഎസ്‌പി(ലെനിനിസ്റ്റ്)യിലേക്ക് ആളുകൾ ചേക്കേറുന്നത് തടയാൻ ആർഎസ്‌പിക്ക് ഇപ്പോൾ സാധിക്കുന്നില്ല. കുഞ്ഞുമോന്റെ പാർട്ടിയിലേക്ക് ആളെ കൂട്ടാൻ വേണ്ടി സിപിഐ(എം) തന്നെയാണ് മുന്നിട്ടുള്ളത്. കുഞ്ഞുമോന്റെ പാർട്ടി ഇടതുമുന്നണിയിൽ ഘടകകക്ഷിയല്ലെങ്കിലും ആർഎസ്‌പിയിലെ ഭിന്നത രൂക്ഷമാക്കാനാണു സിപിഐ(എം) കുഞ്ഞുമോനെ കൂടെ നിർത്തി എംഎൽഎ ആക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും വൻ തിരിച്ചടിയേറ്റതോടെ എന്തു ചെയ്യണം എന്ന അനിശ്ചിതത്വത്തിലാണ് ദൾ(യു). ദേശീയതലത്തിലെ ജനതാ ഏകീകരണ സാധ്യത ഏതാണ്ട് അസ്തമിച്ച മട്ടായതിനാൽ അങ്ങനെ രാഷ്ട്രീയ നിലപാടു മാറ്റാമെന്ന സാധ്യതയും മങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP