Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുമ്മനത്തെ ഒറ്റപ്പെടുത്താൻ ആരേയും അനുവദിക്കില്ല; കോർ കമ്മറ്റിയിൽ പ്രാന്തകാര്യവാഹക് എത്തിയത് വ്യക്തമായ സന്ദേശം നൽകാൻ; ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ ആർഎസ്എസ് തന്നെ നയിക്കും

കുമ്മനത്തെ ഒറ്റപ്പെടുത്താൻ ആരേയും അനുവദിക്കില്ല; കോർ കമ്മറ്റിയിൽ പ്രാന്തകാര്യവാഹക് എത്തിയത് വ്യക്തമായ സന്ദേശം നൽകാൻ; ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ ആർഎസ്എസ് തന്നെ നയിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന കോർ കമ്മറ്റി യോഗത്തിൽ ഉന്നത ആർഎസ്എസ് നേതാക്കളുടെ സാന്നിധ്യവും. പരിവാർ ഇടപടെലിനെ തുടർന്ന് പാർട്ടി അധ്യക്ഷനായ കുമ്മനം രാജശേഖരനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗാമായാണ് ഇത്. ആർഎസ്എസ് പ്രാന്തകാര്യവാഹ് പി ഗോപാലൻകുട്ടി മാസ്റ്ററും സഹപ്രാന്ത കാര്യവാഹ് എം രാധാകൃഷ്ണനുമാണ് കോർ കമ്മറ്റി യോഗത്തിൽ പങ്കെടുക്കുന്നത്. കേരളത്തിലെ ബിജെപി ഘടകത്തിൽ വിഭാഗീയ ഒരു തരത്തിലും അനുവദിക്കില്ലെന്ന് വ്യക്തമാക്കാനാണ് ഇതിലൂടെ ആർഎസ്എസ് ശ്രമിക്കുന്നത്. കുമ്മനത്തിനെതിരെ ബിജെപിക്കുള്ളിൽ നടക്കാനിടയുള്ള ആഭ്യന്തര നീക്കത്തെ തിരിച്ചറിഞ്ഞാണ് ഇത്. ഇതോടെ തന്നെ കോർ കമ്മറ്റി യോഗത്തിൽ മുരളീധര-കൃഷ്ണദാസ് പക്ഷത്തിന് സംസ്ഥാന നേതൃത്വത്തെ വിമർശിക്കാനും കഴിയാതെയായി.

ബിജെപി സംസ്ഥാന ഭാരവാഹികളെക്കുറിച്ചും നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനുമായാണ് കോർ കമ്മറ്റി യോഗം ചേർന്നത്. ഇതിനിടെയിൽ കുമ്മനത്തെ പ്രസിഡന്റാക്കിയത് പോലുള്ള തീരുമാനങ്ങൾ അംഗീകരിക്കേണ്ടതില്ലെന്ന ചില തീരുമാനങ്ങൾ രണ്ട് ഗ്രൂപ്പുകാരും എടുത്തു. ബിജെപിയെ സംഘപരിവാർ ഹൈജാക്ക് ചെയ്തുവെന്ന തോന്നൽ ഉണ്ടാക്കരുതെന്ന് കുമ്മനത്തോട് നിർദ്ദേശിക്കാനായിരുന്നു ഇവരുടെ നീക്കം. കോർ കമ്മറ്റിയിൽ ഉള്ള ബാക്കിയുള്ളവരെല്ലാം മുരളീധര-കൃഷ്ണദാസ് പക്ഷക്കാരുമാണ്. അതുകൊണ്ട് തന്നെ കോർ കമ്മറ്റിയിലെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ഇവർക്ക് കഴിയും. കുമ്മത്തോടുള്ള അസംതൃപ്തി വ്യക്തമാക്കാൻ ഇരു പക്ഷവും യോജിക്കാനുള്ള സാധ്യതയും വിലയിരുത്തപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഗോപാലൻകുട്ടി മാസ്റ്റർ തന്നെ നേരിട്ട് ബിജെപിയുടെ കോർ കമ്മറ്റി യോഗത്തിനെത്തിയത്.

ബിജെപി-ആർഎസ്എസ് ഏകോപനം ഉറപ്പാക്കാനുള്ള യോഗങ്ങളിൽ പരിവാർ നേതാക്കൾ പങ്കെടുക്കാറുണ്ട്. ആർഎസ്എസ് നേതൃത്വമാകും അത്തരം യോഗങ്ങൾ വിളിച്ചു ചേർക്കുക. ബിജെപിയിലെ വിഭാഗീയതയുടെ പശ്ചാത്തലത്തിൽ അത്തരം ബൈഠക്കുകൾ പലപ്പോഴും നടന്നിട്ടുമുണ്ട്. എന്നാൽ ബിജെപിയുടെ കോർ കമ്മറ്റി യോഗത്തിൽ ആർഎസ്എസ് നേതൃത്വം എത്തുന്നത് ആദ്യമായാണെന്നാണ് വിലയിരുത്തൽ. പാർട്ടി അധ്യക്ഷനായ കുമ്മനത്തിന്റെ പ്രവർത്തനത്തിന് അനുകൂല സാഹചര്യമൊരുക്കലാണ് ലക്ഷ്യം. ഗോപാലൻകുട്ടി മാസ്റ്ററുടെ സാന്നിധ്യത്തിൽ കുമ്മനത്തെ കടന്നാക്രമിക്കാൻ ആരും തയ്യാറികില്ല. ഇതാണ് ആർഎസ്എസ് ഉറപ്പാക്കിയത്. ഭാവിയിൽ കുമ്മനത്തിന് മാനിസക പിന്തുണ കിട്ടുന്ന തരത്തിൽ കോർ കമ്മറ്റിയും പുനഃസംഘടിപ്പിക്കും.

അതിനിടെ ബിജെപി ഭാരവാഹികളുടെ പുനഃസംഘടന ഇപ്പോഴുണ്ടാകുമോ എന്നതിൽ ആശക്കുഴപ്പം സജീവമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പൊരു പുനഃസംഘടന വേണമോ എന്ന ചർച്ചയും ഉയർന്നു കഴിഞ്ഞു. കുമ്മനത്തിന്റെ കേരള യാത്രയുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിലേക്ക് വേഗത്തിൽ കടക്കാനാണ് ഇത്. ജില്ലാ പ്രസിഡന്റുമാരെ ഈ ഘട്ടത്തിൽ മാറ്റുന്നത് ഗുണകരമാകില്ലെന്നും വിലയിരുത്തലുണ്ട്. എന്നാൽ ആർഎസ്എസ് നേതൃത്വത്തിന്റേതാകും അന്തിമ തീരുമാനം. കോർ കമ്മറ്റി യോഗത്തിന് ശേഷം നാളെ ബെിജെപിയുടെ ഭാരവാഹി യോഗവും കൗൺസിലും ചേരുന്നുണ്ട്. ഇതിലെ വികാരം മനസ്സിലാക്കാനും ആർഎസ്എസ് നേതൃത്വം ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ സർസംഘചാലക് മോഹൻ ഭാഗവതിന്റെ കൊച്ചി സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ആർഎസ്എസ് നേതാക്കൾ മടങ്ങാനും സാധ്യതയുണ്ട്.

എന്തായാലും ബിജെപിയുടെ നേതാവ് കുമ്മനം ആയിരിക്കുമെന്ന് ഉറപ്പിക്കുകയാണ് ആർഎസ്എസ്. കുമ്മനത്തിനെതിരെ സിപിഐ(എം) നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും നടത്തിയ കടന്നാക്രമങ്ങളിൽ പ്രതിരോധം തീർക്കാൻ ആരുമെത്തിയില്ല. ഡൽഹിയിൽ ബിജെപി അധ്യക്ഷനായി കുമ്മനത്തെ നിശ്ചയിച്ചപ്പോൾ ആരും എതിർത്തതുമില്ല. എന്നാൽ പുറത്തുവന്ന വാർത്തകൾ മറിച്ചായിരുന്നു. അത്തരം വാർത്തകൾ പുറത്തുവിടുന്നവരെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നാണ് ആർഎസ്എസ് നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവും ഭാരവാഹി നിശ്ചയിക്കലുമെല്ലാം ആർഎസ്എസ് തീരുമാനത്തോടെ കുമ്മനം നടപ്പാക്കും. കൂടുതൽ പ്രചാരകന്മാരെ ബിജെപിയിലേക്ക് നിയോഗിക്കാനും നീക്കമുണ്ട്.

ഇതുവരെ ബിജെപിയുടെ പ്രവർത്തനത്തിൽ ആർഎസ്എസ് ഉൾപ്പെടെ വിവിധ ഹിന്ദുസംഘടനകൾ കാര്യമായി ഇടപെട്ടിരുന്നില്ല. ആർ.എസ്.എസുമായി ബന്ധമുള്ള നേതാക്കൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സംഘ്പരിവാർ പ്രവർത്തകർ സജീവമായി പ്രചാരണ രംഗത്തിറങ്ങുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. അത് മാറ്റി ബിജെപിയുടെ പ്രവർത്തനങ്ങളിൽ സജീവമായി ആർഎസ്എസ് ഇടപെടാനാണ് തീരുമാനം. ആർഎസ്എസ് പ്രമുഖ നേതാവായ വൽസൻ തില്ലങ്കരി, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആർ.വി. ബാബു എന്നിവരെ ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന നിർദ്ദേശവും ആർഎസ്എസ് മുന്നോട്ട് വച്ചിട്ടുണ്ട്.

ജന. സെക്രട്ടറി കെ.ആർ. ഉമാകാന്തൻ, ജോയന്റ് ഓർഗനൈസിങ് സെക്രട്ടറി സുഭാഷ് എന്നിവരാണ് നിലവിൽ ആർഎസ്എസ് പ്രതിനിധികളായി ബിജെപിയിലുള്ളത്. ഇവർക്ക് പുറമെ കൂടുതൽ പേരെ നേതൃനിരയിലേക്ക് കൊണ്ടുവരാനാണ് ആർഎസ്എസ് നീക്കം. നിലവിലെ നാല് ജന. സെക്രട്ടറിമാരിൽ മൂന്ന് പേരെയും മാറ്റാനുള്ള നീക്കത്തിലാണ് ആർഎസ്എസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP