Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സന്തോഷ് വധത്തിനു പിന്നിൽ സ്വത്തുതർക്കമാണെന്ന വാദം സിപിഎമ്മിന് തലവേദനയാകുന്നു; രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചതോടെ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട ഗതികേടിൽ പാർട്ടി നേതൃത്വം; കലോത്സവത്തിനിടെ പിണറായിയുടെ മണ്ഡലത്തിലുണ്ടായ കൊലപാതകത്തിൽ പാർട്ടി വീണ്ടും പ്രതിക്കൂട്ടിലാകുമ്പോൾ

സന്തോഷ് വധത്തിനു പിന്നിൽ സ്വത്തുതർക്കമാണെന്ന വാദം സിപിഎമ്മിന് തലവേദനയാകുന്നു; രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചതോടെ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട ഗതികേടിൽ പാർട്ടി നേതൃത്വം; കലോത്സവത്തിനിടെ പിണറായിയുടെ മണ്ഡലത്തിലുണ്ടായ കൊലപാതകത്തിൽ പാർട്ടി വീണ്ടും പ്രതിക്കൂട്ടിലാകുമ്പോൾ

കണ്ണൂർ: മുഖ്യമന്ത്രി പിണറായിയുടെ നിയോജക മണ്ഡലത്തിൽ തന്നെ വീണ്ടുമൊരു കൊലപാതകം ഉണ്ടാകുകയും അതിൽ രാഷ്ട്രീയമില്ലെന്നും കുടുംബവഴക്കും സ്വത്തുതർക്കവുമാണ് കൊലപാതകത്തിന് കാരണമെന്നും സിപിഐ(എം) നിലപാടെടുക്കുകയും ചെയ്തത് ഇപ്പോൾ പാർട്ടിക്ക് തലവേദനയാകുന്നു. കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്നും കൊലയ്ക്കു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നും ഇക്കാര്യം പാർട്ടിക്ക് ബോധ്യപ്പെട്ടുവെന്നുമാണ് പാർട്ടി നേതാക്കൾ പ്രചരിപ്പിച്ചത്.

അണ്ടല്ലൂർ മുല്ലപ്രം ക്ഷേത്രത്തിനുസമീപം ബിജെപി. പ്രവർത്തകൻ ചോമന്റവിട എഴുത്തൻ സന്തോഷിനെ (52) കൊലപ്പെടുത്തിയ സംഭവത്തിൽ അണ്ടല്ലൂർ എൻ.പി. വീട്ടിൽ എൻ. രോഹിൻ (31), ഷാഹിനം വീട്ടിൽ എം.കെ. ഷമിൽ (26), തോട്ടുമ്മൽ വീട്ടിൽ കെ. റിജേഷ് (27), പാലയാട് മണപ്പുറം വീട്ടിൽ കെ. മിഥുൻ (26), ലീലാറാമിൽ പി. പ്രജുൽ (25), കേളോത്ത് വീട്ടിൽ പി. അജേഷ് (28) എന്നിവരാണ് അറസ്റ്റിലായത്. കൊല നടന്ന ദിവസം തന്നെ കേസുമായി ബന്ധപ്പെട്ട് സിപിഐ(എം) പ്രവർത്തകർ പിടിയിലായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആറ് സിപിഐ(എം) പ്രവർത്തകരെ പിടികൂടിയ പൊലീസ് രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് കാരണമെന്ന് വ്യക്തമാക്കി എഫ്‌ഐആർ ഇട്ടതോടെ സംഭവത്തിൽ പാർട്ടി ശരിക്കും പ്രതിക്കൂട്ടിലായിരിക്കുകയാണിപ്പോൾ.

സംഭവദിവസം ഉച്ചയ്ക്ക് ബിജെപി. പ്രവർത്തകനുനേരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് പിടിയിലായവർ സന്തോഷ് കൊലക്കേസിലും പങ്കാളികളാണെന്ന് വ്യക്തമായതാണ് കേസന്വേഷണത്തിൽ പതിവിലും വേഗം തുമ്പുണ്ടാക്കാൻ സഹായകമായത്. കൊലയിൽ നേരിട്ട് പങ്കെടുത്തതായി കരുതുന്ന എട്ടുപേരിൽ ആറുപേരെയും രണ്ടുദിവസത്തിനകം അറസ്റ്റുചെയ്തു. കൊലയ്ക്കുകാരണം രാഷ്ട്രീയവിരോധമാണെന്ന് ചോദ്യംചെയ്യലിൽ പൊലീസിന് വിവരം ലഭിച്ചതോടെയാണ് സിപിഐ(എം). വാദം പൊളിയുന്നത്.

17ന് ബ്രണ്ണൻ കോളേജിൽനിന്ന് വിനോദയാത്രയ്ക്ക് പോയി തിരിച്ചുവന്നവരെ ആക്രമിച്ചതിന്റെ പ്രതികാരമാണ് കൊലയിലേക്ക് നയിച്ചതെന്ന് ചോദ്യം ചെയ്തതിൽ വ്യക്തമായെന്ന് പൊലീസ് പറയുന്നു. എന്നാൽ ഈ സംഭവങ്ങളിൽ സന്തോഷിന് പങ്കുള്ളതായി സിപിഎമ്മിന് ആക്ഷേപമില്ല. എന്നിട്ടും വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന സന്തോഷിനെ കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും ബന്ധപ്പെട്ട ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സംരക്ഷിക്കില്ലെന്നും സംഭവദിവസംതന്നെ സിപിഐ(എം). പിണറായി ഏരിയാസെക്രട്ടറി പ്രസ്താവനയിറക്കിയിരുന്നു.അടുത്തദിവസം നടത്തിയ പത്രസമ്മേളനത്തിലാണ് കൊലയ്ക്കുപിന്നിൽ ആർ.എസ്.എസുകാരാണ് ബോധ്യപ്പെട്ടതായി വിശദീകരിച്ചത്. സന്തോഷുമായി പാർട്ടിക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും പറഞ്ഞു.

കുടുംബത്തിലെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ സന്തോഷ് അറസ്റ്റിലായപ്പോൾ ജാമ്യത്തിലെടുത്തത് സിപിഐ(എം). പ്രവർത്തകനാണെന്നും ജില്ലാസെക്രട്ടറി വിശദീകരിച്ചു. ഇതേ നിലപാട് പിന്നീട് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവർത്തിച്ചു. ഇതെല്ലാം സിപിഐ(എം) തന്നെ അധികാരത്തിലിരിക്കുകയും മണ്ഡലത്തെ പ്രതിനീധികരിക്കുന്ന മുഖ്യമന്ത്രി തന്നെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്യുന്ന വേളയിൽ സർക്കാരിനും വലിയ തലവേദനയായി മാറുകയാണ്.

കുടുംബപ്രശ്‌നങ്ങളാണ് കാരണമെന്നും ആർഎസ്എസുകാരാണ് കൊലപാതകികൾ എന്നും പ്രചരിപ്പിച്ചുതുടങ്ങിയപ്പോൾ തന്നെ സിപിഎമ്മിന്റെ വാദം പൊളിഞ്ഞിരുന്നു. ഭാര്യയും മറ്റും വീട്ടിലില്ലാതെ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന സമയത്താണ് സന്തോഷ് ആക്രമിക്കപ്പെട്ടത്. തന്നെ ആക്രമിച്ചവിവരം സന്തോഷ് തന്നെയാണ് ബിജെപി പ്രവർത്തകരെ വിളിച്ചറിയിച്ചതും. ബിജെപിക്കാരാണ് ആക്രമിച്ചതെങ്കിൽ സന്തോഷ് അവരെയെന്തിന് വിളിച്ച് വിവരം പറയണമെന്നും മറിച്ച് സിപിഎമ്മുകാരെ ആയിരിക്കുമല്ലോ വിളിച്ചിരിക്കുകയെന്നും അന്നുതന്നെ മറുവാദം ഉയർന്നിരുന്നു. ഇക്കാര്യം പോലും ആലോചിക്കാതെയാണ് പാർട്ടി കള്ളപ്രചരണം നടത്തിയതെന്ന വിമർശനമാണ് ബിജെപി ഉയർത്തിയത്.

അതേസമയം, സംഭവത്തിൽ ആർക്കെങ്കിലും പങ്കുണ്ടെന്ന് വ്യക്തമായാൽ സംരക്ഷിക്കില്ലെന്ന പ്രസ്താവനയാണ് സിപിഐ(എം) നേതാക്കൾ നടത്തിയത്. അതിനാൽ തന്നെ അറസ്റ്റിലായവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സിപിഐ(എം). നിർബന്ധിതമായേക്കും. പ്രാദേശികനേതൃത്വത്തിന്റെ അറിവില്ലാതെയാണ് അക്രമവും കൊലയും നടന്നതെങ്കിൽ പ്രതികളെ മുഴുവൻ തള്ളിപ്പറയേണ്ടതായി വന്നേക്കാം.സംഘടനാ നടപടികളുമുണ്ടാകും.

അതല്ല അറസ്റ്റും പൊലീസിന്റെ വ്യാഖ്യാനവും അന്യായമാണെന്നതാണ് നിലപാടെങ്കിൽ അത് മുഖ്യമന്ത്രി നേരിട്ട് നേതൃത്വംനൽകുന്ന ആഭ്യന്തരവകുപ്പിനെതിരായ പരസ്യമായ ആക്ഷേപമാകും. ഏതായാലും സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കൊലപാതകമുണ്ടായത് സംസ്ഥാന തലത്തിൽത്തന്നെ വലിയ ക്ഷീണമുണ്ടാക്കുന്നതായെന്ന വിമർശനവും പാർട്ടിയിൽ സജീവമായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP