Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെപിസിസിയുടെ ബഹളവും ഹൈക്കമാൻഡിന്റെ ശാസനയും ശശി തരൂർ അറിഞ്ഞ മട്ടില്ല; മോദിയുടെ വെല്ലുവിളി ഏറ്റെടുത്ത് തരൂർ വിഴിഞ്ഞത്ത് എലിയെ പിടിച്ചു!; രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതിയെന്നും കോൺഗ്രസ് എംപി

കെപിസിസിയുടെ ബഹളവും ഹൈക്കമാൻഡിന്റെ ശാസനയും ശശി തരൂർ അറിഞ്ഞ മട്ടില്ല; മോദിയുടെ വെല്ലുവിളി ഏറ്റെടുത്ത് തരൂർ വിഴിഞ്ഞത്ത് എലിയെ പിടിച്ചു!; രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതിയെന്നും കോൺഗ്രസ് എംപി

തിരുവനന്തപുരം: രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതി എന്ന നിലപാടാണ് തന്റേതെന്ന് ശശി തരൂർ എംപി. വിഴിഞ്ഞത്തെ ശുചീകരണയജ്ഞത്തിൽ പങ്കെടുത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂർ. ശുചിത്വം ഉണ്ടാവേണ്ടതിന്റെ സന്ദേശം ആദ്യം ഏറ്റെടുത്തത് കോൺഗ്രസാണ്. ഇന്ത്യയുടെ സ്വച്ഛത മറ്റൊരു പാർട്ടിക്കും വിട്ടു നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളി സ്വീകരിച്ച് സ്വച്ഛ ഭാരത് പദ്ധതി ഏറ്റെടുത്തതിന് സ്വന്തം പാർട്ടിയിൽ നിന്ന് തരൂരിന് ഏറെ പഴികേൾ കേൾക്കേണ്ടി വന്നിരുന്നു. ഇതിന്റെ പേരിൽ കോൺഗ്രസ് വക്താവ് സ്ഥാനവും നഷ്ടപ്പെട്ട തരൂർ സ്വന്തം മണ്ഡലത്തിൽ ശുചീകരണം നടത്തിയാണ് ഏവർക്കും മറുപടി നൽകിയത്.

വൃത്തിയിലും സ്വച്ഛതയിലും താൻ രാഷ്ട്രീയം കാണുന്നില്ലെന്ന് തരൂർ പറഞ്ഞു. ഗാന്ധിജി പോലും പറഞ്ഞത് സ്വാതന്ത്ര്യത്തെക്കാൾ പ്രാധാന്യം നൽകേണ്ടത് ശുചിത്വത്തിനാണെന്നാണ്. എന്നാൽ പരിസര ശുചീകരണത്തോടൊപ്പം ആത്മീയ ശുചീകരണവും വേണം. സ്വച്ഛ് ഭാരത് പദ്ധതി എന്നത് കേവലം വിഐപികൾ മാത്രം ചൂലുമായി ഇറങ്ങി ചെയ്യേണ്ടതല്ല. അത് ദീർഘകാല അടിസ്ഥാനത്തിലുള്ളതാവണം എന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. തിരുവനന്തപുരത്തെ മാലിന്യ പ്രശ്‌നത്തിന് കാരണം കോർപ്പറേഷന്റെ അനാസ്ഥയാണ്. മാലിന്യം നീക്കം ചെയ്യാൻ വയ്യെങ്കിൽ അവർ മാറി നിൽക്കുകയാണ് വേണ്ടതെന്നും തരൂർ പറഞ്ഞു.

കോൺഗ്രസ് വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കിയ പാർട്ടി നടപടിയെ അംഗീകരിച്ച് വാർത്താക്കുറിപ്പ് ഇറക്കിയപ്പോഴും തരൂരിന്റെ അമർഷം വ്യക്തമായിരുന്നു. ഇന്നത്തെ നടപടിയിലൂടെ കോൺഗ്രസ് നേതൃത്വത്തെ വീണ്ടും വെല്ലുവിളിക്കുകയാണ് തരൂർ.

ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലും തരൂർ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതിയെന്നാണ് തരൂർ ഇന്നലെ പറഞ്ഞത്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തെ അറിയിക്കാതെ ഇന്ന് തരൂർ ശുചീകരണ പ്രവർത്തനത്തിന് ഇറങ്ങിയതും. അതേസമയം ശശി തരൂരിന്റെ നടപടിയെ വിമർശിച്ച് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.

''മുമ്പ് എംപിയായിരുന്ന വേളയിൽ മന്ത്രിയായ ഭാരിച്ച ചുമതല കാരണം തിരുവനന്തപുരത്തെ മാലിന്യം കാണാൻ അദ്ദേഹത്തിന് നേരം കിട്ടിയില്ല. ഇപ്പോൾ ഇഷ്ടം പോലെ സമയം ഉണ്ട്. അപ്പോഴാണ് അയ്യോ വിഴിഞ്ഞത്ത് ഇത്രയും മാലിന്യം ഉണ്ടല്ലോ എന്ന് അദ്ദേഹത്തിന് തോന്നിയത്. പാളയത്തെയും തമ്പാനൂരെയും ഒക്കെ മാലിന്യം അദ്ദേഹം കാണുമോ? നിങ്ങൾ ആരും ക്യാമറയുമായി ചെന്നില്ലെങ്കിൽ ശശി തരൂർ അഞ്ച് മിനിട്ടു പോലും നിൽക്കാതെ ചൂല് ഉപേക്ഷിച്ച് പോകും. തിരുവനന്തപുരത്തുകാരുടെ എംപി നിങ്ങളുടെ എല്ലാ മാലിന്യങ്ങളും നീക്കിക്കൊള്ളും''- കെപിസിസി നേതാവ് അജയ് തറയിൽ ഇങ്ങനെയാണ് പ്രതികരിച്ചത്. അതേസമയം ശശി തരൂർ ശുചീകരണം ഏറ്റെടുത്തതിൽ തെറ്റുകാണുന്നില്ലെന്നും എന്നാൽ തിരഞ്ഞെടുത്ത സമയം തെറ്റായിപ്പോയെന്നും കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനും പ്രതികരിച്ചു.

തുടർന്ന് മണ്ഡലത്തിലെ മറ്റിടങ്ങളിലേക്കും സ്വച്ഛഭാരത് ചലഞ്ച് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. സ്വച്ഛഭാരത് എന്നത് ഗാന്ധിയൻ സങ്കൽപ്പമാണ്. അതുകൊണ്ടുതന്നെ ശുചീകരണ പ്രവർത്തനങ്ങൾ സ്വന്തം മണ്ഡലത്തിൽ നടപ്പാക്കാൻ തയ്യാറാണെന്നായിരുന്നു തരൂർ മോദിക്ക് നൽകിയ മറുപടി.

മോദിയുടെ രാഷ്ട്രീയം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും നരേന്ദ്ര മോദിയുടെ വലയിൽ തരൂർ വീണുപൊയെന്നും വിവാദമുയർന്നിരുന്നു. കെപിസിസി ഒറ്റക്കെട്ടായി ആവശ്യപ്പെട്ടപ്പോൾ തരൂരിനെതിരെ നടപടിയുമായി. പക്ഷെ ഏറ്റെടുത്ത ചലഞ്ചിൽ നിന്നോ ഉൾക്കൊണ്ട ആശയങ്ങളിൽ നിന്നോ ഒരിഞ്ച് പുറകോട്ടില്ലെന്നാണ് തരൂരിന്റെ നിലപാട്. തരൂരിനിന്റെ പ്രവർത്തിയോട് തൽക്കാലം മൗനം പാലിക്കാനാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. എവിടംവരെ തരൂർ നീങ്ങുമെന്നാണ് നേതൃത്വം നോക്കുന്നത്.

നേരത്തെ എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി തരൂരിനെതിരെ നടപടി എടുത്തപ്പോൽ അതിൽ തരൂർ അമർഷം രേഖപ്പെടുത്തിയിരുന്നു. പാർട്ടി ഇനി ഏൽപ്പിക്കുന്ന ചുമതലകൾ പൂർണമായും നിറവേറ്റുമെന്നും തരൂർ വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്തെയും ജനങ്ങളെയും സേവിക്കാനാണ് താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയത്. സാധാരണ പാർട്ടിക്കാരനെന്ന നിലയിൽ കോൺഗ്രസ് അധ്യക്ഷയുടെ തീരുമാനം അംഗീകരിക്കുന്നു. എന്നാൽ, പാർട്ടി തന്നോട് ഇക്കാര്യത്തിൽ വിശദീകരണം ചോദിച്ചില്ലെന്നുമാണ് തരൂർ അന്ന് വ്യക്തമാക്കിയത്. കൂടാതെ അച്ചടക്ക നടപടി എടുക്കാൻ തീരുമാനിച്ച വേളയിൽ ട്വിറ്ററിലൂടെയാണ് തരൂർ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ അദ്ദേഹം പരിഹസിക്കുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP