Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർഎസ്‌പി ദേശീയ ജനറൽ സെക്രട്ടറിയെ തള്ളി മന്ത്രി ഷിബു ബേബി ജോൺ രംഗത്ത്; ചന്ദ്രചൂഡന്റെ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമല്ലെന്നും ഷിബു

ആർഎസ്‌പി ദേശീയ ജനറൽ സെക്രട്ടറിയെ തള്ളി മന്ത്രി ഷിബു ബേബി ജോൺ രംഗത്ത്; ചന്ദ്രചൂഡന്റെ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമല്ലെന്നും ഷിബു

കൊല്ലം: ആർഎസ്‌പി ദേശീയ ജനറൽ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡനെ തള്ളി മന്ത്രി ഷിബു ബേബി ജോൺ രംഗത്ത്. ചന്ദ്രചൂഡന്റെ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമല്ലെന്നു ഷിബു പറഞ്ഞു. മുന്നണിയിലെ മറ്റൊരു പാർട്ടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് അസ്വാഭാവികമാണെന്നും ചന്ദ്രചൂഡന്റെ പ്രസ്താവന പാർട്ടി സെക്രട്ടറിയേറ്റ് ചർച്ച ചെയ്യുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനും കോൺഗ്രസ് ദേശീയ നേതൃത്വത്തിനുമെതിരേ രൂക്ഷവിമർശനമാണു ചന്ദ്രചൂഡൻ ഉയർത്തിയത്. ജനതാദൾ യുണൈറ്റഡ് ഉയർത്തിയ പരസ്യവിമർശനത്തിന് പിന്നാലെയാണ് സർക്കാരിനെതിരെ ആർഎസ്‌പി ജനറൽ സെക്രട്ടറി ടി ജെ ചന്ദ്രചൂഡനും പ്രസ്താവനയിറക്കിയത്.

ചന്ദ്രചൂഡന്റേത് പാർട്ടി നിലപാടല്ലെന്ന് പരസ്യമായി തള്ളി ഷിബു ബേബിജോൺ യുഡിഎഫ് നേതൃത്വത്തിന്റെ സഹായത്തിനെത്തിയെങ്കിലും യുഡിഎഫിൽ ഇതു സൃഷ്ടിക്കുന്ന അസ്വാരസ്യങ്ങൾ ചില്ലറയല്ല. കെപിസിസി അധ്യക്ഷൻ വി എം സുധീരനും ചന്ദ്രചൂഡന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞു.

സർക്കാരിൽ ശുദ്ധീകരണം വേണമെന്നാണ് ചന്ദ്രചൂഡൻ പറഞ്ഞത്. ഇതു പാർട്ടി നിലപാടല്ലെന്നും ആർഎസ്‌പി സംസ്ഥാന ഘടകത്തിന് ഇത്തരമൊരു അഭിപ്രായമില്ലെന്നും മന്ത്രി ഷിബു ബേബിജോൺ വ്യക്തമാക്കി. ചന്ദ്രചൂഡൻ കോൺഗ്രസ് നേതാക്കളെ അപമാനിച്ചത് ശരിയായില്ലെന്നും ഷിബു ബേബിജോൺ പറഞ്ഞു.

ആർഎസ്‌പി സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരണ യോഗത്തിലായിരുന്നു ചന്ദ്രചൂഡന്റെ രൂക്ഷ വിമർശനങ്ങൾ. ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഴിമതിയാരോപണം നേരിട്ട സർക്കാരാണ് ഉമ്മൻ ചാണ്ടിയുടേതെന്നും സർക്കാരിന്റെ പ്രവർത്തനം കാണുമ്പോൾ കൂടെ നിൽക്കുന്നവർക്കുപോലും ലജ്ജിക്കേണ്ടി വരികയാണെന്നുമായിരുന്നു ചന്ദ്രചൂഡന്റെ പരാമർശം. അഴിമിക്കാരായവരെ പിടിച്ചുപുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചന്ദ്രചൂഡൻ അഭിപ്രായപ്പെട്ടിരുന്നു.

ഉമ്മൻ ചാണ്ടി സർക്കാരിനെ വിമർശിച്ചതിനു പുറമെ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് എതിരെയും ചന്ദ്രചൂഡൻ രൂക്ഷവിമർശനം ഉന്നയിച്ചു. നെഹ്‌റുവും പട്ടേലും നയിച്ച കോൺഗ്രസിനെ കുഴിയാനകളാണ് ഇപ്പോൾ നയിക്കുന്നതെന്നായിരുന്നു ചന്ദ്രചൂഡന്റെ പരിഹാസം. ഇതിനെതിരെയാണ് വി എം സുധീരൻ രംഗത്തുവന്നത്.

സാക്ഷി മഹാരാജിന്റെ ഭാഷയിലാണ് ചന്ദ്രചൂഡൻ സംസാരിച്ചതെന്നായിരുന്നു സുധീരന്റെ പ്രതികരണം. അനവസരത്തിലുള്ളതും ഫാസിസ്റ്റുകളുടെ ഭാഷയാണ് ചന്ദ്രചൂഡൻ പ്രയോഗിച്ചതെന്നും സുധീരൻ പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ചന്ദ്രചൂഡൻ നടത്തിയ പരാമർശങ്ങൾ പാർട്ടി നിലപാടാണോ എന്ന കാര്യം സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഷിബു ബേബി ജോൺ ചന്ദ്രചൂഡനെ എതിർത്ത് രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP