Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളാപ്പള്ളിയുടെ സമസ്ത മുന്നേറ്റജാഥയിൽ നിറയുന്നത് ആർഎസ്എസ് അജണ്ട; കേരള പര്യടനം തീരും മുമ്പ് പൊട്ടിത്തെറി ഉറപ്പ്; എസ്എൻഡിപിയിലെ സിപിഐ(എം)-കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഒരുമിക്കുന്നു

വെള്ളാപ്പള്ളിയുടെ സമസ്ത മുന്നേറ്റജാഥയിൽ നിറയുന്നത് ആർഎസ്എസ് അജണ്ട; കേരള പര്യടനം തീരും മുമ്പ് പൊട്ടിത്തെറി ഉറപ്പ്; എസ്എൻഡിപിയിലെ സിപിഐ(എം)-കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഒരുമിക്കുന്നു

ആലപ്പുഴ : നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും പ്രിയപ്പെട്ടവൻ ഡോ. ജി മാധവൻ നായർ. ആർഎസ്എസ് പരിശീലനക്കളരികളിലെ നിറസാന്നിധ്യമെന്നതായിരുന്നു ഡോ. ജി മാധവൻ നായരുടെ യോഗ്യത. അതുകൊണ്ടുതന്നെ വെള്ളാപ്പള്ളിയുടെ സമസ്ത മുന്നേറ്റ ജാഥയുടെ മുഖ്യരക്ഷാധികാരിയായി കേരളം പിടിക്കാൻ മാധവൻ നായർ തന്നെ വേണമെന്ന് ദേശീയ നേതൃത്വം വാശിപിടിക്കുകയും ചെയ്തു. ഒടുവിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനും കൂട്ടരും വഴങ്ങുകയായിരുന്നു.

രാജ്യത്തിന്റെ യശസ് ഉയർത്താൻ ബഹിരാകാശത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിലും മാധവൻ നായരുടെ മനസിൽ എന്നും ആർഎസ്എസ് ചിന്തകൾ മാത്രമായിരുന്നു. ഗവേഷണത്തിൽ ചിന്തയിലും പ്രവൃത്തിയിലും ഒരുപോലെ ആർഎസ്എസ് ആശയം പുലർത്തിയിരുന്ന ഡോ. ജി മാധവൻ നായർ സമസ്ത മുന്നേറ്റ ജാഥയുടെ മുഖ്യരക്ഷാധികാരിയായി എത്തുമ്പോൾ വെള്ളാപ്പള്ളിയുടെ ജാഥയെന്നത് ആർഎസ്എസ് മുന്നേറ്റ ജാഥയായി മാറും. ഇത് തിരിച്ചറിഞ്ഞതോടെ എസ്എൻഡിപിയിലും ഭിന്നത രൂക്ഷമാവുകയാണ്. എസ്എൻഡിപിയിലെ കോൺഗ്രസ്-സിപിഐ(എം) പ്രവർത്തകർ പരസ്യമായി തന്നെ ജാഥയെ എതിർക്കാനാണ് ഒരുങ്ങുന്നത്. വെള്ളാപ്പള്ളിക്ക് എതിരെ വി എസ് അച്യൂതാനന്ദൻ ഉന്നയിച്ച ആരോപണങ്ങളും ഇക്കൂട്ടർ ഏറ്റെടുക്കും.

വെള്ളാപ്പള്ളിയുടെ ജാഥയുടെ സെക്ച്ചും പഌനും ആർഎസ്എസ് താത്വികാചാര്യൻ ഗുരുമൂർത്തി ചിട്ടപ്പെടുത്തിയിരുന്നു. തൊട്ടു പിന്നാലെയാണ് മറ്റൊരു മുഖ്യ കാര്യവാഹക് ആയ മാധവൻനായർ പ്രയാണത്തിനു ചുക്കാൻ പിടിക്കുന്നത്. ഇതോടെ വെള്ളാപ്പള്ളിയുടെ മതേതര പാർട്ടിയെന്ന പ്രചരണത്തിനു മങ്ങലേൽക്കുകയായിരുന്നു. ജാഥയുടെ ഒടുക്കത്തിൽ മതേതര പാർട്ടിയുടെ പ്രഖ്യാപനം നടത്താനിരിക്കെയാണ് വെള്ളാപ്പള്ളിയുടെ നീക്കങ്ങളിൽ കരിനിഴൽ വീണത്. ഈ സാഹചര്യത്തിലാണ് പ്രതിഷേധം കടുപ്പിക്കാനുള്ള കോൺഗ്രസ്-സിപിഐ(എം) അണികളുടെ നീക്കം. ഇതിന് വ്യാപക പിന്തുണയും കിട്ടുന്നുണ്ട്. ഉദ്ഘാടനത്തിൽ നിന്ന് ശ്രീ ശ്രീ രവിശങ്കർ പിന്മാറുന്നതും ഈ സാഹചര്യം തിരിച്ചറിഞ്ഞാണ്.

ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിലും ആർഎസ്എസ്സിന്റെ മുഴുവൻസമയ പ്രവർത്തകനായിരുന്നു ജി മാധവൻ നായർ. എറണാകുളത്തെ എളമക്കരയിലുള്ള മാധവ നിവാസ് ആർഎസ്എസ് ശാഖയിലെ പഠിതാവായിരുന്നു ഇദ്ദേഹം. ആർഎസ്എസ്സിന്റെ പരിവാർ പ്രസ്ഥാനമായ സ്വദേശി സയൻസ് മൂവ്‌മെന്റിലും പ്രവർത്തിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ ഘടകമായ വിജ്ഞാൻ ഭാരതിയുടെ നേതൃത്വത്തിൽ നടന്നിട്ടുള്ള നിരവധി പരിപാടികളിൽ അദ്ധ്യക്ഷപദവി അലങ്കരിച്ചിട്ടുണ്ട്. കൊച്ചിയിൽ സയൻസ് മൂവ്‌മെന്റ് നടത്തിയ 'പൃഥി' എന്ന പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്നു. മാത്രമല്ല ആർഎസ്എസ്സിന്റെ ഔദ്യോഗിക പരിശീലന കളരിയിൽ (ഒ ടി സി ) പൂർണഗവേഷണധാരിയായി ക്ലാസെടുക്കാൻ എത്തിയിരുന്നത് മാധവൻ നായരായിരുന്നു.

23 ന് നടക്കുന്ന പരിപാടി സമ്പൂർണ വി എച്ച് പി - ആർഎസ്എസ് അജണ്ടയാണെന്ന് തെളിയിക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. നേരത്തെ ജാഥയുടെ സംവിധാനത്തിൽ ആർഎസ്എസ്സ് താത്വികാചാര്യൻ ഗുരുമൂർത്തി പ്രധാന റോൾ കൈകാര്യം ചെയ്യുന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യരക്ഷാധികാരിയായി മാധവൻ നായരും എത്തുന്നത്. ആർഎസ്എസ്സുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ച വെള്ളാപ്പള്ളിയുടെ നീക്കങ്ങളിൽ പ്രതിഷേധിച്ച് യോഗത്തിലെ ഇതര രാഷ്ട്രീയ സംഘടനാ പ്രവർത്തകരും നേതാക്കളും കടുത്ത അമർഷത്തിലാണ്.

സംസ്ഥാനത്തെ പലയിടങ്ങളിലും ജാഥയെ വഴിയിൽ തടയാനുള്ള തീരുമാനത്തിലാണ് ഒരു വിഭാഗം. ഇതിനെ പ്രതിരോധിക്കാനായി ആർഎസ്എസ് - വി എച്ച് പി പ്രവർത്തകർ തയ്യാറെടുക്കുന്നതായും സൂചനയുണ്ട്. നായാടി മുതൽ നമ്പൂതിരി വരെയുള്ളവരെ സംഘടിപ്പിച്ച് ഭൂരിപക്ഷ സമുദായ സംഘാടനം ലക്ഷ്യമിടുന്നുവെന്ന് പറയുന്ന വെള്ളാപ്പള്ളി എസ് എൻ ഡി പിയെ ആർഎസ്എസ്സിന്റെ കൈകളിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നതെന്ന് ആക്ഷേപം ശ്രീനാരായണീയർക്കിടയിൽ ശക്തമാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP