Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സോണിയയുടെ മനസ്സ് 'മുഖ്യന്' അനുകൂലം; ഭരണത്തുടർച്ചയെ തടയുന്നതൊന്നും അനുവദിക്കില്ലെന്ന് ചെന്നിത്തലയ്ക്ക് താക്കീത്; ഭരണത്തെ വിമർശിക്കാൻ ഇനി സുധീരനും അവകാശമില്ല; ലീഗിനേയും മാണിയേയും ഇറക്കിയുള്ള ഉമ്മൻ ചാണ്ടിയുടെ തന്ത്രം ഏറ്റു; കോൺഗ്രസിൽ ഇനി നേതൃമാറ്റ ചർച്ചകൾ 'തൽകാലം' ഉയരില്ല

സോണിയയുടെ മനസ്സ് 'മുഖ്യന്' അനുകൂലം; ഭരണത്തുടർച്ചയെ തടയുന്നതൊന്നും അനുവദിക്കില്ലെന്ന് ചെന്നിത്തലയ്ക്ക് താക്കീത്; ഭരണത്തെ വിമർശിക്കാൻ ഇനി സുധീരനും അവകാശമില്ല; ലീഗിനേയും മാണിയേയും ഇറക്കിയുള്ള ഉമ്മൻ ചാണ്ടിയുടെ തന്ത്രം ഏറ്റു; കോൺഗ്രസിൽ ഇനി നേതൃമാറ്റ ചർച്ചകൾ 'തൽകാലം' ഉയരില്ല

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഭരണതുടർച്ച ഉറപ്പാക്കാൻ കോൺഗ്രസിനുള്ളിൽ ഒത്തൊരുമ കൂടിയേ തീരുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. അല്ലാത്ത പക്ഷം കടുത്ത നടപടികൾ ഹൈക്കമാണ്ട് എടുക്കുമെന്നും കേരള നേതാക്കളെ സോണിയ അറിയിച്ചു. നേതൃമാറ്റം ഇപ്പോൾ അജണ്ടയിൽ ഇല്ലെന്നും സോണിയ വ്യക്തമാക്കി. യുഡിഎഫിൽ പരമാവധി ഒത്തൊരുമയുണ്ടാവണം. ഇതിന് തടസ്സം കോൺഗ്രസ് നേതാക്കളാണെന്ന ഘടകകക്ഷികളുടെ നിലപാട് അംഗീകരിച്ചാണ് സോണിയയുടെ നിലപാട് വിശദീകരണം.

കരുണാകരന്റെ ഓർമ്മ ദിനത്തിൽ മുഖ്യമന്ത്രിയുടെ വിമർശിച്ച് പരോക്ഷമായി ഐ ഗ്രൂപ്പ് രംഗത്ത് വന്നിരുന്നു. കരുണാകരനുള്ള കഴിവൊന്നും ഇപ്പോഴത്തെ മുഖ്യമന്ത്രിക്കില്ലെന്ന് വരുത്താനായിരുന്നു ശ്രമം. നേതൃമാറ്റ ചർച്ചകൾ സജീവമാക്കാനായിരുന്നു ഇത്. തദ്ദേശത്തിലെ തോൽവിക്ക് ശേഷം ചെന്നിത്തല ഹൈക്കമാണ്ടിന് എഴുതിയ കത്തും വാർത്തകളിൽ എത്തി. ഇതോടെ മുഖ്യമന്ത്രി പ്രതിരോധത്തിലായി. ഈ സാഹചര്യത്തെ മറികടക്കാനാണ് ഘടകകക്ഷികളുമായി സോണിയാ ഗാന്ധിയുടെ കൂടിക്കാഴ്ച ഒരുക്കിയത്. ഉമ്മൻ ചാണ്ടിയെ പിന്തുണയ്ക്കുന്നവർ മാത്രമാണ് ചർച്ചയ്ക്ക് എത്തിയത്. ഇതോടെയാണ് ഐ ഗ്രൂപ്പിന് കർശന നിർദ്ദേശങ്ങൾ സോണിയ നൽകുന്നത്. ഫലത്തിൽ ചെന്നിത്തലയ്ക്ക് തിരിച്ചടിയാവുകയാണ് സോണിയയുടെ ഇത്തവണത്തെ കേരള സന്ദർശനം

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തെ തൽക്കാലം ചോദ്യം ചെയ്യാൻ ഐ ഗ്രൂപ്പിന് ഇനി കഴിയില്ലെന്നാണ് സൂചന. നിയസഭാ തെഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നേതൃത്വത്തെ കോൺഗ്രസുകാർ തന്നെ വിമർശിക്കുന്നത് ഗുണകരമാകില്ല. വിജയസാധ്യതയാകണം സ്ഥാനാർത്ഥി നിർണ്ണയത്തിന് മാനദണ്ഡമാക്കേണ്ടതെന്നും സോണിയ നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. കളി കൈവിട്ടു പോയാൽ എല്ലാം ഹൈക്കമാണ്ട് തീരുമാനിക്കും. കോൺഗ്രസ് പുനഃസംഘടനയിൽ നേതാക്കൾ പരസ്യ വിമർശനം ഉയർത്തുന്നതും അവസാനിപ്പിക്കാൻ സോണിയ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചർച്ച നടത്തിയിരുന്നു. മുസ്‌ളീംലീഗ്, കേരളാ കോൺഗ്രസ്, ആർ.എസ്‌പി എന്നീ കക്ഷികളാണ് കോട്ടയത്തെ നാട്ടകം ഗസ്റ്റഹൗസിൽ സോണിയയുമായി കൂടിക്കാഴ്ച നടത്തിയത്. വീരേന്ദ്ര കുമാറിന്റെ ജനാതാദൾ ചർച്ചകൾക്ക് എത്തിയില്ല. കേരളാ കോൺഗ്രസ് ജേക്കബിന്റെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. തിരുവനന്തപുരത്ത് എത്തിയ സോണിയ ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തശേഷമാണ് കോട്ടയത്ത് എത്തിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി അധ്യക്ഷനും അടക്കമുള്ള പ്രമുഖ നേതാക്കൾ അവർക്കൊപ്പം കോട്ടയ്ത്ത് എത്തി. മുന്നണിയിലെ അനൈക്യം അടക്കമുള്ള വിഷയങ്ങൾ ഘടകക്ഷി നേതാക്കൾ സോണിയയുമായി നടത്തുന്ന ചർച്ചയിൽ ഉന്നയിച്ചു.

എന്നാൽ നേതൃമാറ്റത്തിനായി ആരും നിലകൊണ്ടുമില്ല. ഐക്യത്തോടെ മുന്നോട്ട് പോയാൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന നിലപാടാണ് ചർച്ചകളിൽ നേതാക്കൾ എടുത്തത്. യുഡിഎഫിൽ ഐക്യം അനിവാര്യമാണെന്ന് മുസ്ലിം ലീഗ് കോൺഗ്രസ് അധ്യക്ഷയെ അറിയിച്ചു. കോൺഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ചാണ് കേരളാ കോൺഗ്രസ് നേതാവ് കെ എം മാണി നിലപാടുകൾ വിശദീകരിച്ചത്. നേതൃമാറ്റത്തെ കുറിച്ച് ഒരു ചർച്ചയും നടന്നില്ലെന്ന് മുസ്ലിം ലീഗ് നേതാവ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിന് കോട്ടമുണ്ടായിട്ടില്ലെന്നും കോൺഗ്രസിന് മാത്രമാണ് തിരിച്ചടിയുണ്ടായതെന്നും കെ എം മാണിയും വിശദീകരിച്ചു. എല്ലാ പ്രശ്‌നങ്ങൾക്കും ഉടൻ പരിഹാരമുണ്ടാക്കുമെന്ന് സോണിയ നേതാക്കളെ അറിയിച്ചു. സംസ്ഥാനത്തിന്റെ പൊതുരാഷ്ട്രീയ സാഹചര്യങ്ങളും സോണിയയെ ഘടകകക്ഷി നേതാക്കൾ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.

സമീപകാലത്തുണ്ടായ വിവാദങ്ങൾ ഭരണത്തിന്റെ ശോഭ കെടുത്തിയെന്ന് മുസ്‌ളീം ലീഗ് നേതാക്കൾ പറഞ്ഞു. കോൺഗ്രസിനുള്ളിലാണ് പ്രധാന പ്രശ്‌നങ്ങളെന്നും നേതാക്കൾ പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നായിരുന്നു ഇതിന് സോണിയയുടെ മറുപടി. വെള്ളാപ്പള്ളിയുടെ ബിെഡിഎസും ബിജെപിയും ചേർന്നു ഉയർത്തുന്ന ഭീഷണിയെ കാര്യമായെടുക്കണമെന്നാണ് ഘടകകക്ഷികളുടെ പൊതുവികാരം. എല്ലാ കക്ഷികളും ഐക്യത്തോടെയും സഹകരണത്തോടെയും മുന്നോട്ട് പോവണമെന്നും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാമെന്നും സോണിയ ഘടകകക്ഷി നേതാക്കൾക്ക് ഉറപ്പു നൽകി. ഘടകക്ഷിക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം കെപിസിസി അധ്യക്ഷൻ വി എം സുധീരൻ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായും ആശയവിനിമയം നടത്തി.

ഘടകക്ഷികളുടെ ആശങ്കകൾ ശരിയായ ദിശയിലുള്ളതെന്ന് സോണിയെ നേതാക്കളെ അറിയിച്ചിട്ടുണ്ട്. അടിയന്തര പരിഹാരം ഉണ്ടാകണമെന്നാണ് ആവശ്യം. ദേശീയ തലത്തിൽ കോൺഗ്രസിന് തിരിച്ചുവരവ് നടത്താൻ കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം അനിവാര്യമാണ്. ബിജെപിയുണ്ടാക്കുന്ന മുന്നേറ്റവും ഗൗരവത്തോടെ കാണണം. നേതൃത്വത്തെ കുറിച്ചുള്ള ചർച്ചകൾ തെരഞ്ഞെടുപ്പിന് ശേഷമേ ഉയർത്താവൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റക്കെട്ടായി നിൽക്കാത്തതു കൊണ്ടാണ് തദ്ദേശത്തിൽ തോറ്റതെന്ന ഘടകകക്ഷികളുടെ വിലയിരുത്തൽ സോണിയയും ശരിവച്ചു. ചർച്ചകളിലെ വിശദാംശങ്ങൾ സുധീരൻ മാദ്ധ്യമങ്ങളെ അറിയിക്കും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനും ഒരേ മനസോടെ പ്രവർത്തിക്കണമെന്നാണ് സോണിയയുടെ ആവശ്യം.

കോൺഗ്രസിലെ ഗ്രൂപ്പ് പ്രശ്‌നങ്ങൾ അതിശക്തമായി ഉന്നയിച്ചത് കെഎം മാണിയായിരുന്നു. കോൺഗ്രസിനുള്ളിലെ വിഷയങ്ങളിൽ ഹൈക്കമാണ്ട് ഇടപെടൽ അനിവാര്യമാണെന്നായിരുന്നു മാണിയുടെ ആവശ്യം. അർഹമായ സീറ്റുകൾ കേരള കോൺഗ്രസിനു വേണം. സീറ്റ് വിഭജനക്കാര്യത്തിൽ നീതി ലഭിക്കണമെന്നും മാണി സോണിയയോട് ആവശ്യപ്പെട്ടു. കോൺഗ്രസിലെ ഗ്രൂപ്പ് പോര് കൈവിടുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ ആഭ്യന്തരമന്ത്രി എഴുതിയെന്ന് പറയുന്ന കത്തിലെ വാചകങ്ങൾ അതിരുകടന്നു. ന്യൂനപക്ഷങ്ങൾക്ക് എതിരായ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. റബ്ബർ വിലയിടിവിൽ കേരളത്തിനുള്ള ആശങ്കയും അറിയിച്ചു. റബ്ബറിന്റെ ഇറക്കുമതി കുറയ്ക്കാൻ അടിയന്തര ഇടപെടലുകൾ വേണം. അതിനായി ലോക്‌സഭയിൽ കോൺഗ്രസ് നിലപാടെടുക്കണമെന്നായിരുന്നു മാണിയുടെ ആവശ്യം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ക്ഷീണമുണ്ടായത് കോൺഗ്രസിനാണ്, കേരള കോൺഗ്രസിനല്ല. കോൺഗ്രസിലെ ചില നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായ പ്രസ്താവനകൾ ന്യൂനപക്ഷങ്ങളുടെ വികാരത്തെ ഹനിക്കുന്നതായിരുന്നു. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധവേണം. റബറിന്റെ ഇറക്കുമതി അനുവദിക്കരുതെന്ന് പാർലമെന്റിൽ ആവശ്യപ്പെടണം. ബാർ കോഴക്കേസിനെക്കുറിച്ച് സോണിയയോടു സംസാരിച്ചില്ലെന്നും മാണി പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തെ മാണി തള്ളിപ്പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. എന്നാൽ ഐ ഗ്രൂപ്പിനേയും രമേശ് ചെന്നിത്തലയേയും വിമർശിക്കുകയും ചെയ്തു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തെ അംഗീകരിച്ചാണ് മുസ്ലിം ലീഗ് സോണിയയുമായി ആശയവിനിമയം നടത്തിയത്.

കോൺഗ്രസിലെ ചില നേതാക്കൾ നടത്തിയ ന്യൂനപക്ഷ വികാരം വൃണപ്പെടുത്തുന്ന പ്രസ്താവനകൾ സോണിയയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തുവന്ന മുന്മന്ത്രി കെ.എം മാണി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാൻഡിന് അയച്ച കത്തിനെക്കുറിച്ചാണോ പറഞ്ഞതെന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം 'അതെ' എന്ന് മറുപടി നൽകി. ബാർ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തോടെ യുഡിഎഫ് മുന്നോട്ടു പോകണമെന്ന് ആർഎസ്‌പിയും സോണിയയോട് ആവശ്യപ്പെട്ടതായി എൻ.കെ.േപ്രമചന്ദ്രൻ എംപി പറഞ്ഞു.

ബാർ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിനു ലഭിച്ച വലിയ അംഗീകാരമാണ്. ഐക്യത്തോടെ മുന്നോട്ടു പോയാൽ തുടർ ഭരണം സാധ്യമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP