Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊണ്ണൂറുപിന്നിട്ട വിഎസിനെക്കൊണ്ട് 'സർ' എന്നു വിളിപ്പിക്കുന്നത് മാറേണ്ടതല്ലേ? നിയമസഭയിൽ മാറ്റേണ്ട കീഴ്‌വഴക്കങ്ങൾ തുറന്നുപറഞ്ഞ ശ്രീരാമകൃഷ്ണൻ സ്പീക്കറായി; പൊതുപ്രവർത്തന അവസരം സ്പീക്കർക്കും വേണമെന്ന് രാഷ്ട്രീയഗുരു ശിവദാസമേനോൻ

തൊണ്ണൂറുപിന്നിട്ട വിഎസിനെക്കൊണ്ട് 'സർ' എന്നു വിളിപ്പിക്കുന്നത് മാറേണ്ടതല്ലേ? നിയമസഭയിൽ മാറ്റേണ്ട കീഴ്‌വഴക്കങ്ങൾ തുറന്നുപറഞ്ഞ ശ്രീരാമകൃഷ്ണൻ സ്പീക്കറായി; പൊതുപ്രവർത്തന അവസരം സ്പീക്കർക്കും വേണമെന്ന് രാഷ്ട്രീയഗുരു ശിവദാസമേനോൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സഭയിലെ തൊണ്ണൂറുകഴിഞ്ഞ മുതിർന്ന നേതാവ് വി എസ് ഉൾപ്പെടെയുള്ളവർ തന്നെ 'സർ' എന്നുവിളിക്കുന്നതിലെ അനിഷ്ടം എളിമയോടെ തുറന്നുപറഞ്ഞ് പൊന്നാനിയുടെ സ്വന്തം ശ്രീരാമകൃഷ്ണൻ നിയമസഭയിൽ സ്പീക്കറാവുമ്പോൾ കാലത്തിനൊത്ത പരിഷ്‌കാരങ്ങൾക്ക് കാതോർക്കുകയാണ് കേരള നിയമസഭ. 42-ാം വയസ്സിൽ തൃശൂരിൽ നിന്ന് ജയിച്ചുവന്ന കെ രാധാകൃഷ്ണനെ സഭാ ചരിത്രത്തിലെ പ്രായംകുറഞ്ഞ സ്പീക്കറാക്കിയപ്പോൾ സിപിഐ(എം) ഇക്കുറി 48 കാരനായ ശ്രീരാമകൃഷ്ണനെ ആ സ്ഥാനത്തേക്ക് നിയോഗിക്കുകയായിരുന്നു.

സഭയിൽ വിഷയം ഉന്നയിക്കാൻ എഴുന്നേൽക്കുന്ന എംഎൽഎയും ഉത്തരം പറയാനൊരുങ്ങുന്ന മന്ത്രിയുമെല്ലാം സ്പീക്കറെ 'സർ' എന്നുവിളിച്ചാണ് സംസാരിച്ചുതുടങ്ങുക. ഇത്തരം സമ്പ്രദായങ്ങൾ പരിഷ്‌കരിക്കേണ്ടതാണെന്ന് തുറന്നുപറഞ്ഞാണ് ശ്രീരാമകൃഷ്ണൻ സ്പീക്കർ കസേരയിലേക്ക് എത്തുന്നത്.

സഭാനാഥനോട് കാര്യങ്ങൾ പറയാൻ ഇത് സഹായകരമാണെങ്കിലും സ്പീക്കറായ വ്യക്തിയേക്കാൾ എത്രയോ മുതിർന്നവരും പാരമ്പര്യമുള്ളവരും എല്ലാം 'സർ' എന്ന് വിളിക്കുമ്പോഴുള്ള അനൗചിത്യം പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹൈക്കോടതി ഉൾപ്പെടെയുള്ള നീതിന്യായ സംവിധാനങ്ങളിൽ ന്യായാധിപന്മാരെ 'ലോഡ്' എന്ന് സംബോധന ചെയ്യുന്നതും കൊളോണിയൽ ഭരണ സംവിധാനത്തിന്റെ തുടർച്ചയാണ്. ജനാധിപത്യ സമൂഹത്തിൽ ഇത്തരം വിഷയങ്ങളിലെല്ലാം തുറന്ന ചർച്ച നടക്കണമെന്നും കാലാനുസൃതമായ മാറ്റങ്ങൾ വേണമെന്നുമാണ് തന്റെ നിലപാടെന്നും തുറന്നുപറയുമ്പോൾ പുതിയ സ്പീക്കർ സഭയിൽ അത്തരമൊരു ചർച്ചയ്ക്കു തുടക്കമിടുമെന്നുതന്നെ കരുതാം.

മുൻ മന്ത്രികൂടിയായ മുതിർന്ന സിപിഐ(എം) നേതാവ് ടി ശിവദാസമേനോന്റെ അടുത്ത ശിഷ്യനായി ആദ്യകാലത്ത് അറിയപ്പെട്ട ശ്രീരാമകൃഷ്ണനെ പാർട്ടിയിലെ പല പ്രധാന ചുമതലകളിലേക്കും നയിക്കുന്നതും അദ്ദേഹമാണ്. ശിവദാസമേനോനെ ശ്രീരാമകൃഷ്ണൻ കണ്ടുമുട്ടുന്നത് ഒരു തെരുവുനാടക വേദിയിൽവച്ചാണ്. അന്ന് അദ്ദേഹം പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ പഠിക്കാനെത്തുന്ന ശ്രീരാമകൃഷ്ണൻ 1987-88 കാലത്ത് എസ്എഫ്‌ഐയുടെ പാലക്കാട് ജില്ലാ പ്രസിഡന്റായി. മേനോന്റെ നിർദ്ദേശപ്രകാരം പാർട്ടി ഓഫീസിലെ പരിമിതമായ സൗകര്യത്തിൽ താനും കുടെയുള്ള എസ്എഫ്‌ഐ പ്രവർത്തകരും 1988 മുതൽ പാർട്ടി ഓഫീസിലേക്ക് താമസംമാറിയതും ആറുവർഷത്തോളം അങ്ങനെ കഞ്ഞിവച്ചുകഴിച്ചും ഒരുമിച്ചു കിടന്നുറങ്ങിയും കഴിഞ്ഞതുമെല്ലാം ശ്രീരാമകൃഷ്ണൻ ഓർത്തെടുക്കുന്നു. സംഘടനാപ്രവർത്തനങ്ങളിൽ കരുത്തനാകുന്നതും ഇക്കാലത്താണ്. വിദ്യാർത്ഥി സമരം കത്തിനിന്ന കാലത്ത് നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ ശ്രീരാമകൃഷ്ണൻ പന്ത്രണ്ടാംവയസ്സിൽ ബാലസംഘം പഞ്ചായത്ത് സെക്രട്ടറിയായാണ് ഇടതുപാതയിൽ എത്തുന്നത്.

എൻ എൻ കൃഷ്ണദാസ്, പി കെ ശശി, ചെന്താമരാക്ഷൻ, എം നാരായണൻ, എം ഹംസ, എം ബി രാജേഷ് എന്നിവരായിരായിരുന്നു അക്കാലത്ത് പാർട്ടി ഓഫീസിലെ മറ്റ് താമസക്കാർ. ഇവരെല്ലാരും പിന്നീട് എംഎൽഎമാരും എംപിമാരുമായി. സ്പീക്കർ ആകുന്നതിനുമുമ്പ് പാലക്കാട്ടുചെന്ന് ശ്രീരാമകൃഷ്ണൻ ശിവദാസമേനോനെ സന്ദർശിച്ചിരുന്നു. സ്പീക്കർ ആകുന്ന തന്റെ ആദ്യ ശിഷ്യനാണ് ശ്രീരാമകൃഷ്ണനെന്ന് വ്യക്തമാക്കിയ ശിവദാസമേനോൻ സ്പീക്കർ പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന നിബന്ധനകൾക്ക് മാറ്റംവരേണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

ശ്രീരാമകൃഷ്ണന്റെ നിയമസഭയിലേക്കുള്ള മൂന്നാം അങ്കമായിരുന്നു ഇത്തവണത്തേത്. 2006ൽ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരിക്കെ നിലമ്പൂരിൽ ആര്യാടൻ മുഹമ്മദിനോട് മത്സരിച്ചപ്പോൾ പരാജയപ്പെട്ടെങ്കിലും പിന്നീട് 2011ലും ഇത്തവണയും പൊന്നാനിയിൽ നിന്ന് തുടർച്ചയായി അദ്ദേഹം സഭയിലെത്തി. ഇത്തവണ ഭൂരിപക്ഷം ഉയർന്നതും ആവേശമായി. പഠനം തീർന്നതോടെ അദ്ധ്യാപകനായ ശ്രീരാമകൃഷ്ണൻ പിന്നീട് പാർട്ടി നിർദ്ദേശമനുസരിച്ചാണ് അവധിയെടുത്ത് രാഷ്ട്രീയത്തിൽ സജീവമായത്. പട്ടിക്കാട് സ്‌കൂളിൽനിന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽനിന്ന് മലയാളത്തിൽ ബിരുദം. ബിഎഡിനുശേഷം മേലാറ്റൂർ ആർഎം ഹൈസ്‌കൂളിൽ അദ്ധ്യാപകനായി. പാർട്ടി നിർദ്ദേശപ്രകാരം അവധിയെടുത്ത് ഒന്നര പതിറ്റാണ്ടായി മുഴുവൻ സമയ പ്രവർത്തകനാണ് ശ്രീരാമകൃഷ്ണൻ.

എസ്എഫ്‌ഐ പാലക്കാട് ജില്ലാ പ്രസിഡന്റ്, കലിക്കറ്റ് സർവകലാശാലല യൂണിയൻ ചെയർമാൻ, സിൻഡിക്കറ്റ് അംഗം, ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാസെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ദേശീയ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗമാണ്. 2004ൽ നടന്ന സ്വാശ്രയ കോളേജ് സമരത്തിൽ ഭീകരമായി ലാത്തിച്ചാർജിനിരയായി. 16 ദിവസം ജയിൽവാസമനുഭവിച്ചു. വേൾഡ് ഡെമോക്രാറ്റിക് ഫെഡറേഷൻ ഓഫ് യൂത്തിന്റെ ഏഷ്യൻ പസഫിക് മേഖലാ കൺവീനർ എന്ന നിലയിൽ നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചു.

കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായ ഉറയത്ത് ഗോപിയുടെയും റിട്ട. അദ്ധ്യാപിക സീതാലക്ഷ്മിയുടെയും മകനാണ് 48കാരനായ ശ്രീരാമകൃഷ്ണൻ. വെട്ടത്തൂർ എയുപിഎസ് അദ്ധ്യാപിക ദിവ്യയാണ് ഭാര്യ. നിരഞ്ജന, പ്രിയരഞ്ജൻ എന്നിവർ മക്കൾ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP