Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദി അനുഗ്രഹിച്ച് വിട്ടിട്ടും ആരും മൈൻഡ് ചെയ്യുന്നില്ല; തിരുവനന്തപുരത്ത് പ്രചരണം കൊഴുക്കുന്നില്ലെന്ന് വിലയിരുത്തൽ; കാശ് വാങ്ങി ഒത്തുകളിയെന്ന് കേന്ദ്ര നേതൃത്വത്തിന് സംശയം; ശ്രീശാന്തിനെ കൈ പിടിച്ചുയർത്താൻ അമിത് ഷാ പറന്നെത്തും; ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ പല നേതാക്കളുടെയും സ്ഥാനം തെറിക്കും

മോദി അനുഗ്രഹിച്ച് വിട്ടിട്ടും ആരും മൈൻഡ് ചെയ്യുന്നില്ല; തിരുവനന്തപുരത്ത് പ്രചരണം കൊഴുക്കുന്നില്ലെന്ന് വിലയിരുത്തൽ; കാശ് വാങ്ങി ഒത്തുകളിയെന്ന് കേന്ദ്ര നേതൃത്വത്തിന് സംശയം; ശ്രീശാന്തിനെ കൈ പിടിച്ചുയർത്താൻ അമിത് ഷാ പറന്നെത്തും; ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ പല നേതാക്കളുടെയും സ്ഥാനം തെറിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ 140ൽ ഒന്നൊഴികെ എല്ലാ മണ്ഡലത്തിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് സംസ്ഥാനത്തെ എൻഡിഎ ഘടകമാണ്. ബിജെപി സംസ്ഥാന നേതൃത്വം അംഗീകരിച്ച് അയച്ച എല്ലാ പേരുകളും ശരിവയ്ക്കുകയാണ് പ്രധാനമന്ത്രി മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും ചെയ്തത്. ആകെ ഒരു സ്ഥാനാർത്ഥിയെ മാത്രമാണ് മോദി ഇത്തവണ മത്സരത്തിനായി കേരളത്തിലേക്ക് അയച്ചത്. എസ് ശ്രീശാന്ത് മാത്രമായിരുന്നു അത്. ഭാര്യാപിതാവിന്റെ നീക്കങ്ങളിലൂടെ ബിജെപി പാളയത്തിലെത്തിയ ശ്രീശാന്ത് തൃപ്പുണ്ണിത്തുറയിൽ മത്സരിക്കാനാണ് താൽപ്പര്യം പ്രകടിപ്പിച്ചത്. തൃപ്പുണ്ണിത്തുറയിൽ നേരത്തെ പ്രചരണം തുടങ്ങിയതിനാൽ ഈ മോഹം നടന്നില്ല. ഇതോടെ കേരളത്തിൽ മുഖ്യ പ്രചാരകനാകാമെന്ന് ശ്രീശാന്ത് മോദിയെ അറിയിച്ചു. മോദിയും അമിത് ഷായും മത്സരിച്ചേ മതിയാകൂവെന്ന് നിർബന്ധം പിടിച്ചു. തിരുവനന്തപുരത്ത് ജയിപ്പിക്കുമെന്ന് വാക്ക് നൽകി. അങ്ങനെ ശ്രീശാന്ത് തിരുവനന്തപുരത്ത് താമരയ്ക്കായി വോട്ട് പിടിത്തം തുടങ്ങി.

വോട്ട് അഭ്യർത്ഥനയിൽ ശ്രീശാന്തിന് താരത്തിളക്കം ഗുണമാകുന്നുണ്ട്. എന്നാൽ ഇത് വോട്ടായി മാറണമെങ്കിൽ പ്രചരണം കൊഴുക്കണം. പോസ്റ്ററുകളും ഫ്‌ലക്‌സുകളും മണ്ഡലത്തിൽ നിറയണം. ഇതൊന്നും ഇത്രയും ദിവസമായിട്ടും തിരുവനന്തപുരത്ത് സംഭവിച്ചിട്ടില്ല. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധിക്കും ഇക്കാര്യം ബോധ്യപ്പെട്ടു. ഗൃഹ സമ്പർക്കും തുടങ്ങിയതുമില്ല. ഇത് ശ്രീശാന്തിനെ പോലൊരു താര സ്ഥാനാർത്ഥിക്ക് ഗുണകരമാകില്ലെന്ന് വിലയിരുത്തി. ഇക്കാര്യം അമിത് ഷായേയും കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ജെപി നഡ്ഡയേയും അറിയിച്ചു. എതിർ സ്ഥാനാർത്ഥിയിൽ നിന്ന് ബിജെപിയിലെ ചിലർ കാശ് വാങ്ങിയെന്ന സംശയത്തെ സാധൂകരിക്കുന്ന റിപ്പോർട്ടാണ് നൽകിയത്. കാര്യങ്ങൾ ഇങ്ങനെ പോയാൽ കോൺഗ്രസിന് ജയിക്കാനായി ശ്രീശാന്തിനെ ഒത്തു തീർപ്പ് സ്ഥാനാർത്ഥിയാക്കിയെന്ന വാദത്തിന് ബലം ഏറുമെന്നാണ് റിപ്പോർട്ട്.

ആരോഗ്യമന്ത്രി വി എസ് ശിവകുമാറാണ് തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥി. ശിവകുമാറിന് അനുകൂലമായ വികാരം ഒരിടത്തും കാണാനില്ല. യുഡിഎഫിൽ നിന്ന് കാലുമാറി ഇടതിലെത്തിയ ആന്റണി രാജുവിന് മണ്ഡലത്തിൽ ഇളക്കമുണ്ടാക്കാൻ കഴിഞ്ഞിട്ടുമില്ല. അതുകൊണ്ട് തന്നെ തദ്ദേശ തെരഞ്ഞെടുപ്പിൽ മികവ് കാട്ടിയ ബിജെപിക്ക് മുൻതൂക്കം ഉണ്ടാക്കാനാവും. എന്നാൽ പ്രവർത്തന തലത്തിലെ പിന്നോട്ട് പോക്ക് ഈ സാധ്യതയെ ഇല്ലായ്മ ചെയ്യും. എല്ലാ മതവിഭാഗങ്ങൾക്കിടയിലേക്കും ശ്രീശാന്തിന് ഇറങ്ങി ചെല്ലാനും കഴിയുന്നു. എന്നാൽ ജയിക്കുന്ന സ്ഥാനാർത്ഥിയാണെന്ന പ്രതീതി പ്രചരണത്തിലൂടെ ബിജെപിക്കുണ്ടാക്കിയെടുക്കാനായാലേ താരത്തിളക്കം വോട്ടായി മാറൂവെന്നാണ് ബിജെപി കേന്ദ്ര പ്രതിനിധിയുടെ വിലയിരുത്തൽ. എല്ലാ അർത്ഥത്തിലും പ്രവർത്തന മന്ദിപ്പ് തിരുവനന്തപുരത്ത് പ്രകടമാണെന്നാണ് വിലയിരുത്തൽ.

അവസാന രണ്ടാഴ്ച തിരുത്തലുകളുമായി കളം നിറയാനാണ് ബിജെപി പദ്ധതി. രണ്ട് ദിവസത്തിനകം അമിത് ഷാ കേരളത്തിലെത്തും. തിരുവനന്തപുരത്തെ പ്രവർത്തനങ്ങൾ ദേശീയ അധ്യക്ഷൻ നേരിട്ട് വിലയിരുത്തും. മണ്ഡലത്തിലെ ബൂത്ത് തല ഭാരവാഹി ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്യാനാണ് തീരുമാനം. സോഷ്യൽ മീഡിയയിൽ ശ്രീശാന്തിന് വേണ്ടി വോട്ട് പിടിത്തം കാര്യക്ഷമാകാത്തതും അമിത് ഷായെ ചൊടുപ്പിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാനും അടിയന്തര ഇടപെടൽ നടത്തും. മോദിയുടെ സ്ഥാനാർത്ഥിയെന്ന പരിഗണന ശ്രീശാന്തിന് നൽകാത്തതിലെ അമർഷം കേരള നേതാക്കളേയും അറിയിക്കും. ഏറ്റവും മോശം പ്രവർത്തകരെയാണ് ശ്രീശാന്തിന്റെ പ്രവർത്തനത്തിന് വിട്ടുകൊടുത്തതെന്ന ആരോപണും ശക്തമാണ്. ഇത് പരിഹരിക്കാനുള്ള അടിയന്തര ഇടപെടലും നടത്തും.

ശ്രീശാന്തിന്റെ സാധ്യതകളില്ലാതാക്കാൻ ബോധപൂർവ്വമായ പ്രചരണങ്ങൾ നടക്കുന്നുണ്ട്. ശ്രീശാന്തിന്റെ സിനിമാ അഭിനയമാണ് അതിലൊന്ന്. പ്രചരണം പോലും നിർത്തി ഷൂട്ടിങ് തിരിക്കിലാണ് ശ്രീയെന്ന് പ്രചരണമുണ്ട്. ഇതിനെല്ലാം പിന്നിൽ എതിരാളിയെ സഹായിക്കാനുള്ള കളികളാണെന്നാണ് വിലയിരുത്തൽ. നേരത്തെയുള്ള കരാർ പ്രകാരം രണ്ട് ദിവസം മാത്രമാണ് ഷൂട്ടിങ്ങിന്റെ ഭാഗമായി ശ്രീശാന്ത് മാറിയത്. എന്നിട്ടും ഇത്തരമൊരു പ്രചരണം എന്തുകൊണ്ട് ഉണ്ടായിയെന്ന് കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട്. ആവശ്യത്തിന് ഫണ്ട് കേരളത്തിലേക്ക് നൽകിയിട്ടും ശ്രീശാന്തിന്റെ മണ്ഡലത്തിൽ മാത്രം പ്രചരണം നടക്കുന്നില്ല. ഇതിനേയും ഗൗരവത്തോടെയാണ് ബിജെപി കേന്ദ്ര നേതൃത്വം കാണുന്നത്. കേന്ദ്ര നേതൃത്വം നിശ്ചയിച്ച സ്ഥാനാർത്ഥിയെ കേരള നേതാക്കൾ തള്ളുകയാണെന്ന വിമർശനം തന്നെയാണ് സജീവമാകുന്നത്.

ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം അവരവരുടെ മണ്ഡലങ്ങളിൽ പ്രചരണത്തിരക്കിലാണ്. അവരും ശ്രീശാന്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല. ശക്തമായ പോരാട്ടത്തിന്റെ പ്രതീതി തിരുവനന്തപുരത്ത് സൃഷ്ടിക്കാൻ അടിയന്തര ഇടപെടലിന് ശ്രമിക്കുകയാണ് അമിത് ഷാ. മെയ്‌ ഒന്നിന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ തിരുവനന്തപുരത്തെ മണ്ഡലത്തിനായി പ്രത്യേക യോഗം വിളിക്കും. പ്രചരണത്തിന് പ്രധാനമന്ത്രി എത്തുന്നതിന് മുമ്പ് ശ്രീശാന്തിന്റെ മണ്ഡലത്തിൽ തെറ്റുകൾ തിരുത്തിക്കാനാണ് ശ്രമം. ഇല്ലാത്ത പക്ഷം കടുത്ത നടപടികൾ ഉണ്ടാകുമെന്ന് ബിജെപി സ്ംസ്ഥാന ഘടകത്തിന് അമിത് ഷാ താക്കീത് നൽകുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP