Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ എം മാണി അഴിമതിക്കാരൻ തന്നെ; അഴിമതിക്ക് വലിപ്പച്ചെറുപ്പമില്ല; കോൺഗ്രസുമായി പ്രാദേശിക സഖ്യമാവാം: കേരള രാഷ്ട്രീയത്തിലെയും ദേശീയ രാഷ്ട്രീയത്തിലെയും നിലപാട് വ്യക്തമാക്കി സുധാകർ റെഡ്ഡി

കെ എം മാണി അഴിമതിക്കാരൻ തന്നെ; അഴിമതിക്ക് വലിപ്പച്ചെറുപ്പമില്ല; കോൺഗ്രസുമായി പ്രാദേശിക സഖ്യമാവാം: കേരള രാഷ്ട്രീയത്തിലെയും ദേശീയ രാഷ്ട്രീയത്തിലെയും നിലപാട് വ്യക്തമാക്കി സുധാകർ റെഡ്ഡി

മലപ്പുറം: കെ എം മാണിയുമായുള്ള എൽഡിഎഫ് സഖ്യം ബുദ്ധിമുട്ടേറിയ കാര്യമാകുമെന്ന സൂചന നൽകി സിപിഐ ദേശീയ സെക്രട്ടറി സുധാകർ റെഡ്ഡി. കെ എം മാണി അഴിമതിക്കാരൻ തന്നെയാണെന്നും അഴിമതിക്ക് വലുപ്പ ചെറുപ്പമില്ലെന്നും സുധാകർ റെഡ്ഡി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കോൺഗ്രസുമായി പ്രാദേശിക തലത്തിൽ സഖ്യമാകുന്നതിൽ തെറ്റില്ലെന്നും റെഡ്ഡി വ്യക്തമാക്കി.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മാണി അഴിമതിക്കാരൻ തന്നെയെന്ന നിലപാട് ആവർത്തിച്ചു. മാണിയെ മുന്നണിയിലെടുക്കേണ്ട ആവശ്യമില്ല. അഴിമതിക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് എൽ.ഡി.എഫ് സർക്കാറെന്നും കാനം പ്രതികരിച്ചു. മാണി വിഷയം ഇപ്പോൾ അജണ്ടയിലില്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മാണിയെയും കൂട്ടരെയും ഇടതുമുന്നണിയിൽ എടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അത്തരം ചർച്ച ചിലർ ഉയർത്തുന്നതിന് പിന്നിൽ മറ്റ് താൽപര്യങ്ങളാണെന്നും സിപിഐ സമ്മേളനത്തിലെ രാഷ്ട്രീയ-സംഘടന റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നുണ്ട്. യു.ഡി.എഫ് സർക്കാറിനെതിരെയും ബാർക്കോഴ അഴിമതിക്കെതിരെയും നടത്തിയ സമരങ്ങൾ ജനങ്ങൾക്ക് മുമ്പിലുണ്ടെന്നും മാണിക്ക് അനുകൂലമായ ചർച്ച വരുന്നത് ഇടത് ഐക്യത്തിന് ദോഷമാണെന്നും സംഘടനറിപ്പോർട്ടിൽ പറയുന്നു.

ബുധനാഴ്ച മലപ്പുറത്ത് ചേർന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് റിപ്പോർട്ടുകൾക്കും പ്രമേയങ്ങൾക്കും അന്തിമ അംഗീകാരം നൽകിയിരുന്നു. ഭരണത്തിനും മന്ത്രിമാർക്കുമെതിരായ വിമർശന വേദിയാകും സമ്മേളനമെന്നത് ഉറപ്പാണ്. നല്ല നിലയിൽ തുടക്കമിട്ടെങ്കിലും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തൽ പ്രവർത്തന റിപ്പോർട്ടിലുണ്ട്. ജനകീയ പ്രശ്നങ്ങളിൽ സിപിഎമ്മും മുഖ്യമന്ത്രിയും സ്വീകരിക്കുന്ന നിലപാടുകൾ കൂട്ടുത്തരവാദിത്തം മറന്നുകൊണ്ടുള്ളതാണ്. മുഖ്യമന്ത്രിയുടെ ധാർഷ്ട്യം നിറഞ്ഞ സമീപനം ഇടതുമുന്നണിയുടെ അന്തസ്സത്തയ്ക്കു നിരക്കുന്നതല്ല.

മൂന്നാറിലെ കയ്യേറ്റക്കാരെ സഹായിക്കുന്ന തരത്തിൽ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകൾക്കെതിരെയും പരാമർശമുണ്ട്. കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ റവന്യു വകുപ്പ് ശക്തമായ നടപടിയുമായി മുന്നോട്ടുപോയപ്പോൾ അത് അട്ടിമറിക്കുന്ന സമീപനമാണു സിപിഎമ്മിൽനിന്നുണ്ടായത്. മുഖ്യമന്ത്രിക്കും ഇതേ നിലപാടായിരുന്നു. മുഖ്യമന്ത്രിയുടെ അന്യായമായ ഇടപെടൽ മുന്നണിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചു.

രാജ്യത്ത് അൻപതിലേറെ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുണ്ട്. ഇവരെ ഏകോപിപ്പിച്ച് ഇടതുമുന്നണിയുടെ ഭാഗമാക്കാൻ ശ്രമമുണ്ടാകണം. നേപ്പാളിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്താൻ കാരണമായതു കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ ഏകോപനമാണ്. ബിജെപി ഉയർത്തുന്ന വെല്ലുവിളി നേരിടുന്നതിനു ദേശീയ തലത്തിൽ മതനിരപേക്ഷ കക്ഷികളുടെ വിശാല ഐക്യം ഉണ്ടാക്കിയെടുക്കണം. സിപിഎമ്മിന്റെ ഏകാധിപത്യ ശൈലിക്കെതിരെ സിപിഐ ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന വിമർശനത്തിന്റെ തുടർച്ച സംസ്ഥാന സമ്മേളനത്തിലും ഉണ്ടാകുമെന്ന സൂചനയാണ് റിപ്പോർട്ട് നൽകുന്നത്.

പാർട്ടിയുടെ മന്ത്രിമാരുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന് സിപിഐ സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ നിർദ്ദേശം. ഓരോ മന്ത്രിയുടെയും വകുപ്പുകളുടെയും പ്രവർത്തനം വിലിയിരുത്തുന്നതാണു റിപ്പോർട്ട്. മന്ത്രിമാർക്കെതിരെ ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന വിമർശനത്തിന്റെ ചുരുക്കം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP