Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സർക്കാർ തീരുമാനത്തോടു വിയോജിച്ചു കെപിസിസി പ്രസിഡന്റ്; മദ്യനയം അട്ടിമറിക്കപ്പെട്ടു; പ്രഖ്യാപിത നയത്തിൽ നിന്നുള്ള മാറ്റം ജനത്തെ ഞെട്ടിച്ചു; സമൂഹത്തിലുണ്ടായ നല്ലമാറ്റം സർക്കാർ തിരിച്ചറിഞ്ഞില്ല; തയ്യാറാക്കിയത് മദ്യലോബിക്കുവേണ്ടിയുള്ള റിപ്പോർട്ടെന്നും വി എം സുധീരൻ

സർക്കാർ തീരുമാനത്തോടു വിയോജിച്ചു കെപിസിസി പ്രസിഡന്റ്; മദ്യനയം അട്ടിമറിക്കപ്പെട്ടു; പ്രഖ്യാപിത നയത്തിൽ നിന്നുള്ള മാറ്റം ജനത്തെ ഞെട്ടിച്ചു; സമൂഹത്തിലുണ്ടായ നല്ലമാറ്റം സർക്കാർ തിരിച്ചറിഞ്ഞില്ല; തയ്യാറാക്കിയത് മദ്യലോബിക്കുവേണ്ടിയുള്ള റിപ്പോർട്ടെന്നും വി എം സുധീരൻ

തിരുവനന്തപുരം: മദ്യനയം അട്ടിമറിക്കപ്പെട്ടെന്ന് വി എം സുധീരൻ പറഞ്ഞു. പ്രഖ്യാപിത നയത്തിൽ നിന്നുള്ള മാറ്റം ജനത്തെ ഞെട്ടിച്ചെന്നും സുധീരൻ പറഞ്ഞു. മാദ്ധ്യമപ്രവർത്തകർക്കു നൽകിയ വാർത്താക്കുറിപ്പിലാണ് സുധീരന്റെ വിശദീകരണം.

ആരുടെയോ താൽപര്യമനുസരിച്ചാണ് നീക്കമെന്ന തരത്തിലാണ് കാര്യങ്ങൾ. റിപ്പോർട്ട് ആർക്കോ വേണ്ടി തയ്യാറാക്കിയതാണ്. വിനോദസഞ്ചാരത്തിന്റെ കാര്യത്തിൽ പറഞ്ഞതൊന്നും യാഥാർഥ്യത്തിനു നിരക്കുന്നതല്ല.

യുഡിഎഫിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനു വിരുദ്ധമാണ് ഇപ്പോഴത്തെ കാര്യങ്ങൾ. സമ്പൂർണ മദ്യനിരോധനം എന്ന ലക്ഷ്യത്തിനായി ശക്തമായി മുന്നോട്ടു പോകുമെന്നും സുധീരൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. സമൂഹത്തിലുണ്ടായ നല്ലമാറ്റം സർക്കാർ തിരിച്ചറിഞ്ഞില്ലെന്നും സുധീരൻ പറഞ്ഞു.

യുഡിഎഫ് ഒറ്റക്കെട്ടായി തീരുമാനിച്ചതും, ജനങ്ങളിൽ മഹാഭൂരിപക്ഷവും അംഗീകരിച്ചതുമായ മദ്യനയമാണ് ഫലത്തിൽ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് 21 ലെ യുഡിഎഫ് യോഗത്തിൽ ഈ നയം മുഖ്യമന്ത്രി അവതരിപ്പിച്ചപ്പോൾത്തന്നെ കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ അതിനെ അഭിമാനപൂർവ്വം സ്വീകരിക്കുകയാണ് ചെയ്തത്. ഈ നയം നടപ്പിലാക്കുന്നതിന് മന്ത്രിസഭ ഉൽസാഹപൂർവ്വം നടപടികൾ സ്വീകരിച്ചു വരവേ, അതിന് ഉത്തേജനം നൽകുവാനും ജനപിന്തുണ വിപുലമാക്കുന്നതിനും വേണ്ടിയാണ് ലഹരിവിമുക്ത കേരളം, എന്നതുൾപ്പെടെയുള്ള ആശയങ്ങളുമായി ജനപക്ഷയാത്ര തുടങ്ങിയത്. ജനപക്ഷയാത്രയിൽ ഉടനീളം ആവേശകരമായ ജനപങ്കാളിത്തവും, ജനപിന്തുണയുമാണ് പ്രകടമായതെന്നു വി എം സുധീരൻ പറഞ്ഞു.

മദ്യവും മയക്കുമരുന്നും നമ്മുടെ നാടിനെ നശിപ്പിക്കുന്നതിൽ ജനങ്ങളാകെ ഉത്കണ്ഠപ്പെട്ടിരിക്കുന്ന സന്ദർഭത്തിലാണ് സർക്കാർ ഈ നയം നടപ്പിലാക്കി തുടങ്ങിയതും, ജനപക്ഷയാത്ര വിജയകരമായി മുന്നോട്ടുനീങ്ങിയതും. അതുകൊണ്ടുതന്നെ ജനങ്ങളിൽ പുതിയൊരു പ്രത്യാശ വളർന്നു വന്നു. ഈ ഘട്ടത്തിലാണ് പ്രഖ്യാപിത നയത്തിൽ നിന്നും സർക്കാർ വ്യതിചലിച്ചത്. ഇതു ജനങ്ങളെ ഞെട്ടിക്കുകയും പാടെ നിരാശപ്പെടുത്തുകയും ചെയ്തു.

ജനതാൽപര്യത്തിന് മേൽ മദ്യലോബിയുടെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുകയാണ്. രണ്ടു വകുപ്പ് സെക്രട്ടറിമാർ രണ്ടു ദിവസം കൊണ്ട് ആരുടെയോ തിരക്കഥ അനുസരിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ പേരിലാണ് ഇതൊക്കെ നടന്നത്. 418 ബാറുകൾ അടച്ചതിനുശേഷം സമൂഹത്തിലുണ്ടായ ഗുണപരമായ മാറ്റങ്ങൾ കണക്കിലെടുക്കാതെയും ഇത് വിലയിരുത്തുന്നതിന് അനുയോജ്യരും പൊതുസ്വീകാര്യതയുമുള്ള വിദ്ഗ്ധന്മാരെ ഉൾപ്പെടുത്താതെയും ഏകപക്ഷീയമായി മെനഞ്ഞെടുത്തിട്ടുള്ള റിപ്പോർട്ടിന് വിശ്വാസ്യതയില്ല.

വിദേശമദ്യത്തിന്റെയും ബിയറിന്റെയും വിൽപന ഗണ്യമായി കുറഞ്ഞതും ഗാർഹിക പീഡനങ്ങളിലും വാഹനാപകടങ്ങളിൽ പ്രത്യേകിച്ച് ഇരുചക്രവാഹനാപകടങ്ങളിൽ ഉണ്ടായിട്ടുള്ള വലിയതോതിലുള്ള കുറവും, തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ കുടുംബജീവിതത്തിൽ സമാധാന അന്തരീക്ഷവും സാമ്പത്തിക ഭദ്രതയും കൈവന്നതും മദ്യപാനം മൂലമുണ്ടായ കുറ്റകൃത്യങ്ങളുടെ കുറവും പരിഗണിക്കാതെയാണ് സർക്കാർ മദ്യനയത്തിൽ നിന്ന് പിന്നോക്കം പോയത്.

മദ്യനയം മൂലം തൊഴിൽ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കേണ്ടത് തികച്ചും ന്യായമാണ്. കെപിസിസിയും ഈ ആവശ്യത്തെ നേരത്തെ തന്നെ പിന്തുണച്ചിരുന്നു. സർക്കാർ ആത്മാർത്ഥമായി വിചാരിച്ചാൽ ഇതിന് പോംവഴികൾ കണ്ടെത്താനും കഴിയും. ഇത്തരം കാര്യങ്ങൾ ആലോചിക്കാതെ അടഞ്ഞുകിടക്കുന്ന ബാറുകൾ തുറന്നു പ്രവർത്തിക്കാവുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള വ്യഗ്രതയാണ് ഇപ്പോൾ കാണുന്നത്. അടഞ്ഞു കിടക്കുന്ന ബാറുകൾ തുറന്നു വച്ചാൽ മാത്രമേ വിദേശ സഞ്ചാരികൾ കേരളത്തിലേക്ക് വരികയുള്ളൂ എന്നൊക്കെ പറയുന്നത് യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ല.

മദ്യത്തിന്റെ ലഭ്യത, ഉപയോഗം, മദ്യാസക്തി ഇതൊക്കെ കുറച്ചുകൊണ്ടുവരിക എന്ന യുഡിഎഫിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനം. പുതിയ തലമുറയെ മദ്യപാനത്തിലേക്ക് തള്ളിവിടുന്നതിന് ഇടവരുത്തുന്ന ബിയർ, വൈൻ പാർലറുകൾ വ്യാപകമായി ആരംഭിക്കുന്നത് തലമുറകളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണ്. കോൺഗ്രസിന്റെ പ്രഖ്യാപിത നയമായ സമ്പൂർണ്ണ മദ്യനിരോധനം എന്ന ലക്ഷ്യം നേടിയെടുക്കാനായിശക്തമായ പ്രവർത്തനങ്ങളുമായി കെപിസിസി മുന്നോട്ടുപോകുമെന്നും വി എം സുധീരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP