Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമിത് ഷാ പറഞ്ഞപ്പോൾ ഭരണത്തെ പുകഴ്‌ത്താൻ തയ്യാറായി; വട്ടിയൂർക്കാവിലും താരത്തെ തന്നെ ഇറക്കാമെന്ന പ്രതീക്ഷയിൽ ബിജെപി; മോദി പറയുന്നത് എന്തും അനുസരിക്കാൻ തയ്യാറായി സുരേഷ് ഗോപി

അമിത് ഷാ പറഞ്ഞപ്പോൾ ഭരണത്തെ പുകഴ്‌ത്താൻ തയ്യാറായി; വട്ടിയൂർക്കാവിലും താരത്തെ തന്നെ ഇറക്കാമെന്ന പ്രതീക്ഷയിൽ ബിജെപി; മോദി പറയുന്നത് എന്തും അനുസരിക്കാൻ തയ്യാറായി സുരേഷ് ഗോപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പ്രചരണത്തിൽ താരമാകാൻ സുരേഷ് ഗോപി മുൻ നിരയിലുണ്ടാകും. ബിജെപി ദേശീയ നേതൃത്വത്തിന്റെ താൽപ്പര്യ പ്രകാരമാണ് സുരേഷ് ഗോപി കുമ്മനം രാജശേഖരന്റെ കേരള യാത്രയുടെ ഭാഗമാകുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണോ എന്നും സുരേഷ് ഗോപിയോട് ബിജെപി നേതൃത്വം ആരാഞ്ഞിട്ടുണ്ട്. ജയസാധ്യതയുള്ള മണ്ഡലത്തിലൊന്ന് സുരേഷ് ഗോപിക്ക് നൽകാമെന്നും ജയം ഉറപ്പാക്കാമെന്നും ആർഎസ്എസ് നേതൃത്വം സുരേഷ് ഗോപിയെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലൊന്നിൽ മത്സരിക്കണമെന്നാണ് ആവശ്യം. ഈ രണ്ടിടത്തും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറാൻ കഴിഞ്ഞ സ്ഥലങ്ങളാണ്.

ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന ഉറപ്പ് സുരേഷ് ഗോപി നൽകിയിട്ടുണ്ട്. അത് വ്യക്തമാക്കാൻ കൂടിയാണ് കുമ്മനത്തിന്റെ കേരള യാത്രയിൽ സുരേഷ് ഗോപി മുഖ്യ അതിഥിയാകുന്നത്. കുമ്മനത്തിന്റെ കേരള യാത്രയിൽ വികസിത കേരളത്തിനായി പോരാടാനുള്ള പ്രതിജ്ഞ സുരേഷ് ഗോപി ചൊല്ലിക്കൊടുക്കുന്നത് എല്ലാവരും ഏറ്റുചൊല്ലും. നരേന്ദ്ര മോദി സർക്കാർ കേരളത്തിനു നൽകിയ സഹായങ്ങൾ സംബന്ധിച്ച ഹൃസ്വ ചിത്രത്തിന്റെ പ്രദർശനം ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. സുരേഷ് ഗോപിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെ മോദി സർ്ക്കാരിന്റെ ബ്രാൻഡ് അബാസിഡർ ആയി കേരളത്തിൽ സുരേഷ് ഗോപി മാറും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് സുരേഷ് ഗോപിയെ ഇതിന് സമ്മതിപ്പിച്ചതെന്നും സൂചനയുണ്ട്.

ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ അധ്യക്ഷ സ്ഥാനത്ത് എത്താൻ കഴിയാത്ത അതൃപ്തി സുരേഷ് ഗോപിക്കുണ്ട്. എന്നാൽ കുമ്മനം രാജശേഖരനോട് വ്യക്തിപരമായ അടുപ്പം നടനുണ്ട്. ആറന്മുള സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുരേഷ് ഗോപി അടുത്ത് പ്രവർത്തിച്ചിരുന്നു. കുടുംബ പരമായി തന്നെ ആറന്മുളയോട് അടുപ്പമുള്ള വ്യക്തിയാണ് സുരേഷ് ഗോപി. അതുകൊണ്ട് തന്നെ വിമാനത്താവള സമരത്തിൽ മുന്നിൽ ഉണ്ടാവുകയും ചെയ്തു. പലപ്പോഴും സമരത്തിന് കുമ്മനം നേതൃത്വം നൽകിയ രീതിയെ പുകഴ്‌ത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബിജെപിയുമായും കുമ്മനവുമായും സഹകരിക്കാൻ പൂർണ്ണ മനസ്സാണെന്ന് ബിജെപി ദേശീയ നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം പാർലമെന്റ് സീറ്റിൽ മത്സരിക്കാനാണ് സുരേഷ് ഗോപിക്ക് താൽപ്പര്യം. എന്നാൽ നിർണ്ണായകമായ നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സുരേഷ് ഗോപി മത്സരിക്കുന്നത് ഗുണകരമാകുമെന്നാണ് ബിജെപിയുടേയും ആർഎസ്എസിന്റേയും വിലയിരുത്തൽ. വട്ടിയൂർക്കാവിൽ ശക്തനായ സ്ഥാനാർത്ഥിയുണ്ടാകണമെന്നും ആഗ്രഹിക്കുന്നു. സുരേഷ് ഗോപി മത്സരിച്ചാൽ ജയിച്ചു കയറാമെന്നാണ് വിലയിരുത്തൽ. എന്നാൽ കോൺഗ്രസിനായി ഇവിടെ സിറ്റിങ് എംഎൽഎയായ കെ മുരളീധരൻ മത്സരിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ മുരളീധരന് തന്നെ അല്ലേ ജയസാധ്യതയെന്ന ചോദ്യവും സുരേഷ് ഗോപി പക്ഷം ഉയർത്തിക്കഴിഞ്ഞു. എന്നാൽ ഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കുമെന്നും കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ മികവ് കാട്ടാനായാൽ ജയിക്കാമെന്നുമാണ് ആർഎസ്എസ് നിരീക്ഷണം.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒ രാജഗോപാൽ ഇവിടെ 5000 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. ഇതിന് ശേഷമാണ് തദ്ദേശത്തിലെ ബിജെപിയുടെ മിന്നും പ്രകടനം. അതുകൊണ്ട് തന്നെ ജയസാധ്യത സുരേഷ് ഗോപിക്ക് കൂടുതലാണെന്നും പറയുന്നു. നേമത്ത് ഒ രാജഗോപാൽ തന്നെ മത്സരിക്കട്ടേ എന്നാണ് ബിജെപിയിലെ ധാരണ. അല്ലാത്ത പക്ഷം നേമത്തും സുരേഷ് ഗോപിക്കായി പരിഗണിച്ചേനേ. തിരുവനന്തപുരം നിയമസഭാ മണ്ഡലത്തേടും പ്രതീക്ഷയോടെയാണ് ബിജെപി കാണുന്നത്. എന്നാൽ ഇവിടെ തീരമേഖല കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്താൽ അത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും.

ഈ പോരായ്മ മറികടക്കാൻ സുരേഷ് ഗോപിക്ക് കഴിയുമെന്നും വിലയിരുത്തലുണ്ട്. ആറന്മുള ഉൾപ്പെടെ സുരേഷ് ഗോപിക്ക് കോൺഫിഡൻസ് ഉള്ള ഏത് സീറ്റ് വേണമെങ്കിലും നൽകാൻ ബിജെപി തയ്യാറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP