Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രിയെ പിൻവലിച്ചത് മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചെന്ന് ടി പി പീതാംബരൻ മാസ്റ്റർ; നടപടി എൽഡിഎഫിന്റെ പ്രതിച്ഛായ മോശമാകാതിരിക്കാൻ; രാജിക്കത്തിൽ ഉപാധികളില്ല; ഗതാഗത വകുപ്പ് തൽക്കാലം മുഖ്യമന്ത്രി തന്നെ കൈവശം വെക്കും; പാർട്ടി എംഎൽഎമാരിൽ ആദ്യം കുറ്റവിമുക്തനാകുന്ന ആൾ മന്ത്രിയാകും; ഇരുവരും ഒരുമിച്ച് കുറ്റവിമുക്തരായാൽ എ കെ ശശീന്ദ്രനാകും അവസരം നൽകുകയെന്നും എൻസിപി അധ്യക്ഷൻ; ശശീന്ദ്രൻ മന്ത്രിയായാൽ സന്തോഷമെന്ന് ചാണ്ടിയും

മന്ത്രിയെ പിൻവലിച്ചത് മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചെന്ന് ടി പി പീതാംബരൻ മാസ്റ്റർ; നടപടി എൽഡിഎഫിന്റെ പ്രതിച്ഛായ മോശമാകാതിരിക്കാൻ; രാജിക്കത്തിൽ ഉപാധികളില്ല; ഗതാഗത വകുപ്പ് തൽക്കാലം മുഖ്യമന്ത്രി തന്നെ കൈവശം വെക്കും; പാർട്ടി എംഎൽഎമാരിൽ ആദ്യം കുറ്റവിമുക്തനാകുന്ന ആൾ മന്ത്രിയാകും; ഇരുവരും ഒരുമിച്ച് കുറ്റവിമുക്തരായാൽ എ കെ ശശീന്ദ്രനാകും അവസരം നൽകുകയെന്നും എൻസിപി അധ്യക്ഷൻ; ശശീന്ദ്രൻ മന്ത്രിയായാൽ സന്തോഷമെന്ന് ചാണ്ടിയും

അരുൺ ജയകുമാർ

തിരുവനന്തപുരം: തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത് അനുസരിച്ചെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർ. മന്ത്രി തെറ്റുകാരനല്ലെന്നും എൽഡിഎഫിന്റെ പ്രതിച്ഛായ മോശമാകാതിരിക്കാനാണ് രാജിവെച്ചതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. തോമസ് ചാണ്ടി കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ചാനലുകൾ ചർച്ചകളിലൂടെയും റിപ്പോർട്ടുകളിലൂടെയും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനാണ് ശ്രമിച്ചത്. ഈ അന്തരീക്ഷമാണ് തോമസ് ചാണ്ടിയുടെ രാജിയിലേയ്ക്ക് എത്തിയത്. തോമസ് ചാണ്ടിയുടെ നിരപരാധിത്വം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് സംശയമൊന്നുമില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.

തോമസ് ചാണ്ടി, ശശീന്ദ്രൻ എന്നീ എൻസിപിയുടെ രണ്ടു എംഎൽഎമാരുടെ പേരിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിൽ അന്വേഷണം പൂർത്തിയായി, നിരപരാധിയാണെന്ന് ആദ്യം തെളിയുന്നത് ആരാണോ അയാൾക്ക് മന്ത്രിയാകാൻ അവസരം നൽകും. അതുവരെ മുഖ്യമന്ത്രി ഗതാഗത വകുപ്പ് കൈകാര്യം ചെയ്യും. സിപിഐയുടെ സമ്മർദ്ദംകൊണ്ടല്ല, മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് തോമസ് ചാണ്ടി രാജിവെച്ചത്. ഇടതുമുന്നണിയാണ് മുഖ്യമന്ത്രി തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി എൻസിപിയോട് തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് നിർദ്ദേശം നൽകിയതെന്നം പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.

സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതിരുന്നത് അസാധാരണ സംഭവമാണ്. അത് കൂട്ടുത്തരാവാദിത്വത്തെ ബാധിക്കുന്ന കാര്യമാണ്. അത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഘടകക്ഷികൾക്കെതിരെ ഇത്തരം നിലപാട് എടുക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരായി അവമതിയുണ്ടാക്കുന്ന തരത്തിൽ കാര്യങ്ങൾ നീങ്ങിയ സാഹചര്യത്തിലാണ് ഇടതുമുന്നണി യോഗം ചേർന്നത്. ഇക്കാര്യങ്ങൾ സംബന്ധിച്ച് ഇന്നലെ എൻസിപി എക്സിക്യൂട്ടീവ് ചർച്ചചെയ്തിരുന്നു. കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കാനാണ് തീരുമാനിച്ചിരുന്നത്. തോമസ് ചാണ്ടി നൽകിയ കേസുകളിൽ ഉണ്ടായ കോടതി തീരുമാനത്തിൽ തോമസ് ചാണ്ടി കുറ്റക്കാരനാണെന്ന് പറയുന്നില്ല. അന്വേഷണ റിപ്പോർട്ടിനെ മന്ത്രി ചോദ്യം ചെയ്യുന്നതിന്റെ അനൗചിത്യം മാത്രമാണ് കോടതി ചൂണ്ടിക്കാട്ടിയതെന്ന് അദ്ദേഹം പറഞ്ഞു.

ജഡ്ജി നടത്തിയ പരാമർശങ്ങൾ സർക്കാരിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്നവയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി തന്നെയും തോമസ് ചാണ്ടിയെയും കണ്ടിരുന്നു. തോമസ് ചാണ്ടിയുടെ നിരപരാധിത്വം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് സംശയമൊന്നുമില്ല. എന്നാൽ പൊതുവെ ഉണ്ടായ ചർച്ചകളും അഭിപ്രായ പ്രകടനങ്ങളും മുന്നണിയെ ബാധിക്കും എന്നതിനാൽ തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്ന് പിൻവലിക്കുന്നതാണ് ഉചിതമെന്ന് നിർദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി കേന്ദ്ര നേതൃത്വവുമായും ശരത് പവാർ അടക്കമുള്ളവരുമായി ചർച്ച ചെയ്തു. തുടർന്നാണ് തോമസ് ചാണ്ടി രാജിയിലേയ്ക്ക് കാര്യങ്ങൾ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനെതിരെയല്ല തോമസ് ചാണ്ടിയുടെ കേസ്. അദ്ദേഹത്തിന്റെ പേരിലല്ലാത്ത ഭൂമി അദ്ദേഹത്തിന്റെ പേരിലാണെന്ന് കാണിച്ചുള്ള കളക്ടറുടെ ഉത്തരവ് തിരുത്തി കിട്ടണം എന്നാവശ്യപ്പെട്ടാണ് മാത്രമാണ് തോമസ് ചാണ്ടി കോടതിയിൽ പോകുന്നത്. കൂട്ടുത്തരവാദിത്വത്തെ അത് ബാധിക്കുന്ന കാര്യമല്ലെന്നും പീതാംബരൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. അതേസമയം മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് തോമസ് ചാണ്ടി കൊച്ചയിലേക്കുള്ള യാത്രാമധ്യേ മാധ്യമങ്ങളോട് വ്യക്തമാക്കി. വിഷയത്തിൽ ഒരു ഘടകകക്ഷി സ്വീകരിച്ച നിർബന്ധപൂർവ്വമായ നിലപാടാണ് രാജിയിലേക്ക് നയിച്ചത്. തന്റെ രാജിക്കത്ത് ഒപ്പിട്ട് പീതാംബരൻ മാസ്റ്ററെ ഏൽപ്പിച്ചതായി തോമസ് ചാണ്ടി പറഞ്ഞു.

കളക്ടറുടെ റിപ്പോർട്ട് റദ്ദാക്കാനാവശ്യപ്പെട്ട് നാളെ തന്നെ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യും. അനുകൂല വിധി വന്നാൽ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തും. ഹൈക്കോടതി പരാമർശങ്ങൾ നീക്കിവന്നാൽ മന്ത്രിസ്ഥാനം തിരിച്ചു നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി തോമസ് ചാണ്ടി പ്രതികരിച്ചു. എകെ ശശീന്ദ്രനും താനും തമ്മിൽ അഭിപ്രായ വ്യത്യാസമൊന്നും ഇല്ല. അദ്ദേഹം മന്ത്രിയായാലും തനിക്ക് സന്തോഷം തന്നെയാണെന്നും തോമസ് ചാണ്ടി കൂട്ടിച്ചേർത്തു. എൻസിപിക്ക് പുതിയ മന്ത്രി ഉണ്ടാവില്ല. സീറ്റ് ഒഴിച്ചിട്ടുണ്ടാവുമെന്നു തന്നെയാണ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്. എൻസിപിയുടെ രണ്ട് മന്ത്രിമാരിൽ ആരാണോ ആദ്യം കുറ്റവിമുക്തനാവുന്നത് അയാൾക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP