Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാവ് വീണ്ടും പിഴച്ചു; കൺവീനർക്ക് മുഖ്യന്റെ ശാസന; ഭൂപരിഷ്‌കരണ നിയമ ഭേദഗതി തീരുമാനിച്ചെന്ന് പറഞ്ഞത് തെറ്റ്; പഞ്ചായത്ത് രാജ് ആക്ടിൽ മാത്രമേ മാറ്റങ്ങളുണ്ടാകൂ എന്നും തങ്കച്ചന്റെ വിശദീകരണം

നാവ് വീണ്ടും പിഴച്ചു; കൺവീനർക്ക് മുഖ്യന്റെ ശാസന; ഭൂപരിഷ്‌കരണ നിയമ ഭേദഗതി തീരുമാനിച്ചെന്ന് പറഞ്ഞത് തെറ്റ്; പഞ്ചായത്ത് രാജ് ആക്ടിൽ മാത്രമേ മാറ്റങ്ങളുണ്ടാകൂ എന്നും തങ്കച്ചന്റെ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്യാൻ യുഡിഎഫ് യോഗം തീരുമാനിച്ചില്ലെന്ന വിശദീകരണവുമായി കൺവീനർ പിപി തങ്കച്ചൻ. ഭൂമി പതിച്ച് നൽകാൻ പഞ്ചായത്ത് രാജ് ആക്ട് ഭേദഗതി ചെയ്യാനാണ് യോഗം തീരുമാനിച്ചതെന്നും തങ്കച്ചൻ വ്യക്തമാക്കി. ഇന്നലെ പറഞ്ഞത് തെറ്റായിരുന്നുവെന്നും സമ്മതിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശത്തെ തുടർന്നാണ് തങ്കച്ചൻ പറ്റിയ തെറ്റ് ഏറ്റ് പറഞ്ഞത്.

ഇന്നലത്തെ യുഡിഎഫ് യോഗത്തിന് ശേഷമാണ് ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്യാൻ സർക്കാരിനോട് യുഡിഎഫ് നിർദ്ദേശിച്ചതായി തങ്കച്ചൻ മാദ്ധ്യമ പ്രവർത്തകരോട് വിശദീകരിച്ചത്. അത് ബ്രേക്കിങ്ങ് ന്യൂസ് ആയി ചാനലുകൾ നൽകി. എന്നിട്ടും മന്ത്രിസഭാ യോഗത്തിന് ശേഷം ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി തയ്യാറായില്ല. ഇതോടെ ഇന്നത്തെ പത്രങ്ങളിൽ കൺവീനർ പറഞ്ഞത് പ്രധാന വാർത്തയായി എത്തി. ഇതോടെ കൺവീനറെ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. വാക്കുകൾ പിഴക്കുന്നത് മുന്നണി കൺവീനർക്ക് യോജിച്ചതല്ലെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പിഴവ് സമ്മതിച്ച് കൺവീനറുടെ വിശദീകരണം.

നേരത്തെ ഘടകകക്ഷികളെ രഹസ്യാന്വേഷണ പൊലീസ് നിരീക്ഷിക്കുന്നുവെന്ന തങ്കച്ചന്റെ പരാമർശവും വ്യാപക ചർച്ചകൾക്ക് ഇട നൽകി. ആർഎസ്‌പി, ജനതാദൾ കക്ഷികളെ നിരീക്ഷിക്കുന്നുണ്ടെന്നായിരുന്നു തങ്കച്ചൻ പറഞ്ഞത്. പിന്നീട് മാദ്ധ്യമങ്ങൾ വളച്ചൊടിച്ച് വിവാമുണ്ടാക്കിയെന്ന് പറഞ്ഞ് തടിയൂരി. മുന്നണിയുടെ ഭാവിയെ തന്നെ ചോദ്യം ചെയ്ത ഈ പരാമർശത്തെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് തള്ളിപ്പറയേണ്ടി വന്നു. ഇതിന് തൊട്ട് പിന്നാലെയാണ് യുഡിഎഫ് യോഗത്തിലെ തീരുമാനം തന്നെ മാറ്റി പറഞ്ഞത്. അതു സർക്കാരിനെതിരെ വ്യാപക സമരങ്ങൾക്ക് സാധ്യതയുള്ള വിഷയം. ഈ സാഹചര്യത്തിലാണ് തെറ്റ് സമ്മതിച്ച് തിരുത്ത് നൽകാൻ മുഖ്യമന്ത്രി തങ്കച്ചനോട് നിർദ്ദേശിച്ചത്. ഇത്തരം തെറ്റുകൾ ഉണ്ടാകരുതെന്നും നിർദ്ദേശിച്ചു.

പുറമ്പോക്കുഭൂമി പതിച്ചുനൽകുന്നതിനും തരിശുഭൂമി വ്യവസായ ആവശ്യങ്ങൾക്കായി നൽകുന്നതിനും തക്ക വിധത്തിൽ ഭൂപരിഷ്‌കരണനിയമം ഭേദഗതിചെയ്യണമെന്ന് യു.ഡി.എഫ്. നേതൃയോഗം സർക്കാറിനോട് ശുപാർശ ചെയ്തതായാണ് കൺവീനർ പറഞ്ഞത്. ഭദഗതിചെയ്യുന്ന വിധത്തിൽ നിയമത്തിന്റെ കരട് തയ്യാറാക്കി അടുത്ത യു.ഡി.എഫ്. യോഗത്തിൽ കൊണ്ടുവരാൻ റവന്യു മന്ത്രിയോട് നിർദ്ദേശിച്ചതായും വിശദീകരിച്ചു. നെൽവയൽതണ്ണീർത്തട നിയമത്തിലും ഭേദഗതി വേണമെന്ന് യോഗം നിർദ്ദേശിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ഇത്തരം നിർണ്ണായക തീരുമാനങ്ങളാണ് ഇപ്പോൾ മാറ്റി പറയുന്നത്.

യോഗത്തിൽ ഉടനീളം പങ്കെടുത്ത വ്യക്തിയാണ് തങ്കച്ചൻ. എന്നിട്ടും ഇത്തരം ഗൗരവതരമായ തെറ്റ് സംഭവിച്ചതിന് കാരണവും ആർക്കും വ്യക്തമല്ല. പ്രതിഷേധങ്ങൾ ഭയന്ന് തീരുമാനം പിൻവലിച്ചതാണെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP