Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാദ്ധ്യമങ്ങളും യുഡിഎഫ് പ്രവർത്തകരും എതിരായപ്പോൾ പി ജെ കുര്യൻ ജാതിസ്‌നേഹം വിട്ട് രാഷ്ട്രീയക്കാരനായി; പോയ തെരഞ്ഞെടുപ്പിൽ വേണ്ട വിധം പ്രവർത്തിക്കാതിരുന്നതിൽ പുതുശ്ശേരി ക്ഷമ പറഞ്ഞപ്പോൾ മുഖം രക്ഷിച്ചെന്ന് കണ്ട് തടിയൂരി: കുര്യന്റെ നിലപാട് മാറ്റിയത് വാഗ്ദാനങ്ങൾ ഒന്നുമില്ലാതെ

മാദ്ധ്യമങ്ങളും യുഡിഎഫ് പ്രവർത്തകരും എതിരായപ്പോൾ പി ജെ കുര്യൻ ജാതിസ്‌നേഹം വിട്ട് രാഷ്ട്രീയക്കാരനായി; പോയ തെരഞ്ഞെടുപ്പിൽ വേണ്ട വിധം പ്രവർത്തിക്കാതിരുന്നതിൽ പുതുശ്ശേരി ക്ഷമ പറഞ്ഞപ്പോൾ മുഖം രക്ഷിച്ചെന്ന് കണ്ട് തടിയൂരി: കുര്യന്റെ നിലപാട് മാറ്റിയത് വാഗ്ദാനങ്ങൾ ഒന്നുമില്ലാതെ

പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവായിരുന്നിട്ടും മാർത്തോമ സഭയുടെ വക്താവായി തിരുവല്ലാ സീറ്റിന് വേണ്ടി വാദിച്ച് കിട്ടില്ലെന്ന് ഉറപ്പായപ്പോൾ നാണം കെട്ടാണ് പി ജെ കുര്യൻ തന്റെ നിലപാട് മാറ്റിയത്. തിരുവല്ലയിൽ കേരളാ കോൺഗ്രസ് മാണി വിഭാഗം സ്ഥാനാർത്ഥിയായ ജോസഫ് എം പുതുശ്ശേരിയെ സ്ഥാനാർത്ഥിയാക്കരുതെന്ന ആവശ്യത്തിൽ നിന്നും കോൺഗ്രസ് നേതാവ് പി ജെ കുര്യൻ പിന്നോട്ടു പോയത് കാര്യമായ വാഗ്ദാനങ്ങളൊന്നും നേടാൻ സാധിക്കാതെയാണ്. മാദ്ധ്യമങ്ങളും യുഡിഎഫ് പ്രവർത്തകരും എതിരാണെന്ന് വ്യക്തമായതോടെ ഗത്യന്തരമില്ലാതെ തലയൂരുകയായിരുന്നു കുര്യൻ.

കെ എം മാണിയുമായി നടത്തിയ അനുരഞ്ജന ചർച്ചകൾക്ക് ഒടുവിലാണ് പി ജെ കുര്യന്റെ തന്റെ നിലപാടിൽ നിന്നും പിന്നോട്ടു പോയി ജോസഫ് എം പുതുശ്ശേരിക്ക് പിന്തുണ അറിയിച്ചത്. കുര്യനിലൂടെ പുറത്തുവന്നത് മാർത്തോമ സഭയ്ക്ക് യുഡിഎഫിനോട് ഉണ്ടായിരുന്ന പ്രതിഷേധമാണെന്നും സൂചനകളുണ്ട്. എന്നാൽ, സഭ പോലും വാദിക്കാത്ത വിധത്തിൽ വാദിച്ച കുര്യനെ മാണി സമർത്ഥമായി മെരുക്കുകയും ചെയ്തു. ഇന്നലെ തിരുവല്ലയിൽ കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണി പി.ജെ കുര്യനുമായി നടത്തിയ ചർച്ചക്കൊടുവിലാണ് സമവായത്തിലെത്തിയത്. ജോസഫ് എം. പുതുശേരി തന്നെയാവും തിരുവല്ലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെന്നും അദ്ദേഹത്തിന്റെ വിജയത്തിനായി യു.ഡി.എഫ് ഒന്നടങ്കം ഐക്യത്തോടെ പ്രവർത്തിക്കുമെന്നും ചർച്ചക്ക് ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കുര്യൻ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ തവണ വിമതനാകാൻ തുനിഞ്ഞതിൽ ഖേദമുണ്ടെന്ന് ജോസഫ് എം. പുതുശ്ശേരി അറിയിച്ചതോടെ മുഖം രക്ഷിക്കാൻ കുര്യന് സാധിച്ചു. ഇതോടെ ഈ മാപ്പിന്റെ പേരിൽ തൽക്കാലം തടി രക്ഷിക്കുകയാണ് കുര്യൻ ചെയ്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ ഭാഗത്തുനിന്ന് അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി പുതുശ്ശേരി യോഗത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച പ്രസ്താവന തയ്യാറാക്കി വായിക്കുകയായിരുന്നു.

ചർച്ചയ്ക്കുമുമ്പ് കുര്യന്റെ അനുയായികളായ കോൺഗ്രസ് നേതാക്കൾ ഒരു പ്രസ്താവനയുമായാണ് വന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്.സ്ഥാനാർത്ഥിയുടെ തോൽവിക്ക് മാപ്പുചോദിക്കുന്നു എന്ന് എഴുതിയ പ്രസ്താവനയാണ് അവർ കൊണ്ടുവന്നത്. ഇത് കെ.എം.മാണി, ജോസ് കെ.മാണി എന്നിവർ വായിച്ചു. പക്ഷേ, ഇത് യോഗത്തിൽ വായിക്കാൻകഴിയില്ലെന്ന് അവർ പറഞ്ഞു. പുതുശ്ശേരി തെറ്റുചെയ്‌തെന്നു വരുത്തിത്തീർക്കാനുള്ള നീക്കമാണിതെന്ന് അവർ വ്യക്തമാക്കി. തിരഞ്ഞെടുപ്പു മുന്നിൽനിൽക്കെ ഇത് ശരിയായ നടപടിയല്ലെന്ന് മാണി പറഞ്ഞു. തുടർന്ന് കുര്യനുമായി ചർച്ച നടത്തി മറ്റൊരു പ്രസ്താവന തയ്യാറാക്കാൻ തീരുമാനിച്ചു. ഇതിലാണ്, മാപ്പുചോദ്യം ഒഴിവാക്കി ഖേദപ്രകടനം ഉൾപ്പെടുത്തിയത്.

മണ്ഡലത്തിൽ വിമതനായി നിൽക്കുമെന്നു പ്രഖ്യാപിച്ച രാജു പുളിമ്പള്ളിൽ മാറണം എന്നു ചിലർ ആവശ്യമുന്നയിച്ചു. കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറിയായ അദ്ദേഹത്തെ മാറ്റണം എന്ന് ആവശ്യമുയർന്നു. രാജു പാർട്ടിയുടെ സ്ഥാനാർത്ഥിയല്ലെന്ന് കെ.എം.മാണി പറഞ്ഞു. അയാൾ മത്സരിക്കുന്നതു തനിക്കറിയില്ല. ഇതോടെ ആ ചർച്ച തീർന്നു. ഓർത്തഡോക്‌സ് സഭാംഗമായ പുതുശ്ശേരിയെ മാറ്റുന്നത് മറ്റുമണ്ഡലങ്ങളിലും ദോഷംചെയ്യുമെന്ന് കോൺഗ്രസ് നേതൃത്വം എല്ലാവരെയും ധരിപ്പിച്ചിരുന്നു.

ഇതിനുശേഷം പത്രസമ്മേളനം നടന്നു. യു.ഡി.എഫ്.സ്ഥാനാർത്ഥി ജോസഫ് എം. പുതുശ്ശേരിയാണെന്നും താൻതന്നെ മുന്നിൽനിന്നു പ്രചാരണം നയിക്കുമെന്നും കുര്യൻ അറിയിച്ചു. പുതുശ്ശേരിയുടെ വിജയം നിശ്ചയമാണ്. അഭിപ്രായം പറയും. പക്ഷേ, സ്ഥാനാർത്ഥിയെ നിശ്ചയിച്ചാൽ ഒപ്പം നിൽക്കും. അതു പുതുശ്ശേരിക്കും അറിയുന്നതാണ്കുര്യൻ പറഞ്ഞു. മുമ്പ് പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ പീലിപ്പോസ് തോമസിനെ മത്സരിപ്പിക്കണം എന്ന് താൻ ആവശ്യപ്പെട്ടു. പക്ഷേ, ആന്റോ ആന്റണി സ്ഥാനാർത്ഥിയായി വന്നു. തന്റെ പ്രതിഷേധം അറിയിക്കുകയും പ്രചാരണത്തിനിറങ്ങുകയും ചെയ്തു. ഇപ്പോഴും അതാണുണ്ടായത്.

അതേസമയം, താൻ സ്വന്തംനിലയിൽ മത്സരിക്കുമെന്ന് രാജു പുളിമ്പള്ളിൽ വൈകുന്നേരം മാദ്ധ്യമങ്ങളെ അറിയിച്ചു. തിരുവല്ലയിലെ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കില്ലെന്ന് യൂഡിഎഫ് വിമതൻ രാജു പുളിയംപള്ളി. പിൻവലിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമാണന്നും രാജു പറഞ്ഞു. താൻ ആരുടേയും സ്‌പോൺസേഡ് സ്ഥാനാർത്ഥിയല്ല. ജനങ്ങളുടെ സ്ഥാനാർത്ഥിയാണ്. അവരുടെ ആവശ്യപ്രകാരമാണ് മത്സരിക്കുന്നതെന്നും രാജു പറഞ്ഞു. കെഎം മാണിയുമായി ചർച്ച നടത്തിയിട്ടില്ല. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയായ ജോസഫ് എം പുതുശേരിക്ക് എതിരെയാണ് കേരള കോൺഗ്രസ് എം മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗവുമായ രാജു പുളിയംപള്ളി മത്സരിക്കുന്നത്.

അതേസമയം കുര്യൻ ഇന്നലെ നിലപാട് മാറ്റിയതോടെ വെട്ടിലായത് കുര്യൻ വിഭാഗവും പുതുശേരിക്ക് പകരം സ്ഥാനാർത്ഥിയാകാൻ ഉടുപ്പും തയ്പിച്ചിരുന്ന വിക്ടർ ടി. തോമസും സാക്ഷാൽ കുര്യൻ തന്നെയുമാണ്. പുതുശേരി നിരുപാധികം മാപ്പു പറഞ്ഞതു കൊണ്ടാണ് കുര്യൻ നിലപാടിൽ അയവു വരുത്തിയതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം പറയുന്നു. എന്നാൽ, ഈ പ്രശ്‌നം തുടങ്ങുന്നതിനു മുൻപ് തന്നെ പുതുശേരി പലതവണ കുര്യനെ കണ്ട് മാപ്പു പറഞ്ഞിരുന്നുവെന്നതാണ് സത്യം. ഇന്നലത്തെ മാപ്പു മാത്രം അംഗീകരിക്കാൻ എന്താണ് കാരണമെന്ന സംശയം ന്യായമായി ഉയരുന്നുണ്ട്.

എന്തായാലും ഒത്തുതീർപ്പുണ്ടാക്കിയത് ജില്ലയിൽ, പാർട്ടിക്കുള്ളിൽ കുര്യന് തിരിച്ചടിയായി. ഇത്രയും ദിവസംനടത്തിയ പ്രസ്താവനകളും ആരോപണങ്ങളും പിൻവലിച്ച് ഇന്നലെ നിലപാട് മാറ്റിയ പി.ജെ. കുര്യനെതിരേ കോൺഗ്രസിനുള്ളിൽ പടയൊരുക്കം തുടങ്ങി. കെപിസിസി പ്രസിഡന്റ് വിചാരിച്ചിട്ടു പോലും പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നം എന്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഒത്തുതീർപ്പാക്കിയതെന്ന് കുര്യൻ വ്യക്തമാക്കണമെന്ന ആവശ്യവുമായി ഐ ഗ്രൂപ്പ് രംഗത്തു വന്നുകഴിഞ്ഞു.

മല പോലെ വന്ന കുര്യന്റെ പിടിവാശി എലി പോലെ പോയപ്പോൾ തകർന്നത് ജില്ലയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ അപ്രമാദിത്വം കൂടിയായിരുന്നു. പുതുശേരിയെ ബദ്ധശത്രുവിനെപ്പോലെ കണ്ട് കുര്യൻ പെരുമാറിയത് കോൺഗ്രസിൽ മാത്രമല്ല, യു.ഡി.എഫിലെ മറ്റു ഘടകകക്ഷികൾക്കിടയിലും എതിർപ്പിനു കാരണമായി. കഴിഞ്ഞ കാലങ്ങളിൽ പി.ജെ. കുര്യന്റെ പിടിവാശിക്കു വഴങ്ങിയതിന്റെ ഫലമായി പാർട്ടിക്കുണ്ടായ നാണക്കേടും ചർച്ച ചെയ്യപ്പെട്ടു. തനിക്ക് മുകളിൽ ജില്ലയിൽ നിന്നൊരാൾ വരരുത് എന്ന പിടിവാശി നടപ്പിലാക്കാനാണ് കുര്യൻ ശ്രമിക്കുന്നതെന്ന ആരോപണവുമായി പാർട്ടി വിട്ടവരും രംഗത്തു വന്നു.

കുര്യന്റെ അപ്രീതിക്ക് പാത്രമായ കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് റെജി ചാക്കോ രണ്ടു തവണ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരേ വിമതനായി നിന്ന് വിജയം കണ്ടതും ഇത്തവണ പ്രസിഡന്റായതുമൊക്കെ ചൂണ്ടിക്കാണിച്ചാണ് എതിർപക്ഷം ആഘോഷിച്ചത്. ഇന്നലെ പ്രത്യേകിച്ച് ഒരു കാരണവും പറയാതെയാണ് കുര്യൻ 'ഉപരോധം' പിൻവലിച്ചത്. ഇതേപ്പറ്റി പല അഭ്യൂഹങ്ങളും പടരുന്നുണ്ട്. പുതുശേരി തിരുവല്ലയിൽ ജയിച്ചു വന്നാൽ മണ്ഡലത്തിൽ അദ്ദേഹം പ്രബലനാകുമെന്ന ചിന്താഗതിയിലാണ് കുര്യൻ കരുക്കൾ നീക്കിയത്. മാണിഗ്രൂപ്പിൽ നിന്ന് വിക്ടർ ടി. തോമസ് പുതുശേരിക്കെതിരേ രംഗത്തു വരിക കൂടി ചെയ്തതോടെ കുര്യന് ആവേശം വർധിച്ചു. പുതുശേരിയെ സമ്മർദതന്ത്രത്തിലൂടെ നീക്കുമ്പോൾ പകരം തനിക്ക് ഇവിടെ മത്സരിക്കാൻ അവസരം ലഭിക്കുമെന്നു വെറുതേ സ്വപ്നം കണ്ട വിക്ടറും കുര്യന്റെ നിലപാട് മാറ്റത്തോടെ കെണിയിൽ വീണിരിക്കുകയാണ്. കോൺഗ്രസിന്റെ അതൃപ്തി കണ്ട് പുതുശേരിക്കെതിരേ പരസ്യ പ്രസ്താവനയുമായി വന്ന മാണിഗ്രൂപ്പിന്റെ മറ്റു നേതാക്കൾ അച്ചടക്ക നടപടി നേരിടേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP