Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശശീന്ദ്രൻ രാജിവച്ചതിന് പിന്നാലെ മന്ത്രിമോഹവുമായി തോമസ് ചാണ്ടി തലസ്ഥാനത്ത് പറന്നിറങ്ങി; എൻസിപിയുടെ വകുപ്പ് മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന് വിമാനത്താവളത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് കുട്ടനാട് എംഎൽഎ; മന്ത്രിയായി കാര്യങ്ങൾ നടത്താൻ ഗൾഫിൽ നിന്ന് ഇടയ്ക്ക് വന്നുപോയാൽ മതിയെന്നും കുവൈറ്റ് ചാണ്ടി

ശശീന്ദ്രൻ രാജിവച്ചതിന് പിന്നാലെ മന്ത്രിമോഹവുമായി തോമസ് ചാണ്ടി തലസ്ഥാനത്ത് പറന്നിറങ്ങി; എൻസിപിയുടെ വകുപ്പ് മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന് വിമാനത്താവളത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് കുട്ടനാട് എംഎൽഎ; മന്ത്രിയായി കാര്യങ്ങൾ നടത്താൻ ഗൾഫിൽ നിന്ന് ഇടയ്ക്ക് വന്നുപോയാൽ മതിയെന്നും കുവൈറ്റ് ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രൻ വിവാദത്തിൽ കുടുങ്ങി രാജിവച്ചതിന് പിന്നാലെ മന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ച് തോമസ് ചാണ്ടി എംഎൽഎ തലസ്ഥാനത്ത് പറന്നിറങ്ങി. മന്ത്രിസ്ഥാനം തൽക്കാലം ആർക്കും കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രിതന്നെ സൂചന നൽകിയതിന് പിന്നാലെയാണ് ഇപ്പോൾ തോമസ് ചാണ്ടി തനിക്ക് മന്ത്രിയാകണമെന്ന് തുറന്നുപറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

'എൻസിപിയുടെ വകുപ്പ് മറ്റാർക്കും കൊടുക്കില്ല. മറ്റ് മന്ത്രിമാർക്ക് കൈമാറേണ്ട ആവശ്യമില്ല. അത് അംഗീകരിക്കില്ല. മുഖ്യമന്ത്രി വകുപ്പ് കൈവശം വയ്ക്കുന്നതിൽ പ്രശ്നമില്ല. ശശീന്ദ്രൻ രാജിവച്ചെങ്കിലും പകരം മന്ത്രിയാകാൻ പാർട്ടിയിൽ ആളുള്ളപ്പോൾ പിന്നെ മറ്റൊരാൾക്ക് വകുപ്പ് കൈമാറേണ്ട സാഹചര്യമില്ലല്ലോ എന്നായിരുന്നു തോമസ് ചാണ്ടിയുടെ ചോദ്യം. ശശീന്ദ്രനെതിരെ വിവാദമുണ്ടാക്കാൻ ഗൂഢാലോചന നടന്നുവെന്നും മന്ത്രിസ്ഥാനത്തുനിന്ന് താഴെയിറക്കാൻ തന്ത്രപരമായ നീക്കങ്ങൾ നടന്നുവെന്നും സൂചനകൾ പുറത്തുവരുന്നതിനിടെയാണ് തോമസ് ചാണ്ടിയുടെ ഇത്തരമൊരു നീക്കമെന്നതും ശ്രദ്ധേയമാണ്്.

മൂന്നാമത്തെ പ്രാവശ്യമാണ് ഞാൻ എംഎ‍ൽഎ ആകുന്നത്. ഗൾഫിലും ഇവിടെയുമായി വന്നുംപോയുമാണ് കാര്യങ്ങൾ നടത്തുന്നത്. ഒരു പെട്ടിയും തൂക്കി ഗൾഫിലേക്ക് പോയ താൻ അവിടെ സ്‌കൂളുകൾ തുടങ്ങി അത് നല്ല രീതിയിൽ നടത്തിക്കൊണ്ടുപോകുന്നു. ആ തനിക്ക് മന്ത്രിയായി വകുപ്പ് നടത്തിക്കൊണ്ടുപോകുക അത്ര വലിയ കാര്യമല്ല. - കുട്ടനാട് എംഎൽഎ പറയുന്നു.

ശശീന്ദ്രൻ തെറ്റു ചെയ്തിട്ടില്ല എന്ന തെളിഞ്ഞാൽ ആ സെക്കൻഡിൽ അദ്ദേഹം മന്ത്രിസ്ഥാനത്ത് തിരിച്ചെത്തും. ഞാൻ പാർട്ടിയുടെ പാർലമെന്ററി പാർട്ടി ലീഡറാണ്. മന്ത്രിസ്ഥാനം എൻസിപിക്ക് അവകാശപ്പെട്ടതാണ്. അക്കാര്യം കോടിയേരി ബാലകൃഷ്ണൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എൻസിപി ആരെ മന്ത്രിയാക്കണമെന്ന് തീരുമാനിച്ച് പറഞ്ഞാൽ മതിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. - ഇത്തരത്തിലായിരുന്നു തോമസ് ചാണ്ടിയുടെ പ്രതികരണം.

തിരഞ്ഞെടുപ്പിന് മുമ്പുതന്നെ താൻ ജയിച്ചുവരുമെന്നും ജലവിഭവ മന്ത്രിയാകുമെന്ന് തോമസ് ചാണ്ടി പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. മന്ത്രി എകെ ശശീന്ദ്രനെതിരെ ഇപ്പോൾ മംഗളം ചാനലിലൂടെ ഉയർത്തിയ ലൈംഗികാരോപണത്തിന് പിന്നിൽ ആ കസേര തിരഞ്ഞെടുപ്പിന് മുന്നേ സ്വപ്നം കണ്ട തോമസ് ചാണ്ടി എംഎൽഎ ആണെന്ന മട്ടിലും വാർത്തകൾ പ്രചരിച്ചിരുന്നു. എൻസിപിയിൽ തന്നെ ഇക്കാര്യം ചർച്ചയാവുകയും ചെയ്തു. തിരുവനന്തപുരത്ത് വിളിച്ചുചേർത്തിട്ടുള്ള എൻ.സി.പി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കാനായിട്ടാണ് തോമസ് ചാണ്ടി കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയത്.

ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സംഭവങ്ങളിൽ രാഷ്ട്രീയ ഗൂഢാലോചന ഉള്ളതായി കരുതുന്നില്ലെന്നാണ് തോമസ് ചാണ്ടിയുടെ പ്രതികരണം. പക്ഷേ, തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന് പിണറായിതന്നെ നേരത്തേ തീരുമാനിച്ചതായിരുന്നു. എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയനും ഇക്കാര്യത്തിൽ സർക്കാരിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇതോടെ വിഷയം കേന്ദ്രനേതൃത്വത്തിന്റെ അടുത്തെത്തുകയും ശരത്പവാർ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിന് പച്ചക്കൊടി കാട്ടുകയും ചെയ്തു. അങ്ങനെയാണ് തിരഞ്ഞെടുപ്പിന് പിന്നാലെ തോമസ് ചാണ്ടിയുടെ മന്ത്രിമോഹങ്ങൾ അസ്തമിച്ചത്.

ഇപ്പോൾ ശശീന്ദ്രൻ വിവാദത്തിൽ കുടുങ്ങി മന്ത്രിപദം ഒഴിഞ്ഞതോടെ വീണ്ടും തോമസ് ചാണ്ടി മന്ത്രിയാകാനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. എന്നാൽ ഒരു കാരണവശാലും തോമസ് ചാണ്ടിക്ക് മന്ത്രിപദം നൽകില്ലെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി പിണറായി. അതേസമയം, കോടിയേരി ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നതും ചർച്ചയായിട്ടുണ്ട്.

എൻസിപിക്ക് കേരളത്തിൽ ലഭിച്ചത് രണ്ടു സീറ്റായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ താൻ ജയിച്ചുവരുമെന്നും ജയിച്ചാൽ താൻതന്നെയാകും മന്ത്രിയാകുമെന്നും കുട്ടനാട്ടിൽ സ്ഥാനാർത്ഥിയായ തോമസ് ചാണ്ടി തുറന്നുപറയുകയും ചെയ്തു. ഒരു പടികൂടി കടന്ന്, ജയിച്ചാൽ താൻ ജലവിഭവ വകുപ്പ് മന്ത്രിയാകുമെന്നുവരെ പറഞ്ഞുവച്ചിരുന്നു തോമസ് ചാണ്ടി. എന്നാൽ ഇക്കാര്യം തിരഞ്ഞെടുപ്പിന് മുമ്പുതന്നെ എൽഡിഎഫിൽ വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു.

ആരായിരിക്കും മുഖ്യമന്ത്രിയെന്നുപോലും പ്രഖ്യാപിക്കാതെയാണ് ഇടതുപക്ഷം പ്രചരണത്തിന് ഇറങ്ങിയത്. അങ്ങനെയിരിക്കെ താൻ ജയിച്ചുവരുമെന്നും ജലസേചനമന്ത്രിയാകുമെന്നും തോമസ് ചാണ്ടി പ്രഖ്യാപിച്ചത് എൽഡിഎഫിൽ വലിയ ചർച്ചായി മാറുകയും ചെയ്തു. ഇതോടെയാണ് തോമസ് ചാണ്ടിയെ മന്ത്രിയാക്കില്ലെന്ന ഉറച്ച നിലപാടിലേക്ക് സി.പി.എം എത്തുന്നത്.

ഇക്കാര്യം പാർട്ടി അനൗദ്യോഗികമായി എൻസിപി നേതൃത്വത്തെ അറിയിക്കുകയും ഉഴവൂർ വിജയൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾ ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇതോടെയാണ് പാർട്ടി ദേശീയ നേതൃത്വം മന്ത്രിയെ തീരുമാനിക്കുമെന്ന നിലയിൽ കാര്യങ്ങൾ എത്തുന്നതും തോമസ് ചാണ്ടിയെ ഒഴിവാക്കി പകരം എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനം തേടിയെത്തുകയും ചെയ്തത്.

രണ്ടരവർഷം ശശീന്ദ്രനും തുടർന്ന് രണ്ടരവർഷം തോമസ് ചാണ്ടിയും മന്ത്രിമാരാകുമെന്നായി പിന്നത്തെ പ്രചരണം. ഇതിന് പിന്നിലും തോമസ് ചാണ്ടി പക്ഷം തന്നെയായിരുന്നു. എ്ന്നാൽ അഞ്ചുവർഷവും എൻസിപിക്ക് ഒറ്റ മന്ത്രിതന്നെയാകുമെന്ന് വ്യക്തമാക്കി ഉഴവൂർ വിജയൻ ഉൾപ്പെടുന്ന സംസ്ഥാന നേതൃത്വവും ശരത്പവാർതന്നെയും നിലപാട് വ്യക്തമാക്കിയതോടെ തോമസ്ചാണ്ടി പക്ഷം തൽക്കാലം അടങ്ങുകയായിരുന്നു. ഇതിനു പിന്നാലെ ശശീന്ദ്രനെ താഴെയിറക്കാൻ നടത്തിയ ചരടുവലികളാണ് ഇപ്പോൾ ലൈംഗിക ആരോപണമായി പുറത്തുവന്നതെന്നാണ് സർക്കാരും എൻസിപി സംസ്ഥാന നേതൃത്വവും സംശയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP