Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോമസ് ചാണ്ടിയെ മറികടന്ന് നേരിട്ട് പവാറുമായി ഡീൽ ഉറപ്പിക്കാൻ ശ്രമിച്ചത് ഗണേശിന് പാരയായി; ബദ്ധശത്രുക്കളായ തോമസ് ചാണ്ടിയും ശശീന്ദ്രനും ഗണേശിനെതിരെ നിലപാട് എടുത്തു; ഗണേശിന്റെ മന്ത്രിസ്ഥാന പ്രതീക്ഷയുടെ അവസാനത്തെ പഴുതും അടഞ്ഞു

തോമസ് ചാണ്ടിയെ മറികടന്ന് നേരിട്ട് പവാറുമായി ഡീൽ ഉറപ്പിക്കാൻ ശ്രമിച്ചത് ഗണേശിന് പാരയായി; ബദ്ധശത്രുക്കളായ തോമസ് ചാണ്ടിയും ശശീന്ദ്രനും ഗണേശിനെതിരെ നിലപാട് എടുത്തു; ഗണേശിന്റെ മന്ത്രിസ്ഥാന പ്രതീക്ഷയുടെ അവസാനത്തെ പഴുതും അടഞ്ഞു

തിരുവനന്തപുരം: എൻസിപിയിലൂടെ മന്ത്രസഭയിലേക്ക് എത്താനുള്ള കെബി ഗണേശ് കുമാറിന്റെ നീക്കത്തിന് തിരിച്ചടി. കേരള കോൺഗ്രസി(ബി)നെ എൻസിപിയുടെ ഭാഗമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു തോമസ്ചാണ്ടി-എ.കെ.ശശീന്ദ്രൻ വിഭാഗങ്ങൾ ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ മുംബൈയിൽ കണ്ട് ആവശ്യപ്പെട്ടു. പാർട്ടിയിലെ ഈ പ്രബലവികാരം പരിഗണിക്കുമെന്നു പവാർ ഉറപ്പുനൽകിയെന്നാണു വിവരം. തോമസ് ചാണ്ടിയുടെ അറിവില്ലാതെയാണ് എൻസിപിയിലെത്താൻ ഗണേശ് നീക്കം തുടങ്ങിത്. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനാനുവാദവും ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് എൻസിപിയിലെ രണ്ട് പ്രബല വിഭാഗങ്ങൾ ഒരുമിച്ചത്.

ഗണേശ് കുമാർ മന്ത്രിയായാൽ തങ്ങളുടെ രാഷ്ട്രീയ ഭാവി തീർന്നുവെന്ന് ശശീന്ദ്രനും തോമസ് ചാണ്ടിയും വിലയിരുത്തുന്നു. പിള്ള വിഭാഗത്തെ എൻസിപിയിൽ ലയിപ്പിച്ചു കെ.ബി.ഗണേശ് കുമാറിനെ മന്ത്രിയാക്കാൻ എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരനാണ് കരുക്കൾ നീക്കിയത്. ഇതിനെ സംസ്ഥാന നേതൃയോഗത്തിൽ ചാണ്ടി-ശശീന്ദ്രൻ വിഭാഗങ്ങൾ എതിർത്തു. എന്നിട്ടും ആ നീക്കം പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്നു വന്നതോടെയാണ് എ.കെ.ശശീന്ദ്രൻ, മാണി സി.കാപ്പൻ, സലീം പി.മാത്യു എന്നിവർ പവാറിനെ സമീപിച്ചത്. വിദേശത്തായതിനാൽ ചാണ്ടി കൂടിക്കാഴ്ചയ്ക്കുണ്ടായില്ല. ഗണേശിനു പകരം കോവൂർ കുഞ്ഞുമോനെ മന്ത്രിയാക്കാമെന്ന അഭിപ്രായമാണ് തോമസ് ചാണ്ടിക്കുള്ളത്. എന്നാൽ ഇതിനേയും ശശീന്ദ്രൻ അനുകൂലിക്കുന്നില്ല. അതുകൊണ്ട് തന്നെ എൻസിപിക്ക് ഉടനൊന്നും മന്ത്രിയുണ്ടാകില്ലെന്നാണ് സൂചന.

കേസുകളിൽ കുടുങ്ങിയ തോമസ് ചാണ്ടിക്കും ശശീന്ദ്രനും മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്താൻ കഴിയാത്തതിനാൽ പുറത്തുള്ള ഒരാളെ എൻസിപിയുടെ മന്ത്രിയാക്കണമെന്ന അഭിപ്രായം കേന്ദ്രനേതൃത്വത്തിനുമുണ്ട്. ഗണേശിന്റെ കാര്യം അങ്ങനെ പരിഗണിക്കാമെന്ന സൂചന പവാർ നൽകിയെങ്കിലും കേരള നേതാക്കൾ എതിർക്കുകയായിരുന്നു. ആർ.ബാലകൃഷ്ണപിള്ള നേരത്തേ ഉൾപ്പെട്ട കേസുകളുടെ വിശദാംശങ്ങൾ അവർ പവാറിനു കൈമാറി. പിള്ളയെ പാർട്ടിയിലെടുത്താൽ എൽഡിഎഫിലെ ഘടകകക്ഷിസ്ഥാനം വരെ ഭീഷണിയിലാകുമെന്നു ബോധ്യപ്പെടുത്താനായിരുന്നു നേതാക്കളുടെ ശ്രമം. പാർട്ടിയെ മൊത്തത്തിൽ ബാലകൃഷ്ണ പിള്ള കൈയടക്കുമെന്നാണ് തോമസ് ചാണ്ടിയുടെ ഭയം.

ശശീന്ദ്രനും തോമസ് ചാണ്ടിയും ഒരുമിക്കുമ്പോൾ അവസാനിക്കുന്നത് ഗണേശ് കുമാറിന്റെ മന്ത്രിസ്ഥാന മോഹമാണ്. ഗണേശിനെ ഗതാഗത വകുപ്പ് ഏൽപ്പിക്കാൻ പിണറായി വിജയനുണ്ട്. എന്നാൽ കേരളാ കോൺഗ്രസ് ബി ഇടതു മുന്നണിയിൽ അംഗമല്ല. ഈ സാഹചര്യത്തിലാണ് എൻസിപി പ്രതിനിധിയാക്കാൻ നീക്കം നടത്തിയത്. ഈ ശ്രമം പൊലിഞ്ഞതോടെ ഗണേശിനെ മന്ത്രിസഭയിലെടുക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടുമോ എന്ന ചർച്ചയാണ് സജീവമാകുന്നത്. കേരളാ കോൺഗ്രസ് ബിയെ ഇടതുമുന്നണിയിൽ എടുക്കാനുള്ള ചർച്ചകൾ സിപിഎം തുടങ്ങുമെന്നും സൂചനയുണ്ട്. അങ്ങനെ എങ്കിൽ ഗണേശിന് മന്ത്രിയാകാൻ കഴിയും.

അതിനിടെ എൻസിപിയിൽ ഗ്രൂപ്പ് പോര് മൂക്കുകയുമാണ്. മാണി സി.കാപ്പനെതിരെ കേന്ദ്രനേതൃത്വത്തിനു പീതാംബരൻ നൽകിയ പരാതിയിന്മേൽ തന്റെ ഭാഗം കാപ്പൻ വിശദീകരിച്ചു. സംസ്ഥാന നിർവാഹകസമിതി അംഗം പ്രദീപ് പാറപ്പുറം, കുന്നത്തുനാട് ബ്ലോക്ക് സെക്രട്ടറി സി.വി.വർഗീസ് എന്നിവർക്കെതിരെ പീതാംബരനെടുത്ത സസ്‌പെൻഷൻ പിൻവലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ, നടപടികൾ പാടില്ലെന്ന കാര്യം പരിഗണിക്കാമെന്നും പവാർ അറിയിച്ചു. സംഘടനാ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലുള്ള പരാതികളും പവാറിനെ ധരിപ്പിച്ചു.

അതിനിടെ സാമ്പത്തിക തട്ടിപ്പിലും വഞ്ചനാക്കേസിലും പെട്ടയാളെ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമാക്കാൻ എൻസിപി നേതൃത്വം ശ്രമിക്കുന്നതായി പരാതി ഉയരുകയാണ്. പാർട്ടി കേന്ദ്രനേതൃത്വത്തിനും സിപിഎമ്മിനും പരാതി നൽകാൻ പാർട്ടിയിലെ ഒരു വിഭാഗം തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP