Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണമെറിഞ്ഞ് രാഷ്ട്രീയക്കാരെ കൈയിലെടുത്ത് പ്രതിപക്ഷ പ്രതിഷേധം പോലും പേരിനു മാത്രമാക്കി; അനുപമയെ സ്വാധീനിക്കാനുള്ള നീക്കം ഫലിക്കാത്തത് തിരിച്ചടിയും; വേങ്ങരയ്ക്ക് ശേഷം കുവൈറ്റ് ചാണ്ടിക്ക് മന്ത്രിസ്ഥാനം നഷ്ടമാകും; ലേക് പാലസിൽ കൈയേറ്റമെന്ന കളക്ടറുടെ റിപ്പോർട്ട് ഗതാഗതമന്ത്രിക്ക് വിനയാകും; മന്ത്രിയാകാൻ ജയരാജന് സാധ്യത കൂടുതൽ

പണമെറിഞ്ഞ് രാഷ്ട്രീയക്കാരെ കൈയിലെടുത്ത് പ്രതിപക്ഷ പ്രതിഷേധം പോലും പേരിനു മാത്രമാക്കി; അനുപമയെ സ്വാധീനിക്കാനുള്ള നീക്കം ഫലിക്കാത്തത് തിരിച്ചടിയും; വേങ്ങരയ്ക്ക് ശേഷം കുവൈറ്റ് ചാണ്ടിക്ക് മന്ത്രിസ്ഥാനം നഷ്ടമാകും; ലേക് പാലസിൽ കൈയേറ്റമെന്ന കളക്ടറുടെ റിപ്പോർട്ട് ഗതാഗതമന്ത്രിക്ക് വിനയാകും; മന്ത്രിയാകാൻ ജയരാജന് സാധ്യത കൂടുതൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കൈയറ്റ വിവാദത്തിൽ മന്ത്രി തോമസ് ചാണ്ടി കുടുങ്ങുമെന്ന് ഉറപ്പായി. വേങ്ങര തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിയുടെ രാജി മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു വാങ്ങുമെന്നാണ് സൂചന. പകരം എൻസിപിക്കാർ ആരും മന്ത്രിയാകില്ല. ബന്ധുത്വ നിയമന വിവാദത്തിൽ രാജിവച്ച ഇപി ജയരാജന് നറുക്കു വീഴും. ജയരാജന് വേണ്ടി മന്ത്രിസഭയിൽ വകുപ്പ് മാറ്റവും ഉണ്ടാകും. അതിനിടെ ജയരാജൻ മന്ത്രിയാകുന്നത് തടയാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തുണ്ട്. യുവ മുഖങ്ങളെ സിപിഎമ്മിൽ നിന്ന് മന്ത്രിയാക്കാനാണ് നീക്കം. മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിനുമുന്നിൽ പാർക്കിങ് സ്ഥലവും അപ്രോച്ച് റോഡും നിർമ്മിച്ചത് നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചുതന്നെയെന്നു കണ്ടെത്തിയെന്ന സൂചന ലഭിച്ചതോടെയാണ് സിപിഎമ്മിൽ കരുനീക്കം സജീവമാകുന്നത്.

മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ ജില്ലാ കലക്ടർ ടി.വി. അനുപമ നടത്തുന്ന അന്വേഷണത്തിൽ ഇതുസംബന്ധിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചതായാണു സൂചന. ഈ ഭാഗം തങ്ങളുടേതല്ലെന്ന വാട്ടർ വേൾഡ് ടൂറിസം കമ്പനിയുടെ വാദത്തെത്തുടർന്ന് മന്ത്രിയുടെ ബന്ധു കൂടിയായ സ്ഥലമുടമയെ വിളിച്ചുവരുത്തി നിർമ്മാണങ്ങൾക്കുള്ള അനുമതി രേഖകൾ ആവശ്യപ്പെട്ടെങ്കിലും നൽകിയിട്ടില്ല. നിലം നികത്തിയില്ലെന്നായിരുന്നു ഉടമയായ ലീലാമ്മ ഈശോയുടെ വാദം. ഇതോടെയാണ് നെൽവയൽ-തണ്ണീർത്തട നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി പാർക്കിങ് സ്ഥലംപൊളിച്ചുമാറ്റി നെൽപാടം പൂർവസ്ഥിതിയിലാക്കേണ്ടതുണ്ടെന്ന നിലയിലേക്ക് അന്വേഷണം എത്തുന്നത്. ഇത് മന്ത്രിക്ക് തീർത്തും തിരിച്ചടിയാണ്. മാത്തൂർ ദേവസ്വം ഭൂമി ഇടപാടിലും കള്ളക്കളികൾ തെളിഞ്ഞിട്ടുണ്ട്. ഇതും മന്ത്രിക്ക് തിരിച്ചടിയാണ്.

വേങ്ങരെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വൈകിയേക്കും. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസുകൾ പഠിക്കുകയും കൂടുതൽ റവന്യൂ രേഖകൾ പരിശോധിക്കുകയും ചെയ്തതിനു ശേഷമേ കലക്ടർ സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കൂ എന്നാണു വിവരം. തിടുക്കത്തിൽ അന്വേഷണം പൂർത്തിയാക്കേണ്ടതില്ലെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാടെന്നാണു സൂചന. വേങ്ങര ഉപതെരഞ്ഞെടുപ്പിന് ശേഷം മന്ത്രിയെ മാറ്റാനാണ് പിണറായി ആഗ്രഹിക്കുന്നത്. അതിനിടെ ഘടകകക്ഷികളേയും മറ്റും ഒപ്പം നിർത്തി മന്ത്രിസ്ഥാനം ഉറപ്പിക്കാനുള്ള നീക്കം തോമസ് ചാണ്ടിയും നടത്തുന്നുണ്ട്. എൻസിപിയിലെ ഔദ്യോഗിക വിഭാഗവും തോമസ് ചാണ്ടിക്ക് പിന്തുണയുമായുണ്ട്. എന്നാൽ ആലപ്പുഴ കളക്ടർ അനുപമയെ സ്വാധീനിക്കാൻ കഴിയാത്തതാണ് വിനയായത്.

ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് ജയരാജനെ മന്ത്രിയാക്കാൻ പിണറായി കരുനീക്കം തുടങ്ങിയത്. ബന്ധുത്വ നിമയന വിവാദത്തിൽ കുടുങ്ങിയ ജയരാജൻ കുറ്റവിമുക്തനാണ്. ജയരാജനെ മന്ത്രിയാക്കാൻ പക്ഷേ പാർട്ടി അനുമതി വേണം. കേന്ദ്ര കമ്മറ്റി ഇതിന് പച്ചക്കൊടി കാട്ടുമെന്നാണ് ഇപി അനുകൂലികളുടെ പ്രതീക്ഷ. എന്നാൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ ബന്ധുത്വനിയമനത്തിലെ വില്ലൻ പുറത്തു നിൽക്കട്ടേയെന്നാണ് കോടിയരിയുടെ പക്ഷം. കോടതി കുറ്റവിമുക്തനാക്കിയെങ്കിലും തെറ്റുകൾ ജയരാജന് സംഭവിച്ചുവെന്ന് തന്നെയാണ് കോടിയേരിയുടെ വിലയിരുത്തൽ. ഇത് പുതിയ തലത്തിലെ ചർച്ചകൾക്ക് സിപിഎമ്മിൽ വഴിവയ്ക്കും. എന്നാൽ പാർട്ടിയിൽ പിണറായിക്കുള്ള സ്വാധീനം ജയരാജനെ മന്ത്രിയാക്കാനാണ് സാധ്യത.

ലേക് പാലസ് റിസോർട്ടിനു മുന്നിലെ പാർക്കിങ് സ്ഥലവും അപ്രോച്ച് റോഡും ഉൾപ്പെടുന്ന നാല് ഏക്കർ ഭൂമി, രേഖകൾ പ്രകാരം ലീലാമ്മ ഈശോയുടെ പേരിലാണ്. 2007-ലാണ് ഭൂമി ഇവരുടെ പേരിലായത്. റിസോർട്ട് ഉടമകളായ വാട്ടർ വേൾഡ് ടൂറിസം കമ്പനിയും പാർക്കിങ് ഏരിയയുടെ ഉടമയായ ലീലാമ്മ ഈശോയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകനും തങ്ങൾ നിലം നികത്തിയില്ലെന്നാണ് കലക്ടറുടെ ഹിയറിങ്ങിൽ അറിയിച്ചത്. എന്നാൽ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം വന്നശേഷം നിലം നികത്തൽ നടന്നിട്ടുണ്ടെന്ന് പുഞ്ച സ്പെഷൽ ഓഫീസർ വ്യക്തമാക്കി. അനധികൃതമായി നിലംനികത്തിയതായി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കലക്ടർ നേരത്തേ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

പാർക്കിങ് ഭാഗത്ത് കേരള നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമത്തിലെ മൂന്നാം വകുപ്പന്റെ ലംഘനമുണ്ടെന്നാണ് കലക്ടർ കണ്ടെത്തിയത്. പൊതുചാലിന്റെ വശങ്ങളിൽ കരിങ്കൽ കെട്ടുന്നതിന് പാടശേഖര സമിതിയുടെയോ കൃഷി ഓഫീസറുടെയോ അനുമതി വാങ്ങിയിട്ടില്ല. പാർക്കിങ്ങിനും വഴിക്കുമായുള്ള നികത്തലിന് യാതൊരുവിധ അനുമതിയുമില്ലെന്നും ഈ നികത്തൽ 2014-നു ശേഷമാണെന്നും കണ്ടെത്തിയിരുന്നു.നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ലംഘനം സ്ഥിരീകരിച്ചാൽ പാർക്കിങ് സ്ഥലവും അപ്രോച്ച് റോഡും പൊളിച്ചുനീക്കി നെൽപാടം പൂർവസ്ഥിതിയിലാക്കാൻ ഉത്തരവിടാനാകും.

സംഭവത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിലാണ്. കരുവേലി പാടശേഖരത്തിലെ വെള്ളം ഒഴുകിപ്പോകുന്ന നീർച്ചാലിന്റെ ഗതി മാറ്റിയിരുന്നതായും പുഞ്ച സ്പെഷൽ ഓഫീസർ തെളിവ് നൽകിയിട്ടുണ്ട്. എന്നാൽ ഗതി മാറ്റിവിട്ടിട്ടില്ലെന്നായിരുന്നു പാടശേഖര സമിതിയുടെ മൊഴി. നീർച്ചാലിന്റെ ഗതിമാറ്റിയതായി കലക്ടറുടെ പ്രാഥമിക റിപ്പോർട്ടിലുണ്ടായിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ലേക് പാലസ് റിസോർട്ടും മാർത്താണ്ഡം കായലും സന്ദർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP