Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോമസ് ചാണ്ടിയോട് രാജി ചോദിച്ചു വാങ്ങാൻ പിണറായി വിജയന്റെ ഇരട്ടച്ചങ്കിനും ധൈര്യമില്ലേ? രാജിചർച്ചകൾ കൊഴുക്കുമ്പോൾ രണ്ടു വർഷം കഴിഞ്ഞുണ്ടാകുമെന്ന് പറഞ്ഞ് പരിഹസിച്ച് ചാണ്ടി; ഇ പി ജയരാജന് ലഭിക്കാത്ത ആനുകൂല്യം കായൽ കയ്യേറ്റക്കാരന് നൽകുന്നതിൽ സിപിഎമ്മിൽ അമർഷം ശക്തം; ഇന്നത്തെ എൽഡിഎഫ് യോഗം നിർണായകം; എ കെ ശശീന്ദ്രൻ ലൈംഗിക കേസിൽ നിന്നും മുക്തനായാൽ രാജിയാകാമെന്ന് ഫോർമുലയുമായി എൻസിപി

തോമസ് ചാണ്ടിയോട് രാജി ചോദിച്ചു വാങ്ങാൻ പിണറായി വിജയന്റെ ഇരട്ടച്ചങ്കിനും ധൈര്യമില്ലേ? രാജിചർച്ചകൾ കൊഴുക്കുമ്പോൾ രണ്ടു വർഷം കഴിഞ്ഞുണ്ടാകുമെന്ന് പറഞ്ഞ് പരിഹസിച്ച് ചാണ്ടി; ഇ പി ജയരാജന് ലഭിക്കാത്ത ആനുകൂല്യം കായൽ കയ്യേറ്റക്കാരന് നൽകുന്നതിൽ സിപിഎമ്മിൽ അമർഷം ശക്തം; ഇന്നത്തെ എൽഡിഎഫ് യോഗം നിർണായകം; എ കെ ശശീന്ദ്രൻ ലൈംഗിക കേസിൽ നിന്നും മുക്തനായാൽ രാജിയാകാമെന്ന് ഫോർമുലയുമായി എൻസിപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തോമസ് ചാണ്ടിയിൽ നിന്നും രാജി ചോദിച്ചു വാങ്ങാൻ ഇരട്ടച്ചങ്കനെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയനും ശക്തിയില്ലേ? ഇടതു സർക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞതോടെ സിപിഎമ്മിനുള്ളിൽ നിന്നു തന്നെ മുറുമുറുപ്പ് ശക്തമായി തുടങ്ങി. ഇ പി ജയരാജന് ലഭിക്കാത്ത അനൂകുല്യം എന്തിന് കായൽകൈയേറ്റക്കാരനായ മന്ത്രിക്ക് ലഭിക്കുന്നു എന്നതാണ് പൊതുവേ ഉയരുന്ന ചോദ്യം. എന്നാൽ, മുന്നണി മര്യാദ എന്ന നിലയിൽ കാര്യങ്ങളെ കാണാനാണ് പിണറായി വിജയന്റെ നീക്കം. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ചാണ്ടിയെ ഇപ്പോഴും സംരക്ഷിക്കുന്നത്.

അതേസമയം താൻ രാജിവെക്കില്ലെന്ന ശക്തമായ സൂചനയാണ് തോമസ് ചാണ്ടി വീണ്ടും നൽകുന്നത്. കായൽ കയ്യേറ്റ ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന സൂചന നൽകി തോമസ് ചാണ്ടി. ഉടൻ രാജിവയ്ക്കുമോ എന്നു ചോദിച്ച മാധ്യമ പ്രവർത്തകർക്ക്, 'രണ്ടു വർഷത്തിനുശേഷം രാജിയുണ്ടാകും' എന്ന പരിഹാസപൂർവമായ മറുപടിയാണ് മന്ത്രി നൽകിയത്. മന്ത്രിയുമായി ബന്ധപ്പെട്ട വിവാദം ഞായറാഴ്ച ഇടതുമുന്നണി ചർച്ച ചെയ്യാനിരിക്കെ, യോഗത്തിൽ പങ്കെടുക്കാനായി അദ്ദേഹം തിരുവനന്തപുരത്തെത്തി.

കായൽ കയ്യേറ്റ ആരോപണത്തിൽ സമ്മർദം ശക്തമാകുമ്പോഴും തോമസ് ചാണ്ടിയുടെ രാജിയിൽ തീരുമാനം നീളുകയാണ്. നിയമോപദേശം പൂർണമായും എതിരായതോടെ സിപിഎമ്മും സിപിഐയും നിലപാട് ശക്തമാക്കിയെങ്കിലും മന്ത്രിയും എൻസിപി നേതൃത്വവും രാജിയില്ലെന്ന നിലപാടിൽ തന്നെയാണ്. മന്ത്രിക്കു കൂടുതൽ കുരുക്കായി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം പുറത്തുവന്നതാണ് സ്ഥിതിഗതികൾ മാറ്റിമറിച്ചത്. കലക്ടറുടെ റിപ്പോർട്ടിന് നിയമപരമായ സാധുതയുണ്ടെന്നും കയ്യേറ്റവും നികത്തലും നടന്നിട്ടുണ്ടെന്ന കണ്ടെത്തലുകൾ തള്ളിക്കളയില്ലെന്നുമാണ് എജിയുടെ നിലപാട്. തുടർനടപടികൾ തീരുമാനിക്കേണ്ടത് സർക്കാരാണെന്നും നിയമോപദേശം വ്യക്തമാക്കുന്നു.

തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റവും വയൽനികത്തലും സംബന്ധിച്ച ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് തള്ളാനാവില്ലെന്നാണ് നിയമോപദേശത്തിൽ പറയുന്നത്. കലക്ടറുടെ റിപ്പോർട്ടിന് നിയമപരമായ സാധുതയുണ്ട്. എന്നാൽ റിപ്പോർട്ടിനെ തന്നെ ചോദ്യം ചെയ്ത് മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതിവിധി വരും വരെ കാത്തിരിക്കണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്.

എ.കെ. ശശീന്ദ്രൻ കുറ്റവിമുക്തനായാൽ തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന പുതിയ നിലപാടാണ് എൻസിപി മുന്നോട്ടുവച്ചത്. ഇക്കാര്യം തോമസ് ചാണ്ടി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ പറഞ്ഞു. ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ പേരിൽ രാജിവയ്‌ക്കേണ്ട സാഹചര്യമില്ല. സി.പി.എം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ല. എൻസിപി ഇക്കാര്യം ചർച്ചചെയ്തിട്ടുമില്ല. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും പീതാംബരൻ വ്യക്തമാക്കി.

തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ സർക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ ബാധിച്ചെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുയർന്നു. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കണമെന്ന് കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു.സി.പി.എം സംസ്ഥാന സമിതിയിൽ കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ തോമസ് ചാണ്ടി വിഷയം പരാമർശിച്ചിരുന്നില്ല. എന്നാൽ ചർച്ചയിൽ പങ്കെടുത്ത ചില അംഗങ്ങൾ രാജി വൈകരുതെന്ന ആവശ്യം മുന്നോട്ട് വയ്ക്കുകയായിരുന്നു.

ഞായറാഴ്ചത്തെ എൽഡിഎഫ് യോഗത്തിലും എൻസിപി നിലപാട് ആവർത്തിക്കും. ഹൈക്കോടതിയിലുള്ള കേസിൽ തീരുമാനമാകും വരെ കാക്കണമെന്നും എൻസിപി ആവശ്യപ്പെടും. എന്നാലിത് സിപിഎമ്മും സിപിഐയും അംഗീകരിക്കാനിടയില്ലെന്നാണ് സൂചന. എന്നാൽ ചാണ്ടിയിൽ നിന്നും രാജി ചോദിച്ചു വാങ്ങാൻ മുഖ്യമന്തച്രി തയ്യാറാകുമോ എന്നതാണ് കണ്ടറിയേണ്ടത്. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാനസമിതിയും തീരുമാനം എൽഡിഎഫിനു വിട്ടു. രാജി അനിവാര്യമാണെന്ന നിലപാട് യോഗത്തിൽ സിപിഐ കൈക്കൊള്ളും. ഇതിനെ സി.പി.എം എതിർക്കില്ലെന്നാണു സൂചന. എ.കെ.ശശീന്ദനെതിരായ കേസ് ഒത്തുതീർപ്പിലേക്കു നീങ്ങിയതിനാൽ, സ്ഥാനമേൽക്കുമ്പോൾ നൽകിയ വാക്കു പാലിച്ചു തോമസ് ചാണ്ടി ശശീന്ദ്രനുവേണ്ടി വഴിമാറുന്നുവെന്ന തരത്തിൽ രാജിയെ വ്യാഖ്യാനിക്കാനാണ് ഇപ്പോഴത്തെ നീക്കം.

തോമസ് ചാണ്ടി പ്രശ്‌നം അജൻഡയിൽ ഇല്ലായിരുന്നെങ്കിലും ചില അംഗങ്ങൾ ഉന്നയിച്ചതോടെയാണു സി.പി.എം സംസ്ഥാന സമിതിയിൽ അതു ചർച്ചയായത്. മന്ത്രി രാജിവയ്ക്കണമെന്ന് അഭിപ്രായങ്ങളുണ്ടായെങ്കിലും മുന്നണിയിൽ തീരുമാനിക്കുന്നതാണ് ഉചിതമെന്നു യോഗം പൊതുനിലപാടെടുത്തു. ഇത് അംഗീകരിച്ചാണു സംസ്ഥാന സമിതി പിരിഞ്ഞത്. ഇന്നുച്ചയ്ക്കു രണ്ടിനാണ് എൽഡിഎഫ് യോഗം .

സിപിഐയുടെയും എൻസിപിയുടെയും വിരുദ്ധ നിലപാടുകൾ കാരണം മുന്നണി യോഗത്തിൽ വിഷയം സങ്കീർണമാകുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. മുന്മന്ത്രി എ.കെ.ശശീന്ദ്രൻ കുറ്റവിമുക്തനായാൽ തോമസ് ചാണ്ടി സ്ഥാനം ഒഴിയുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ ഇന്നലെ വ്യക്തമാക്കിയെങ്കിലും രാജിവയ്‌ക്കേണ്ടതില്ല എന്ന നിലപാടാണ് അദ്ദേഹത്തിനും. സി.പി.എം, സിപിഐ പാർട്ടികൾ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ആരോപണങ്ങൾ സംബന്ധിച്ച എല്ലാ കാര്യങ്ങളും തോമസ് ചാണ്ടി മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും പീതാംബരൻ പറഞ്ഞു.

തനിക്കെതിരായ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിനെ ഹൈക്കോടതിയിൽ മന്ത്രി ചാണ്ടി ചോദ്യം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച കോടതിയുടെ തീരുമാനം പ്രതീക്ഷിക്കുന്നു. അതുവരെ കാത്തിരിക്കണമെന്ന് ഇന്നത്തെ മുന്നണി യോഗത്തിൽ ആവശ്യപ്പെടാനാണ് എൻസിപിയുടെ തീരുമാനം. കല്ക്ടറുടെ റിപ്പോർട്ടിനെ അംഗീകരിച്ചും ചാണ്ടിയുടെ നിലപാടിനെ എതിർത്തും അഡ്വക്കറ്റ് ജനറൽ നിയമോപദേശം നൽകിയിട്ടുള്ളതിനാൽ സർക്കാർ വെട്ടിലായ അവസ്ഥയാണ്. ശശീന്ദ്രനെതിരായ കേസ് അവസാനിപ്പിക്കാൻ പരാതിക്കാരിയായ യുവതിയുടെ സമ്മതത്തോടെ ശ്രമം നടക്കുന്നുണ്ടെങ്കിലും ജുഡീഷ്യൽ അന്വേഷണം തുടരുന്നത് ഈ നീക്കത്തിനു തടസ്സമാണ്. ഡിസംബർ 31 വരെയാണു കമ്മിഷന്റെ കാലാവധി. കേസ് ഒത്തുതീർന്നാൽ കമ്മിഷൻ പ്രവർത്തനം വെട്ടിച്ചുരുക്കി റിപ്പോർട്ട് കാലാവധിക്കു മുമ്പേ സമർപ്പിച്ചേക്കുമെന്ന പ്രതീക്ഷ എൻസിപിക്കുണ്ട്. ഇതെല്ലാം പരിഗണിച്ചാണു ചാണ്ടിയുടെ പ്രശ്‌നത്തിൽ ചൊവ്വാഴ്ചവരെ കാത്തിരിക്കണമെന്ന് എൻസിപി ആവശ്യപ്പെടുന്നത്.

കായൽ കയ്യേറ്റ വിഷയത്തിൽ കലക്ടറുടെ റിപ്പോർട്ട് പൂർണമായി തള്ളാനാവില്ല. റിപ്പോർട്ടിനു നിയമപരമായ സാധുതയുണ്ട്. എന്നാൽ റിപ്പോർട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിൽ അതിന്റെ തീരുമാനത്തിനായി കാത്തിരിക്കണമോയെന്നു സർക്കാരിനു തീരുമാനിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP