Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇതുപോലെയുള്ള ചില സുഹൃത്തുക്കൾ ഉണ്ടെങ്കിൽ വേറെ ശത്രുക്കൾ എന്തിന്? എംപി പരമേശ്വരന്റെ മുഖ്യമന്ത്രിയാക്കാനുള്ള പരിശ്രമത്തിന് മറുപടിയുമായി തോമസ് ഐസക്

ഇതുപോലെയുള്ള ചില സുഹൃത്തുക്കൾ ഉണ്ടെങ്കിൽ വേറെ ശത്രുക്കൾ എന്തിന്? എംപി പരമേശ്വരന്റെ മുഖ്യമന്ത്രിയാക്കാനുള്ള പരിശ്രമത്തിന് മറുപടിയുമായി തോമസ് ഐസക്

കൊച്ചി: ഡോ. തോമസ് ഐസക്കിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ച എംപി പരമേശ്വരന് മറുപടിയുമായി തോമസ് ഐസക്ക്. സിപിഐഎമ്മിനെക്കുറിച്ചും പാർട്ടി നേതാക്കളെ കുറിച്ചും അദ്ദേഹം നടത്തിയ പരാമർശങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് തോമസ് ഐസക്ക് തന്റെ ഫേസ്‌ബുക്ക് പേജിൽ എഴുതിയ കുറിപ്പിൽ പറയുന്നു. തന്റെ സുഹൃത്താണ് പരമേശ്വരൻ എന്ന് സമ്മതിച്ചാണ് തോമസ് ഐസക്കിന്റെ വിശദീകരണം.

വി എസ് അച്യുതാനന്ദനേക്കാളും പിണറായി വിജയനേക്കാളും മുഖ്യമന്ത്രിയാകാൻ യോഗ്യൻ തോമസ് ഐസക്കാണെന്നായിരുന്നു നാലാം ലോക വാദക്കാരൻ കൂടിയായ ഇടതുപക്ഷ സഹയാത്രികൻ എംപി പരമേശ്വരൻ അഭിപ്രായപ്പെട്ടത്. വി എസ് അച്യുതാനന്ദന് ഐസക്കിന്റേയത്ര വിവരമില്ല. അദ്ദേഹത്തെ പിന്തുണക്കാൻ ആരുമില്ല. ഉപദേശം കൊടുക്കാൻ അറിവില്ലാത്തവരാണുള്ളത് വി.എസിനെതിരെ അദ്ദേഹം തുറന്നടിക്കുന്നു. കൃഷിയേപ്പറ്റിയും സാമ്പത്തിക ശാസ്ത്രത്തിലും വി.എസിന് വിവരമില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്ക് മനുഷ്യനുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രിയായി ഉയർത്തിക്കാണിക്കുകയാണെങ്കിൽ ദോഷമേ ചെയ്യൂവെന്നും എംപി പരമേശ്വരൻ പറയുന്നു. ഇതിനാണ് തോമസ് ഐസക് മറുപടി നൽകുന്നത്.

ഐസക്കിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചിരുന്നു. എന്നാൽ ഇതുവരെ മറുപടി കിട്ടിയില്ലെന്നും മാതൃഭൂമി ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തോമസ് ഐസക്കിനെ ഉയർത്തിക്കാണിക്കാൻ അദ്ദേഹത്തിന്റെ രാഷ്ട്രീയപരവും ബൗദ്ധികവുമായ നിരവധി ഗുണങ്ങൾ അഭിമുഖത്തിൽ എംപി പരമേശ്വരൻ എടുത്തു കാണിച്ചിരുന്നു. അഴിമതിയില്ലാത്തതും മറ്റാരേക്കാളും വിവരമുള്ളതും കാര്യങ്ങൾ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാൻ ഐസക്കിന് സഹായകമാകും-പരമേശ്വരൻ വിശദീകരിച്ചു. ഇതിനെതിരെയാണ് തോമസ് ഐസക് പോസ്റ്റ് ഇട്ടിരിക്കുന്നത്.

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇതുപോലെ ചില സുഹൃത്തുക്കളുണ്ടെങ്കിൽ വേറെ ശത്രുക്കളെന്തിന്' എന്നാണ് മാതൃഭൂമി വാരികയിലെ എംപി പരമേശ്വരന്റെ അഭിമുഖം വായിച്ച ഒരാൾ എനിക്കയച്ച എസ്എംഎസ് സന്ദേശം. ഈ പ്രതികരണത്തിൽ തുടിച്ചു നിൽക്കുന്ന അമർഷവും പ്രതിഷേധവും സങ്കടവും ആദരണീയനായ എം പി പരമേശ്വരൻ മനസിലാക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. സിപിഐഎമ്മിനെക്കുറിച്ചും പാർട്ടി നേതാക്കളെക്കുറിച്ചും അദ്ദേഹം നടത്തിയ പരാമർശങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണ്.

കേരളത്തിലെ ഇടതുപക്ഷമുന്നേറ്റത്തിന്റെ മുൻനിരയിൽ നിൽക്കുന്ന നേതാക്കളാണ് സഖാക്കൾ പിണറായിയും വിഎസും. ത്യാഗനിർഭരമായ രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭൂതകാലം അവർക്കുണ്ട്. സമാനതകളില്ലാത്ത ജീവിതക്ലേശങ്ങളോടു പൊരുതിയാണ് വലതുപക്ഷ രാഷ്ട്രീയത്തിനെതിരെയുള്ള ബഹുജനമുന്നണി കെട്ടിപ്പെടുക്കുന്നതിൽ ഈ സഖാക്കൾ നിർണായകമായ പങ്കുവഹിച്ചത്. ആ സ്‌നേഹവും ആദരവും കേരളജനത അവർക്കു നൽകുന്നുമുണ്ട്. അവരെ ബഹുജനമധ്യത്തിൽ ഇകഴ്‌ത്തിക്കാണിക്കുന്ന ഒരു ശ്രമവും അംഗീകരിക്കാനാവില്ല. എംപിയെപ്പോലൊരാളിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കുന്ന പ്രവൃത്തിയല്ല അത്.

പാർട്ടി സഖാക്കൾ വഹിക്കേണ്ട ചുമതലകളെക്കുറിച്ച് തീരുമാനമെടുക്കാൻ പാർട്ടിക്കു പാർട്ടിയുടേതായ രീതികളുണ്ട്. അതറിയാത്ത ആളല്ല എം പി. ഇക്കാര്യം അർഹിക്കുന്ന സ്‌നേഹബഹുമാനങ്ങളോടെ ഓർമ്മപ്പെടുത്തുകയാണ്, എം പിയുടെ കത്തിന് മറുപടി പറയാതിരിക്കുക വഴി സഖാവ് സീതാറാം യെച്ചൂരി ചെയ്തത്. പരിണിതപ്രജ്ഞനായ എംപിക്ക് അതു മനസിലാകേണ്ടതായിരുന്നു. അഭിമുഖത്തിലെ ഓരോ കാര്യങ്ങൾക്കും വെവ്വേറെ ഞാൻ മറുപടിയെഴുതുന്നില്ല. പാർട്ടിയുമായും പാർട്ടി നേതാക്കളുമായും ബന്ധപ്പെട്ടു നടത്തിയ എല്ലാ പരാമർശങ്ങളും പ്രതിഷേധാർഹമാണ്. ഇതുമായി ബന്ധപ്പെട്ട് അനാവശ്യ ചർച്ചകൾ ഉയർത്തരുത് എന്ന് പാർട്ടി സഖാക്കളോടും പാർട്ടി ബന്ധുക്കളോടും അഭ്യർത്ഥിക്കുന്നു.

 

"ഇതുപോലെ ചില സുഹൃത്തുക്കളുണ്ടെങ്കിൽ വേറെ ശത്രുക്കളെന്തിന്" എന്നാണ് മാതൃഭൂമി വാരികയിലെ എംപി പരമേശ്വരന്റെ അഭിമുഖം വായിച...

Posted by Dr.T.M Thomas Isaac on Tuesday, November 24, 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP