Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖജനാവിൽ പണമുണ്ടെന്ന് ഉമ്മൻ ചാണ്ടി വീമ്പുപറഞ്ഞത് കുടിശ്ശികയൊന്നും കൊടുത്തുതീർക്കാതെ; മാണിയെയും ഉമ്മൻ ചാണ്ടിയെയും പൊളിച്ചടുക്കി തോമസ് ഐസകിന്റെ ധവളപത്രം; നികുതിയിളവുകൾ കൊടുത്തുകൊടുത്ത് ധനസ്ഥിതി തകർത്തെന്ന് ആരോപണം

ഖജനാവിൽ പണമുണ്ടെന്ന് ഉമ്മൻ ചാണ്ടി വീമ്പുപറഞ്ഞത് കുടിശ്ശികയൊന്നും കൊടുത്തുതീർക്കാതെ; മാണിയെയും ഉമ്മൻ ചാണ്ടിയെയും പൊളിച്ചടുക്കി തോമസ് ഐസകിന്റെ ധവളപത്രം; നികുതിയിളവുകൾ കൊടുത്തുകൊടുത്ത് ധനസ്ഥിതി തകർത്തെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അന്നന്നത്തെ ചെലവുകൾക്കുപോലും പണമില്ലാതെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും ഖജനാവിൽ ഇഷ്ടംപോലെ പണമുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത് കുടിശ്ശിക കൊടുക്കാനുള്ള ബില്ലുകൾ കൊടുത്തൂതീർക്കാതെയായിരുന്നെന്നും ധനമന്ത്രി തോമസ് ഐസക്. യുഡിഎഫ് സർക്കാരിന്റെ കാലത്തെ സാമ്പത്തിക അച്ചടക്കമില്ലായ്മയും പോരായ്മകളും അക്കമിട്ടു നിരത്തിയ ധവളപത്രം സഭയിൽ അവതരിപ്പിച്ച തോമസ് ഐസക് സംസ്ഥാനം ഗുരുതരമായ സാമ്പത്തിക സ്ഥിതിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കി. പ്രത്യക്ഷമായും പരോക്ഷമായും മുൻ ധനമന്ത്രി കെഎം മാണിയുടേയും മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയുടേയും ധനകാര്യനയങ്ങളെ കുറ്റപ്പെടുത്തുകയും തുറന്നുകാട്ടുകയും ചെയ്യുന്ന ധവളപത്രമാണ് ഐസക് തയ്യാറാക്കിയിട്ടുള്ളത്.

ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഉമ്മൻ ചാണ്ടി കൈമാറിയത് കാലിയായ ഖജനാവെന്ന് തോമസ് ഐസക് സ്ഥാനമേറ്റയുടൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ട്രഷറിയിൽ ആവശ്യത്തിന് പണമുണ്ടെന്നും ഐസക് പറഞ്ഞത് ശരിയല്ലെന്നും ആരോപിച്ചാണ് ഉമ്മൻ ചാണ്ടി രംഗത്തെത്തിയത്. യുഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ 1643 കോടി ട്രഷറിയിൽ ബാക്കിയുണ്ടായിരുന്നു എന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. മാർച്ച് 31 ലെ കണക്ക് പ്രകാരമായിരുന്നു ഇതെന്നും കൊടുക്കാനുണ്ടായിരുന്ന പണം കൊടുക്കാതെ പിടിച്ചുവച്ച് ട്രഷറിയിൽ ബാക്കിയുണ്ടെന്ന് കാണിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി ചെയ്തതെന്നുമാണ് ഐസക് ഇപ്പോൾ വ്യക്തമാക്കുന്നത്.

മാർച്ച് 31ന് കൊടുത്തുതീർക്കേണ്ട ബില്ലുകൾ മാത്രം കൊടുത്താൽത്തന്നെ മിച്ചം 173 കോടിയേ ട്രഷറിയിലുണ്ടാകൂ. കഴിഞ്ഞ എൽഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ 3200 കോടി രൂപയുടെ വരുമാനമിച്ചം ഉണ്ടായിരുന്നു. നികുതി വരുമാനവും ഭേദപെട്ട നിലയിലായിരുന്നു. തോമസ് ഐസക് പഞ്ഞു. പക്ഷേ പിന്നീടുണ്ടായ അഞ്ചുവർഷം നികുതി പിരിവിലെ വളർച്ച 12 ശതമാനമായി കുറഞ്ഞു. അഞ്ച് വർഷത്തെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ നികുതി വരുമാനം വൻതോതിൽ ഇടിഞ്ഞു. അനാവശ്യമായ നികുതി ഇളവുകൾ നൽകിയതാണ് ഇതിന് കാരണമായി തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നത്.

ജൂവലറി ഉടമകൾ, ക്വാറികൾ, തടിക്കച്ചവടക്കാർ, ബേക്കറി ഉടമകൾ, അരിമിൽ ഉടമകൾ എന്നിവർക്കെല്ലാം കഴിഞ്ഞ സർക്കാർ നികുതി ഇളവുകൾ നൽകിയത് കോഴവാങ്ങിച്ചാണെന്ന് ബാലകൃഷ്ണപ്പിള്ളയും പി സി ജോർജും ഉൾപ്പെടെയുള്ള നേതാക്കൾ മുൻപ് ആരോപിച്ചിരുന്നു. ശിവൻകുട്ടി എംഎൽഎ നിയമസഭയിലും ഈ ആരോപണം ഉന്നയിച്ചിരുന്നു. ബാർകോഴ ആരോപണങ്ങൾ ചൂടുപിടിച്ച വേളയിലായിരുന്നു നികുതി ഇളവു നൽകിയതിനെ ചൊല്ലിയും ആരോപണങ്ങൾ ഉയർന്നത്. മാണി നികുതി ഇളവു നൽകിയ കാര്യം പരോക്ഷമായി വിമർശിച്ചുകൊണ്ട് ഈ ആരോപണങ്ങളെല്ലാം ധവളപത്രത്തിലൂടെ ചൂണ്ടിക്കാട്ടുകയാണ് തോമസ് ഐസക് എന്ന് വ്യക്തം.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടോ എന്ന എല്ലാവരുടേയും സംശയം ധവളപത്രം വായിക്കുന്നതോടെ തീരുമെന്ന് തോമസ് ഐസക് ഫേസ്‌ബുക്ക് പോസ്റ്റിലും വ്യക്തമാക്കുന്നു. 'ഈ മന്ത്രിസഭ അധികാരത്തി വന്നപ്പോൾ ട്രഷറിയിൽ കാശ് എത്ര ഉണ്ടായിരുന്നു എന്നുള്ളതാണല്ലോ ഒരു തർക്കവിഷയം. ഇതടക്കം കഴിഞ്ഞ ഒന്നരമാസമായി കേരളത്തിൽ നടക്കുന്ന ധനസ്ഥിതി സംബന്ധിച്ച തർക്കവിഷയങ്ങളോരോന്നും വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കുന്ന രേഖയാണിത്. വിരസമായ കണക്കുകളെ ലളിതമായ ഗ്രാഫുകളിലൂടെ വിശദീകരിക്കുന്നതിന് ധവളപത്രം വിജയിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

ഇതിനായി ശേഖരിച്ച കണക്കുകളുടെ വമ്പൻശേഖരത്തിന്റെ ചെറിയ ഭാഗം മാത്രമേ ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞിട്ടുള്ളൂ. സമയം ഇല്ല എന്നുള്ളതുതന്നെയാണ് കാരണം. അതുകൊണ്ട് ഫിനാൻസ് സെക്രട്ടറി എബ്രഹാമുമായി കമ്പ്യൂട്ടറിന് മുന്നിലിരുന്ന് അവസാന മിനുക്കുപണികൾ നടത്തിയപ്പോൾ ഒരു പുതിയ ചിന്ത വന്നു . രൂക്ഷമായ ധനപ്രതിസന്ധിയുടെ കാലത്തും പാവങ്ങളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാതെ സാമ്പത്തികവളർച്ച ത്വരിതപ്പെടുത്തുവാനുള്ള വൻ നിക്ഷേപ കുതിപ്പിനുള്ള വികസനതന്ത്രത്തെ സംബന്ധിച്ച് സൂചന നൽകിക്കൊണ്ടാണ് ധവളപത്രം അവസാനിക്കുന്നത്.'- തോമസ് ഐസക് ഫേസ്‌ബുക്ക് പോസ്റ്റിൽ സൂചിപ്പിക്കുന്നു. 15 വർഷത്തെ ധനസ്ഥിതിയെപ്പറ്റി വിശദമായി പഠിച്ച് തയ്യാറാക്കിയ ധവളപത്രം ' കേരളവികസന മാതൃകയെ സ്ഥായിയാക്കാൻ ധനപരിമിതികളെ എങ്ങനെ മറിറകടക്കാം' എന്ന പേര് നൽകി പുസ്തകമാക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP