Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിക്കാരുടെ ആക്രമണം ഭയന്ന് മോദിക്കെതിരായ പരാമർശമുള്ള കോളേജ് മാഗസിൻ പുറത്തിറക്കാൻ പ്രസ്സുകാർക്കു മടി; അച്ചടിച്ചു വച്ച മാഗസിൻ തൃശൂരിലെ പ്രസ് തടഞ്ഞുവച്ചു; നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങി എസ്എഫ്‌ഐ

ബിജെപിക്കാരുടെ ആക്രമണം ഭയന്ന് മോദിക്കെതിരായ പരാമർശമുള്ള കോളേജ് മാഗസിൻ പുറത്തിറക്കാൻ പ്രസ്സുകാർക്കു മടി; അച്ചടിച്ചു വച്ച മാഗസിൻ തൃശൂരിലെ പ്രസ് തടഞ്ഞുവച്ചു; നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങി എസ്എഫ്‌ഐ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശം ഉള്ളതിനാൽ കോളേജ് അധികൃതർ നിരോധിച്ച മാഗസിൻ പുറത്തിറക്കാൻ പ്രസ്സുകാർക്കു മടി. മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എസ്.എഫ്.ഐ യൂണിയൻ പുറത്തിറക്കുന്ന മാഗസിനാണ് കോളേജ് അധികൃതർ നിരോധിച്ചത്.

നരേന്ദ്ര മോദിക്കെതിരായ വിവാദപരാമർശങ്ങൾ ഉള്ളതിനാൽ ബിജെപിക്കാർ ആക്രമിക്കുമോ എന്നു ഭയന്നു പ്രിന്റിങ് പ്രസ്സുകാർ അച്ചടിച്ച മാഗസിനുകൾ വിട്ടുനൽകിയതുമില്ല. കോളേജ് അധികൃതർ ക്യാമ്പസിനുള്ളിൽ പ്രസിദ്ധീകരണം നിരോധിച്ച പുറംമോടി എന്ന മാഗസിനാണ് അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടത്.

കോളേജിൽ നിരോധിക്കപ്പെട്ടതിനാൽ പൂർവവിദ്യാർത്ഥികളും കോളേജിലെ എസ്.എഫ്.ഐ യൂണിയനും ചേർന്ന് മാഗസിൻ പ്രസിദ്ധീകരിച്ച് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ പദ്ധതിയിട്ടു. എന്നാൽ മാഗസിൻ അച്ചടിച്ച് തീർന്നപ്പോൾ നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങളുള്ള മാഗസിൻ തങ്ങൾ നൽകില്ലെന്നാണു പ്രസ്സുകാർ അറിയിച്ചത്. തൃശൂരിലെ എബനേസർ പ്രിന്റേഴ്‌സ് ആണ് ബിജെപി ആക്രമണം ഭയന്ന് മാഗസിൻ നൽകാനാവില്ലെന്ന് അറിയിച്ചത്.

മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കഴിഞ്ഞവർഷം പുറത്തിറക്കാനിരുന്ന മാഗസിൻ ആണിത്. കഴിഞ്ഞവർഷം കുന്നംകുളം പോളിടെക്‌നിക്കിലെയും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെയും മാഗസിനുകൾ നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങളുണ്ടെന്ന പേരിൽ കോളേജ് അധികൃതർ റദ്ദാക്കുകയും വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. വിവാദമായ ഈ നടപടിയെ ചോദ്യം ചെയ്യുന്ന ലേഖന പരമ്പര മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ മാഗസിനിൽ ഉണ്ടായിരുന്നു. ഇതുമൂലമാണ് മഹാരാജാസ് അധികൃതർ മാഗസിന് പ്രസിദ്ധീകരണാനുമതി നിഷേധിച്ചത്.

എന്നാൽ കോളേജിലെ എസ്.എഫ്.ഐ യൂണിയൻ പുറംമോടി മാഗസിന്റെ പ്രസിദ്ധീകരണവുമായി മുന്നോട്ടുപോയി. വിദ്യാർത്ഥികളിൽ നിന്നും സ്വരൂപിച്ച 6000 രൂപ തൃശൂരിലെ എബനേസർ പ്രിന്റേഴ്‌സിന് അഡ്വാൻസ് നൽകി 300 കോപ്പി അച്ചടിക്കാൻ കരാർ നൽകി. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന ഫ്യൂഡൽ വ്യവസ്ഥയ്‌ക്കെതിരെ എന്ന പേരിലുള്ള ലേഖനപരമ്പരയും മാഗസിനിൽ ചേർത്തു.

എന്നാൽ പുസ്തകം തരാമെന്നു സമ്മതിച്ച ദിവസം മാഗസിൻ തരാനാകില്ലെന്നു പ്രസ്സുകാർ അറിയിക്കുകയായിരുന്നു. 'നിങ്ങൾ കാരണം ഞങ്ങളുടെ പ്രസ്സും കത്തും' എന്നാണു പ്രസ് ജീവനക്കാർ വിളിച്ചുപറഞ്ഞതെന്നു പുറംമോടി മാഗസിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു. തങ്ങൾ കൊടുത്ത 6000 രൂപ അഡ്വാൻസും തിരിച്ചുതരാനാകില്ലെന്ന് അവർ പറഞ്ഞതായും ആരോപണമുണ്ട്. നരേന്ദ്ര മോദിക്കെതിരെയുള്ള പരാമർശങ്ങളുണ്ടെന്നതിനാൽ കരാർ ചെയ്ത മാഗസിൻ തരാതിരിക്കുന്ന നടപടിക്കെതിരെ ഉപഭോക്തൃ കോടതിയിൽ കേസ് കൊടുക്കാനിരിക്കുകയാണ് എസ്എഫ്‌ഐ.

എസ്എഫ്‌ഐക്കാരെ ഭയമില്ലെന്നും പാർട്ടി നേതാക്കൾ പറഞ്ഞാൽ അവർ അടങ്ങുമെന്നുമാണു പ്രസ് അധികൃതർ പറയുന്നത്. എന്നാൽ, മോദിക്കെതിരായ പരാമർശമുള്ള മാഗസിൻ പുറത്തുവന്നാൽ അവർ തങ്ങളെ പൂർണമായും നശിപ്പിക്കുമെന്നും അതിനാലാണു പ്രിന്റിങ് പൂർത്തിയായിട്ടും മാഗസിൻ വിട്ടു നൽകാത്തതെന്നും എംഡി ജയിംസ് പറഞ്ഞു.

കഴിഞ്ഞദിവസം മാഗസിന്റെ അഞ്ച് കോപ്പികൾ പ്രസ്സുകാർ എസ്.എഫ്.ഐക്കാർക്ക് നൽകിയിരുന്നു. ഇതുപയോഗിച്ച് വഴിവക്കിൽ വച്ചാണ് മാഗസിൻ പ്രകാശനം ചെയ്തത്. ഇത് വലിയ വാർത്തയായിരുന്നു. നൽകിയ അഞ്ച് മാഗസിനുകളിൽ പ്രസ്സിന്റെ പേരുള്ളതിനാൽ ആക്രമണം ഉണ്ടാകുമെന്ന ഭീതിയിലാണു പ്രസ്സുടമ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP