Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെൻകുമാർ ബിജെപിയിലേക്ക് തന്നെ; ആറ്റിങ്ങൽ ലോക്സഭാ സീറ്റിൽ സജീവ പരിഗണന; ആർഎസ്എസിനെ പരസ്യമായി ന്യായീകരിച്ച മുൻ ഡിജിപി ഇന്ന് ജന്മഭൂമി പ്രതിഭാ സംഗമ വേദിയിൽ; ഇതുവരെ പിന്തുണച്ചിരുന്ന കോൺഗ്രസ് പിന്നോട്ട്

സെൻകുമാർ ബിജെപിയിലേക്ക് തന്നെ; ആറ്റിങ്ങൽ ലോക്സഭാ സീറ്റിൽ സജീവ പരിഗണന; ആർഎസ്എസിനെ പരസ്യമായി ന്യായീകരിച്ച മുൻ ഡിജിപി ഇന്ന് ജന്മഭൂമി പ്രതിഭാ സംഗമ വേദിയിൽ; ഇതുവരെ പിന്തുണച്ചിരുന്ന കോൺഗ്രസ് പിന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആർ.എസ്.എസ് അനുകൂല അഭിമുഖം വിവാദമായതിനു പിന്നാലെ ബിജെപി മുഖപത്രം സംഘടിപ്പിക്കുന്ന പരിപാടിയിലും സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് വിരമിച്ച ടിപി സെൻകുമാർ പങ്കെടുക്കുന്നു. ജന്മഭൂമി ഇന്നു തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമത്തിലാണ് സെൻകുമാർ പങ്കെടുക്കുന്നത്. ഇതോടെ സെൻകുമാറിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാർത്തകളും സജീവമാകുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും വെല്ലുവിളിച്ച് പൊലീസ് മേധാവിസ്ഥാനത്തേയ്ക്ക് മടങ്ങിയെത്തിയ സെൻകുമാർ താരപരിവേഷത്തോടെയാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങിയത്. ജനപക്ഷത്ത് നിന്ന് കാര്യങ്ങൾ അവതരിപ്പിക്കുകയും തുറന്നു പറച്ചിലുകൾ നടത്തുകയും ചെയ്യുന്ന സെൻകുമാർ മലയാളി മനസിൽ സജീവ ചർച്ചാ വിഷയവുമാണ്. ഇതിനിടെ രാഷ്ട്രീയത്തിലിറങ്ങുന്നതിന്റെ സൂചനകളും ചില അഭിമുഖങ്ങളിൽ സെൻകുമാർ നൽകി. ഇതോടെകോൺഗ്രസ്-ബിജെപിയും നേതാക്കൾ സെൻകുമാറിനെ ലക്ഷ്യമിട്ടുള്ള ചരടുവലികൾ അണിയറയിൽ തുടങ്ങുകയും ചെയ്തു. ഇതിനിടെയാണ് തീവ്രവാദത്തെ സംബന്ധിച്ച് സംഘപരിവാറിന് അനുകൂലമായുമുള്ള പരാമർശം സെൻകുമാറിൽ നിന്നുണ്ടായത്. ഇതിനു പിന്നാലെയാണ് ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിൽ സെൻകുമാർ പങ്കെടുക്കുന്നതും.

ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തണമെന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ നിർദ്ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന നേതൃത്വം സെൻകുമാറിന് കൈകൊടുക്കാൻ തയാറാകുന്നത്. ഈഴവ സമുദായത്തിന് ഏറെ പ്രമുഖ്യമുള്ള ആറ്റിങ്ങൽ മണ്ഡലത്തിൽ അതേസമുദായത്തിൽ നിന്നുള്ള സെൻകുമാറിനെ സ്ഥാനാർത്ഥിയാക്കിയുള്ള പരീക്ഷണത്തിനാകും ബിജെപി ശ്രമിക്കുക. നിലവിലെ സാഹചര്യത്തിൽ എൻഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസ് ആറ്റിങ്ങൽ മണ്ഡലത്തിൽ അവകാശവാദമുന്നയിച്ചിട്ടുണ്ട്. എന്നാൽ വെള്ളാപ്പള്ളി നടേശനുമായി ആത്മബന്ധം പുലർത്തുന്ന സെൻകുമാറിനെ സ്ഥാനാർത്ഥിയായി ഇറക്കുന്നതോടെ ബിഡിജെഎസ് പിൻവാങ്ങുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

കാലങ്ങളായി ഈഴവ സമുദായത്തിൽപ്പെട്ടവരാണ് ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിൽനിന്ന് വിജിയിക്കാറുള്ളത്. നേരത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയായ വയലാർ രവി ഇവിടെനിന്ന് വിജയിച്ചതും സമുദായ വോട്ടുകളുടെ ബലത്തിലാണ്. നിലവിലെ എംപി എ സമ്പത്തിന്റെ വിജയത്തിന് പിന്നിലും ഈഴവ സമുദായത്തിന്റെ വോട്ട് നിർണായകമായിട്ടുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഇതുതന്നെയാണ് ഈ മണ്ഡലത്തിൽ അവകാശവാദമുന്നയിക്കാൻ ബിഡിജെഎസിനെ പ്രേരിപ്പിക്കുന്നതും. അതേസമയം സ്വന്തം രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ സെൻകുമാറുമായി വരുംദിവസങ്ങളിൽ ചർച്ച നടത്താനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. ഇതിനിടെ ദേശീയ അധ്യക്ഷൻ അമിത്ഷായുടെ സാന്നിധ്യത്തിൽ സെൻകുമാറുമായി ചർച്ച മതിയെന്ന നിലപാട് സ്വീകരിക്കുന്ന നേതാക്കളുമുണ്ട്.

മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി സെൻകുമാറിന് ആത്മബന്ധമുണ്ടെങ്കിലും നിലവിലെ തുറന്നു പറച്ചിലുകൾ കോൺഗ്രസിന് ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് കെപിസിസി. ഈ സാഹചര്യത്തിൽ സെൻകുമാറിന് പിന്നാലെ പോകേണ്ടതില്ലെന്ന പൊതുവികാരമാണ് പാർട്ടിയിലുള്ളത്. കോൺഗ്രസിന്റെ ഈ പിന്മാറ്റവും സെൻകുമാറിനെ സ്വന്തമാക്കാൻ ബിജെപി നേതൃത്വത്തിന് തുണയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. .

നിയമസഭയിൽ സെൻകുമാറുമായി ബന്ധപ്പെട്ട ചർച്ച നടക്കുമ്പോൾ സെൻകുമാർ ഇപ്പോൾ നിങ്ങളുടെ പക്ഷത്ത് അല്ലെന്നും ബിജെപിക്കൊപ്പമാണെന്നും സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. സെൻകുമാറിനെ വീണ്ടും പൊലീസ് ആസ്ഥാനത്ത് എത്തിച്ചത് ചില ബിജെപി നേതാക്കളുടെ ഇടപെടലാണെന്നും വിലയിരുത്തുന്നവരുണ്ട്.

പിണറായി അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് പുറത്താക്കി. ഈ സമയം കേന്ദ്ര അഡ്‌മിസ്ട്രേറ്റീവ് ട്രിബ്യൂലിന്റെ ഭാഗമാകാൻ സെൻകുമാർ ശ്രമിച്ചു. സെൻകുമാറിനെ നിയമിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലെ സമിതി തീരുമാനിക്കുകയും ചെയ്തു. ഇതിലേക്ക് കാര്യങ്ങളെത്തിച്ചത് സെൻകുമാറിന്റെ ബിജെപി ബന്ധങ്ങളാണെന്ന് സി.പി.എം നേതാക്കൾ കരുതുന്നു. ഇത് പൊളിക്കാനായി ഈ ഫയൽ ഗവർണ്ണർക്ക് അയയ്ക്കാതെ പിടിച്ചു വയ്ക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. പരമാവധി ദ്രോഹങ്ങളും ചെയ്തു. ഇതുകൊണ്ട് തന്നെ ഇടതു ക്യാമ്പിനോട് സെൻകുമാർ തീർത്തും പ്രതിഷേധത്തിലുമാണ്. ഈ വികാരം മുതലെടുത്ത് രാഷ്ട്രീയത്തിലെത്തിക്കാനാണ് ബിജെപിയുടെ ശ്രമം. കേന്ദ്രത്തിൽ അധികാരത്തിലുള്ളതിനാൽ ഉന്നത സ്ഥാനങ്ങളും വാഗ്ദാനവും ചെയ്യുന്നുണ്ടെന്നാണ് സൂചന. ഈഴവ വോട്ട് ബാങ്ക് രാഷ്ട്രീയം കൂടുതൽ അനുകൂലമാക്കാനും ഇതിലൂടെ കഴിയുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

തൃശൂർ ജില്ലയിലെ ചാലക്കുടിക്കാരനാണ് ടി. പി. സെൻകുമാർ. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് . ഇന്ത്യൻ എക്കണോമിക്സ് സർവീസിൽ നിന്നും 1983-ൽ ഇന്ത്യൻ പൊലീസ് സർവീസിൽ എത്തി. ലിസ് സാമ്പത്തികത്തട്ടിപ്പിനെതിരെ നടപടി സ്വീകരിച്ച് ശ്രദ്ധേയനായിരുന്നു. 2006ൽ കെ.എസ്.ആർ.ടി.സി. എം.ഡി. ആയി നിയമിതനായി. 2010-ൽ കേരള ട്രാൻസ്പോർട്ട് കമ്മിഷണർ ആയിരുന്നു.

കേരള പൊലീസിന്റെ രഹസ്യാന്യോഷണ വിഭാഗത്തിന്റെ എ. ഡി. ജി. പി ആയി അദ്ദേഹം സേവനം അനുഷ് ഠിച്ചിട്ടുണ്ട്. ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ഫേസ്‌ബുക്ക് ഇടപെടലുകൾ തുറന്ന് കാട്ടിയത് സെൻകുമാറാണ്. അങ്ങനെ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളെല്ലാം ആരേയും പേടിക്കാതെ ചെയ്ത ഉദ്യോഗസ്ഥനാണ് സെൻകുമാറെന്ന് മലയാളി വിലയിരുത്തുന്നു. പിണറായി സർക്കാരിനെതിരെ നടത്തിയ നിയമപോരാട്ടത്തിലെ വിജയത്തിലൂടെ ഹീറോയുമായി.

2004ൽ ഐജിയായിരിക്കെ, എംജി കോളേജിൽ എബിവിപി പ്രവർത്തകർക്കെതിരെ പൊലീസ് നടപടിക്കിടയ്ക്ക് വിദ്യാർത്ഥികളെ ക്ലാസ്സുമുറിയിൽ കയറി തല്ലിയതിന് അദ്ദേഹം കോൺസ്റ്റബിളിന്റെ കോളറിനുപിടിച്ച് വിലക്കിയത് വലിയ വിവാദമായിരുന്നു. പൊതുജനങ്ങൾ മാത്രമല്ല, പൊലീസും നിയമം പാലിക്കണമെന്നായിരുന്നു സെൻകുമാറിന്റെ അന്നത്തെ മറുപടി. 2006ൽ ഇടതു മന്ത്രിസഭ അധികാരത്തിലേറിയ ഉടൻ തന്നെ സെൻകുമാറിനെ പൊലീസ് വകുപ്പിൽ നിന്നു മാറ്റി കെഎസ്ആർടിസി എംഡിയായി നിയമിച്ചു.

2010ൽ ട്രാൻസ്‌പോർട്ട് കമ്മീഷണറായും. പിന്നീട് 2011ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭ അധികാരത്തിൽ വന്ന ഉടനെ സെൻകുമാറിനെ വീണ്ടും പൊലീസ് വകുപ്പിലേക്ക് എത്തിച്ചു. 2012-2013 കാലത്ത് ഇന്റലിജൻസ് എഡിജിപിയായിരുന്നപ്പോൾ ദരിദ്രരെയും ഉപേക്ഷിക്കപ്പെട്ടവരെയും കുറിച്ചുള്ള വാർത്താശകലങ്ങൾ ശേഖരിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് അയച്ചു കൊടുത്തു. അവർക്കായി ഒരു സ്ഥിരം ഫണ്ട് മുഖ്യമന്ത്രി തുടങ്ങുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP