Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോണിക്കും മാണിക്കും വഴങ്ങിയതോടെ കോൺഗ്രസിൽ പൊട്ടിത്തെറി; ഉമ്മൻ ചാണ്ടിയാണ് ഗൂഢാലോചനയുടെ ശിൽപിയെന്നും ആങ്ങളെ ചത്താലും നാത്തൂന്റെ കണ്ണീർ കാണാനാണ് ചിലരുടെ ആഗ്രഹമെന്നും പി.ജെ.കുര്യൻ; തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ആറ് യുവ എംഎൽഎമാരുടെ കത്ത് രാഹുലിന്; കോഴിക്കോട് കോൺഗ്രസിൽ കൂട്ടരാജി; കെഎസ്‌യു ജില്ലാ കമ്മിറ്റിയും യൂത്ത് കോൺഗ്രസ് നേതാക്കളും രാജിക്ക്

കോണിക്കും മാണിക്കും വഴങ്ങിയതോടെ കോൺഗ്രസിൽ പൊട്ടിത്തെറി; ഉമ്മൻ ചാണ്ടിയാണ് ഗൂഢാലോചനയുടെ ശിൽപിയെന്നും ആങ്ങളെ ചത്താലും നാത്തൂന്റെ കണ്ണീർ കാണാനാണ് ചിലരുടെ ആഗ്രഹമെന്നും പി.ജെ.കുര്യൻ; തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ആറ് യുവ എംഎൽഎമാരുടെ കത്ത് രാഹുലിന്; കോഴിക്കോട് കോൺഗ്രസിൽ കൂട്ടരാജി; കെഎസ്‌യു ജില്ലാ കമ്മിറ്റിയും യൂത്ത് കോൺഗ്രസ് നേതാക്കളും രാജിക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അവകാശപ്പെട്ട സീറ്റാണ് തങ്ങൾക്ക് ലഭിച്ചതെന്ന് പറഞ്ഞ് കെ.എം.മാണി കോൺഗ്രസിനും കുഞ്ഞാലിക്കുട്ടിക്ക് നന്ദി പറയുമ്പോൾ ഒരുവിഭാഗം മുതിർന്ന നേതാക്കൾക്കും യുവനേതാക്കൾക്കുമിടയിലെ അതൃപ്തി പൊട്ടിത്തെറിയായി മാറി. മാണിക്ക് സീറ്റ് കൊടുത്തത് ഗൂഢാലോചനയെന്നാണ് സ്ഥാനമൊഴിയുന്ന രാജ്യസഭാ എംപി പി.ജെ.കുര്യൻ വിശേഷിപ്പിച്ചത്. ഉമ്മൻ ചാണ്ടിയാണ് ഗൂഢാലോചനയുടെ ശിൽപി. ആങ്ങളെ ചത്താലും നാത്തൂന്റെ കണ്ണീര് കാണാനാണ് ചിലരുടെ ആഗ്രഹമെന്നും കുര്യൻ പറഞ്ഞു.കേരളാ കോൺഗ്രസിനു മുന്നിൽ കോൺ്ഗ്രസ് അറിഞ്ഞുകൊണ്ടു തോറ്റുകൊടുക്കുകയായിരുന്നു. ഇതു മനസിലാക്കിയ സാഹചര്യത്തിലാണു തനിക്ക് സീറ്റില്ലെങ്കിലും പാർട്ടിക്കു തന്നെ സീറ്റുവേണമെന്ന് പറഞ്ഞത്. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണിൽ നിന്ന് ചോര കാണണമെന്നാണ് ചിലരുടെ ആഗ്രഹം. കെ.എം. മാണിക്ക് ലോട്ടറിയടിച്ച തീരുമാനമാണിത്- കുര്യൻ പറഞ്ഞു.

കോൺഗ്രസിനെ തകർത്തുകൊണ്ടല്ല മുന്നണി ശക്തിപ്പെടുത്തേണ്ടതെന്ന വി എം.സുധീരൻ പറഞ്ഞു.ഇതിന് വലിയവിലകൊടുക്കേണ്ടിവരു മെന്നും സുധീരൻ പറഞ്ഞു. തീരുമാനം കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നതാണ്. നടപടിക്ക് ന്യായീകരണമില്ല. കോൺഗ്രസിന്റെ ആത്മാഭിമാനത്തെ പണയപ്പെടുത്തുന്ന തീരുമാനമാണെന്നും സുധീരൻ പറഞ്ഞു.മുന്നണി സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള തീരുമാനം എന്ന നിലയിൽ ഇതിനെ കാണാനാകില്ല. കോൺഗ്രസ് ശക്തിപ്പെടുമ്പോഴാണ് മുന്നണി ശക്തിപ്പെടുന്നത്.

കോൺഗ്രസിന്റെ തകർച്ചയ്ക്കു വഴിവച്ചിട്ട് പിന്നെങ്ങനെ മുന്നണിയെ ശക്തിപ്പെടുത്താനാണ് ആലോചിക്കുന്നത്. അണികളുടെ മനോവീര്യം കെടുത്തുന്ന തീരുമാനം പ്രവർത്തകരുടെ വികാരങ്ങളെ വൃണപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.ൃതാൻ വളരെ അപമാനിതനായെന്നും സുധീരൻ കൂട്ടിച്ചേർത്തു. സീറ്റിന് അർഹതയില്ലെന്ന് അവർക്കു തന്നെ അറിയാം. എന്നിട്ടും അവകാശവാദം ഉന്നയിക്കുന്നത് രാഷ്ട്രീയത്തിൽ കാണുന്ന സ്ഥിരം അടവുകളാണ്. കോൺഗ്രസ് തങ്ങളുടെ അവകാശം അടിയറവ് വച്ചിരിക്കുകയാണെന്നും സുധീരൻ ചൂണ്ടിക്കാട്ടി.താൽക്കാലിക ധാരണ പോരെന്നും എല്ലാവരും യോജിക്കുന്ന ധാരണ വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

കീഴടങ്ങലിനെതിരെ രാഹുലിന് കത്ത്

അതേസമയം,രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകാനുള്ള തീരുമാനത്തിനെതിരെ യുവ എംഎൽഎമാർ രംഗത്തെത്തി. തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ആറ് എംഎൽഎമാർ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, കെ.എസ് ശബരീനാഥ്, അനിൽ അക്കര, വി.ടി ബൽറാം, റോജി എം.ജോൺ എന്നിവരാണ് രാഹുലിന് കത്തയച്ചത്.

നേരത്തെ രാജ്യസഭാ സീറ്റിൽ വീണ്ടും കണ്ണുവച്ച പി.ജെ കുര്യനെതിരെ യുവ എംഎൽഎമാർ ഒന്നിച്ചിരുന്നു. തലമുതിർന്ന നേതാക്കൾ ചെറുപ്പക്കാർക്ക് വഴിമാറണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വൻ പ്രചരണമാണ് യുവ നേതാക്കൾ നടത്തിയത്. പാർട്ടി തീരുമാനത്തിൽ അത്യധികം നിരാശനാണെന്ന് വി.ടി.ബൽറാം എംഎൽഎ പറഞ്ഞു.കേരളത്തിലെ സാധാരണ കോൺഗ്ര്‌സ പ്രവർത്തകരുടെ വികാരങ്ങൾക്ക് മുറിവേൽപ്പിക്കുന്ന തീരുമാനമാണിതെന്നു അദ്ദേഹം പറഞ്ഞു.ആത്മഹത്യാപരമെന്ന് ഹൈബി ഈഡനും, കീഴടങ്ങലെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു.

തൂക്കുകയറിന്റെ ചിത്രവുമായിട്ടായിരുന്നു ഹൈബി ഈഡൻ എംഎൽഎ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടത്. ആത്മഹത്യാപരമാണു പാർട്ടിയുടെ തീരുമാനമെന്നും ഉപതിരഞ്ഞെടുപ്പിൽ ഏൽക്കേണ്ടി വന്ന കനത്ത പ്രഹരത്തിൽ നിന്നു കോൺഗ്രസ് പാഠം പഠിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുറിപ്പിൽ നിന്ന്:

'കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ കോൺഗ്രസിൽ നിറഞ്ഞു നിന്ന വികാരത്തിനു വിരുദ്ധമായിട്ടാണ് രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് (മാണി) വിഭാഗത്തിന് നൽകുവാൻ എടുത്തിട്ടുള്ള തീരുമാനം. ഈ തീരുമാനം പാർട്ടി പ്രവർത്തകരുടെ ആത്മാഭിമാനത്തെ അടിയറവു വയ്ക്കുന്നതാണ്, ആത്മഹത്യാപരമാണ്. ഉപതിരഞ്ഞെടുപ്പിൽ ഏൽക്കേണ്ടി വന്ന കനത്ത പ്രഹരത്തിൽ നിന്ന് ഒന്നും നമ്മുടെ നേതാക്കന്മാർ പാഠം പഠിച്ചില്ല എന്നു വേണം കരുതാൻ.

യാതൊരു നിലപാടും ഇല്ലാതെ എല്ലാവരെയും പ്രീണിപ്പിക്കാൻ നടത്തുന്ന ഇത്തരം തീരുമാനങ്ങളാണു പാർട്ടിയെ ഈ അവസ്ഥയിൽ എത്തിച്ചത്. പ്രസ്ഥാനത്തിന്റെയും നേതാക്കളുടെയും മുഖം നഷ്ടപ്പെടുത്തുന്ന ഈ തീരുമാനത്തോടു കടുത്ത അമർഷം പ്രകടിപ്പിക്കാതെ വയ്യ. ചില പാർട്ടികൾക്കും വ്യക്തികൾക്കും വേണ്ടിയല്ല, ജനങ്ങൾക്കു വേണ്ടി തീരുമാനമെടുക്കേണ്ടത്, ജനങ്ങൾക്ക് വേണ്ടിയാണ് എന്ന് ഇനിയെങ്കിലും നേതാക്കൾ മനസ്സിലാക്കിയില്ലെങ്കിൽ, പ്രവർത്തകർ വഴിയിൽ ചോദ്യം ചെയ്യുന്ന കാലം വിദൂരമല്ല'.

രാജ്യസഭാ സീറ്റ് ഒരു പുതുമുഖത്തിന് നൽകണമെന്ന പൊതു വികാരം തുറന്ന് പറഞ്ഞ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അവിശ്വസനീയമാണെന്ന് ഷാഫി പറമ്പിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇതൊരു കീഴടങ്ങലാണ്...ആത്മവിശ്വാസക്കുറവ് പാർട്ടി നേതൃത്വത്തെ ബാധിച്ചിരിക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു. മതിയായ ഒരു കാരണവുമില്ലാതെയാണ് കേരള കോൺഗ്രസ്സ് മുന്നണി വിട്ടത്.. എന്നിട്ട് തിരിച്ച് വരുന്നതിന് മുൻപ് തന്നെ രാജ്യസഭാ സീറ്റ് നൽകിയിട്ട് വേണോ തിരിച്ചാനയിക്കാൻ...കോൺഗ്രസ്സ് ദുർബ്ബലപ്പെട്ട് ശക്തിപ്പെടുത്താൻ കഴിയുന്ന ഒന്നല്ല മുന്നണിയെന്നും ഷാഫി പറമ്പിൽ വിമർശിക്കുന്നു.

നിരാശയുണ്ട് പക്ഷെ, ഈ പതാക താഴെ വെക്കില്ലായെന്നും പോസ്റ്റിൽ പറയുന്നു. പാർട്ടിക്കുവേണ്ടി ഇനിയും പ്രവർത്തിക്കുമെന്നും കോൺഗ്രസ്സ് ഈ രാജ്യത്തിന്റെ അനിവാര്യതയാണെന്നും ഷാഫി പറമ്പിൽ പറയുന്നു. ഒരു ഉപതെരഞ്ഞെടുപ്പും രാജ്യസഭാ സീറ്റ് നിർണ്ണയം കൊണ്ടും നിർത്തി പോകാവുന്ന യുദ്ധമല്ല 2019ൽ നമ്മളേറ്റെടുക്കേണ്ടതെന്നും ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു.

കോൺഗ്രസിന്റെ ശബ്ദമാണ് കേരളത്തിൽ നിന്നു രാജ്യസഭയിലേക്ക് എത്തേണ്ടതെന്ന് ശബരീനാഥൻ എംഎൽഎയും പ്രതികരിച്ചു. 'രാജ്യസഭയിൽ ഇന്ന് കോൺഗ്രസ്സിന് 51 സീറ്റും ബിജെപിക്ക് 69 സീറ്റുമാണുള്ളത്. ഈ അവസരത്തിൽ രാഷ്ട്രീയപരമായും ആശയപരമായും ബിജെപിയെ പാർലമെന്റിൽ പ്രതിരോധിക്കേണ്ട വലിയൊരു ഉത്തരവാദിത്വമാണ് ദേശീയ തലത്തിൽ കോൺഗ്രസ് എന്ന ദേശീയപ്രസ്ഥാനത്തിനുള്ളത്. ഇതിനു പ്രാപ്തിയുള്ള ഒരു കോൺഗ്രസ്സ് ശബ്ദമാണ് രാജ്യസഭയിലേക്കു കേരളത്തിൽ നിന്നു നമ്മൾ തിരഞ്ഞെടുക്കേണ്ടത്. ഇതിൽ ഒരു വിട്ടുവീഴ്ചയെക്കുറിച്ചു ചിന്തിക്കാൻ പോലും കഴിയുകയില്ല' ശബരീനാഥൻ വ്യക്തമാക്കി.

രാജ്യസഭാ സീറ്റ് നൽകുന്നത് കോൺഗ്രസിന്റെ ആത്മാഭിമാനം പാലായിൽ പണയം വച്ച തീരുമാനമായി മാറിയെന്ന് റോജി എം.ജോൺ എംഎൽഎ വിമർശിച്ചു. 'സ്വന്തമായി ഏതെങ്കിലും സ്ഥാനം ലഭിക്കുവാൻ വേണ്ടി എടുത്ത നിലപാടായിരുന്നില്ല. കോൺഗ്രസിൽ മാറ്റങ്ങൾ ആഗ്രഹിക്കുന്ന സാധാരണ പ്രവർത്തകരുടെ ശബ്ദമാണ് ഞങ്ങൾ ഉയർത്തിയത്. പക്ഷേ, ഇതു കോൺഗ്രസിന്റെ ആത്മാഭിമാനം പാലായിൽ പണയം വച്ച തീരുമാനമായി. മുന്നണി രാഷ്ട്രീയത്തിന്റെ മര്യാദകൾ മനസ്സിലാകാഞ്ഞിട്ടല്ല. പക്ഷേ അതിനു വേണ്ടി കൈക്കൊള്ളുന്ന ആത്മഹത്യാപരമായ തീരുമാനങ്ങൾ നേതൃത്വത്തിന്റെ വീഴ്ചയായി കാണപ്പെടും. ഈ തീരുമാനം പുനഃപരിശോധിക്കണം എന്നു കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്' റോജി വ്യക്തമാക്കി.കേരളത്തിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് അനിൽ അക്കര എംഎൽഎ രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. തീരുമാനത്തിൽ കടുത്ത നിരാശയും പ്രതിഷേധവും അദ്ദേഹം രേഖപ്പെടുത്തി. തീരുമാനം പുനഃപരിശോധിക്കേണ്ടതു നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൂട്ടരാജി

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് കോൺഗ്രസിൽ കൂട്ടരാജി. കെപിസിസി സെക്രട്ടറി കെ. ജയന്ത് ഫേസ്‌ബുക്കിലൂടെ രാജി അറിയിച്ചു.കെഎസ്‌യു ജില്ലാ കമ്മിറ്റി ഒന്നടങ്കം രാജിവയ്ക്കാൻ തീരുമാനിച്ചു. യൂത്ത് കോൺഗ്രസിന്റെ നേതാക്കളും രാജി അറിയിച്ചു. ഇവരെല്ലാവരും ചേർന്ന് നഗരത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ്. തീരുമാനത്തിൽ പ്രതിഷേധിച്ചു കണ്ണൂർ ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വച്ചതായി കെ.കെ.സുരേഷ്‌കുമാർ അറിയിച്ചു. കേരള കോൺഗ്രസിനു സീറ്റ് കൊടുക്കുന്ന തീരുമാനത്തിനു പിന്നാലെ 'പരമപുച്ഛം' എന്നു മാത്രം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടാണു യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി പ്രതിഷേധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP