Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരട്ട നീതി ആരോപിച്ച് മാണി; മലപ്പുറത്തെ തൊട്ട് കളിക്കേണ്ടെന്ന് പറഞ്ഞ് ലീഗ്; ഈ മുന്നണിയിൽ തുടരാൻ വയ്യെന്ന് പ്രഖ്യാപിച്ച് ദള്ളും ആർഎസ്‌പിയും; ശിഥിലീകരണ ഭീഷണിയെ മറികടക്കാൻ ഇന്ന് യുഡിഎഫ് യോഗം

ഇരട്ട നീതി ആരോപിച്ച് മാണി; മലപ്പുറത്തെ തൊട്ട് കളിക്കേണ്ടെന്ന് പറഞ്ഞ് ലീഗ്; ഈ മുന്നണിയിൽ തുടരാൻ വയ്യെന്ന് പ്രഖ്യാപിച്ച് ദള്ളും ആർഎസ്‌പിയും; ശിഥിലീകരണ ഭീഷണിയെ മറികടക്കാൻ ഇന്ന് യുഡിഎഫ് യോഗം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ യുഡിഎഫ് ശിഥിലീകരണത്തിലേക്കോ? വീരേന്ദ്ര കുമാറിന്റെ ജനതാദൾ മുന്നണി മടുത്ത മട്ടാണ്. യുഡിഎഫ് വിട്ട് ഇടതുപക്ഷത്ത് എത്തണമെന്ന നിലപാടിൽ വീരേന്ദ്രകുമാറിന്റെ പാർട്ടിയിലെ ഭൂരിപക്ഷം എത്തിക്കഴിഞ്ഞു. കൊല്ലത്തെ തോൽവിയിൽ ആർഎസ്‌പിയും നിരാശയിലാണ്.

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഏറ്റെടുക്കാതെ കോവൂർ കുഞ്ഞുമോൻ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇതിനൊപ്പം കേരളാ കോൺഗ്രസ് മാണിയുടെ എതിർപ്പുമായി രംഗത്തുണ്ട്. ഏത് പക്ഷത്തേക്കും കൂടുമാറാൻ മാണി തയ്യാറാണ്. ബാർ കോഴയിൽ ഇരട്ട നീതിയെന്ന കേരളാ കോൺഗ്രസ് ആരോപണത്തിന് മറുപടി നൽകാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പോലും കഴിയുന്നില്ല. മാണിയെ പുറത്താക്കാൻ വിജിലൻസിനെ കോൺഗ്രസിലെ ഒരു വിഭാഗം സമർത്ഥമായി ഉപയോഗിച്ചു എന്ന് തന്നെയാണഅ കേരളാ കോൺഗ്രസിന്റെ പക്ഷം. ഇതിനൊപ്പമാണ് മുസ്ലിം ലീഗ് ഉയർത്തുന്ന കലാപവും യുഡിഎഫിനെ ഉലയ്ക്കുന്നത്.

വേണ്ടി വന്നാൽ മുന്നണി വിടാനുള്ള തയ്യാറെടുപ്പിലാണെന്ന സൂചനയാണ് ജെ.ഡി.യു നേതാക്കൾ ഇന്നലെ കോഴിക്കോട്ട് നൽകിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പ്രസിഡന്റ് എംപി. വീരേന്ദ്ര കുമാറിനെ തോൽപ്പിച്ചതിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലും പാർട്ടി സ്ഥാനാർത്ഥികളെ കോൺഗ്രസ് തെരഞ്ഞു പിടിച്ച് കാലുവാരിയെന്ന ആക്ഷേപം ജെ.ഡി.യു നേതൃത്വം ഇന്നലെ ഉന്നയിച്ചു. വീരേന്ദ്രകുമാറിന്റെ തോൽവിക്ക് ഉത്തരവാദികളെന്ന് യു.ഡി.എഫ് ഉപസമിതി കണ്ടെത്തിയ നേതാക്കൾക്കെതിരെ നടപടി എടുക്കാൻ കോൺഗ്രസ് ഇനിയും കൂട്ടാക്കിയിട്ടില്ല. പലതവണ ജെ.ഡി.യു ആവശ്യപ്പെട്ടെങ്കിലും ഓരോ കാരണം പറഞ്ഞ് കോൺഗ്രസ് അത് നീട്ടിക്കൊണ്ടു പോവുകയാണ്. ഇതുയർത്തിയാണ് വീരേന്ദ്രകുമാർ കലാപക്കൊടി ഉയർത്തുന്നത്. ഇന്ന് ചേരുന്ന യുഡിഎഫിൽ ഇതെല്ലാം എണ്ണിപറയും.

തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി അദ്ധ്യക്ഷൻ എംപി. വീരേന്ദ്രകുമാറിന്റെ മണ്ഡലത്തിൽ പോലും പാർട്ടി തോൽക്കുന്ന നാണക്കേടുമുണ്ടായി. ഇനി എന്തിന് യു.ഡി.എഫിൽ തുടരണമെന്ന ചോദ്യമാണ് കോഴിക്കോട്ടെ ജനതാദൾ യോഗത്തിൽ ഇന്നലെ ഉണ്ടായത്. തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ കോൺഗ്രസ് കാലുവാരിയെന്ന ഗുരുതരമായ ആക്ഷേപം ആർ.എസ്‌പിയും നേരത്തേ ഉന്നയിച്ചിരുന്നു. മുസ്ലിംലീഗ്, കേരള കോൺഗ്രസ് എം എന്നീ കക്ഷികളും അതൃപ്തിയിലാണ്.

മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗിനെ തോല്പിക്കാൻ കോൺഗ്രസും കോൺഗ്രസിനെ തോല്പിക്കാൻ ലീഗും കാലുവാരൽ നടത്തിയെന്ന ആരോപണം ഇരുകക്ഷികളും ഉന്നയിക്കുന്നുണ്ട്. എസ് എൻ ഡിപിയുടെ സമത്വ മുന്നേറ്റ യാത്രയെ കോൺഗ്രസ് നേതാക്കൾ വേണ്ട വിധത്തിൽ പ്രതിരോധിച്ചില്ലെന്ന പരാതി ലീഗിനുണ്ട്. ഇതും അതൃപ്തിയായി പ്രതിഫലിക്കും. മുസ്ലിം വോട്ട് ബാങ്കിനെ അകറ്റുന്ന എന്ത് നടപടിയുണ്ടായാലും പ്രതികരിക്കുമെന്ന നിലപാടിലാണ് ലീഗ്.

ബാർകോഴയിൽ കുരുങ്ങി കെ.എം. മാണിക്ക് രാജിവയ്‌ക്കേണ്ടി വന്നതിന് ശേഷം ചേരുന്ന ആദ്യത്തെ യു.ഡി.എഫ് യോഗമാണ് ഇന്നത്തേത്. മാണിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന ആരോപണം മാണി ഗ്രൂപ്പ് ഉന്നയിക്കുന്നുണ്ട്. കെ.എം. മാണിക്കും മന്ത്രി കെ. ബാബുവിനും ഇരട്ട നീതിയാണോ എന്ന പൊള്ളുന്ന ചോദ്യം ഇന്ന് യു.ഡി.എഫ് യോഗത്തിലും ഉയർന്നേക്കും. ജനതാദള്ളിനേയും ആർഎസ്‌പിയേയും മുസ്ലിം ലീഗിനേയും കേരളാ കോൺഗ്രസിനേയും അനുനയിപ്പിക്കുയെന്ന ദൗത്യം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ഏറ്റെടുക്കും. ഇത് എത്രത്തോളം ഫലിക്കുമെന്നതാണ് ഇനി പ്രധാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP