Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ എം മാണിക്ക് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് രംഗത്ത്; ബാറുടമയുടെ ആരോപണം അടിസ്ഥാനരഹിതം; മദ്യനയത്തിൽ നിന്നു പിന്നോട്ടില്ലെന്നും യുഡിഎഫ് കൺവീനർ

കെ എം മാണിക്ക് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് രംഗത്ത്; ബാറുടമയുടെ ആരോപണം അടിസ്ഥാനരഹിതം; മദ്യനയത്തിൽ നിന്നു പിന്നോട്ടില്ലെന്നും യുഡിഎഫ് കൺവീനർ

കൊച്ചി: ബാർ കോഴ വിവാദത്തിൽ കെ എം മാണിയെ പൂർണമായും പിന്തുണയ്ക്കാൻ യുഡിഎഫ് യോഗം തീരുമാനിച്ചു. യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കൺവീനർ പി പി തങ്കച്ചനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാണിക്കെതിരായ ബാറുടമയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമാണെന്ന് യുഡിഎഫ് യോഗം വിലയിരുത്തി. ഇതു സംബന്ധിച്ച പ്രമേയവും യോഗം അംഗീകരിച്ചു. വിഷയത്തിൽ മാണിക്ക് പിന്നിൽ ഒറ്റക്കെട്ടായി അണിനിരക്കാനാണ് തീരുമാനം.

മദ്യനയത്തോടുള്ള എതിർപ്പ് മൂലമാണ് ബാറുടമകൾ മാണിക്കെതിരേ കോഴയാരോപണം ഉന്നയിച്ചത്. ബാറുടമകൾക്ക് സർക്കാരിനോട് പ്രതികാര മനോഭാവമാണ്. എന്ത് വന്നാലും യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച മദ്യനയത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്നും യോഗം തീരുമാനിച്ചതായി കൺവീനർ പറഞ്ഞു.

എന്തൊക്കെ സംഭവിച്ചാലും സർക്കാർ മദ്യനയത്തിൽ നിന്ന് പിന്നോട്ട് പോവില്ല. സർക്കാരിന്റെ മദ്യനയത്തിൽ എതിർപ്പുള്ളവരാണ് ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ബാർ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം പൊള്ളയാണെന്ന് ഇതിനോടകം തന്നെ തെളിഞ്ഞതായും തങ്കച്ചൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാഷ്ട്രീയ പകപോക്കലാണ് മാണിക്കെതിരായ ആരോപണത്തിന് പിന്നിൽ. ബാറുടമകൾ സർക്കാരിനെ പ്രതികാര ബുദ്ധിയോടെയാണ് സമീപിക്കുന്നത്. മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുമെന്നത് യുഡിഎഫിന്റെ പ്രഖ്യാപിത നയമാണ്. അതുമായി മുന്നോട്ട് പോവും. അഴിമതിക്കെതിരെ യുഡിഎഫ് എന്നും ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.

ബാർ കേസിൽ അപ്പീൽ നൽകാൻ വൈകിയെന്ന ആരോപണം ശരിയല്ല. ഈമാസം 25ന് അപ്പീൽ നൽകും. 29വരെ സമയുണ്ടെങ്കിലും 25ന് തന്നെ അപ്പീൽ നൽകും. ബാറുകൾ പൂട്ടുമ്പോൾ പുതിയ ബിയർ-വൈൻ പാർലറുകൾക്ക് അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്നും തങ്കച്ചൻ പറഞ്ഞു. ദേശീയ പാതകളിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകില്ല. കോടതി ഉത്തരവ് ഘട്ടംഘട്ടമായി നടപ്പാക്കും.

റബ്ബർ വിലയിടിവ് തടയുന്നതിനായി റബ്ബറിന്റെ ഇറക്കുമതി പൂർണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും. ഇതോടൊപ്പം മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ കേരളത്തിനുള്ള ആശങ്കയും കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്തും. പഞ്ചായത്തുകളുടെ വിഭജനം സംബന്ധിച്ച പഠിക്കുന്നതിന് യുഡിഎഫ് ഉപസമിതിയെ നിയോഗിക്കും. ഡിസംബർ 15ന് അടുത്ത യുഡിഎഫ് യോഗം തിരുവനന്തപുരത്ത് ചേരാനും തീരുമാനിച്ചതായി തങ്കച്ചൻ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP