Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിണങ്ങരുത് പിള്ളേച്ചാ.. ഞങ്ങൾ ഒന്നു വഴക്കു പറഞ്ഞോട്ടെ; കോപിക്കരുത് ജോർജ്ജേ.. താക്കീത് നൽകിയെന്ന് ഞങ്ങൾ ഒരു പ്രസ്താവന കൊടുത്തോട്ടെ: അച്ചടക്ക നടപടി എന്ന പവനായി ശവമാകുന്നത് ഇങ്ങനെ

പിണങ്ങരുത് പിള്ളേച്ചാ.. ഞങ്ങൾ ഒന്നു വഴക്കു പറഞ്ഞോട്ടെ; കോപിക്കരുത് ജോർജ്ജേ.. താക്കീത് നൽകിയെന്ന് ഞങ്ങൾ ഒരു പ്രസ്താവന കൊടുത്തോട്ടെ: അച്ചടക്ക നടപടി എന്ന പവനായി ശവമാകുന്നത് ഇങ്ങനെ

തിരുവനന്തപുരം: പരസ്പ്പരം തമ്മിലടിക്കുന്നവരുടെയും ചെളിവാരി എറിയുന്നവരുടെയും മുന്നണി തന്നെയാണ് യുഡിഎഫ് എന്ന കാര്യം എല്ലാവർക്കും അറിയാം. തങ്ങൾ എന്തൊക്കെ വിളിച്ചുപറഞ്ഞാലും കാര്യമായ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ആർ ബാലകൃഷ്ണക്കെന്ന പോലെ പി സി ജോർജ്ജിനും അറിയാം. അതുകൊണ്ട് തന്നെയാണ് വായ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന നിലപാട് ഇവർ കൈക്കൊള്ളുന്നതും. കെ എം മാണിക്കെതിരായ ബാർകോഴ കേസ് യുഡിഎഫിന്റെ അടിത്തറ കുലുക്കിയെങ്കിലും മാണിക്കെതിരെ തിരഞ്ഞ ആർ ബാലകൃഷ്ണ പിള്ളയെ യുഡിഎഫിൽ നിന്നും പുറത്താക്കില്ല. യു.ഡി.എഫിന്റെ സ്ഥാപക നേതാക്കളിലൊരാളെന്ന നിലയ്ക്ക് പിള്ളയ്ക്ക് ഒരു അവസരം കൂടി നൽകണമെന്നാണ് യു.ഡി.എഫ് നേതാക്കൾക്കിടയിലെ ധാരണ. താക്കീത് പോലുള്ള ലഘുവായ നടപടിയേ ഉണ്ടാവൂ എന്നാണ് ഉന്നത നേതാക്കൾ നൽകുന്ന സൂചന.

പി.സി.ജോർജിനെതിരെയും ഇതുപോലുള്ള നടപടി ഉണ്ടാവാം. യു.ഡി.എഫ് യോഗത്തിന് ശേഷം ഇന്ന് വൈകിട്ട് മന്ത്രി കെ.എം.മാണിയുടെ വസതിയിൽ കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി ചേരുന്നുണ്ട്. യുഡിഎഫ് തീരുമാനമനുസരിച്ച് ജോർജിനെതിരെ സമിതി നടപടി സ്വീകരിക്കുമെന്നാണ് സൂചന. സോളാർ കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ജോർജ്ജിനും പിള്ളയ്ക്കും അറിയാം എന്നതുകൊണ്ട് തന്നെ ഇവർക്കെതിരെ തിരിഞ്ഞാൽ യുഡിഎഫ് കൂടുതൽ കുഴപ്പത്തിലേക്ക് പോകും. അതുകൊണ്ടാണ് ഇരുവർക്കുമെതിരെ കാര്യമായ നടപടി കൈക്കൊള്ളാൻ യുഡിഎഫ് നേതാക്കൾ തയ്യാറാകാത്തത്.

യു.ഡി.എഫ്. ശിഥിലമാകുന്നുവെന്ന പ്രചാരണം മുന്നിൽക്കണ്ട് ഇടതുമുന്നണി നടത്തിയ നീക്കമാണ് പിള്ളയ്ക്കും ജോർജിനും ഗുണമായത്. ഇവർക്ക് പിന്തുണ നൽകി പിണറായി വിജയനും വി എസ്. അച്യുതാനന്ദനും രംഗത്തുവന്നു. താൻ കേസ് നടത്തി ജയിലിൽ അടച്ചയാളാണ് പിള്ളയെങ്കിലും ഇപ്പോൾ അദ്ദേഹം അഴിമതി വിരുദ്ധനിലപാട് സ്വീകരിക്കുന്നത് സ്വാഗതാർഹമാണെന്ന വി. എസ്സിന്റെ പ്രസ്താവന യു.ഡി.എഫിനെ അമ്പരപ്പിച്ചു. ഇരുവർക്കും ഇത്രപെട്ടെന്ന് ഇടതുമുന്നണി പിന്തുണ നൽകുമെന്ന് യു.ഡി.എഫ്. കരുതിയില്ല. കക്ഷികൾ പുറത്തുപോകുന്നത് മുന്നണി ശിഥിലമാകുമെന്ന തോന്നൽ ഉണ്ടാക്കുമെന്ന നിലപാട് വി എം. സുധീരനുമെടുത്തു. രാവിലെ കെപിസിസി. പ്രസിഡന്റ് താത്പര്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രി അദ്ദേഹത്തെ ഇന്ദിരാഭവനിൽ ചെന്നു കണ്ടു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യു.ഡി.എഫ് കൺവീനർ പി.പി.തങ്കച്ചനടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തി. പിള്ളയ്‌ക്കെതിരെ കടുത്ത നടപടി വേണ്ടെന്നാണ് പല നേതാക്കളും ആവശ്യപ്പെട്ടത്. മുന്നണി മര്യാദ ലംഘിച്ച പി.സി.ജോർജിനെ ഒഴിവാക്കി പിള്ളയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതിലെ അനൗചിത്യവും ചിലർ ചൂണ്ടിക്കാട്ടി. പിള്ളയെ കൂടുതൽ പ്രകോപിപ്പിക്കുന്നതും നല്ലതല്ല. മാത്രവുമല്ല, മറുഭാഗത്ത് ഇടതുമുന്നണി പിള്ളയെ സ്വീകരിക്കുവാൻ തയ്യാറാവുകയും ചെയ്തു. എന്നാൽ മുന്നണിയിൽ അംഗങ്ങളായിനിന്ന് തങ്ങൾ നടത്തിയ അഭിപ്രായപ്രകടനം ശരിയായില്ലെന്ന തരത്തിൽ ഇവർ ഖേദപ്രകടനം നടത്തണമെന്ന നിർദ്ദേശം യു.ഡി.എഫ്. നേതാക്കൾ അവരെ അറിയിച്ചിട്ടുണ്ട്. ഇരുവരും അതിന് വഴങ്ങിയാൽ കടുത്ത നടപടിയിലേക്ക് യു.ഡി.എഫ്. യോഗം നീങ്ങില്ല. തുടർന്നുള്ള ഇവരുടെ നിലപാട് കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനമെടുക്കുക. ഇന്നത്തെ യു.ഡി.എഫ് യോഗത്തിന് പിള്ളയെ ക്ഷണിച്ചിട്ടില്ല. യോഗത്തിനുശേഷം അദ്ദേഹത്തെ തീരുമാനം അറിയിക്കും.

ബിജു രമേശുമായുള്ള ഫോൺ സംഭാഷണത്തിൽ മാണിയെ കുടുക്കുന്നതിന് സഹായം വാഗ്ദാനം ചെയ്യുകയും മാണിക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതാണ് പിള്ളയ്ക്ക് വിനയായത്. ബിജു രമേശ് ടെലഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടതോടെ പിള്ളയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യം മുന്നണിയിൽ ഉയർന്നു. നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് 28ന്റെ യു.ഡി.എഫ് യോഗം കഴിയട്ടെയെന്ന് മുഖ്യമന്ത്രി അർത്ഥം വച്ച് പറയുകകൂടി ചെയ്തപ്പോൾ നടപടി ഉറപ്പാവുകയായിരുന്നു. തുടർന്ന് പിള്ള മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജി വച്ചുകൊണ്ടുള്ള കത്ത് മുഖ്യമന്ത്രിക്ക് നൽകി.

ബാർകോഴ വിഷയത്തിൽ കെ.എം.മാണിക്ക് ഇന്ന് യു.ഡി.എഫ് യോഗം ആവർത്തിച്ച് പിന്തുണ പ്രഖ്യാപിക്കും. ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തോടെ മാണിയുടെ നില മെച്ചപ്പെട്ടു എന്ന വിലയിരുത്തലാണ് യു.ഡി.എഫ് നേതാക്കൾക്കുള്ളത്. താൻ തന്നെ ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന് മാണി സംശയലേശമെന്യേ പ്രഖ്യാപിക്കുകയും ചെയ്തു. മാണി ചികിത്സക്കായി അമേരിക്കയിലേക്ക് പോകുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ അത് മറ്റു ചില വ്യാഖ്യാനങ്ങൾക്കിടയാക്കും എന്നതിനാൽ തത്ക്കാലം പോകേണ്ടതില്ലെന്നാണ് തീരുമാനം.

യു.ഡി.എഫ്. യോഗത്തിന്റെ തീരുമാനത്തിന് അനുസൃതമായി തുടർ തീരുമാനമെടുക്കാൻ കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയും ബുധനാഴ്ച വൈകീട്ട് ചേരുന്നുണ്ട്. യു.ഡി.എഫ്. യോഗം മന്ത്രി മാണിക്ക് പിന്തുണ പ്രഖ്യാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP