Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുധീരനെ രാഹുൽ സമ്മതിപ്പിച്ചതോടെ ഞായറാഴ്‌ച്ച ഡ്രൈഡേ റദ്ദു ചെയ്യാൻ സാധ്യത; സഭയെ മെരുക്കാൻ വൈൻ നിർമ്മാണ ലൈസൻസ് വിഷയമാക്കും; ഗണേശിനെ തള്ളിക്കളയും; യുഡിഎഫ് യോഗത്തിന്റെ അജണ്ടകൾ ഇങ്ങനെ

സുധീരനെ രാഹുൽ സമ്മതിപ്പിച്ചതോടെ ഞായറാഴ്‌ച്ച ഡ്രൈഡേ റദ്ദു ചെയ്യാൻ സാധ്യത; സഭയെ മെരുക്കാൻ വൈൻ നിർമ്മാണ ലൈസൻസ് വിഷയമാക്കും; ഗണേശിനെ തള്ളിക്കളയും;  യുഡിഎഫ് യോഗത്തിന്റെ അജണ്ടകൾ ഇങ്ങനെ

തിരുവനന്തപുരം: മദ്യനയത്തിലെ കുഴഞ്ഞുമറിയൽ, ബാർ കോഴ കേസിൽ കുടുങ്ങിയ കെ എം മാണി, ഇബ്രാഹിംകുഞ്ഞിനെതിരെ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ച കെ ബി ഗണേശ് കുമാർ.. ഇങ്ങനെ നാളെ ചേരാനിക്കുന്ന യുഡിഎഫ് യോഗത്തിന് മുന്നിൽ സുപ്രധാന അജണ്ടകളാണ് ഉള്ളത്. ആരോപണ വിധേയരെ സംരക്ഷിച്ച് കൂടെ നിർത്തിയും ആരോപണം ഉന്നയിച്ചവരെ തള്ളിക്കളഞ്ഞും യുഡിഎഫ് പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്ന് തന്നെയാണ് പൊതുവിലുള്ള വിലയിരുത്തൽ. കോൺഗ്രസിലെ ആഭ്യന്തര ഭിന്നതയും മാണി ഗ്രൂപ്പുമായുള്ള പ്രശ്‌നവും എല്ലാംകൂടിയാകുമ്പോൾ പ്രവചിക്കാൻ പോലും സാധിക്കാത്ത വിധം കാര്യങ്ങൾ കുഴഞ്ഞുമറിയാനും സാധ്യതയുണ്ട്.

കെ എം മാണിക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത സംഭവം തന്നെയാകും നാളത്തെ യുഡിഎഫ് യോഗത്തെ പ്രക്ഷുബ്ധമാക്കുക. കോൺഗ്രസിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്ന് മാണി വിഭാഗം സംശയിക്കുന്നുണ്ട്. പ്രതിപക്ഷ പ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തിൽ മാണി രാജിഭീഷണി മുഴക്കിയേക്കുമെന്ന് വരെ കേൾക്കുന്നുണ്ട്. അതുകൊണ്ട് മാണിയെ അനുനയിപ്പിക്കുക തന്നെയാകും യോഗത്തിന്റെ മുഖ്യ അജണ്ട. നാളെ വൈകിട്ട് 5ന് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലാണ് യോഗം.

മാണിക്കെതിരേ കേസ് എടുക്കുന്നകാര്യത്തിൽ വിജിലൻസിൽ തന്നെ വിരുദ്ധാഭിപ്രായങ്ങളുള്ള രണ്ടു നിയമോപദേശങ്ങളുള്ളപ്പോൾ മൂന്നാമതൊന്നുകൂടി തേടാമായിരുന്നുവെന്നു പറഞ്ഞ് കേരള കോൺഗ്രസ് ജേക്കബ് ചെയർമാൻ ജോണി നെല്ലൂർ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ സജീവ ചർച്ചയെന്നതു തെറ്റായ സന്ദേശമായിരിക്കും പുറമേക്കു നൽകുകയെന്ന് യു.ഡി.എഫ്. നേതൃത്വം കരുതുന്നുണ്ട്. കേസെടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ആഭ്യന്തര മന്ത്രി തന്നെ യോഗത്തിൽ വിശദീകരിക്കും. കഴിവതും ചർച്ച ഒഴിവാക്കി മാണിക്കു പിന്തുണ നൽകാനാകും കോൺഗ്രസ് ശ്രമിക്കുക. യോഗാരംഭത്തിൽ തന്നെ പിന്തുണയറിയിച്ച് മാണിയെ സമാധാനിപ്പിക്കുകയാകും തന്ത്രം.

തങ്ങളെ കുടുക്കാൻ കോൺഗ്രസിലെ ചിലർ ബാർ കോഴ സംഭവം ആസൂത്രണം ചെയ്തതാണെന്ന വിശ്വാസത്തിൽ തന്നെയാണു മാണി വിഭാഗം ഇപ്പോഴും. മാണിയെ സമാധാനിപ്പിക്കാൻ രമേശ് ചെന്നിത്തല നേരിട്ട് ശ്രമിച്ചെങ്കിലും മാണി തൃപ്തനായില്ല. കോൺഗ്രസും മാണി വിഭാഗവും പരസ്പരവിശ്വാസമില്ലാത്ത മട്ടിലാണ് മുന്നോട്ടു പോകുന്നത്. മാണിക്കെതിരേ കേസ് എടുത്തതിൽ മുന്നണിയിലെ മറ്റു ചില ഘടകകക്ഷികൾക്കും ശക്തമായ പ്രതിഷേധമുണ്ട്.

മദ്യനയത്തിലെ മാറ്റവും കോൺഗ്രസിലെ ഭിന്നതകളുമാണ് രണ്ടാമത്തെ കാര്യം. ഞായറാഴ്ചകളിലെ 'ഡ്രൈ ഡേ' ഉപേക്ഷിക്കുമെന്നാണ് ഉന്നത വൃത്തങ്ങളിൽ നിന്നുള്ള സൂചന. ബാറുകൾ അടച്ചു പൂട്ടുന്നത് ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന് വ്യക്തമായ സാഹചര്യത്തിൽ ആ മേഖലയിൽ ഇളവുകൾ പ്രഖ്യാപിക്കും. ബിയർ, വൈൻ പാർലറുകൾ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടുതൽ തുറക്കാൻ അനുമതി നൽകിയേക്കും. രാഹുൽഗാന്ധി തിരുവനന്തപുരത്ത് വന്നപ്പോൾ ഘടകകക്ഷി നേതാക്കളും കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗവും മദ്യനയത്തിൽ സുധീരന്റെ കടുംപിടുത്തത്തെ വിമർശിച്ചിരുന്നു. രാഹുലിനെ ഉപയോഗിച്ച് സുധീരനെ ഒതുക്കിയതിനാൽ ഡ്രൈ ഡേ എടുത്തു നീക്കമെന്ന നിഗമനത്തിലാണ് നേതാക്കൾ.

ഞായറാഴ്ചകളിലെ 'ഡ്രൈ ഡേ' കൊണ്ട് മദ്യ ഉപഭോഗത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്നാണ് ഇതുവരെയുള്ള അനുഭവം തെളിയിക്കുന്നത്. ഞായറാഴ്ചകളിലേക്ക് വേണ്ട മദ്യം ശനിയാഴ്ച വാങ്ങി വയ്ക്കുന്നു എന്നതിനപ്പുറം വ്യത്യാസമൊന്നുമുണ്ടാവുന്നില്ല. മാത്രമല്ല, ഞായറാഴ്ചകളിൽ നിശ്ചയിച്ചിട്ടുള്ള ദേശീയവും അന്താരാഷ്ട്രീയവുമായ ചടങ്ങുകൾ 'ഡ്രൈ ഡേ' കാരണം മാറ്റി വയ്ക്കപ്പെടുകയാണ്. പ്രവൃത്തി ദിനങ്ങളിൽ മദ്യം അനുവദിക്കുകയും ഉല്ലാസത്തിനും വിശ്രമത്തിനുമുള്ള ഞായറാഴ്ചകളിൽ മദ്യം അനുവദിക്കാതിരിക്കുകയും ചെയ്യുന്നതിലെ അയുക്തികതയും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

മദ്യനയത്തിൽ പ്രായോഗികത കണക്കിലെടുത്ത് തിരുത്തലുകൾ വരുത്തണമെന്ന് എറണാകുളത്ത് ചേർന്ന യു.ഡി.എഫ് യോഗത്തിൽ നിർദ്ദേശമുയർന്നിരുന്നു. മിക്കവാറും എല്ലാ ഘടക കക്ഷികളും ഇതിനെ അനുകൂലിക്കുകയും ചെയ്തിരുന്നു. അതേസമയം കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ മദ്യനയത്തിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിനെ ശക്തിയായി എതിർക്കുകയാണ്. ഇകകാര്യത്തിൽ ലീഗും സുധീരന്റെ പക്ഷത്താണ്. കത്തോലിക്കാസഭ ഉയർത്തുന്ന എതിർപ്പാണ് മറ്റൊരു പ്രശ്‌നം. ഇത് മറികടക്കാൻ വൈൻ ലൈസൻസ് വിഷയമാക്കാനാണ് ആലോചന. കത്തോലിക്കാ സഭയുടെ വൈൻ ലൈസൻസ് വിഷയം വെള്ളാപ്പള്ളി നടേശനാണ് നേരത്തെ ഉയർത്തിയത്. ഈ വിഷയം വച്ച് തന്നെ സഭയെ മെരുക്കാനാണ് തീരുമാനം.

കോൺഗ്രസിനുള്ളിൽ മദ്യനയത്തിലെ ഭിന്നത കൂടുതൽ രൂക്ഷമായതിനു പുറമേ മാണി, ഗണേശ് വിഷയവും നാളെ ചേരുന്ന യു.ഡി.എഫ്. യോഗത്തെ പിടിച്ചുലയ്ക്കും. മദ്യനയത്തെക്കുറിച്ചു ചർച്ചചെയ്യാൻ വിളിച്ചതെങ്കിലും അവിചാരിതമായി ധനമന്ത്രി മാണി ബാർകോഴയിൽ പ്രതിയായതും പൊതുമരാമത്തു വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരേ ഗണേശ്‌കുമാർ നിയമസഭയിൽ പരസ്യമായി അഴിമതി ആരോപണം നടത്തിയതും യോഗത്തിൽ നീറിപ്പിടിക്കും.

എന്നാൽ ഗണേശ് വിഷയത്തിൽ ശക്തമായി ഇടപെടണമെന്നാണ് കോൺഗ്രസ് ആലോചിക്കുന്നത്. പ്രധാന ഘടകകക്ഷിയെ നിയമസഭയിൽ പ്രതിക്കൂട്ടിൽ നിർത്തിയെന്നതാണ് ഗണേശിനെതിരെയുള്ള കുറ്റച്ചാർത്ത്. കുറേനാളായി മുന്നണിയേയും സർക്കാരിനേയും അലോസരപ്പെടുത്തുന്ന നിലപാടാണ് കേരള കോൺഗ്രസി(ബി)ൽ നിന്നും ഉണ്ടാകുന്നതെന്നാണ് യു.ഡി.എഫ്. നേതൃത്വത്തിന്റെ അഭിപ്രായം. കഴിഞ്ഞ യു.ഡി.എഫ്. യോഗം മാണിക്കു പിന്തുണ പ്രഖ്യാപിച്ചശേഷവും ബാലകൃഷ്ണപിള്ള അതിനെതിരേ പ്രതികരിച്ചിരുന്നു. ഗണേശ്‌കുമാറിനെ നിയമസഭാകക്ഷിയിൽ നിന്നും നീക്കണമെന്ന് എംഎ‍ൽഎമാർ എല്ലാവരും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് നേതൃത്വം പറയുന്നത്. ഇക്കാര്യം യോഗം പരിഗണിക്കും. പിള്ള ഗ്രൂപ്പിന്റെ കാര്യത്തിൽ 2005ൽ സ്വീകരിച്ച നിലപാട് ആവർത്തിക്കാനാണു തീരുമാനം. തർക്കമുണ്ടാക്കുകയും പിള്ള വിഭാഗത്തെ അവഗണിക്കുകയും ചെയ്യുകയെന്ന നിലപാടായിരിക്കും ആദ്യം സ്വീകരിക്കുക.

പാലക്കാട് പാർലമെന്റ് മണ്ഡലത്തിൽ എംപി. വീരേന്ദ്രകുമാർ പരാജയപ്പെട്ടതന്വേഷിക്കുന്ന യു.ഡി.എഫ്. ഉപസമിതിയുടെ റിപ്പോർട്ട് കൂടി യോഗം പരിഗണിക്കുകയാണെങ്കിൽ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാകും. കോൺഗ്രസിനെ പൊതുവേ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലാണ് ഇതുവരെയുള്ള ഉപസമിതിയുടെ നിഗമനങ്ങൾ. യു.ഡി.എഫ്. യോഗത്തിന് ശേഷം യു.ഡി.എഫ് നിയമസഭാകക്ഷിയോഗവും ചേരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP