Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ ഗാന്ധിക്കിഷ്ടം വടക്കേ ഇന്ത്യൻ മോഡലിൽ വി ഡി സതീശനെയോ പി സി വിഷ്ണുനാഥിനെയോ നിയമിക്കാൻ; പാർട്ടി സജീവമായ കേരളത്തിൽ മുതിർന്ന നേതാക്കളെ അവഗണിക്കരുതെന്ന സോണിയയുടെ ഉപദേശം നീക്കം വൈകിപ്പിക്കുന്നു; മുതിർന്നവരിൽ ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവാതെ എഐസിസി; കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം നീണ്ടു പോകുന്നു

രാഹുൽ ഗാന്ധിക്കിഷ്ടം വടക്കേ ഇന്ത്യൻ മോഡലിൽ വി ഡി സതീശനെയോ പി സി വിഷ്ണുനാഥിനെയോ നിയമിക്കാൻ; പാർട്ടി സജീവമായ കേരളത്തിൽ മുതിർന്ന നേതാക്കളെ അവഗണിക്കരുതെന്ന സോണിയയുടെ ഉപദേശം നീക്കം വൈകിപ്പിക്കുന്നു; മുതിർന്നവരിൽ ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവാതെ എഐസിസി; കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം നീണ്ടു പോകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ എം എം ഹസന്റെ പ്രവർത്തനം കേരളത്തിലെ കോൺഗ്രസുകാർക്ക് യാതൊരു ഉണർവും നൽകുന്നില്ലെന്ന ആക്ഷേപം ശക്തമായി നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദേശീയ തലത്തിൽ പൊളിച്ചു പണിയുന്ന മാതൃകയിൽ കേരളത്തിലെ കോൺഗ്രസിനെയും ഉടച്ചുവാർക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുകയാണ് രാഹുൽ ഗാന്ധി. ഇതിന്റെ ഭാഗമായി യുവാക്കളെയാണ് അദ്ദേഹം പ്രധാനമായും ഉന്നം വെക്കുന്നത്. വി ഡി സതീശനിലേക്കും പി സി വിഷ്ണുനാഥിലേക്കും വരെ കെപിസിസി അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട പേരുകൾ ഉയർന്നു കേൾക്കുന്നു. അതേസമയം കോൺഗ്രസിലെ ഗ്രൂപ്പുകൾ ശക്തമായ കേരളത്തിൽ തീരുമാനം വരുമ്പോൾ മുതിർന്ന നേതാക്കളെയും പരിഗണിക്കണമെന്നാണ് സോണിയ ഗാന്ധി രാഹുലിന് നൽകിയ ഉപദേശം.

കെപിസിസി. പ്രസിഡന്റിന്റെ കേരള മോചനയാത്ര നടക്കുന്ന വേളയിൽ തന്നെയാണ് പാർട്ടിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ആലോചന ഹൈക്കമാൻഡ് ശക്തമാക്കിയത്. അടുത്ത മാസത്തോടെ പുതിയപ്രസിഡന്റ് വന്നേക്കുമെന്ന സൂചനയാണ് രാഹുൽ നൽകുന്നത്. സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതാക്കൾ പ്രാഥമികമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ചർച്ചയ്ക്കായി ഡൽഹിയിലെത്തി.

രാഹുൽ ഗാന്ധിയുമായുള്ള മുതിർന്ന നേതാക്കളുടെ ചർച്ച തുടർദിവസങ്ങളിൽ നടക്കും. രാഹുൽ കോൺഗ്രസ് അധ്യക്ഷനായതിനെത്തുടർന്ന് സംസ്ഥാനങ്ങളിൽ അദ്ദേഹത്തിന്റെ താത്പര്യത്തിനനുസരിച്ചുള്ള നേതൃമാറ്റം നടക്കുകയാണ്. മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ യഥാക്രമം ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ് തുടങ്ങിയവർ പി.സി.സി. അധ്യക്ഷന്മാരായി. ഈ സംസ്ഥാനങ്ങളിലൊക്കെ അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനും ഭരണം ലഭിച്ചാൽ ഇവർക്ക് മുഖ്യമന്ത്രിസ്ഥാനം നൽകാനുമാണ് ഉദ്ദേശ്യം.

കേരളത്തിൽ ശക്തമായ പാർട്ടിഘടന നിലവിലുള്ളതിനാൽ ഇത്തരം പരീക്ഷണങ്ങൾക്ക് രാഹുൽ മുതിരില്ലെന്നാണ് കരുതുന്നത്. 50 വയസ്സിൽ താഴെയുള്ളവരെ പി.സി.സി. പ്രസിഡന്റാക്കുകയെന്ന നയമാണ് രാഹുലിന്റേത്. പ്രായം എന്നത് ലംഘിക്കാൻ കഴിയാത്ത മാനദണ്ഡമായി മാറ്റരുതെന്നാണ് കേരളത്തിലെ നേതാക്കൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെടുന്നത്. ഗ്രൂപ്പ് സമവാക്യമെന്നപേരിൽ ദീർഘനാളായി പാലിക്കുന്ന സന്തുലനവും അതേപടി നടപ്പാകണമെന്നില്ല. എന്നാൽ, സംസ്ഥാനത്തെ മുതിർന്ന നേതാക്കളെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള തീരുമാനങ്ങളേ ഉണ്ടാകൂവെന്നും പ്രതീക്ഷിക്കുന്നു.

പ്രായത്തിന്റെ ആനുകൂല്യവും രാഹുലിന്റെ താത്പര്യവുംകൂടി കണക്കിലെടുക്കുമ്പോൾ വി.ഡി. സതീശനാണ് മുൻതൂക്കം. കെ. സുധാകരന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. എ ഗ്രൂപ്പിൽനിന്ന് പി.സി. വിഷ്ണുനാഥ്, ബെന്നി ബെഹനാൻ എന്നിവരുടെ പേരുകൾക്കാണ് പരിഗണന. കൊടിക്കുന്നിൽ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.വി. തോമസ് തുടങ്ങിയവരും കേന്ദ്രനേതൃത്വത്തിന്റെ ആലോചനകളിൽ സജീവമാണ്.

കേരളത്തിലെ പ്രധാന നേതാക്കളായ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ദേശീയ തലത്തിലേക്ക് കൊണ്ടുവരാനാണ് അദ്ദേഹത്തിന്റെ ആലോചന. കോൺഗ്രസിന്റെ പ്രവർത്തക സമിതിയിലേക്ക് തന്നെ ഇരുവരെയും എത്തിക്കാനാണ് രാഹുലിന്റെ ആഗ്രഹം. നിലവിൽ എകെ ആന്റണിയാണ് പ്രവർത്തക സമിതിയിലുള്ളത്. എന്നാൽ, അദ്ദേഹം അനാരോഗ്യം കാരണം പലപ്പോഴും പാർട്ടിയിൽ സജീവമാകുന്നില്ല. ഇതിനിടെയാണ് കേരളത്തിലെ മുതിർന്ന നേതാക്കളെ ദേശീയ നേതാക്കളാക്കിയും യുവനേതാക്കളെ പുതിയ കോൺഗ്രസിന്റെ മുഖമായി അവതരിപ്പിക്കാനും ശ്രമം നടക്കുന്നത്.

ദേശീയ നേതൃത്വത്തിലേക്ക് ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും പുറമേ പരിഗണിക്കുന്നവരുടെ കൂട്ടത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനും കെസി വേണുഗോപാലുമുണ്ട്. അതേസമയം കോൺഗ്രസ് പാർട്ടി സംഘടനാ തെരഞ്ഞെടുപ്പിലെ മുഖ്യവരാധികാരിയായിരുന്ന മുല്ലപ്പള്ളിയെ കോൺഗ്രസ് അധ്യക്ഷനാക്കാനും രാഹുലിന് താൽപ്പര്യമുണ്ടെന്നാണ് അറിയുന്നത്. പാർട്ടിയുടെ മുഖ്യവരാണാധികാരിയെ പിന്നീട് പ്രവർത്തകസമിതിയിലേക്കു പരിഗണിക്കുകയാണ് കീഴ്‌വഴക്കം. ഈ കീഴ് വഴക്കം പിന്തുടർന്നാൽ മുല്ലപ്പള്ളിയാകും വർക്കിങ് കമ്മിറ്റിയിൽ എത്തുക. ജാതി-മത സമവാക്യങ്ങൾ അനുസരിച്ച് കെപിസിസി. അധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളിയെ പരിഗണിച്ചാൽ അദ്ദേഹം പ്രവർത്തകസമിതിയിലെത്തില്ല. കെ.സി. വേണുഗോപാൽ നിലവിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയാണ്.

പി.സി. ചാക്കോയും ഇത്തവണ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തും. എ.ഐ.സി.സി. സെക്രട്ടറിയായ പി.സി. വിഷ്ണുനാഥിനു പുറമേ രണ്ടു പേരെക്കൂടി സെക്രട്ടറിമാരായി നിയോഗിക്കും. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞടുപ്പുകളിൽ കേരളത്തിൽനിന്നുള്ള നേതാക്കളെ ചുമതലയേൽപ്പിച്ച സംസ്ഥാനങ്ങളിൽമാത്രമാണ് കോൺഗ്രസിനു ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. വടക്കു, കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ പിടിച്ചുനിന്നത് മേഘാലയയിൽമാത്രം. അവിടെ ഭരണം കിട്ടിയില്ലെങ്കിലും ഏറ്റവും വലിയ കക്ഷിയാകാൻ കോൺഗ്രസിനു കഴിഞ്ഞു.

ഉമ്മൻ ചാണ്ടിക്കും ആന്റോ ആന്റണിക്കുമായിരുന്നു തെരഞ്ഞെടുപ്പിന്റെ പ്രധാന ചുമതല. മുമ്പു നടന്ന ഗോവ തെരഞ്ഞെടുപ്പിലും കോൺഗ്രസിനു ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ് ഗോവയിൽ പ്രചാരണത്തിനു നേതൃത്വം നൽകിയത്. ഉടൻ തെരഞ്ഞെടുപ്പു നടക്കുന്ന കർണാടകയിൽ ചുമതല വഹിക്കുന്നതു കെ.സി. വേണുഗോപാലും പി.സി. വിഷ്ണുനാഥുമാണ്. അവിടെ എക്സിറ്റ്പോൾ ഫലങ്ങൾ കോൺഗ്രസിന് അനുകൂലമാണ്. ഇതെല്ലാം കേരളത്തിൽനിന്നുള്ള കോൺഗ്രസ് നേതാക്കൾക്ക് ഗുണകരമായിട്ടുണ്ട്.

പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിനായതിനാൽ പാർട്ടി അധ്യക്ഷപദവിയും ഐ ഗ്രൂപ്പിന് നൽകുന്നതിൽ എതിർപ്പുയരാം. ഇത് മറികടക്കാൻ ഉമ്മൻ ചാണ്ടിയെ പ്രവർത്തകസമിതിയിലേക്ക് എടുക്കാനും സാധ്യതയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം സ്ഥാനമൊന്നും ഏറ്റെടുക്കാതെ നിൽക്കുന്ന ഉമ്മൻ ചാണ്ടിയെ പാർട്ടിയുടെ ഉന്നതസമിതിയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP