Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ നിയമനത്തിന് കോഴ വാങ്ങരുതെന്ന് വി എം സുധീരൻ; പണം വാങ്ങി കൈതഴമ്പിച്ച 'സഹകാരി'കളുടെയടുത്ത് കെപിസിസി പ്രസിഡന്റിന്റെ നിർദ്ദേശം വിലപ്പോകുമോ?

കോൺഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ നിയമനത്തിന് കോഴ വാങ്ങരുതെന്ന് വി എം സുധീരൻ; പണം വാങ്ങി കൈതഴമ്പിച്ച 'സഹകാരി'കളുടെയടുത്ത് കെപിസിസി പ്രസിഡന്റിന്റെ നിർദ്ദേശം വിലപ്പോകുമോ?

കോഴിക്കോട്: ഇടതായാലും വലതായാലും സഹകരണ സ്ഥാപനങ്ങളിൽ നിയമനത്തിന് നേതാക്കൾ ലക്ഷങ്ങൾ കോഴവാങ്ങുമെന്ന കാര്യം നാട്ടിൽ പാട്ടായതാണ്. സിപിഎമ്മിലാണെങ്കിൽ എല്ലാം നേതൃത്വം അറിയണം എന്നുമാത്രം. ഇക്കാര്യത്തിൽ കോൺഗ്രസിലെ സ്ഥിതി അൽപ്പമൊന്ന് വ്യത്യസ്തമാണ്. ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ നേതാക്കളിൽ മിടുക്കനാരാണോ അവരുടെ പേക്കറ്റിലേക്കാകും പണം പോകുക. ഇങ്ങനെ ലക്ഷങ്ങൾ കോഴ ഇനത്തിൽ വാങ്ങി കൈതഴമ്പിച്ച നേതാക്കൾ ആദർശധീരനായ കെപിസിസി പ്രസിഡന്റിന്റെ സാരോപദേശം കേട്ട് മനം മാറ്റുമോ? ഇല്ലേയില്ലെന്ന് നിസ്സംശയം പറയാം.

അങ്ങനെയുള്ള അഴിമതിയുടെ കൂത്തരങ്ങായ സഹകരണ മേഖലയെ ന്നാക്കാൻ വി എം സുധീരൻ മുന്നോട്ടുവച്ച നിർദ്ദേശം കേട്ട് കോൺഗ്രസ് നേതാക്കൾ തന്നെ ചിരിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ മറ്റു ചിലർ മദ്യനയത്തിന്റെ കാര്യത്തിലെന്ന പോലെ സുധീരൻ സ്വരം കടുപ്പിച്ചാൽ തങ്ങൾക്ക് പണികിട്ടുമോ എന്ന ആശങ്കയും രേഖപ്പെടുത്തുന്നു. പാർട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ നിയമനത്തിന് കോഴ വാങ്ങരുതെന്നാണ് കോൺഗ്രസ് നേതാക്കൾക്ക് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിർദ്ദേശം. നിയമനത്തിനായി വൻ തുക കോഴ ചോദിക്കുന്നുവെന്ന പ്രവർത്തകരുടെ പരാതിയെതുടർന്നാണ് നിർദ്ദേശം. കോഴ വാങ്ങിയതായി ബോധ്യപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും സുധീരൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ സഹകരണ സ്ഥാപനത്തിലെ നിയമനത്തിന് 20 ലക്ഷം രൂപ വരെ കോൺഗ്രസ് നേതാക്കൾ കോഴ ചോദിച്ചുവെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.

സംസ്ഥാനത്ത് ആയിരത്തിലധികം പ്രഥമിക സഹകരണ ബാങ്കുകളുടെ ഭരണം കോൺഗ്രസിനുണ്ട്. ബാങ്കുകളുടെ ക്ലാസിഫിക്കേഷനുസരിച്ച് നിയമനത്തിന് അഞ്ച് ലക്ഷം മുതൽ പതിനഞ്ച് ലക്ഷം വരെ കോഴ വാങ്ങുന്ന ഭരണ സമിതികളുണ്ട്. നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്ന സാഹചര്യങ്ങളുണ്ടാവുന്നുമുണ്ട്.

ഇത് പലയിടങ്ങളിലും ബാങ്കിന്റെ ഭരണം കോൺഗ്രസിന് നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റിന്റെ നിർദ്ദേശം. നിയമനത്തിനായി കോഴ നൽകാനായി തയ്യാറുള്ളവരുടെ പട്ടിക ഭരണ സമിതി തയ്യാറാക്കും. ഇതിൽ നിന്ന് പണം ലഭിക്കുന്ന മുറക്ക് നിയമനം നടത്തുന്നതാണ് രീതി. ഭരണസമിതി ആവശ്യപ്പെട്ട ഭീമമായ തുക കൃത്യ സമയത്ത് നൽകാത്ത ചില ഉദ്യോഗാർത്ഥികളെ മാറ്റുന്നതിനായി പട്ടിക റദ്ദാക്കാൻ ചില ഭരണ സമിതികൾ തയ്യാറായതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പുതിയ നിർദേശത്തിന് പിന്നിൽ.

കോഴ നൽകിയില്ലെങ്കിൽ നിയമനമില്ലെന്ന് ചില ബാങ്ക് പ്രസിഡന്റുമാർ ഉദ്യോഗാർത്ഥികളെ അറിയിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗാർത്ഥികൾ കെപിസിസി നേതൃത്വത്തെ സമീപിച്ചു. നിയമനത്തിനുള്ള സാധ്യത പട്ടികയിൽ പേരുള്ള പാർട്ടി പ്രവർത്തകരാരും പണം നൽകേണ്ടതില്ലെന്നും പട്ടികയ്ക്ക് മാറ്റം വരുത്താൻ അനുവദിക്കില്ലെന്നും പരാതിയുമായി എത്തിയവരെ കെപിസിസി പ്രസിഡന്റ് അറിയിച്ചു.

സുധീരന്റെ നിർദ്ദേശം മാദ്ധ്യമങ്ങൾ ഏറ്റുപിടിച്ചതോടെ വിഷയം സജീവ ചർച്ചയായിട്ടുണ്ട്. ഏറ്റവും കൂടുതൽ സഹകരണ ബാങ്കുകളുടെ മേധാവികളായ സിപിഐ(എം) നേതാക്കൾക്കും സുധീരന്റെ പുതിയ പടപ്പുറപ്പാടിൽ ആശങ്ക ഉടലെടുത്തിട്ടുണ്ട്. എന്നാൽ സുധീരന്റെ നിർദ്ദേശം പൊതുവിൽ കോൺഗ്രസിൽ തന്നെ നടപ്പാകില്ലെന്ന പൊതു നിരീക്ഷണത്തിലാണ് നേതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP