Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി എസിന് ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നൽകാൻ പോളിറ്റ് ബ്യൂറോ തീരുമാനം; നൽകുന്നത് സ്വതന്ത്ര ചുമതലയുള്ള പദവി; മുഖ്യമന്ത്രിക്ക് റിപ്പോർട്ട് ചെയ്യേണ്ടി വരില്ലെന്ന് സൂചന: അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളും; ആരും ഒന്നും അറിയിച്ചില്ലെന്ന് വി എസ്

വി എസിന് ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നൽകാൻ പോളിറ്റ് ബ്യൂറോ തീരുമാനം; നൽകുന്നത് സ്വതന്ത്ര ചുമതലയുള്ള പദവി; മുഖ്യമന്ത്രിക്ക് റിപ്പോർട്ട് ചെയ്യേണ്ടി വരില്ലെന്ന് സൂചന: അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളും; ആരും ഒന്നും അറിയിച്ചില്ലെന്ന് വി എസ്

ന്യൂഡൽഹി: തലമുതിർന്ന സിപിഐ(എം) നേതാവ് വി എസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നൽകാൻ സിപിഐ(എം) പോളിറ്റ്ബ്യൂറോയുടെ തീരുമാനം. സ്വതന്ത്ര ചുമതലയോടുള്ള പദവിയാകും വിഎസിന് ലഭിക്കുക. കൂടാതെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് ചെയ്യേണ്ടിയും വരില്ലെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. അതേസമയം ഇക്കാര്യത്തിൽ തീരുമാനം എടുക്കുക സംസ്ഥാന സർക്കാറായിരിക്കുമെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. അതിനായി കുറച്ചു കൂടി കാത്തിരിക്കണമെന്നും യെച്ചൂരി പറഞ്ഞു.

രാവിലെ പിബിയിൽ വിഎസിന് എന്ത് പദവി നൽകണം എന്ന കാര്യത്തിൽ തീരുമാനം ആയിരുന്നില്ല. തുടർന്നാണ് രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും പിബിയിൽ അഭിപ്രായം ഉയർന്നതും മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് ചെയ്യേണ്ടാത്ത പദവി നൽകാൻ ധാരണയായതും. അതേസമയം, ഇരട്ടപ്പദവി നിയമ വ്യവസ്ഥകൾ പരിഗണിച്ചായിരിക്കും നിയമനം.

വിഎസിന്റെ പദവിയുടെ കാര്യത്തിൽ കൂടുതൽ ചർച്ചകൾ കേരളത്തിലാകും നടക്കുക. വിഎസിന് ഉചിതമായ പദവി നൽകണമെന്ന കാര്യത്തിൽ നേരത്തെ തന്നെ തീരുമാനമായിരുന്നു. പക്ഷേ, രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകാൻ അനുവദിക്കില്ല. അങ്ങനെ വന്നാൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് സംസ്ഥാന നേതാക്കൾ നിലപാടെടുത്തു. വി എസിന് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ലഭിച്ചു കൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും തുടർന്നും ലഭ്യമാകുന്ന തരത്തിലുള്ള പദവിയായിരിക്കും നൽകുക.

ക്യാബിനറ്റ് റാങ്കോടെ സർക്കാരിന്റെ ഉപദേശകൻ, എൽഡിഎഫ് ചെയർമാൻ എന്നിങ്ങനെയുള്ള പദവികളാണ് വിഎസിനായി നേരത്തെ ആലോചിച്ചിരുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം കൂടി പിബി പരിഗണിച്ചിരുന്നു. അടുത്ത മാസം ചേരുന്ന പി.ബിക്കും കേന്ദ്ര കമ്മറ്റിക്കും ശേഷമായിരിക്കും പദവി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക. തുടർന്ന്, സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകും. എന്നാൽ, സർക്കാറായിരിക്കും ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കുക. ഇതുമായി ബന്ധപ്പെട്ട് വി എസ് പാർട്ടി സെക്രട്ടറി സീതാറം യച്ചൂരിക്ക് നൽകിയ കുറിപ്പു സംബന്ധിച്ച് വിവാദമാകുകയും ചെയ്തിരുന്നു. അതേസമയം സർക്കാരിൽ പദവി സംബന്ധിച്ച് തന്നെ ആരും ഔദ്യോഗികമായി വിവരമറിയിച്ചിട്ടില്ലെന്ന് വി എസ് പാലക്കാട്ട് പ്രതികരിച്ചു. മാദ്ധ്യമങ്ങൾ ഓരോന്ന് കെട്ടിച്ചമയ്ക്കുകയാണെന്നും വി എസ് പറഞ്ഞു.

അതിനിടെ, പശ്ചിമ ബംഗാളിലെ കോൺഗ്രസ്-സിപിഐ(എം) സഖ്യം സംബന്ധിച്ച് പൊളിറ്റ് ബ്യൂറോയിൽ വിമർശനം ഉയർന്നു. മമത ബാനർജിയെ ചെറുക്കാൻ കോൺഗ്രസ് അടക്കമുള്ള സമാനചിന്താഗതിയുള്ള പാർട്ടികളുമായി സഹകരിക്കണമെന്ന് ബംഗാൾ ഘടകം നിലപാട് ആവർത്തിച്ചു. ബംഗാളിലുണ്ടാക്കിയ സഖ്യത്തിനെതിരായ വിമർശനങ്ങൾ സാഹചര്യം മനസിലാക്കാതെയാണെന്നും ബംഗാൾ നേതാക്കാൾ അറിയിച്ചു. തിരഞ്ഞെടുപ്പു തോൽവിക്കു ശേഷവും ബംഗാൾ ഘടകം നിലപാട് മാറ്റാൻ തയാറായില്ല. കേന്ദ്ര കമ്മിറ്റി നിലപാടിന് വിരുദ്ധമാണിത്. ബംഗാളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതിനെ ഇന്നലെ നടന്ന ചർച്ചയിലും ഒരു പക്ഷം വിമർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP