Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനങ്ങളുടെ 'കാവലാളായി' തുടരുമെന്ന് പ്രഖ്യാപിച്ച വിഎസിനെ ചുറ്റിപ്പറ്റി ചർച്ചകൾ കൊഴുക്കുന്നു; ഉചിതമായ പദവി നൽകുമെന്ന് സീതാറാം യെച്ചൂരി; എന്ത് പദവിയെന്ന് മന്ത്രിസഭ തീരുമാനിക്കുമെന്നും പാർട്ടി ജനറൽ സെക്രട്ടറി; സർക്കാറിന്റെ ഉപദേശകനാക്കുമെന്ന് വാർത്ത

ജനങ്ങളുടെ 'കാവലാളായി' തുടരുമെന്ന് പ്രഖ്യാപിച്ച വിഎസിനെ ചുറ്റിപ്പറ്റി ചർച്ചകൾ കൊഴുക്കുന്നു; ഉചിതമായ പദവി നൽകുമെന്ന് സീതാറാം യെച്ചൂരി; എന്ത് പദവിയെന്ന് മന്ത്രിസഭ തീരുമാനിക്കുമെന്നും പാർട്ടി ജനറൽ സെക്രട്ടറി; സർക്കാറിന്റെ ഉപദേശകനാക്കുമെന്ന് വാർത്ത

ന്യൂഡൽഹി: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ്.അച്യുതാനന്ദന് സംസ്ഥാന സർക്കാറിൽ ഒരു പദവി ഉണ്ടാകുമെന്ന് സിപിഐ(എം) അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങളുടെ കാവലാളായി തുടരുമെന്നും സ്ഥാനമാനങ്ങൾ ഏറ്റെടക്കാനുമില്ലെന്ന വിഎസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സീതാറാം യെച്ചൂരി വിഎസിന് ഉചിതമായ സ്ഥാനം നൽകുമെന്ന് വ്യക്താമാക്കിയത്. അതേസമയം എന്ത് പദവി നൽകുമെന്ന കാര്യം മന്ത്രിസഭ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

വി എസ് അനുഭവ സമ്പത്തുള്ള നേതാവാണ്. അദ്ദേഹത്തിന്റെ ആ അനുഭവ സമ്പത്ത് സർക്കാരിന് എന്നും മുതൽക്കൂട്ടാണ്. അതിനാൽ തന്നെ ആ പരിചയ സമ്പത്ത് ഉപയോഗപ്പെടുത്തിയേ മതിയാവൂ- യെച്ചൂരി പറഞ്ഞു. അതേസമയം, തനിക്ക് പുതിയ പദവി നൽകിയാൽ അത് ഏറ്റെടുക്കില്ലെന്ന സൂചന രാവിലെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തിയപ്പോൾ വി എസ് നൽകിയിരുന്നു. സ്ഥാനമാനങ്ങൾ താൻ പ്രതീക്ഷിക്കുന്നില്ലെന്നും അങ്ങനെ ലഭിച്ചാൽ തന്നെ അത് സ്വീകരിക്കുമെന്ന് കരുതുന്നുണ്ടോ എന്നുമായിരുന്നു വി എസ് മാദ്ധ്യമ പ്രവർത്തകരോട് ചോദിച്ചത്.

അതേസമയം സ്പീക്കർ സ്ഥാനത്തേക്കും വി എസിന്റെ പേര് ഉയർന്നു വന്നുവെന്ന വിധത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. എന്നാൽ, ഈ നിർദ്ദേശം നേതൃത്വം അംഗീകരിച്ചില്ലെന്നും ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. എൽ ഡി എഫ് സർക്കാരിന്റെ ഉപദേശകനായി വി എസിനെ നിയമിച്ചേക്കുമെന്നാണ് സൂചനയെന്നും ചാനൽ റിപ്പോർട്ടു ചെയ്യുന്നുണ്ട്. എന്നാൽ ഈ നിർദ്ദേശത്തോട് വി എസ് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടുതന്നെ അറിയണം.

നേരത്തെ ക്യൂബയിൽ ഫിദൽ കാസ്‌ട്രോ പ്രവർത്തിക്കുന്നത് പോലെ വി എസ് പ്രവർത്തിക്കുമെന്നായിരുന്നു പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ യച്ചൂരി പറഞ്ഞിരുന്നത്. വി എസ് പടക്കുതിരയാണ്. തിരഞ്ഞെടുപ്പിനെ മുന്നിൽ നിന്നു നയിച്ചു. കേരള നേതൃത്വം ഒറ്റക്കെട്ടായി പ്രവർത്തിച്ചു. അതിനാലാണ് വലിയ വിജയം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രഖ്യാപിക്കാതിരുന്ന സിപിഐ(എം) കേന്ദ്ര നേതാക്കൾ ഇപ്പോൾ പറയുന്നത് പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തിൽ തെരഞ്ഞെടുപ്പിനു മുമ്പേ പൊതു ധാരണയുണ്ടായിരുന്നു എന്നാണെന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. വിഎസിനെ പോളിറ്റ് ബ്യൂറോയിൽ തിരികെ എടുക്കാനുള്ള നീക്കമുണ്ടെന്ന വാർത്തകളും നേതാക്കൾ തള്ളുകയാണ്.

വിഎസിനെ മുഖ്യമന്ത്രിയാക്കാത്ത സാഹചര്യത്തിൽ പലവിധത്തിലുള്ള ചർച്ചകളാണ് കൊഴുക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് ആരെന്ന കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണു തെരഞ്ഞെടുപ്പിനു മുൻപു സിപിഐ(എം) നേതൃത്വം വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ പൊതുധാരണയുണ്ടായിരുന്നെന്നാണു മുതിർന്ന പിബി അംഗങ്ങൾ വിശീകരിക്കുന്നത്. ഉന്നതനേതാക്കൾക്കിടയിലാണ് പിണറായി തന്നെ മുഖ്യമന്ത്രിയാകും എന്ന ധാരണയുണ്ടാക്കിയതെന്നാണ് ഇപ്പോഴത്തെ വിശദീകരണമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

വി എസ് തത്കാലം പാർട്ടിക്കെതിരെ നീങ്ങില്ലെന്നാണു പിബിയിൽ അദ്ദേഹത്തെ എതിർക്കുന്നവരുടെ പ്രതീക്ഷ. പൊതുവികാരം അനുസരിച്ച് പോകാനുള്ള രാഷ്ട്രീയ കൗശലം വി എസ്. എപ്പോഴും കാട്ടിയിട്ടുണ്ടെന്ന് ഈ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP