Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധീരാ.. വീരാ വി എസ്സേ.. ധീരതയോടെ നയിച്ചോളൂ! അടുത്ത തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ നയിക്കുന്നത് വി എസ് തന്നെയെന്ന സൂചനയുമായി യെച്ചൂരി; സ്ഥാനാർത്ഥിത്വത്തിനു പ്രായപരിധി ഇല്ല; വി എസിന്റെ ഊർജ്ജം കണ്ടു പഠിക്കണമെന്നും യെച്ചൂരി

ധീരാ.. വീരാ വി എസ്സേ.. ധീരതയോടെ നയിച്ചോളൂ! അടുത്ത തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ നയിക്കുന്നത് വി എസ് തന്നെയെന്ന സൂചനയുമായി യെച്ചൂരി; സ്ഥാനാർത്ഥിത്വത്തിനു പ്രായപരിധി ഇല്ല; വി എസിന്റെ ഊർജ്ജം കണ്ടു പഠിക്കണമെന്നും യെച്ചൂരി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാഷ്ട്രീയത്തിലെ വിരമിക്കൽ പ്രായം പലപ്പോഴും ചർച്ച ആകാറുണ്ട്. എന്നാൽ, പ്രായം കൂടും തോറും പോരാട്ട വീര്യം വീണ്ടും കൂട്ടുന്ന ഒരു അത്ഭുത പ്രതിഭാസമാണ് കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. കേരളത്തിൽ മറ്റൊരു യുവ നേതാവിനും കഴിയാത്ത വിധത്തിൽ സാമൂഹ്യ ഇടപെടൽ നടത്തുന്ന വി എസ് തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ വിജയ നായകൻ കൂടിയായി. പ്രായത്തെ വെല്ലുന്ന മികവോട് വി എസ് ജില്ലകൾ തോറും ഓടി നടന്ന് പ്രചരണം നയിച്ചപ്പോൾ ജനങ്ങൾ ആവേശം കൊണ്ട് അദ്ദേഹത്തെ പൊതിഞ്ഞു. വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിന് കോപ്പുകൂട്ടുന്ന വേളയിൽ മറ്റ് അസ്ത്രങ്ങളൊന്നുമില്ലാത്ത സിപിഐ(എം) വീണ്ടും വി എസ് എന്ന വയോധികനിലേക്ക് ഉറ്റു നോക്കുകയാണ്.

സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് എന്തു തന്നെ ആയാലും വി എസ് അച്യുതാനന്ദൻ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നയിക്കുമെന്നാണ് സിപിഐ(എം) അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി പറയാതെ പറയുന്നത്. കേരളത്തിൽ രണ്ട് മുന്നണികളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്ന് പറയുന്നത് വി എസ് അച്യുതാനന്ദൻ എന്ന നേതാവ് തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് യെച്ചൂരിയുടെ വാക്കുകൾ. സിപിഎമ്മിൽ ഒന്നിനും പ്രായപരിധി ഇല്ലെന്ന് പറഞ്ഞാണ് യെച്ചൂരി വിഎസിന് മത്സരിക്കാൻ പച്ചക്കൊടി കാട്ടിയിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദൻ ഈ പ്രായത്തിലും കാണിക്കുന്ന ഊർജ്വസ്വലത താൻ അടക്കമുള്ള എല്ലാവരും മാതൃകയാക്കണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പാർട്ടിയിൽ നേതാക്കൾക്ക് വിരമിക്കൽ പ്രായപരിധി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും പാർട്ടി പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ജനങ്ങളുമായി ബന്ധമുള്ളവർക്ക് പൊതുരംഗത്ത് തുടരാമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

60 വയസ്സു കഴിഞ്ഞ ആളുകൾ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണമെന്ന ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവനയെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോഴാണ് സിപിഐഎമ്മിന് ഈ നിലപാടില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയത്. വിഎസിന് 93 വയസായി. ഇപ്പോഴും അദ്ദേഹം പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവമാണ്. ഈ ഊർജ്വസ്വലത എല്ലാവരും മാതൃകയാക്കണം. അങ്ങനെയെങ്കിൽ പാർട്ടി കൂടുതൽ ശക്തിപ്പെടും യെച്ചൂരി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിനുണ്ടായ വിജയം വി.എസിന്റെ മാത്രം നേതൃത്വം കൊണ്ടല്ല. കൂട്ടായ പ്രവർത്തനത്തിന്റെ ഫലം കൂടിയാണത്. പാർട്ടി ഈ ഐക്യം തുടർന്നാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനായാസം അധികാരത്തിൽ എത്താൻ കഴിയുമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുകളിലുണ്ടായ വർദ്ധന ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാൽ, സിപിഎമ്മിന്റെ വോട്ടുകളിൽ ചോർച്ച ഉണ്ടായിട്ടില്ല. കോൺഗ്രസിന്റെ വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നുവെന്നും യെച്ചൂരി പറഞ്ഞു. യെച്ചൂരിയുടെ വാക്കുകൾ വി എസ് തന്നെ ഇടതുമുന്നണിയെ നയിക്കുമെന്ന് വ്യക്തമാക്കുന്നതാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ വിഎസിന്റെ നേതൃത്വം പാർ്ട്ടിക്ക് ഏറെ ഗുണം ചെയ്തുവെന്ന് നേരത്തെ കേന്ദ്രകമ്മിറ്റി യോഗത്തിൽ തീരുമാനമായിരുന്നു. വിഎസിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് വിവാദങ്ങളൊന്നും ഉണ്ടാകരുതെന്നും സിപിഐ(എം) സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതാക്കൾ നിർദ്ദേശിക്കുകയും ചെയതു. ഇത് വി എസ് തന്നെ നയിക്കണം എന്ന ആഗ്രഹത്തിൽ നിന്നാണെന്ന കാര്യം ഉറപ്പാണ്.

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളിൽ വിഎസിനെതിരായ കുറ്റപത്രം പരിഗണിക്കുന്ന കാര്യം അടുത്തെങ്ങും ഉണ്ടാകില്ലെന്ന കാര്യവും ഉറപ്പാണ്. കൊൽക്കത്താ പ്ലീനത്തിന് ശേഷം മാത്രമേ ഇതുണ്ടാകൂ. അതിനിടെ കൊൽക്കത്താ പ്ലീനത്തിൽ ഐക്യത്തിന്റെ ആവശ്യകതയാകും പാർട്ടി ഉയർത്തിക്കാട്ടുക. ഇതിന് ശേഷം വിഎസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. അതിനിടെ സിപിഐ(എം) കേന്ദ്ര കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ് മാത്രമാണ് വി എസ്. പ്രായത്തിന്റെ കാരണം പറഞ്ഞാണ് ഒഴിവാക്കിയത്. ഇതു പോലും പാർട്ടി പ്രത്യേക സാഹചര്യത്തിൽ തിരുത്തുമെന്നാണ് സെക്രട്ടറിയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

നിലവിലെ സാഹചര്യത്തിൽ മത്സരത്തിന് വി എസ് തയ്യാറാകുമെന്ന് തന്നെയാണ് യെച്ചൂരിയുടെ വിലയിരുത്തൽ. അങ്ങനെ വന്നാൽ അതിനെ എതിർക്കില്ല. വിഎസിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് ഇത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ആവേശത്തോടെ പ്രചരണത്തിന് 11 ജില്ലകളിൽ വി എസ് എത്തിയിരുന്നു. അതിന്റെ പ്രതിഫലനവും ഉണ്ടായി. ബിജെപിയും വെള്ളാപ്പള്ളി നടേശനും ചേർന്ന് നടത്തുന്ന ഭൂരിപക്ഷ രാഷ്ട്രീയ വാദത്തിനിടയിലും ഈഴവ വോട്ടുകൾ സിപിഎമ്മിൽ ഉറപ്പിച്ച് നിറുത്തിയത് വിഎസിന്റെ ഇടപെടലാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും വിഎസിന്റെ പ്രചരണ രംഗത്തെ സാന്നിധ്യം പാർട്ടിക്ക് അനിവാര്യമാണ് താനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP