Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരണമണി ചെവിക്കൊള്ളുമോ? സിപിഐയെ അടുപ്പിക്കാൻ വീക്ഷണം; കോൺഗ്രസ് പത്രത്തിലെ മുഖപ്രസംഗം പരിഹാസ്യമെന്ന് പിണറായി; സിപിഐയെ സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല

മരണമണി ചെവിക്കൊള്ളുമോ? സിപിഐയെ അടുപ്പിക്കാൻ വീക്ഷണം; കോൺഗ്രസ് പത്രത്തിലെ മുഖപ്രസംഗം പരിഹാസ്യമെന്ന് പിണറായി; സിപിഐയെ സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ശബരിനാഥന്റെ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇടതു മുന്നണിയിൽ വിള്ളലുണ്ടാക്കാൻ കോൺഗ്രസ് ശ്രമം. സിപിഐയെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുന്ന തരത്തിൽ കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ എഡിറ്റോറിയലെത്തി. സി പി എമ്മിനോളം തന്നെ ചീഞ്ഞുനാറാത്ത പാർട്ടി എന്ന നിലയിൽ സിപിഐ കപ്പലിൽ നിന്നും രക്ഷപ്പെടേണ്ടതാണ്. സി പി എം നേതാക്കളെപ്പോലെ വാക്കുകളിൽ വിഷം ചീറ്റാത്തവരും ശരീരഭാഷയിൽ ധാർഷ്ട്യം പ്രകടിപ്പിക്കാത്തവരുമാണ് സിപിഐക്കാർ. 1969 മുതൽ പത്തു വർഷക്കാലം കോൺഗ്രസ് മുന്നണിയിൽ നിന്ന് ഭരണം നടത്തിയ ഗൃഹാതുര ചിന്ത രഹസ്യമായി മനസ്സിൽ സൂക്ഷിക്കുന്നവരാണ് സിപിഐക്കാരെന്നാണ് എഡിറ്റോറിയലിൽ പറയുന്നത്.

അരുവിക്കര തെരഞ്ഞെടുപ്പ് പ്രചരണകാലത്തും സിപിഐ വിഷയം യുഡിഎഫ് ഉയർത്തിയിരുന്നു. സിപിഐയെ മുന്നണിയിലെത്തിക്കാനുള്ള നീക്കങ്ങൾക്ക് മുസ്ലിം ലീഗാണ് നേതൃത്വം നൽകിയത്. അരുവിക്കരയ്ക്ക് ശേഷം സിപിഐ മുന്നണി മാറുമെന്ന് ലീഗ് നേതാക്കൾ പരസ്യമായി പറഞ്ഞു. എന്നാൽ ഇതൊക്കെ വ്യാമോഹം മാത്രമെന്നായിരുന്നു സിപിഐയുടെ നിലപാട്. എങ്കിലും ഇടതുമുന്നണിയിൽ ഭിന്നത ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പുതിയ എഡിറ്റോറിയൽ. ഇടതു മുന്നണി വിപുലീകരണത്തിന് സിപിഐ(എം) ശ്രമിക്കുമ്പോഴാണ് ഇതെന്നതും ശ്രദ്ധേയമാണ്.

സി പി എം ആധിപത്യത്തിന്റെ നുകഭാരം പേറി മൂന്നര പതിറ്റാണ്ടുകളായി ഇടതുമുന്നണിയിൽ ഭൃത്യവേല ചെയ്യേണ്ടി വന്ന സിപിഐയുടെ വളർച്ച മുരടിച്ചു. തിന്നും കുടിച്ചും കൂത്താടിയും സി പി എം തടിച്ചുകൊഴുത്തപ്പോൾ സിപിഐ എല്ലും തോലുമായി അകാല വാർധക്യത്തിലേക്കെറിയപ്പെട്ടു. ഒന്നു ചീഞ്ഞു മറ്റൊന്നിനു വളമാവുന്നതുപോലെ സിപിഐ ചീഞ്ഞു സി പി എം വളർന്നു. ഒരു നാഴിയിൽ മറ്റൊരു നാഴി കൊള്ളില്ലെന്ന സത്യം തിരിച്ചറിയാൻ സിപിഐയ്ക്ക് സാധിച്ചില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന ആശയം സി പി എമ്മിന് അധികാരം പിടിക്കാനുള്ള കുറുക്കുവഴിയാണെന്ന് ഇനിയെങ്കിലും സിപിഐ തിരിച്ചറിയണം. തിരുവായ്ക്ക് എതിർ വാ ഇല്ലാത്ത സി പി എം നയത്തിൽ ജനാധിപത്യം നേരത്തെ തന്നെ വിച്ഛേദിക്കപ്പെട്ടിരുന്നുവെന്നും പറയുന്നു.

ഒമ്പത് വർഷങ്ങൾക്കുള്ളിൽ പത്ത് തിരഞ്ഞെടുപ്പുകൾ തോറ്റ ഇടതു മുന്നണിയും സി പി എമ്മും ഇനിയൊരു തിരഞ്ഞെടുപ്പ് ജയിക്കാനാവാത്തവിധം ദുർബലപ്പെട്ടിരിക്കുകയാണ്. ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ ജയിക്കാനായിരിക്കില്ല; രണ്ടാം സ്ഥാനം നിലനിർത്താനായിരിക്കും അവരുടെ പോരാട്ടം. സി പി എമ്മിൽ നിന്നും വിജയത്തിന്റെ ബാറ്റൺ തട്ടിയെടുക്കാനുള്ള ഓട്ടത്തിൽ ബിജെപി അവരുടെ പിന്നിൽ കയ്യെത്തും ദൂരത്ത് എത്തിയിരിക്കുന്നു. ആ അവസ്ഥയിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളത്തിലും ഇടതുമുന്നണി കപ്പൽച്ചേദത്തെ അഭിമുഖീകരിക്കുകയാണ്. മുങ്ങുന്ന കപ്പലിൽ കിടന്നു വെള്ളം കുടിച്ചു ചാവാതെ രക്ഷപ്പെടാനുള്ള മുന്നറിയിപ്പാണ് അരുവിക്കര നൽകുന്നതെന്നും പറയുന്നു.

വീക്ഷണം മുഖപ്രസംഗം പരിഹാസ്യമെന്ന് പിണറായി; സിപിഐയെ സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല

അതിനിടെ സിപിഐയെ സ്വാഗതം ചെയ്തുകൊണ്ട് വീക്ഷണത്തിൽ വന്ന മുഖപ്രസംഗം പരിഹാസ്യമെന്ന് സിപിഐ(എം). പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. വീക്ഷണത്തിൽ വരുന്നതൊക്കെ കോൺഗ്രസ് നേതാക്കൾ തന്നെ തള്ളിയിട്ടുണ്ട്. ഇടതുപക്ഷത്തോടൊപ്പം എപ്പോഴും ഉറച്ചു നിൽക്കുന്ന പാർട്ടിയാണ് സിപിഐ. ഇതേക്കുറിച്ചുള്ള നിലപാട് സിപിഐനേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇപ്പോൾ അതേക്കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിപിഐയെ സ്വാഗതം ചെയ്യുന്നുവെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. വീക്ഷണത്തിന്റെ മുഖപ്രസംഗം കോൺഗ്രസ് പാർട്ടിയുടെ നയമോ തീരുമാനമോ അല്ല. എന്നാൽ മതേതരത്വത്തിന് വെല്ലുവളി ഉയരുന്ന സാഹചര്യത്തിൽ സിപിഐയെ സ്വീകരിക്കാൻ ഒരുക്കമാണെന്ന് ചെന്നിത്തല പറഞ്ഞു. ബിജെപിയുടെ വരവിനെ ഭയക്കുന്നു. അതിനാൽ അന്ധമായ കോൺഗ്രസ് വിദ്വേഷം ഒഴിവാക്കിയാൽ ഇടതുപക്ഷ കക്ഷികളെ സ്വീകരിക്കാൻ തയ്യാറാണെന്ന് രമേശ്് ചെന്നിത്തല പറഞ്ഞു.

 വീക്ഷണത്തിലെ എഡിറ്റോറിയലിന്റെ പൂർണ്ണ രൂപം

അരുവിക്കരയിലെ മരണമണി സിപിഐ ചെവിക്കൊള്ളുമോ?

അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം അനേകം ഗുണപാഠങ്ങളോടൊപ്പം ചില മുന്നറിയിപ്പുകളും നൽകുന്നു. ഇടതുമുന്നണി മുങ്ങുന്ന കപ്പലാണെന്നും ജീവനിൽ കൊതിയുള്ളവർ രക്ഷപ്പെടൂ എന്ന അപകടമുന്നറിയിപ്പാണ് തിരഞ്ഞെടുപ്പ് ഫലത്തിലെ കൂട്ടമണിയടിയിലൂടെ പ്രതിധ്വനിക്കുന്നത്.

ഒമ്പത് വർഷങ്ങൾക്കുള്ളിൽ പത്ത് തിരഞ്ഞെടുപ്പുകൾ തോറ്റ ഇടതു മുന്നണിയും സി പി എമ്മും ഇനിയൊരു തിരഞ്ഞെടുപ്പ് ജയിക്കാനാവാത്തവിധം ദുർബലപ്പെട്ടിരിക്കുകയാണ്. ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ ജയിക്കാനായിരിക്കില്ല; രണ്ടാം സ്ഥാനം നിലനിർത്താനായിരിക്കും അവരുടെ പോരാട്ടം.

സി പി എമ്മിൽ നിന്നും വിജയത്തിന്റെ ബാറ്റൺ തട്ടിയെടുക്കാനുള്ള ഓട്ടത്തിൽ ബിജെപി അവരുടെ പിന്നിൽ കയ്യെത്തും ദൂരത്ത് എത്തിയിരിക്കുന്നു. ആ അവസ്ഥയിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളത്തിലും ഇടതുമുന്നണി കപ്പൽച്ചേദത്തെ അഭിമുഖീകരിക്കുകയാണ്. മുങ്ങുന്ന കപ്പലിൽ കിടന്നു വെള്ളം കുടിച്ചു ചാവാതെ രക്ഷപ്പെടാനുള്ള മുന്നറിയിപ്പാണ് അരുവിക്കര നൽകുന്നത്.

സി പി എമ്മിനോളം തന്നെ ചീഞ്ഞുനാറാത്ത പാർട്ടി എന്ന നിലയിൽ സിപിഐ കപ്പലിൽ നിന്നും രക്ഷപ്പെടേണ്ടതാണ്. സി പി എം നേതാക്കളെപ്പോലെ വാക്കുകളിൽ വിഷം ചീറ്റാത്തവരും ശരീരഭാഷയിൽ ധാർഷ്ട്യം പ്രകടിപ്പിക്കാത്തവരുമാണ് സിപിഐക്കാർ. 1969 മുതൽ പത്തു വർഷക്കാലം കോൺഗ്രസ് മുന്നണിയിൽ നിന്ന് ഭരണം നടത്തിയ ഗൃഹാതുര ചിന്ത രഹസ്യമായി മനസ്സിൽ സൂക്ഷിക്കുന്നവരാണ് സിപിഐക്കാർ.

വലുപ്പചെറുപ്പമില്ലാത്ത, സമത്വത്തോടെയുള്ള ഐക്യമുന്നണി സംസ്‌കാരം ആവോളം ആസ്വദിച്ച അക്കാലം സിപിഐക്ക് വിസ്മരിക്കാനാവില്ല. മുന്നണിയിൽ രണ്ടാം കക്ഷിയായിരുന്നിട്ടും രണ്ടു തവണ മുഖ്യമന്ത്രിസ്ഥാനം സി അച്യുതമേനോനും പി കെ വാസുദേവൻ നായർക്കും നൽകുന്നതിൽ കോൺഗ്രസിന് വൈമുഖ്യമുണ്ടായിരുന്നില്ല.

സി അച്യുതമേനോന്റെ ഭരണനാളുകൾ സിപിഐയുടെ പുഷ്‌കല കാലവും കേരള വികസനത്തിന്റെ സുവർണകാലവുമായിരുന്നു. മരിച്ചാൽ ശവം മറവ് ചെയ്യാൻ ആറടി മണ്ണുപോലും ഇല്ലാത്ത ലക്ഷക്കണക്കിന് ഭൂരഹിതരെ ഭൂമിക്കുടമകളാക്കി മാറ്റിയത് അച്യുതമേനോൻ സർക്കാരിന്റെ മികച്ച നേട്ടമായിരുന്നു.

തലചായ്ക്കാൻ ഇടമില്ലാത്ത ലക്ഷക്കണക്കിന് പാവങ്ങളെ ആവാസ സ്ഥലത്തിനുടമകളാക്കിയ എം എൻ ഗോവിന്ദൻ നായരുടെ ലക്ഷം വീട് പദ്ധതി വിസ്മരിക്കാനാവില്ല. കേരളത്തിന്റെ വ്യവസായ വികസനത്തെ ത്വരിതപ്പെടുത്തിയ ടി വി തോമസിന്റെ 'ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്' എന്ന ആശയം ആ കാലത്തിന്റെ വരദാനമായിരുന്നു.

അഭിമാനകരമായ അത്തരം നേട്ടങ്ങളുടെ പൈതൃകം ഉപേക്ഷിച്ചുകൊണ്ടാണ് ഇ എം എസിന്റെ 'ക്ലീൻ സ്റ്റേറ്റ്' സിദ്ധാന്തത്തിന് പിന്നാലെ സിപിഐ പോയത്. കുരങ്ങന്റെ ഹൃദയം കൈക്കലാക്കാൻ ശ്രമിച്ച മുതലയെപ്പോലെ സിപിഐയിൽ നിന്നും മുഖ്യമന്ത്രിസ്ഥാനം തട്ടിപ്പറിക്കുകയായിരുന്നു സി പി എമ്മിന്റെ ലക്ഷ്യം. ഹൃദയം വൃക്ഷക്കൊമ്പിലാണെന്നു പറഞ്ഞു മുതലയെ കബളിപ്പിച്ചു രക്ഷപ്പെട്ട കുരങ്ങന്റെ കൗശലം പാവം സിപിഐക്കാർക്ക് ഇല്ലാതെ പോയി.

വാസുദേവൻ നായർ മുഖ്യമന്ത്രി സ്ഥാനം താലത്തിലാക്കി ഇ എം എസിന്റെ പാദത്തിൽ വച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുന്നതിൽ വലിയ ത്യാഗം സഹിച്ച സിപിഐക്ക് മതിയായ പരിഗണന സി പി എമ്മിൽ നിന്ന് ലഭിച്ചില്ല. കോൺഗ്രസ് മുന്നണിയിൽ കിരീടം ധരിച്ചു തിളങ്ങിയ ആ ശിരസ്സിൽ സി പി എം വച്ചുകൊടുത്തത് അവജ്ഞയുടെയും അവഗണനയുടെയും കുപ്പക്കൊട്ടകളായിരുന്നു.

സി പി എം ആധിപത്യത്തിന്റെ നുകഭാരം പേറി മൂന്നര പതിറ്റാണ്ടുകളായി ഇടതുമുന്നണിയിൽ ഭൃത്യവേല ചെയ്യേണ്ടി വന്ന സിപിഐയുടെ വളർച്ച മുരടിച്ചു. തിന്നും കുടിച്ചും കൂത്താടിയും സി പി എം തടിച്ചുകൊഴുത്തപ്പോൾ സിപിഐ എല്ലും തോലുമായി അകാല വാർധക്യത്തിലേക്കെറിയപ്പെട്ടു. ഒന്നു ചീഞ്ഞു മറ്റൊന്നിനു വളമാവുന്നതുപോലെ സിപിഐ ചീഞ്ഞു സി പി എം വളർന്നു.

ഒരു നാഴിയിൽ മറ്റൊരു നാഴി കൊള്ളില്ലെന്ന സത്യം തിരിച്ചറിയാൻ സിപിഐയ്ക്ക് സാധിച്ചില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന ആശയം സി പി എമ്മിന് അധികാരം പിടിക്കാനുള്ള കുറുക്കുവഴിയാണെന്ന് ഇനിയെങ്കിലും സിപിഐ തിരിച്ചറിയണം. തിരുവായ്ക്ക് എതിർ വാ ഇല്ലാത്ത സി പി എം നയത്തിൽ ജനാധിപത്യം നേരത്തെ തന്നെ വിച്ഛേദിക്കപ്പെട്ടിരുന്നു.

കമ്യൂണിസ്റ്റ് വിരുദ്ധമായ ആശയത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഇടതുപക്ഷം എന്ന ആശയവും സി പി എം ഉപേക്ഷിച്ചിരിക്കയാണ്. പ്രത്യയശാസ്ത്ര പ്രതിബദ്ധതയില്ലാത്ത കോർപ്പറേറ്റ് ദല്ലാളന്മാരുടെ കൂട്ടായ്മ മാത്രമാണിന്ന് സി പി എം. ശുദ്ധമായ ഇടതുപക്ഷ വിചാരങ്ങളും പതിതപക്ഷ വികാരങ്ങളും മതനിരപേക്ഷ ദർശനങ്ങളും സംരക്ഷിക്കണമെങ്കിൽ സി പി എമ്മിന്റെ കളങ്കിത ബന്ധത്തിൽ നിന്നും സിപിഐ പുറത്ത് ചാടണം. തെലങ്കാനയിലെയും ബീഹാറിലെയും സിപിഐ അന്ധമായ കോൺഗ്രസ് വിരോധം ഉപേക്ഷിച്ച് കോൺഗ്രസുമായി സൗഹാർദ്ദം പങ്കിടുന്നു.

ആധുനിക കേരള വികസന ചരിത്രത്തിൽ അച്യുതമേനോൻ കൊത്തിവച്ച വികസന കാലത്തിന്റെ പൈതൃകം സിപിഐ ഏറ്റുവാങ്ങണം. പൂർവകാലത്തിന്റെ അഭിമാനസ്മൃതികളുമായി ആർ എസ് പി തിരിച്ചുവന്നെങ്കിൽ എന്തുകൊണ്ട് സിപിഐക്കും ആ മാർഗ്ഗം സ്വീകരിച്ചുകൂടാ? അരുവിക്കരയിൽ മുഴങ്ങുന്ന മരണമണി ഇടതുമുന്നണിയുടെ സർവനാശത്തിന്റെ മുന്നറിയിപ്പാണെന്ന് തിരിച്ചറിയാനുള്ള വിവേകം സിപിഐക്ക് ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP