Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളാപ്പള്ളിയെ ചൊല്ലി ധീവരരിലും കെപിഎംഎസിലും സമാജത്തിലും പോര്: നയ്യാടി മുതൽ നമ്പൂതിരി വരെയുള്ളവരുടെ യോജിപ്പെന്ന മുദ്രാവാക്യം പാളുന്നുവോ? സമത്വമുന്നേറ്റ യാത്രയെ ചൊല്ലി സംഘടനകളിൽ ഭിന്നത

വെള്ളാപ്പള്ളിയെ ചൊല്ലി ധീവരരിലും കെപിഎംഎസിലും സമാജത്തിലും പോര്: നയ്യാടി മുതൽ നമ്പൂതിരി വരെയുള്ളവരുടെ യോജിപ്പെന്ന മുദ്രാവാക്യം പാളുന്നുവോ? സമത്വമുന്നേറ്റ യാത്രയെ ചൊല്ലി സംഘടനകളിൽ ഭിന്നത

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റയാത്രയുടെ ഭാഗമാകാൻ ഇറങ്ങിത്തിരിച്ച സംഘടനകളിൽ പോര് രൂക്ഷമാകുന്നു. ഇതേ തുടർന്ന് സമത്വ മുന്നേറ്റയാത്രയുമായി സഹകരിക്കാനാവാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുകയാണ്. യോഗ ക്ഷേമ സഭയ്ക്ക് ഒപ്പം വെള്ളാപള്ളിക്ക് പിന്തുണ പ്രഖ്യാപിച്ച പല സംഘടനകളും ഇപ്പോൾ പാളയത്തിൽ പട നേരിടുകയാണ്.

ജാഥയുടെ തുടക്കത്തിലെ പിന്തുണ പ്രഖ്യാപിച്ച ധീവരരുടെ ആധികാരിക സംഘടനയായ ധീവര സഭ വെള്ളാപ്പള്ളിക്കുള്ള പിന്തുണ പിൻവലിച്ചു. പിന്നീടാണ് ധീരവരരെ പൊളിച്ചെഴുതി ധീവര മഹാസഭയെന്ന പേരിൽ തട്ടിക്കൂട്ട് സംഘടന രൂപീകരിച്ച് അഡ്വ. ഗോപാലകൃഷ്ണന്റെ നേതൃത്തിലുള്ളവർ പിന്തുണ പ്രഖ്യാപിച്ചത്. ഔദ്യോഗിക വിഭാഗം നേതാവ് വി ദിനകരൻ എക്‌സ് എം എൽ എ ഇതോടെ വാർത്തസമ്മേളനം നടത്തി പിന്തുണ പിൻവലിച്ചു. ഇപ്പോൾ ദളിതന്റെ പിന്തുണയുണ്ടെന്ന് പറയുന്ന വെള്ളാപള്ളിക്ക് പുന്നല ശ്രീകുമാർ നയിക്കുന്ന കെ പി എം എസിന്റെ വിഘടിതവിഭാഗത്തിന്റെ പിന്തുണയാണുള്ളത്.

കെ പി ബാബു നയിക്കുന്ന വിഘടിത വിഭാഗത്തിൽ ഇപ്പോൾ കനത്ത പോര് രൂക്ഷമായിട്ടുണ്ട്. നായർ കൂട്ടായ്മ പ്രതീക്ഷിച്ച വെള്ളാപള്ളിക്ക് സുകുമാരൻ നായരെ എതിർക്കുന്ന പെരുമറ്റം രാധാകൃഷ്ണന്റെ സമസ്ത നായരുടെ പിന്തുണയാണ് ലഭിച്ചത്. ഇതോടെ അവിടെയും അസ്വാരസ്യങ്ങൾ പൊട്ടിപുറപ്പെട്ടു കഴിഞ്ഞു. ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപള്ളിക്കെതിരെ ഉയർന്ന ആരോപണങ്ങളെ ചെറുക്കാൻ സമസ്ത നായർ സമാജം ഇറങ്ങിതിരിച്ചത് നായന്മാരിൽ ചിലർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതെതുടർന്ന് പിരിമുറുക്കങ്ങൾ കണ്ടുതുടങ്ങിയ കുറു നായർ കൂട്ടം വെള്ളാപള്ളിയുടെ ജാഥയെ പിന്തുണച്ചതോടെ പോര് മറനീക്കി പുറത്തുവന്നു. വെള്ളാപള്ളിയെ പിന്തുണച്ച യോഗക്ഷേമ സഭയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആകെ ഉണ്ടായിരുന്ന ഉന്നത സവർണ്ണൻ ഇപ്പോൾ സ്വന്തം തട്ടകത്തിൽ അന്യനായി കഴിഞ്ഞു. സഭാംഗങ്ങളെല്ലാവരും കൂടി സംസ്ഥാന അദ്ധ്യക്ഷനെ തന്നെ പുകച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടും പ്രതിസന്ധിയിലാണ് ഇപ്പോൾ.

ഇതിനൊപ്പം വെള്ളാപ്പള്ളിയുടെ ജാഥയെ വരവേൽക്കാൻ ഒരു സാംസ്കാരിക നായകരും അവിടെ എത്തിയില്ല. തീയാടി മുതൽ നമ്പൂതിരി വരെയുള്ളവർക്ക് സമത്വം ഉണ്ടാക്കാൻ എത്തിയ ഈവഴ നേതാവിന് തുടക്കത്തിലെ പണിപാളിയെന്നാണ് വിലയിരുത്തൽ. ബിജെപി ദേശീയ നേതൃത്വം ഏറെ പ്രതീക്ഷയോടെ കണ്ട വെള്ളാപള്ളിയുടെ മുന്നേറ്റ ജാഥ ഇതോടെ അവരെയും മടുപ്പിച്ചു. എന്നാൽ തെക്കൻ ജില്ലകളിൽ ജാഥയെത്തുമ്പോൾ ഈ പ്രതിസന്ധികളെല്ലാം മറികടക്കാൻ കഴിയുമെന്നാണ് എസ്എൻഡിപിയുടെ വിലയിരുത്തൽ. ജാഥയുമായി സഹകരിക്കരുതെന്ന കർശന നിർദ്ദേശം സിപിഐ(എം) അണികൾക്ക് പാർട്ടി സംസ്ഥാന നേതൃത്വം നൽകിയിട്ടുണ്ട്. ഇതിനൊപ്പം ബിജെപി അണികളും എത്താതെ ആയപ്പോൾ യാത്രയുടെ പകിട്ട് കുറയുകയായിരുന്നു.

ആർഎസ്എസ് നേതൃത്വം നൽകുന്ന സമത്വ മുന്നേറ്റ ജാഥയ്ക്ക് ബിജെപി വക നിസ്സഹകരണം കൂടിയായപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയാണുള്ളത്. അഞ്ചോളം ജില്ലയിൽ പര്യടനം നടത്തിയ ജാഥയ്ക്ക് അഭിവാദ്യം അർപ്പിക്കാൻ ബിജെപി നേതാക്കൾ എത്തുന്നത് തലയിൽമുണ്ടിട്ടാണെന്ന വസ്തുതയുമുണ്ട്. വെള്ളാപള്ളിയെ അനുകൂലിക്കുന്ന ബിജെപി നേതാക്കൾ സന്ദർശനം നടത്തുന്നത് മിനുട്ടുകൾ മാത്രം. സംസ്ഥാനത്തെവിടെയും ഇത്തരത്തിൽ വെള്ളാപള്ളി നയിക്കുന്ന ജാഥയോടെ ബിജെപി അനുകൂല നിലപാട് എടുത്തിട്ടില്ല. ഇതിനിടെ എൻഎസ്എസ് നേതൃത്വവുമായി നേരിട്ടുള്ള ചർച്ചയ്ക്ക് ബിജെപി ദേശീയ നേതൃത്വവും ശ്രമിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP