Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എൽഡിഎഫിന്റെ വൻവിജയത്തിന് കാരണം ബിഡിജെഎസെന്ന് വെള്ളാപ്പള്ളി; യുഡിഎഫ് വോട്ടുകൾ ബിഡിജെഎസ് പിടിച്ചതോടെ എൽഡിഎഫിന് വിജയം അനായാസമാക്കി: എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞെത്തിയ വെള്ളാപ്പള്ളിയുടെ ലക്ഷ്യം മൈക്രോഫിനാൻസ് തട്ടിപ്പിൽ നിന്നും തടിയൂരലോ?

എൽഡിഎഫിന്റെ വൻവിജയത്തിന് കാരണം ബിഡിജെഎസെന്ന് വെള്ളാപ്പള്ളി; യുഡിഎഫ് വോട്ടുകൾ ബിഡിജെഎസ് പിടിച്ചതോടെ എൽഡിഎഫിന് വിജയം അനായാസമാക്കി: എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞെത്തിയ വെള്ളാപ്പള്ളിയുടെ ലക്ഷ്യം മൈക്രോഫിനാൻസ് തട്ടിപ്പിൽ നിന്നും തടിയൂരലോ?

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങളെല്ലാം പാളിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എൽഡിഎഫ് വിജയത്തിൽ അവകാശവാദം ഉന്നയിച്ച് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് രംഗത്ത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഇത്രയേറെ സീറ്റുകൾ നേടാൻ കാരണം ബിഡിജെഎസിന്റെ പ്രകടനമാണെന്ന് പറഞ്ഞാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്. .

യുഡിഎഫ് വോട്ടുകൾ ബിഡിജെഎസ് പിടിച്ചതോടെയാണ് എൽഡിഎഫിന് വിജയം അനായാസമായതെന്ന് അവകാശപ്പെട്ട വെള്ളാപ്പള്ളി, ബിഡിജെഎസ് വളരും തോറും തളരാൻ പോകുന്നത് യുഡിഎഫാണെന്നും പറഞ്ഞു. മുഖ്യമന്ത്രിയായ പിണറായി വിജയനെ പുകഴ്‌ത്തി പ്പറഞ്ഞുകൊണ്ടുമാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്. വയോധികനും ക്ഷീണിതനുമായ വി.എസല്ല കരുത്തനും മിടുക്കനുമായ പിണറായി വിജയൻ തന്നെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാവേണ്ടത്. വിഎസിന് നടക്കാൻ പരസഹായം വേണം ഓർമ്മശക്തിയും മോശമാണ്, മലമ്പുഴയിൽ വിഎസിന്റെ വോട്ട് കുറയുമെന്ന് തിരഞ്ഞെടുപ്പിന് മുൻപേ തന്നെ താൻ പറഞ്ഞിരുന്നു ഒടുവിൽ ഫലം വന്നപ്പോൾ അത് നേരായെന്നു വെള്ളാപ്പള്ളി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് മാത്രമാണ് തന്നെ പ്രചരണത്തിന് ക്ഷണിച്ചതെന്നും വേറെ പാർട്ടിക്കാരാരും വിളിച്ചില്ലെന്നും പറഞ്ഞ വെള്ളപ്പാള്ളി, മറ്റു പാർട്ടിക്കാർ വിളിച്ചിരുന്നെങ്കിൽ അവർക്ക് വേണ്ടിയും താൻ പ്രചരണത്തിന് പോകുമായിരുന്നുവെന്നും വ്യക്തമാക്കി. അതേസമയം വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോടെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴ തന്നെ ആരംഭിച്ചിട്ടുണ്ട്. എൽഡിഎഫിനെ തകർക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ച വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ വിജയത്തിൽ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത് മൈക്രോ ഫിനാൻസ് തട്ടിപ്പു കേസികളിൽ നിന്നും രക്ഷപെടാനുള്ള മാർഗ്ഗമായും വിലയിരുത്തലുണ്ട്.

ബിജെപിക്കൊപ്പം പോയി ഒടുവിൽ പെരുവഴിയിലായതോടെ പറഞ്ഞതെല്ലാം വിഴുങ്ങി ഇടതുപാളയത്തോട് അടുക്കാൻ വെള്ളാപ്പള്ളി വെമ്പൽ കൂട്ടി തുടങ്ങി എന്നതിന്റെ തെളിവാണ് ഈപ്പോഴത്തെ പ്രസ്താവനയും. ആലപ്പുഴയിലെ പ്രാദേശിക സിപിഐ(എം) നേതാക്കളെ കൂട്ടുപിടിച്ച് ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായാണ് വിവരം. എന്നാൽ ബിജെപിക്കെതിരെ പരസ്യനിലപാടെടുത്താലേ ഇക്കാര്യം പരിഗണിക്കാൻപോലും സാധ്യതയുള്ളൂ എ്ന്ന നിലപാടിലാണ് സിപിഐ(എം) പ്രാദേശിക നേതാക്കൾ. പിണറായിയെ അഭിനന്ദിച്ച് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി രംഗത്തെത്തിയതും ഈ സാഹചര്യത്തിലാണെന്നാണ് സൂചനകൾ.

സിപിഎമ്മിലെ ആലപ്പുഴയിലെ ചില നേതാക്കൾക്ക് വെള്ളാപ്പള്ളിയുമായി അടുത്ത ബന്ധമാണ് ഉള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് പോലും ഇത് ചർച്ചയായി. തോമസ് ഐസക്കിനേയും ജി സുധാകരനേയും ഒരിക്കലും വെള്ളാപ്പള്ളി വിമർശിച്ചിട്ടുമില്ല. വെള്ളാപ്പള്ളി ഒപ്പമുണ്ടായിരുന്നുവെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തൂത്തുവാരൽ നടത്തിയേനെ എന്നാണ് ആലപ്പുഴയിലെ പല മുതിർന്ന നേതാക്കളുടേയും നിലപാട്. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിയുമായി സഹകരിക്കാനുള്ള സാധ്യതകൾ ആരായണമെന്നും അവർ പറയുന്നു. സംസ്ഥാന നേതൃത്വവുമായി വെള്ളാപ്പള്ളിയെ അടുപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിന് അക്കൗണ്ട് തുറക്കാനാവാത്ത സാഹചര്യം മുതലെടുക്കാനാണ് നീക്കം.

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് മുഖ്യമന്ത്രി എന്ന നിലയിൽ എന്ന നിലയിൽ പിണറായിയുടെ തുടക്കം കൊള്ളാം എന്ന പ്രസ്താവനയുമായാണ് വെള്ളാപ്പള്ളി ഇന്നലെ സുഖിപ്പിക്കലിന് തുടക്കമിട്ടിരിക്കുന്നത്. എല്ലാ സമുദായങ്ങൾക്കും പിണറായി തുല്യപരിഗണന നൽകുമെന്നും വെള്ളാപ്പള്ളി പറഞ്ഞുവയ്ക്കുന്നു. എല്ലാ സമുദായങ്ങൾക്കും അദ്ദേഹം തുല്യ പരിഗണന നൽകുമെന്നും വെള്ളാപ്പള്ളി പറഞ്ഞുവയ്ക്കുന്നതും പ്രതീക്ഷകളോടെയാണ്. പുതിയ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മൈക്രോഫിനാൻസ് കേസുകൾ കുത്തിപ്പൊക്കുമെന്നും വെള്ളാപ്പള്ളി ഭയക്കുന്ന ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. എങ്ങനേയും പിണറായിയെ അനുനയിപ്പിക്കാനാണ് ആഗ്രഹം.

നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ ബിഡിജെഎസിന് കഴിഞ്ഞില്ല. എന്നാൽ വോട്ട് കിട്ടുകയും ചെയ്തു. ഇതുകൊണ്ട് ബിജെപിക്ക് ഗുണമുണ്ടായില്ലെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ബിഡിജെഎസിന്റെ ആഗ്രഹങ്ങൾക്ക് കേന്ദ്ര നേതൃത്വം വഴങ്ങില്ല. വെള്ളാപ്പള്ളിക്ക് പ്രചരണത്തിന് ഹെലികോപ്ടർ നൽകിയത് അനാവശ്യമായിരുന്നുവെന്ന വാദവും സജീവമാണ്. പതിയെ ബിഡിജെഎസുമായി അകലുകയെന്ന തന്ത്രമാണ് ബിജെപി സ്വീകരിക്കുക. ഇത് വെള്ളാപ്പള്ളിക്കും അറിയാം. അതു മനസ്സിലാക്കിയാണ് ഇടത്തേക്ക് ചുവടുമാറുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP