Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൈക്കിളിൽ കയറിയ വെള്ളാപ്പള്ളിയും മകനും ജയിച്ചത് വമ്പൻ ഭൂരിപക്ഷത്തിൽ; ഗോകുലം ഗോപാലന്റെ വിമത നീക്കം വീണ്ടും വിജയിച്ചില്ല; എസ് എൻ ട്രസ്റ്റിൽ വെള്ളാപ്പള്ളി യുഗം തുടരും

സൈക്കിളിൽ കയറിയ വെള്ളാപ്പള്ളിയും മകനും ജയിച്ചത് വമ്പൻ ഭൂരിപക്ഷത്തിൽ; ഗോകുലം ഗോപാലന്റെ വിമത നീക്കം വീണ്ടും വിജയിച്ചില്ല; എസ് എൻ ട്രസ്റ്റിൽ വെള്ളാപ്പള്ളി യുഗം തുടരും

ചേർത്തല : എസ്എൻ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശനെ എട്ടാം തവണയും തിരഞ്ഞെടുത്തു. ചരിത്രത്തിൽ ആദ്യമായി എസ്എൻ ട്രസ്റ്റിലേക്കു നടന്ന വോട്ടെടുപ്പിൽ വെള്ളാപ്പള്ളി നടേശന്റെ പാനൽ സൈക്കിൾ ചിഹ്നത്തിലും എതിർവിഭാഗം വിളക്ക് ചിഹ്നത്തിലുമാണു മത്സരിച്ചത്. നാല് ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് ഉൾപ്പെടെ ആകെ 21 പേരുടെ തിരഞ്ഞെടുപ്പാണു നടന്നത്. എല്ലാത്തിലും വെള്ളാപ്പള്ളി പക്ഷം വിജയം നേടി. വെള്ളാപ്പള്ളിയുടെ പാനലിൽ ജയിച്ച ഏറ്റവും കുറവു വോട്ടുനേടിയ ആൾക്കുപോലും 95 ശതമാനം വോട്ട് ലഭിച്ചു. ട്രസ്റ്റിന്റെ ചരിത്രത്തിൽ ആദ്യമാണു ഭാരവാഹികളെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്.

ഡോ.എം.എൻ.സോമൻ ചെയർമാനും വി.എൻ.തുഷാർ വെള്ളാപ്പള്ളി അസിസ്റ്റന്റ് സെക്രട്ടറിയുമായി. ഡോ. ജി.ജയദേവൻ ആണു ട്രഷറർ. ഡോ. സോമൻ മൂന്നാം തവണയും തുഷാർ രണ്ടാം തവണയും ഡോ. ജയദേവൻ ആറാം തവണയുമാണ് ഈ സ്ഥാനങ്ങളിൽ. ചേർത്തല എസ്എൻ കോളജിൽ ഇന്നലെ രാവിലെ നടന്ന യോഗത്തിൽ വെള്ളാപ്പള്ളി വിഭാഗം 21 പേരുടെ പാനൽ അവതരിപ്പിച്ചു. തുടർന്നാണു നാല് ഔദ്യോഗിക സ്ഥാനങ്ങളിലേക്കും രണ്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുമായി എതിർപക്ഷത്തെ ആറു പേർ പത്രിക നൽകിയത്. പക്ഷേ പ്രതീക്ഷിച്ച ഫലം തന്നെയുണ്ടായി. അങ്ങനെ ട്രസ്റ്റിന്റെ അമരത്ത് എല്ലാ കരുത്തുമായി വെള്ളാപ്പള്ളി സ്ഥാനം ഉറപ്പിച്ചു.

എക്‌സിക്യൂട്ടീവ് അംഗങ്ങൾ: എസ്.ആർ.എം.അജി (വർക്കല), എ.വി.ആനന്ദ് രാജ് (പന്തളം), കെ.ആർ.ഗോപിനാഥൻ (പാലക്കാട്), എ.ജി.തങ്കപ്പൻ (കോട്ടയം), പി.എൻ.നടരാജൻ (ചേർത്തല), കെ.പത്മകുമാർ (പത്തനംതിട്ട), പ്രേംരാജ് (വാമനപുരം), മോഹൻ ശങ്കർ (കൊല്ലം), പി.എം.രവീന്ദ്രൻ (വടകര), എൻ.രാജേന്ദ്രൻ (കൊല്ലം), ഇറവങ്കര വിശ്വനാഥൻ (മാവേലിക്കര), സന്തോഷ് അരയക്കണ്ടി (തലശേരി), ഡി.സുഗതൻ (അമ്പലപ്പുഴ), സുപ്രിയ സുരേന്ദ്രൻ (നേമം), എ.സോമരാജൻ (കരുനാഗപ്പള്ളി), വി.സുഭാഷ് (മാവേലിക്കര), സംഗീത വിശ്വനാഥൻ (കൊടുങ്ങല്ലൂർ). ഇന്നു 11നു കൊല്ലം എസ്എൻ ട്രസ്റ്റ് ഓഫിസിൽ ഭാരവാഹികൾ അധികാരമേൽക്കും.

ചെറിയന്നൂർ വി.ജയപ്രകാശ് (ചെയർമാൻ), ബി.പുരുഷോത്തമൻ (സെക്രട്ടറി), കെ.ഹർഷകുമാർ (അസിസ്റ്റന്റ് സെക്രട്ടറി), ജി.ശ്യാംകുമാർ (ട്രഷറർ) എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പ്രഫ.പി.എൻ.അനിരുദ്ധൻ, ഡോ.എസ്.അശോക് എന്നിവരുമാണ് എതിർപാനലിൽ മത്സരിച്ചത്. എതിർപാനലിൽ കൂടുതൽ വോട്ട് നേടിയത് ശ്യാംകുമാറാണ് 64 വോട്ട്. സി.പി.എം പിന്തുണയോടെയാണ് ഈ പാനൽ മത്സരത്തിന് ഇറങ്ങിയത്. കൊല്ലം റീജയണിൽ ചില സ്ഥാനങ്ങൾ ഈ വിഭാഗം നേടിയിരുന്നു. ഇതുകൊണ്ട് തന്നെ ഇത്തവണത്തെ ട്രസ്റ്റ് വോട്ടെടുപ്പിലും വീറും വാശിയും പ്രതീക്ഷിച്ചു. എന്നാൽ വെള്ളാപ്പള്ളി അജയനാണെന്ന് തെളിയുകയാണ് വീണ്ടും. അങ്ങനെ ഗോകുലം ഗോപാലനും കൂട്ടരും നടത്തിയ വിമത നീക്കം വീണ്ടും പൊളിഞ്ഞു.

ട്രസ്റ്റിലെ രണ്ടു ലക്ഷത്തോളം അംഗങ്ങളിൽ 1601 പേർക്കാണു വോട്ടുള്ളത്. 1165 പേരാണു വോട്ട് ചെയ്തത്. വൈകിട്ട് അഞ്ചിനു പോളിങ് സമാപിച്ച ഉടൻ വോട്ടെണ്ണൽ തുടങ്ങി. രാത്രിയോടെയാണു ഫലം പ്രഖ്യാപിച്ചത്. ഹൈക്കോടതി നിയോഗിച്ച രാജേഷ് കണ്ണനായിരുന്നു മുഖ്യ വരണാധികാരി. റിട്ട.ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ നിരീക്ഷകനുമായിരുന്നു. ആകെ വോട്ടർമാരിൽ 655 പേർ ആജീവാനന്ത അംഗങ്ങളും 20 പേർ പരമ്പരാഗത അംഗങ്ങളുമാണ്. എസ്എൻ ട്രസ്റ്റിന്റെ ആറു സ്ഥാപനങ്ങൾക്കും അംഗത്വം ഉണ്ട്. എസ്എൻഡിപി യോഗം നേതൃത്വത്തിന് ഒൻപത് അംഗങ്ങളെയും ശിവഗിരി ധർമസംഘത്തിന് ഒരു അംഗത്തെയും നാമനിർദ്ദേശം ചെയ്യാം. ട്രസ്റ്റിൽ അംഗത്വം ഇല്ലാത്ത മൂന്നു വിദഗ്ധരെയുമാണു തിരഞ്ഞെടുക്കുന്നത്.

ഇത്തവണ മൂന്നു ഡി കാറ്റഗറിയിലും വർക്കല, തിരുവനന്തപുരം, കൊല്ലം മേഖലകളിലും മത്സരം ഉണ്ടായിരുന്നു. കഴിഞ്ഞ തവണ എട്ടു മേഖലകളിലാണു മത്സരം നടന്നത്. ഔദ്യോഗിക ഭാരവാഹി തിരഞ്ഞെടുപ്പ് ആദ്യമായതിനാൽ നോമിനേഷനു ശേഷം ബാലറ്റ് പേപ്പർ അച്ചടിച്ചു കിട്ടാൻ അര മണിക്കൂറോളം താമസമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP