Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വിരേന്ദ്രകുമാറിന്റെ ലക്ഷ്യം ഇടത് പാളയം തന്നെ; ഇന്നലെ തിരിച്ചടിച്ചത് മുന്നറിയിപ്പ് നൽകാൻ; സിപിഐയെ വരുതിയിലാക്കി മന്ത്രിസഭയെ നിലനിർത്താൻ മുഖ്യമന്ത്രിയുടെ ആലോചന

വിരേന്ദ്രകുമാറിന്റെ ലക്ഷ്യം ഇടത് പാളയം തന്നെ; ഇന്നലെ തിരിച്ചടിച്ചത് മുന്നറിയിപ്പ് നൽകാൻ; സിപിഐയെ വരുതിയിലാക്കി മന്ത്രിസഭയെ നിലനിർത്താൻ മുഖ്യമന്ത്രിയുടെ ആലോചന

തിരുവനന്തപുരം: വീരേന്ദ്രകുമാറിന്റെ ജനതാദൾ യുണൈറ്റഡ് ഇടതു പാളയത്തിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഉറപ്പായി കഴിഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് കയറിയാൽ ഒരു അംഗത്തിന്റെ പിൻബലത്തിൽ ഭരണത്തിൽ തുടരാം. അതില്ലെങ്കിൽ പ്രതിസന്ധി അതിരൂക്ഷമാകും. ഇനിയുള്ള ഒരു വർഷം ഭരണം മുന്നോട്ട് കൊണ്ട് പോകാൻ മറു തന്ത്രങ്ങൾ ആലോചിക്കുകയാണ് ഉമ്മൻ ചാണ്ടി. ഇടത് മുന്നണിയിലെ രണ്ടാമനായ സിപിഐയെ ഭരണപക്ഷത്തേക്ക് കൊണ്ടുവരുന്നതിനാണ് ഉമ്മൻ ചാണ്ടി തന്ത്രങ്ങൾ ഒരുക്കുന്നത്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് കനത്ത വെല്ലുവിളിയാകുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. ഏതായാലും രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷമേ വീരേന്ദ്രകുമാർ പക്ഷം യുഡിഎഫ് വിടുകയുള്ളൂ. ഈ ആശ്വാസത്തിലാണ് ഉമ്മൻ ചാണ്ടി ഇപ്പോൾ.

ജനതാ പരിവാർ ലയനമാണ് മുന്നണി വിടാനായി ജനതാദൾ യുണൈറ്റഡ് അവതരിപ്പിക്കുന്നത് എന്നാൽ വീരേന്ദ്രകുമാർ വ്യക്തമായ ലക്ഷ്യത്തിലൂടെയാണ് സോഷ്യലിസ്റ്റ് ജനതയെ ജനതാദള്ളിൽ ലയിപ്പിച്ചത്. ആ സമയത്തും ജനതാ പരിവാർ എന്ന ആശയം സജീവമായിരുന്നു. ഇടതു പക്ഷത്ത് എത്താനുള്ള കുറുക്കുവഴിയും സമർത്ഥമായ നീക്കവുമായി വീരേന്ദ്രകുമാർ നിതീഷ് കുമാറിന്റെ ജനതാദള്ളിൽ ലയിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതു മുന്നണിയിൽ ഒരു സീറ്റെന്ന ലക്ഷ്യമാണ് വീരന്റെ പാർട്ടിക്കുള്ളത്. ഇതെല്ലാം പറയാതെ പറഞ്ഞായിരുന്നു ഇന്നലെ വീരേന്ദ്രകുമാർ യുഡിഎഫിനെതിരെ ആഞ്ഞടിച്ചത്. മാണി മുന്നണി വിട്ടുപോയാൽ സിപിഐയെ ഭരണപക്ഷത്ത് എത്തിക്കാൻ നീക്കമുണ്ടായിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇതേ നീക്കത്തിന്റെ സാധ്യതകളാണ് മുഖ്യമന്ത്രി തേടുന്നത്. അതിനിടെ വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കാനുള്ള നീക്കവും സജീവമാണ്.

ജെ.ഡി.യു. സംസ്ഥാന അധ്യക്ഷൻ എംപി. വീരേന്ദ്രകുമാർ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമേറിയതാണെന്ന് കെപിസിസി. പ്രസിഡന്റ് വി എം. സുധീരൻ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ വീരേന്ദ്രകുമാറുമായും ജെ.ഡി.യു.വുമായും ചർച്ചനടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജെ.ഡി.യു.വിന് യു.ഡി.എഫിൽ വേണ്ട പരിഗണന ലഭിച്ചില്ലെന്നതടക്കം വീരേന്ദ്രകുമാർ ഉന്നയിച്ച പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിക്കവേയാണ് കെപിസിസി. അധ്യക്ഷൻ നിലപാട് വ്യക്തമാക്കിയത്. യു.ഡി.എഫിലെ മുതിർന്ന നേതാവാണ് വിരേന്ദ്രകുമാർ. ജെ.ഡി.യു.വുമായി മികച്ച ബന്ധമാണുള്ളത്. ആരും മുന്നണി വിട്ടുപോകുമെന്ന് കരുതുന്നില്ല. പാലക്കാട്ടെ തോൽവി സംബന്ധിച്ച അന്വേഷണറിപ്പോർട്ട് കെപിസിസി.ക്ക് ലഭിച്ചിട്ടില്ല. റിപ്പോർട്ട് കിട്ടിയാൽ വിശദമായി പരിശോധിച്ച് നടപടിയെടുക്കും. രാജ്യസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വെല്ലുവിളിയില്ലെന്നും യു.ഡി. എഫ്. സ്ഥാനാർത്ഥികൾ ജയിക്കുമെന്നും സുധീരൻ പറഞ്ഞു.

എന്നാൽ ജനതാ പരിവാർ ലയനം യാഥാർത്ഥ്യമായാൽ വീരേന്ദ്രകുമാർ യുഡിഎഫ് വിടുമെന്ന് തന്നെയാണ് വിലയിരുത്തൽ. ജനതാദൾ എസിൽ കേരളത്തിൽ നാല് എംഎൽഎമാർ ഉണ്ട്. അവരും ലയനത്തെ അംഗീകരിക്കുന്നു. എന്നാൽ ഇടതു പക്ഷം വിടാൻ തയ്യാറല്ല താനും. ഈ സാഹചര്യത്തിലാണ് ഇന്നലെ വീരേന്ദ്രകുമാറിന്റെ പാർട്ടി ചർച്ച നടത്തിയത്. അവർ എ്ല്ലാ സാധ്യതയും തുറന്നിടുകയും ചെയ്തതോടെ സമീപഭാവിയിൽ തന്നെ ഉമ്മൻ ചാണ്ടി സർക്കാർ പ്രതിസന്ധിയിലാകുമെന്നും ഉറപ്പായി. ഇത് മറികടക്കണമെങ്കിൽ ഇടതു പക്ഷത്തെ ഒരു ഘടകകക്ഷിയെ ഭരണണപക്ഷത്ത് എത്തിക്കണം. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ സഹകരണത്തോടെ സിപിഐയെ എത്തിക്കാനാണ് നീക്കം. എന്നാൽ അത് അത്ര എളുപ്പമല്ലെന്നും വിലയിരുത്തലുണ്ട്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ്. ജനതാദളി(യു)നോട് നീതികാണിച്ചില്ലെന്നും അർഹിക്കുന്ന പരിഗണന നൽകിയില്ലെന്നും സംസ്ഥാന പ്രസിഡന്റ് എംപി. വീരേന്ദ്രകുമാർ ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ രാഷ്ട്രീയ സാഹചര്യമല്ല ഇന്ന് രാജ്യത്തുള്ളത്. മാറിയ രാഷ്ട്രീയ പരിതസ്ഥിതിയിൽ എല്ലാം പുതുതായി വിലയിരുത്തണം. മതേതരത്വം, ജനാധിപത്യം, പൗരാവകാശം, രാഷ്ട്രഭദ്രത എന്നിവ വെല്ലുവിളി നേരിടുമ്പോൾ പുതിയ സമീപനവും കൂട്ടുകെട്ടുകളും വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി സംസ്ഥാനകമ്മിറ്റി ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിനുശേഷം തീരുമാനം വിശദീകരിക്കുകയായിരുന്നു വീരേന്ദ്രകുമാർ.

യു.ഡി.എഫിൽ പരിഗണന ലഭിക്കാത്തതിൽ ജനതാദളി(യു)ന് പരാതിയില്ല എന്ന് ധരിക്കുന്നത് ശരിയല്ല. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ പരാജയം അന്വേഷിക്കാൻ നിയോഗിച്ച സബ്കമ്മിറ്റിയുടെ റിപ്പോർട്ട് ഇതുവരെ യു.ഡി.എഫിൽ അവതരിപ്പിച്ചിട്ടില്ല. കമ്മിറ്റി ചെയർമാനായിരുന്ന ആർ ബാലകൃഷ്ണപിള്ള മുന്നണി വിട്ടിരിക്കാം. പക്ഷേ, റിപ്പോർട്ട് അതേപടി അവതരിപ്പിക്കണം. റിപ്പോർട്ടിന്മേലുള്ള അഭിപ്രായം ജനത്തെ അറിയിക്കാനുള്ള ഉത്തരവാദിത്വം യു.ഡി.എഫ്. പാലിക്കണം. ഏതെങ്കിലും നേതാവിന്റെ വ്യക്തിപരമായ അഭിപ്രായം ഇതിന് തടസ്സമാവരുത്. ജനതാദൾ(യു) എൽ.ഡി.എഫ്. വിട്ടില്ലായിരുന്നെങ്കിൽ ഇന്നും കേരളം ഭരിക്കുക എൽ.ഡി.എഫ്. ആയിരിക്കുമെന്ന് രാഷ്ട്രീയം വിശകലനം നടത്തുന്നവർക്ക് അറിയാം. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ ഒരു സ്ഥാനവും ചോദിക്കാതെയാണ് യു.ഡി.എഫിനുവേണ്ടി രംഗത്തിറങ്ങിയതെന്നും വീരേന്ദ്രകുമാർ പറഞ്ഞു

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ ഉണ്ടായിരുന്നപ്പോൾ പാർട്ടിക്ക് 600 ഓളം സീറ്റുകൾ ഉണ്ടായിരുന്നത് യു.ഡി.എഫിലെത്തിയപ്പോൾ 270 ആയി. നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റുകളിൽ രണ്ടെണ്ണം യു.ഡി.എഫുകാർ മത്സരിക്കാൻ പോലും ധൈര്യംകാണിക്കാത്ത സീറ്റുകളാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര സീറ്റ് ചോദിച്ചു. അത് സിറ്റിങ് സീറ്റായതിനാൽ തരാനാവില്ലെന്നായിരുന്നു കോൺഗ്രസ്സിന്റെ നിലപാട്. അതേസമയം, ആർ.എസ്‌പി. യു.ഡി.എഫിൽ വന്നപ്പോൾ സിറ്റിങ് സീറ്റായ കൊല്ലം വിട്ടുകൊടുത്തു. ഇത് രണ്ട് നീതിയാണ്. ഒടുവിൽ പാലക്കാട് മത്സരിച്ചു. അവിടെ ഉണ്ടായ കനത്തതോൽവിയിൽ യു.ഡി.എഫ്. ഖേദം പ്രകടിപ്പിക്കുകപോലും ചെയ്തില്ല.എൽ.ഡി.എഫിൽ ഉള്ളപ്പോൾ ചില ജില്ലകളിൽ മുന്നണി കൺവീനർ സ്ഥാനം പാർട്ടിക്ക് ലഭിച്ചിരുന്നു. യു.ഡി.എഫിൽ മണ്ഡലം കമ്മിറ്റികളിൽ പോലും കൺവീനർ സ്ഥാനത്തിന് പരിഗണിച്ചില്ല. യു.ഡി.എഫ് നടത്തിയ മേഖലാ ജാഥകളിൽ ഒന്നുപോലും നയിക്കാൻ പാർട്ടിക്ക് അവസരം ലഭിച്ചില്ല. നീതി ബോധത്തോടെ യു.ഡി.എഫ്. തങ്ങളോട് പ്രവർത്തിച്ചില്ലെന്ന് വീരേന്ദ്രകുമാർ കുറ്റപ്പെടുത്തി.

നേരത്തേ സോഷ്യലിസ്റ്റ് ജനതയായിരുന്ന പാർട്ടി ഇപ്പോൾ ജനതാദളി(യു)ന്റെ ഭാഗമാണ്. സംഘപരിവാറിന്റെയും ബിജെപി.യുടെയും പ്രവർത്തനവും പ്രചാരണവും രാഷ്ട്രത്തിന്റെ അസ്തിത്വത്തെ ചോദ്യംചെയ്യുന്നു. മാറിയ സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയത്തിൽ പുതിയ സമീപനവും കൂട്ടുകെട്ടുകളും വേണം. പുതിയ രാഷ്ട്രീയസാഹചര്യം വിശകലനം ചെയ്ത് പാർട്ടി ദേശീയനേതൃത്വം നയം തീരുമാനിക്കും. രാഷ്ട്രീയപ്പാർട്ടികൾ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് നിലപാടെടുത്ത് മുന്നോട്ട് പോവുകയെന്നും അല്ലാതെ തെറ്റ് തിരുത്തുന്ന രീതി ഇല്ലെന്നും ചോദ്യത്തിന് ഉത്തരമായി വീരേന്ദ്രകുമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP