Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അരുവിക്കരയില്‍ എം വിജയകുമാറിനെ തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സിപിഎമ്മിന്റെ മേല്‍കൈ; മണ്ഡലത്തില്‍ വേരുകളുള്ള മുന്‍ മന്ത്രിയെ ഇറക്കുന്നത് ഭാഗ്യപരീക്ഷണത്തിന് നില്‍ക്കാതെ; സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനാവാതെ യുഡിഎഫ്; സുലേഖയെ തന്നെ മത്സരിപ്പിക്കാന്‍ സമ്മര്‍ദ്ദം ശക്തം

അരുവിക്കരയില്‍ എം വിജയകുമാറിനെ തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സിപിഎമ്മിന്റെ മേല്‍കൈ; മണ്ഡലത്തില്‍ വേരുകളുള്ള മുന്‍ മന്ത്രിയെ ഇറക്കുന്നത് ഭാഗ്യപരീക്ഷണത്തിന് നില്‍ക്കാതെ; സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനാവാതെ യുഡിഎഫ്; സുലേഖയെ തന്നെ മത്സരിപ്പിക്കാന്‍ സമ്മര്‍ദ്ദം ശക്തം

തിരുവനന്തപുരം: എന്തായിരിക്കും അരുവിക്കരയിൽ വിജയിക്കുക....എം വിജയകുമാറിന്റെ പരിചയസമ്പത്തായിരിക്കുമോ? അതോ ജി കാർത്തികേയൻ മണ്ഡലത്തിൽ സൃഷ്ടിച്ച വികാരപരമായ അടുപ്പം ആയിരിക്കുമോ? മുൻ മന്ത്രിയും സ്പീക്കറുമായ എം വിജയകുമാറിനെ സിപിഐ(എം) സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ അരുവിക്കരയിൽ അങ്കം തുടങ്ങുകയാണ്. വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ കാർത്തികേയന്റെ ഭാര്യ സുലേഖയെ തന്നെ യുഡിഎഫിന് ആശ്രയിക്കേണ്ടി വരും. കാർത്തികേയനോടുള്ള സ്‌നേഹവും സഹതാപവും വോട്ടാക്കി മാറ്റാൻ കഴിയുമോ എന്നു മാത്രമേ ഇനി കോൺഗ്രസിന് പരിഗണിക്കേണ്ടതുള്ളൂ.

അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ എം വിജയകുമാറിനെ മത്സരിപ്പിക്കാൻ ഇന്ന് ചേർന്ന സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റാണ് തീരുമാനിച്ചത്. സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന്റെ ആഗ്രഹം പരിഗണിച്ചാണ് തീരുമാനം. നാളെ ചേരുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും. തിരുവനന്തപുരത്തെ മുതിർന്ന സിപിഐ(എം) നേതാവിനെ തന്നെ ഉപതെരഞ്ഞെടുപ്പ് ഗോദയിലിറക്കുന്നത് രാഷ്ട്രീയ പോരാട്ടത്തിലൂടെ അരുവിക്കര പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്.

അരുവിക്കര മണ്ഡലത്തിലാണ് വിജയകുമാറന്റെ ജന്മദേശം. തൊളിക്കോടാണ് സ്വദേശം. ഈ മേഖലയിൽ നിന്ന് ഉയർന്ന വന്ന പ്രധാനാപ്പെട്ട നേതാവാണ് വിജയകുമാർ. ബന്ധുബലവും ഉണ്ട്. ഇതെല്ലാം വിജയകുമാറിന്റെ ജയം ഉറപ്പിക്കുമെന്നാണ് സിപിഐ(എം) പ്രതീക്ഷ. പൊതുമരാമത്ത് മന്ത്രിയായിരിക്കെ ഈ മേഖലയിലെ വികസനത്തിന് പ്രാധാന്യവും നൽകി. മുൻ സ്പീക്കറെന്ന പ്രവർത്തന പരിചയവുമുണ്ട്. സൗമ്യനായ വ്യക്തിത്വത്തിലൂടെ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ വിജയകുമാർ സിപിഎമ്മിന്റെ തിരുവനന്തപുരത്തെ ജനകീയ മുഖമാണ്. ഇതെല്ലാം കണക്കിലെടുത്താണ് സ്ഥാനാർത്ഥി പ്രഖ്യാപനം. നിയമസഭാ തെരഞ്ഞെടുപ്പിൽ ജി കാർത്തികേയനെ തോൽപ്പിച്ചിട്ടുണ്ടെന്ന പ്രത്യേകതയുമുണ്ട്. എൺപതുകളിൽ തിരുവനന്തപുരം നോർത്തിലായിരുന്നു വിജയകുമാറിന്റെ വിജയം. കാർത്തികേയന്റെ ഭാര്യ എം ടി സുലേഖയെ യുഡിഎഫ് ഇറക്കിയാലും വിജയമുറപ്പിക്കാമെന്നാണ് വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വം.

നാലുതവണ എംഎൽഎയായിരുന്ന എം. വിജയകുമാർ കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് സ്പീക്കറായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് നാലുമാസത്തോളം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലായിരുന്നു. 1981 ൽ എല്ലാവർക്കും ജോലി എല്ലാവർക്കും വിദ്യാഭ്യാസം എന്ന പ്രമേയവുമായി നടത്തി പാർലമെന്റ് മാർച്ചിനും നേതൃത്വം കൊടുത്തു. 1987 ഓഗസ്റ്റ് 15ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയ പാതയോരത്ത് 693 കിലോമീറ്റർ നീളത്തിൽ സൃഷ്ടിച്ച മനുഷ്യച്ചങ്ങലയുടെ അമരക്കാരനായിരുന്നു.

ജി. കാർത്തികേയൻ അന്തരിച്ച ഒഴിവിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഡോ. എം. സുലേഖയെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മത്സര സന്നദ്ധത വ്യക്തമാക്കിയില്ലെങ്കിലും തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ലെന്ന് അവർ തീർത്തുപറഞ്ഞിട്ടില്ല. കോൺഗ്രസ് നേതൃത്വത്തിന്റെ നിർബന്ധത്തിന് സുലേഖ വഴങ്ങാനാണ് സാധ്യത. ജി.കാർത്തികേയൻ അന്തരിച്ചശേഷം നടന്ന ആലോചനകളിൽ തന്നെ സുലേഖയുടെ പേരിനായിരുന്നു നേതാക്കളുടെയിടയിൽ മുൻതൂക്കം. മുഖ്യമന്ത്രി, കെ.പി. സി.സി. പ്രസിഡന്റ്, ആഭ്യന്തരമന്ത്രി എന്നിവർ ഒരുമിച്ച് സുലേഖയെ സന്ദർശിച്ച് പാർട്ടിയുടെ താത്പര്യം അറിയിക്കുകയും ചെയ്തു. എന്നാൽ ഭർത്താവിന്റെ മരണത്തിന്റെ ആഘാതത്തിൽനിന്ന് മുക്തയായിട്ടില്ലാത്തതിനാൽ അതിനെക്കുറിച്ച് ആലോചിക്കാൻ കഴിയുന്നില്ലെന്ന രീതിയിലാണ് അവർ അന്ന് മറുപടി പറഞ്ഞത്. സുലേഖയാണ് സ്ഥാനാർത്ഥിയെങ്കിൽ പാർട്ടിയിൽ ഇതുസംബന്ധിച്ച് വിവാദത്തിന് അടിസ്ഥാനമില്ല.

കാർത്തികേയൻ ഏറ്റവുമൊടുവിൽ 10000 ലേറെ വോട്ടിന് ജയിക്കുകയും അഞ്ചുപ്രാവശ്യം പ്രതിനിധാനം ചെയ്യുകയുംചെയ്ത മണ്ഡലത്തിൽ വികസനപ്രവർത്തനം തുണയാകുമെന്നാണ് യു.ഡി. എഫിന്റെ കണക്കുകൂട്ടൽ. എന്നാൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എ.സമ്പത്തിന് അരുവിക്കരയിൽ 4000 ൽപ്പരം വോട്ട് കൂടുതൽ കിട്ടിയതും സർക്കാരിനെതിരെയുള്ള ആരോപണങ്ങളുമാണ് ഇടതുമുന്നണിക്ക് പ്രതീക്ഷ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP