Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർക്കും ഒരു മുന്നറിയിപ്പും ഉപദേശവും ഞാൻ നൽകിയിട്ടില്ല; താൻ ചെയ്തത് തെരഞ്ഞെടുപ്പു കാലത്ത് ഇടത് നേതാക്കൾ പാലിക്കേണ്ട ചില കാര്യങ്ങൾ മാത്രം; 'കാള പെറ്റതും കയറെടുത്തതും' എന്നതിൽ പൊടിപ്പും തൊങ്ങലും വേണ്ടെന്ന് അച്യുതാനന്ദൻ

ആർക്കും ഒരു മുന്നറിയിപ്പും ഉപദേശവും ഞാൻ നൽകിയിട്ടില്ല; താൻ ചെയ്തത് തെരഞ്ഞെടുപ്പു കാലത്ത് ഇടത് നേതാക്കൾ പാലിക്കേണ്ട ചില കാര്യങ്ങൾ മാത്രം; 'കാള പെറ്റതും കയറെടുത്തതും' എന്നതിൽ പൊടിപ്പും തൊങ്ങലും വേണ്ടെന്ന് അച്യുതാനന്ദൻ

തിരുവനന്തപുരം: വിവാദങ്ങൾക്ക് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പിണറായി വിജയനെ ഉപദേശിച്ച് വി എസ് അച്യൂതാനന്ദൻ. വി എസ് അച്യുതാനന്ദൻ പാർട്ടി വിരുദ്ധനാണെന്ന പ്രമേയം നിലനിൽക്കുന്നുണ്ടെന്നാണ് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ വ്യക്തമാക്കിയത്. അക്കാര്യവും വി.എസിന്റെ സ്ഥാനാർത്ഥിത്വവും രണ്ടാണെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു. പിന്നീട് തന്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്ന് പിണറായി പലവട്ടം വിശദീകരിച്ചു. എന്നിട്ടും വിവാദം അവസാനിച്ചില്ല. വി എസ് മത്സര രംഗത്ത് നിന്ന് മാറണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് വി എസ് ഫെയ്‌സ് ബുക്കിലൂടെ കാര്യങ്ങൾ വിശദീകരിക്കുന്നത്.

ഇതും പിണറായിക്കുള്ള ഉപദേശമെന്ന തരത്തിൽ വാർത്തയായി. ഇതോടെ പുതിയ പോസ്റ്റ് എത്തി. മാദ്ധ്യമ സുഹൃത്തുക്കളോട് ഒരു അഭ്യർത്ഥന എന്ന തരത്തിലാണ് വിഎസിന്റെ രണ്ടാമത്തെ പോസ്റ്റ്. 'കാള പെറ്റതും കയറെടുത്തതും' എന്ന ശീർഷകത്തിലുള്ള എന്റെ പോസ്റ്റിൽ നിന്നും ചില വാക്കുകൾ ഊരിയെടുത്ത് പൊടിപ്പും തൊങ്ങലും ചേർത്ത് ചില ചാനലുകളിൽ ബ്രേക്കിങ്ങ് ന്യൂസ് വന്നുകൊണ്ടിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. ദയവായി ഞാൻ കുറിച്ച കാര്യങ്ങൾ വളച്ചൊടിക്കാതെ റിപ്പോർട്ട് ചെയ്യുക. സഖാവ് വിജയൻ എനിക്കെതിരെ മോശം പദപ്രയോഗം നടത്തിയത് ശ്രദ്ധയിൽ പെട്ടു എന്ന് ഞാൻപോസ്റ്റ് ചെയ്തിട്ടില്ല. അങ്ങനെ പോസ്റ്റ് ചെയ്തു എന്നാണ് ഒരു ചാനലിൽ കണ്ടതെന്ന് വി എസ് വിശദീകരിക്കുന്നു.

വി എസ് അച്യുതാനന്ദന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ ഇങ്ങനെ

മാദ്ധ്യമ സുഹൃത്തുക്കളോട് ഒരു അഭ്യർത്ഥന

'കാള പെറ്റതും കയറെടുത്തതും' എന്ന ശീർഷകത്തിലുള്ള എന്റെ പോസ്റ്റിൽ നിന്നും ചില വാക്കുകൾ ഊരിയെടുത്ത് പൊടിപ്പും തൊങ്ങലും ചേർത്ത് ചില ചാനലുകളിൽ ബ്രേക്കിങ്ങ് ന്യൂസ് വന്നുകൊണ്ടിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. ദയവായി ഞാൻ കുറിച്ച കാര്യങ്ങൾ വളച്ചൊടിക്കാതെ റിപ്പോർട്ട് ചെയ്യുക. സഖാവ് വിജയൻ എനിക്കെതിരെ മോശം പദപ്രയോഗം നടത്തിയത് ശ്രദ്ധയിൽ പെട്ടു എന്ന് ഞാൻപോസ്റ്റ് ചെയ്തിട്ടില്ല. അങ്ങനെ പോസ്റ്റ് ചെയ്തു എന്നാണ് ഒരു ചാനലിൽ കണ്ടത്. അങ്ങനെയുള്ള വാർത്തകൾ ശ്രദ്ധയിൽ പെട്ടു എന്നാണ് ഞാൻ കുറിച്ചത്. മാത്രവുമല്ല സഖാവ് വിജയൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന അദ്ദേഹത്തിന്റെ വിശദീകരണം കണക്കിലെടുത്ത് വിവാദം അവസാനിപ്പിക്കണമെന്നും ഞാൻ അഭ്യർത്ഥിച്ചിരുന്നു. ആർക്കും ഒരു മുന്നറിയിപ്പും ഉപദേശവും ഞാൻ നൽകിയിട്ടില്ല. ഞാൻ ഉൾപ്പെടെയുള്ള ഇടതുപക്ഷജനാധിപത്യ മുന്നണി നേതാക്കൾ ഒരു തെരഞ്ഞെടുപ്പു കാലത്ത് പാലിക്കേണ്ട ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്.

എന്റെ ഈ ഫേസ്‌ബുക്ക് പോസ്റ്റ് എല്ലാ മാദ്ധ്യമങ്ങൾക്കും എത്രയും വേഗം അയച്ചുകൊടുക്കാൻ എന്റെ ഓഫീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. മാദ്ധ്യമ സുഹൃത്തുക്കൾ അത് ഒന്നുകൂടി മനസിരുത്തി വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഒരു ചാനൽ കാന്റർബറി ആർച്ച് ബിഷപ്പിനെ ക്കുറിച്ച് ഞാൻ പോസ്റ്റിൽ കുറിച്ചത് മാർപാപ്പയാക്കി മാറ്റി വാർത്ത നൽകിയ സാഹചര്യത്തിൽകൂടിയാണ് ഈ അഭ്യർത്ഥന

 കാള പെറ്റതും കയറെടുത്തതും

നിരന്തരം വാർത്തകൾ സൃഷ്ടിക്കുവാൻ മാദ്ധ്യമ പ്രവർത്തകർ കടുത്ത സമ്മർദ്ദം നേരിടുന്ന ഒരു കാലഘട്ടമാണിത്. വിവാദ വ്യവസായം തഴച്ചു വളരാൻ ഇത് ധാരാളം മതി. അതുകൊണ്ട് വളരെ സൂക്ഷിച്ച് വേണം ഇടതുപക്ഷ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങൾ.

ഇങ്ങനെ ഇവിടെ കുറിക്കാൻ കാരണം എന്നെക്കുറിച്ച് സഖാവ് പിണറായി വിജയൻ മോശം പരാമർശം നടത്തിയതായി നിറയെ വാർത്തകൾ കാണാനിടയായതാണ്. അങ്ങനെയൊരു പദപ്രയോഗം താൻ നടത്തിയിട്ടില്ലെന്നും തന്റെ വായിൽ മാദ്ധ്യമങ്ങൾ വാക്കുകൾ തിരുകിക്കയറ്റിയതാണെന്നും സഖാവ് വിജയൻ വിശദീകരിച്ചതായും വായിച്ചു. വിവാദം ഇവിടെ തീരേണ്ടതാണ്. പക്ഷേ വീണ്ടും കൊഴുപ്പിക്കുന്ന മട്ടാണ് കാണുന്നത്.

ഇതുകാരണം ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്ന് വരെ യു.ഡി.എഫിന്റെയും, ബിജെപിയുടെയും നേതാക്കൾ തുരുതുരാ പ്രസ്താവനകൾ ഇറക്കിക്കൊണ്ടിരിക്കുകയാണ്. സിപിഐ(എം) നേതാക്കൾ ഫ്‌ലെക്‌സിൽ മാത്രം ഒന്നിച്ചിരിക്കുന്നവരാണെന്ന് ചില രാഷ്ട്രീയ എതിരാളികൾ പരിഹസിക്കുന്നതായും കണ്ടു. വിവാദങ്ങൾ മാറ്റിവച്ച് നമുക്ക് യഥാർത്ഥ പ്രശ്‌നത്തിലേക്ക് കടക്കാം.

കേരള ചരിത്രത്തിൽ ജനങ്ങളെയാകെ വഞ്ചിച്ച ഇത്തരം ഒരു ഭരണം മുമ്പുണ്ടായിട്ടില്ല. സമസ്ത മേഖലകളെയും ഉമ്മൻ ചാണ്ടി സർക്കാർ പിന്നോട്ടടിച്ചു. സെക്രട്ടറിയേറ്റിന്റെ ആധാരം പോലും കാശുള്ളവന് പണയപ്പെടുത്തി പണം തട്ടുന്ന ഒരുകൂട്ടം ഭരണാധികാരികളാണ് ഇവിടെ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്നത്. ഇവരെ അധികാരത്തിൽ നിന്നും പുറത്താക്കി ഒരു ജനപക്ഷ ഗവണ്മെന്റിനെ അവരോധിക്കുകയും ഐശ്വര്യപൂർണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇപ്പോഴത്തെ രാഷ്ട്രീയകടമ. ഈ രാഷ്ട്രീയദൗത്യം ഒറ്റമനസ്സോടെയാണ് ഞാനും സഖാവ് പിണറായി വിജയനും അടക്കമുള്ള സിപിഐ(എം) നേതാക്കളും മറ്റ് ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാക്കളും ഏറ്റെടുത്തിരിക്കുന്നത്.

അതുകൊണ്ട് ഞാൻ വീണ്ടും ആവർത്തിച്ച് പറയട്ടെ തെറ്റിദ്ധാരണയ്ക്കും, തെറ്റായ വ്യാഖ്യാനങ്ങൾക്കും ഇടനൽകിയേക്കാവുന്ന വാക്കുകൾ അബദ്ധവശാൽ പോലും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതാക്കളിൽ നിന്നും ഉണ്ടാവാൻ പാടില്ല. പ്രത്യേകിച്ച് കയറെടുത്ത് പാമ്പാക്കാൻ കാത്തിരിക്കുന്ന ചില മാദ്ധ്യമ സുഹൃത്തുക്കളും ഒരു അമ്പും ഇല്ലാതെ വലയുന്ന യു.ഡി.എഫ്, ബിജെപി നേതാക്കളും പുല്ലുമെടുത്ത് ഇവിടെ ആയുധമാക്കിക്കളയുന്ന സാഹചര്യത്തിൽ അമേരിക്കയിൽ നടന്നതായി പറയുന്ന ഒരു കഥ പറഞ്ഞ് അവസാനിപ്പിക്കാം.

കാന്റർബറിയിലെ ആർച്ച്ബിഷപ്പ് ഏറെക്കാലത്തിനു ശേഷം അമേരിക്കയിൽ എത്തി. വിമാനത്താവളത്തിൽവച്ച് പത്രലേഖകർ അദ്ദേഹത്തോട് ചോദിച്ച ആദ്യ ചോദ്യം ഇതാണ്. ' അമേരിക്കയിലെ വേശ്യാലയങ്ങളെക്കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ്?' ആകെ അമ്പരന്നുപോയ ആർച്ച് ബിഷപ്പ് 'അമേരിക്കയിൽ വേശ്യാലയങ്ങൾ ഉണ്ടോ?' എന്ന്! അത്ഭുതത്തോടെ ആരാഞ്ഞു. അടുത്ത ദിവസത്തെ പത്രങ്ങളിലെ പ്രധാന തലവാചകം ഇതായിരുന്നു. 'അമേരിക്കയിൽ എത്തിയ ആർച്ച് ബിഷപ്പ് ആദ്യം തിരക്കിയത് അമേരിക്കയിൽ എവിടെ വേശ്യാലയം ഉണ്ട്' എന്നാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP