Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമ്മിലടിക്കാൻ തോമസ് ഐസകും സുധാകരനും നേർക്കുനേർ; മുതിർന്ന സഖാവിനെ വേദിയിലിരുത്തി ആലപ്പുഴയിലെ പാർട്ടിയെ പിണറായിയും കോടിയേരിയും പിടിച്ചെടുക്കും; ഐസക് പക്ഷത്തെ വെട്ടിനിരത്താൻ കരുതലോടെ നീക്കങ്ങൾ; വി എസ് അച്യുതാനന്ദനെ സിപിഎം ജില്ലാ സമ്മേളനത്തിൽ സജീവമാക്കുന്നത് തന്ത്രങ്ങളുടെ ഭാഗം

തമ്മിലടിക്കാൻ തോമസ് ഐസകും സുധാകരനും നേർക്കുനേർ; മുതിർന്ന സഖാവിനെ വേദിയിലിരുത്തി ആലപ്പുഴയിലെ പാർട്ടിയെ പിണറായിയും കോടിയേരിയും പിടിച്ചെടുക്കും; ഐസക് പക്ഷത്തെ വെട്ടിനിരത്താൻ കരുതലോടെ നീക്കങ്ങൾ; വി എസ് അച്യുതാനന്ദനെ സിപിഎം ജില്ലാ സമ്മേളനത്തിൽ സജീവമാക്കുന്നത് തന്ത്രങ്ങളുടെ ഭാഗം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴയിലെ സംസ്ഥാന സമ്മേളന വേദിയിൽ നിന്ന് പിണങ്ങി പോയതാണ് വി എസ് അച്യുതാനന്ദൻ. പാർട്ടിയിലെ ക്രിമിനലുകളെ വി എസ് സംരക്ഷിക്കുകയാണെന്ന് 2015ലെ സമ്മേളനത്തിലെ പൊതുചർച്ചയിൽ വിമർശനമുയർന്നു. ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് വിഎസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ജീവിച്ചിരിക്കുന്ന നേതാക്കളുടെ കോലം കത്തിച്ച ലതീഷ് ബി ചന്ദ്രനെ പോലെയുള്ള ഒരാളെ പേഴ്‌സണൽ സ്റ്റാഫിൽ എടുത്തത് തന്നെ ഉചിതമായ നടപടിയായില്ലെന്നായിരുന്നു വിർശനം.

വിവാദങ്ങൾക്കിടെ വി എസ് വേദി വിട്ടു പോയി. പിന്നീട് തിരികെയെത്തിയില്ല. പാർട്ടി പിളരുമെന്ന് പോലും പലരും കരുതി. എന്നാൽ സീതാറാം യെച്ചൂരിയുടെ ഇടപെടലുകൾ വിഎസിനെ തണുപ്പിച്ചു. അങ്ങനെ സിപിഎം പക്ഷത്ത് വി എസ് നിലയുറച്ചു. പക്ഷേ വിഎസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താൻ പിണറായി പക്ഷം തയ്യാറായില്ല. കേന്ദ്ര കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവാണ് വി എസ് ഇന്ന്. ഈ സാഹചര്യത്തിലാണ് ആലപ്പുഴ ജി്ല്ലാ സമ്മേളനത്തിൽ വിഎസിനെ പങ്കെടുപ്പിക്കുന്നത്.

ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ഉപരി കമ്മിറ്റി നേതാവായി വി എസ്.അച്യുതാനന്ദൻ മൂന്നു ദിവസവും പങ്കെടുക്കും. വിഎസിനെക്കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പു സംബന്ധിച്ചു നേരത്തേ നിശ്ചയിച്ച കാര്യപരിപാടി തിരുത്തിയാണു വിഎസിനെ പങ്കെടുപ്പിക്കുന്നത്.യെച്ചുരിയുടെ നിലപാടാണ് നിർണ്ണായകമായത്. വിഎസിനെ സമ്മേളനത്തിൽ പങ്കെടുപ്പിക്കണമെന്നു ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതും സംസ്ഥാന നേതൃത്വത്തെ സ്വാധീനിച്ചു.

സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ നേതൃത്വത്തിന്റെ പ്രതിനിധികൾ വി.എസിനെ ക്ഷണിച്ചു. പാർട്ടി ചട്ടങ്ങളുടെ സാങ്കേതികത്വം മൂലമാണു വിഎസിനെ നേതൃനിരയിൽ ഉൾപ്പെടുത്താൻ കഴിയാത്തതെന്നാണു സിപിഎം നിലപാട്. കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് എന്നിവയിലെ പ്രതിനിധികൾ മാത്രമാണു ജില്ലാ സമ്മേളനങ്ങളിലെ ഉപരിസമിതിയിൽ അംഗങ്ങളാകുന്നത്. കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവ് മാത്രമായ വിഎസിന് ഈ സമിതിയിൽ ഇരിക്കാൻ അർഹത ഇല്ല.

ആലപ്പുഴയിൽ ഏരിയ സമ്മേളനങ്ങളിൽ ചെറിയ തോതിൽ വിഭാഗീയത തലപൊക്കിയ സാഹചര്യത്തിലാണു ഇത്. പരസ്പരം പോരടിക്കാൻ തോമസ് ഐസക്-ജി സുധാകരൻ പക്ഷങ്ങൾ തയ്യാറെടുക്കുന്നുമുണ്ട്. അതുകൊണ്ട് കൂടിയാണ് വിഎസിനെ സമ്മേളനത്തിന്റെ ഭാഗമാക്കുന്നത്. തോമസ് ഐസക്കിനോട് മുഖ്യമന്ത്രി പിണറായി വിജയന് താൽപ്പര്യക്കുറവുണ്ട്. ആലപ്പുഴയിൽ വി എസ് അനുകൂല വികാരം തോമസ് ഐസക് ആളിക്കത്തിക്കുമോ എന്ന ആശങ്ക ഔദ്യോഗിക പക്ഷത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് വിഎസിന്റെ കാര്യത്തിൽ വീട്ടു വീഴ്ച. ആലപ്പുഴയിൽ തോമസ് ഐസക് പക്ഷത്തെ പൂർണ്ണമായും വെട്ടിനിരത്താൻ നീക്കം നടക്കുന്നതായി സൂചനയുണ്ട്.

കായംകുളത്തു 10നു ജില്ലാ സമ്മേളന സെമിനാർ ഉദ്ഘാടനം ചെയ്യുന്ന വി എസ്, 13 മുതൽ 15 വരെ കായംകുളത്തു നടക്കുന്ന ജില്ലാ സമ്മേളനത്തെ ഉപരിസമിതിയിൽ ഇരുന്നു നിയന്ത്രിക്കുകയും ചെയ്യും. പിണറായിയുടെയും കോടിയേരിയുടെയും നേതൃത്വത്തിലുള്ള സംസ്ഥാന നേതൃസംഘങ്ങൾ മാറിമാറിയാണു വിവിധ ജില്ലാസമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നത്. രണ്ടു പേരും ഒരേ സമ്മളനത്തിനെത്തുന്നത് ആലപ്പുഴയിലാണ്. പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന തരത്തിലാണ് ആദ്യം ക്രമീകരിച്ചിരുന്നത്.

പിണറായിയുടെ നേതൃത്വത്തിലുള്ള നേതൃനിരയ്ക്കായിരുന്നു സമ്മേളനത്തിന്റെ നിയന്ത്രണം. എന്നാൽ, പിന്നീടു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന കോടിയേരി ബാലകൃഷ്ണന്റെ സംഘത്തിനു സമ്മേളനത്തിന്റെ നിയന്ത്രണം കൈമാറി. സമാപന സമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിക്കു തിരക്കുകൾ ഉള്ളതിനാലും തിരുവനന്തപുരം സമ്മേളനം മാറ്റിവച്ചതിനാലുമാണു രണ്ടു നേതാക്കളും പങ്കെടുക്കുന്നതെന്നാണ് വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP