Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സത്യപ്രതിജ്ഞക്കിടെ കുറിപ്പ് നൽകിയ സംഭവം വിഎസിന് നാണക്കേടായി മാറി; മുമ്പ് പാർട്ടി വാഗ്ദാനം ചെയ്തപ്പോൾ മിണ്ടാതിരുന്ന വി എസ് അധികാര മോഹിയെന്ന് തെളിഞ്ഞതായി ആരോപണം; മനം മടുത്ത വി എസ് പദവി സ്വീകരിക്കില്ലെന്ന് റിപ്പോർട്ടുകൾ

സത്യപ്രതിജ്ഞക്കിടെ കുറിപ്പ് നൽകിയ സംഭവം വിഎസിന് നാണക്കേടായി മാറി; മുമ്പ് പാർട്ടി വാഗ്ദാനം ചെയ്തപ്പോൾ മിണ്ടാതിരുന്ന വി എസ് അധികാര മോഹിയെന്ന് തെളിഞ്ഞതായി ആരോപണം; മനം മടുത്ത വി എസ് പദവി സ്വീകരിക്കില്ലെന്ന് റിപ്പോർട്ടുകൾ

ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിന്റെ പിണക്കത്തിലാണ് വി എസ് അച്യുതാനന്ദൻ എന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. വിഎസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ചില പദവികൾ പാർട്ടി നേതൃത്വം വാഗ്ദാനം ചെയ്യുകയുമുണ്ടായി. എന്നാൽ അന്ന് ഇത് നിരസിച്ച വി എസ് വീണ്ടും അധികാര പദവിക്കായി കുറിപ്പ് നൽകിയത് അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി. പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ തന്റെ കൈയിൽ ലഭിച്ച കുറിപ്പ് വി എസ് സീതാറാം യെച്ചൂരിക്ക് നൽകുകയായിരുന്നു. ഇക്കാര്യം ജനറൽ സെക്രട്ടറിയും സ്ഥിരീകരിച്ചതോടെ വിഎസിന് നാണക്കേടായി മാറി. ഇതോടെ അധികാര മോഹിയാണ് വി എസ് എന്ന പ്രതീതി പൊതുവിൽ ഉയരുകയും ചെയ്തു. സംഭവം വിവാദമായതോടെ വി എസ് ഇനി സർക്കാർ നൽകുന്ന പദവി വേണ്ടെന്ന് വെക്കുമെന്നാണ് സൂചന.

അധികാര പദവി ആവശ്യപ്പെട്ട് വി എസ് നൽകിയ കുറിപ്പ് 29 നു ചേരുന്ന പി.ബിയും പരിഗണിക്കും. ഇതോടെ ഇത് വിവാദങ്ങൾക്കും ഇടയാക്കിയേക്കും. എൽഡിഎഫ് മന്ത്രിസഭയുടെ ഉപദേശകസ്ഥാനം ക്യാബിനറ്റ് പദവിയോടെ വേണമെന്നും എൽ.ഡി.എഫ്. അധ്യക്ഷസ്ഥാനവും സിപിഐ(എം). സംസ്ഥാന സെക്രട്ടറിയേറ്റിൽ അംഗത്വവും വേണമെന്നുമുള്ള ആവശ്യമാണ് കുറിപ്പിൽ. വി.എസിന്റെ പഴ്സണൽ സ്റ്റാഫാണ് കുറിപ്പ് വി.എസിന് നൽകിയതെന്നും അദ്ദേഹം അത് തനിക്ക് കൈമാറുകയായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. വി.എസിന്റെ മകൻ അരുൺകുമാറാണ് കുറിപ്പ് തയാറാക്കിയതെന്നാണു പാർട്ടി കേന്ദ്രങ്ങളിൽനിന്നുള്ള സൂചന.

സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗത്വമൊഴികെ കുറിപ്പിലെ മറ്റ് ആവശ്യങ്ങൾ സിപിഐ(എം). കേന്ദ്രനേതൃത്വം അനുരഞ്ജനത്തിന്റെ ഭാഗമായി വി.എസിനു നൽകാമെന്നു നേരത്തേ തന്നെ അറിയിച്ചതാണ്. എന്നാൽ താൻ അധികാരമോഹിയല്ലെന്നു പ്രഖ്യാപിച്ച് സമ്മതം മൂളാൻ അന്ന് വി എസ്. തയാറായില്ല. എന്നാൽ പുതിയ സാഹചര്യത്തിൽ കുറിപ്പ് വിവാദമായതോടെ വി.എസിനുള്ള മേൽക്കൈ നഷ്ടമായെന്നും സൂചനകളുണ്ട്. അതുകൊണ്ട് ആവശ്യങ്ങൾ എളുപ്പത്തിൽ അംഗീകരിക്കാനുള്ള സാധ്യത മങ്ങുകയാണെന്നും വിലയിരുത്തലുണ്ട്. വി.എസിനുള്ള പദവി പി.ബി. യോഗത്തിൽ തീരുമാനമായാൽ തന്നെ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകേണ്ടതുമുണ്ട്. ഇതേപ്പറ്റി വി എസ്. പ്രതികരിച്ചിട്ടില്ല.

അതേസമയം വിഎസിന് കാബിനറ്റ് റാങ്കോടെ സർക്കാരിന്റെ ഉപദേശകനായി ആനൂകൂല്യങ്ങൾ പറ്റണമെങ്കിൽ ഇനി നിയമ ഭേദഗതിയെന്ന കടമ്പ കൂടി കടക്കണം. നിയമസഭാ സാമാജികനെന്ന നിലയിൽ കൈപ്പറ്റുന്ന ശമ്പളത്തിനു പുറമെ മറ്റേതെങ്കിലും സർക്കാർ പദവികളിൽ പ്രതിഫലത്തോടെ പ്രവർത്തിക്കുന്നതിനുള്ള തടസ്സം നീക്കാനാണു നിയമ ഭേദഗതി വേണ്ടിവരിക.

ആദ്യ സമ്മേളനത്തിൽ തന്നെ ഭേദഗതി അവതരിപ്പിച്ചു പാസാക്കാനാകുമെങ്കിലും നിയമന തീരുമാനം ഇനിയുമുണ്ടാകാത്തതിനാൽ നിയമ ഭേദഗതിക്കുള്ള തയ്യാറെടുപ്പുകളും വൈകും. ഓർഡിനൻസ് ഇറക്കുകയാണു മറ്റൊരു മാർഗം. മന്ത്രിമാർ, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ് തുടങ്ങിയവർക്കാണ് എംഎൽഎ എന്ന നിലയിൽ വാങ്ങുന്നതിനു പുറമെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാൻ നിയമപ്രകാരം അർഹതയുള്ളത്. ഔദ്യോഗിക വസതി, പഴ്‌സനൽ സ്റ്റാഫ്, കാബിനറ്റ് റാങ്കിൽ ശമ്പളം എന്നിവ വേണ്ടെന്നുവച്ചു പദവി മാത്രമാണു സ്വീകരിക്കുന്നതെങ്കിൽ വിഎസിനായി ചട്ടം ഭേദഗതി ചെയ്യേണ്ട ആവശ്യമില്ല.

ചുരുക്കൽ വിവാദങ്ങൾക്ക് ഇടനൽകുന്നതാണ് വിഎസിന്റെ പദവി. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ കുറിപ്പ് കൈമാറൽ വിവാദം രാഷ്ട്രീയമായി വി.എസിനേറ്റ തിരിച്ചടിയാണ് താനും. വി.എസിന് പുതിയ പദവി നൽകുന്ന കാര്യം ഞായറാഴ്ച ഡൽഹിയിൽ ചേരുന്ന പാർട്ടി പോളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്യുമെന്നറിയുന്നു. ആ ചർച്ചയുടെ അടിസ്ഥാനത്തിൽ മന്ത്രിസഭ ആലോചിച്ചാകും പുതിയ പദവി നിശ്ചയിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP